അറസ്റ്റിലായി മൂന്നുദിവസങ്ങൾക്കുള്ളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും തെഹ്‌രിക് ഇ ഇൻസാഫ് (പിടിഐ) മേധാവിയുമായ ഇമ്രാൻ ഖാന് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഇടപെടലിനെത്തുടർന്ന് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച ഖാനെ മറ്റുകേസുകളിൽ മേയ് 17 വരെ അറസ്റ്റ് ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിമാർക്കാർക്കും ലഭിക്കാത്ത പ്രത്യേക പരിഗണനയാണ് കോടതി ഖാന് നല്കിയതെന്ന് പ്രമുഖ പാകിസ്ഥാനി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. അത് പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചകമായും അവർ വിലയിരുത്തുന്നു. അത്തരമൊരു നിഗമനത്തിന്റെ നിജസ്ഥിതി എന്തെന്ന് കാത്തിരുന്നു കാണുകയേ നിവർത്തിയുള്ളു. മുൻ പ്രധാനമന്ത്രിമാർക്കോ പട്ടാള ഭരണാധികൾക്കോ ലഭിക്കാത്ത പരിഗണനയും ആനുകൂല്യവുമാണ് ഖാന് ലഭിച്ചിട്ടുള്ളതെന്നതിൽ തർക്കമില്ല. ഖാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അർധസൈനിക പാകിസ്ഥാൻ റേഞ്ചേഴ്സ് എല്ലാ സാമാന്യ മര്യാദകളും ലംഘിച്ച് അറസ്റ്റ് നടത്തിയത്. അത് കോടതിയുടെ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടതും ഖാന് അനുകൂലമായി. എന്നാൽ മുമ്പൊരിക്കലും മുൻഭരണാധികാരികൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഉണ്ടാകാത്തവിധം രാജ്യത്തെമ്പാടും വൻ പ്രതിഷേധം ഉണ്ടായി. സൈനികകേന്ദ്രങ്ങൾക്കു നേരെ ജനങ്ങൾ അക്രമാസക്തമായ പ്രതിഷേധത്തിന് മുതിർന്നു. ഏറ്റുമുട്ടലുകളിൽ നിരവധിപേർ കൊല്ലപ്പെട്ടു. കൊള്ളയും തീവയ്പും ഉണ്ടായി. സൈന്യത്തിൽത്തന്നെ എല്ലാതലത്തിലും ഭിന്നത വളരുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരിഫ് നയിക്കുന്ന ഭരണകൂടവും രാജ്യത്തിന്റെ ഭരണചക്രം യഥാർത്ഥത്തിൽ നിയന്ത്രിക്കുന്ന സൈനികനേതൃത്വവും സംഭവഗതികളിൽ തെല്ലും തൃപ്തരാവാൻ വഴിയില്ല. പാകിസ്ഥാനുമേൽ പട്ടാളത്തിനുള്ള നിയന്ത്രണം അയയുന്നതിന്റെ സൂചനകളാണോ പുറത്തുവരുന്നത്?
സാങ്കേതികമായി ഇന്ത്യയെക്കാൾ ഒരുദിവസം മുമ്പേ സ്വാതന്ത്ര്യം പ്രാപിച്ച പാകിസ്ഥാനിൽ കഴിഞ്ഞ 75 വർഷങ്ങളിൽ ഒരിക്കൽപോലും ഒരു പ്രധാനമന്ത്രിക്കും കാലാവധി പൂർത്തിയാക്കാനായിട്ടില്ല. ജനാധിപത്യ സ്വാതന്ത്ര്യം എന്നത് ആസ്വദിക്കാൻ പാക്ജനതയ്ക്ക് കഴിഞ്ഞിട്ടില്ല എന്നുപറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല. യഥാർത്ഥത്തി ൽ രാജ്യഭരണം ക യ്യാളുന്നത്, ഒളിഞ്ഞും തെളിഞ്ഞും , സൈനികമേധാവികൾ നേതൃത്വംനല്കുന്ന ‘ഡീപ് സ്റ്റേറ്റാ’ ണ്. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന രാഷ്ട്രീയപാർട്ടികളിലോ അവയുടെ നേതൃത്വത്തിലോ വിശ്വാസമർപ്പിക്കാൻ പാക്ജനത തയ്യാറായതായി കാണുന്നില്ല. ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലം മുതൽ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന രാഷ്ട്രസ്ഥാപനമായി സൈന്യം മാറിയിരുന്നു. യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ദാരിദ്ര്യത്തിന്റെയും അനിശ്ചിതത്വത്തിനു നടുവിൽ ജനങ്ങൾക്കുമുന്നിൽ ആ പ്രതിഛായ ഉയർത്തിപ്പിടിക്കാനും സൈന്യത്തിന് കഴിഞ്ഞു. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിന്റെയും മുന്നിൽ വേറിട്ട അസ്തിത്വമാണ് സൈന്യം സാമാന്യജനങ്ങൾക്കു മുന്നിൽ കാഴ്ചവച്ചത്. ആ പ്രതിച്ഛായക്കു പിന്നിൽ പ്രവർത്തിക്കുന്ന സൈന്യത്തിന്റെ യഥാർത്ഥചിത്രം തുറന്നുകാട്ടാൻ കരുത്തും തന്റേടവുമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ജനാധിപത്യ അന്തരീക്ഷത്തിന്റെയും അഭാവത്തിൽ രാഷ്ട്രത്തിന്റെ സമ്പൂർണ നിയന്ത്രണം സൈനിക ജുണ്ടയുടെ കൈപ്പിടിയിലായി. രാഷ്ട്രീയത്തെയും സമ്പദ്ഘടനയെയും സാമൂഹിക ജീവിതത്തെയും, എന്തിന് മതത്തെപ്പോലും, നിയന്ത്രിക്കുന്നത് സൈനിക നേതൃത്വമാണെന്നുവന്നു. അവരുടെ അറിവോ പിന്തുണയോ സംരക്ഷണമോ കൂടാതെയുള്ള സിവിലിയൻ ഭരണം പാകിസ്ഥാനിൽ അസാധ്യമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇമ്രാൻ ഖാൻ. ഖാൻ അധികാരത്തിൽ വന്നതും പുറത്തായതും സൈനിക ജുണ്ടയുടെ സജീവ പങ്കാളിത്തത്തിലാണെന്ന് വസ്തുതകൾ തെളിയിക്കുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ സവിശേഷത, ഇമ്രാൻ ഖാൻ സൈന്യാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കാനും തുറന്നുകാട്ടാനും അവരുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കാനും അവർക്കെതിരെ ജനങ്ങളെ മാത്രമല്ല നീതിപീഠത്തെപ്പോലും അണിനിരത്താനും മുതിരുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ്. ആ സംവേഗശക്തി നിലനിർത്താനായാൽ ഒരു ജനാധിപത്യ പാകിസ്ഥാൻ എന്ന പ്രതീക്ഷയ്ക്കു വകയുണ്ട്. എന്നാൽ അതിന് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ കൂട്ടാളികളും കളങ്കിതമായ ഭൂതകാലത്തെ പരസ്യമായി തള്ളിപ്പറയേണ്ടിവരും. അതിനുള്ള സത്യസന്ധതയും ധാർമ്മികക്കരുത്തും ഖാന് ഉണ്ടോ എന്നതാണ് ഉത്തരം ആവശ്യപ്പെടുന്ന വലിയ ചോദ്യം. പാകിസ്ഥാൻ എത്തിനിൽക്കുന്നത് മാറ്റത്തിന്റെ നാൽക്കവലയിലാണ്. അത് എവിടേക്ക് തിരിയുന്നു എന്നതാണ് നോക്കിക്കാണേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.