
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തിനപ്പുറത്തേക്ക് വളരുകയാണെന്ന അവകാശവാദം നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷം അവകാശവാദം സ്ഥാപിക്കുന്നതിന് കെട്ടിച്ചമച്ച കണക്കുകളും സർവേ റിപ്പോർട്ടുകളും നിരവധി പടച്ചുവിടുകയും ചെയ്യുന്നു. ഒന്ന് നുണയാണെന്ന് തെളിയിക്കപ്പെടുമ്പോൾ ഗോദി മീഡിയയുടെ പിൻബലത്തിൽ പുതിയവ അവതരിപ്പിക്കുന്നു. അപ്പോഴും വലിയ വായിൽ പറഞ്ഞുകൊണ്ടിരിക്കുന്നു ഇന്ത്യയുടെ സമ്പദ്ഘടന അമേരിക്കയ്ക്കുമപ്പുറത്തേയ്ക്ക് വളരുകയാണെന്ന്. കഴിഞ്ഞ ദിവസവും പ്രധാന മന്ത്രി നരേന്ദ്ര മോഡി അഞ്ച് ട്രില്ല്യൺ സമ്പദ്ഘടനയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുകയുണ്ടായി. പക്ഷേ അത്ര കടുപ്പത്തിൽ ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊണ്ടാടിയില്ല. കഴിഞ്ഞ ദിവസം ബജറ്റാനന്തര വെബിനാറിൽ സംസാരിക്കുമ്പോൾ 2014 മുതൽ മൂന്ന് കോടി യുവാക്കൾക്ക് സർക്കാർ നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ടെന്ന് അറിയിക്കുകയുണ്ടായി. പക്ഷേ എത്രപേർക്ക് തൊഴിൽ നൽകിയെന്ന കാര്യം മറന്നുപോയി. 1,000 ഐടിഐകൾ നവീകരിക്കാനും അഞ്ച് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഭരണത്തിന്റെ പത്ത് വർഷത്തിനുശേഷവും വാഗ്ദാനങ്ങളെയുള്ളൂ എന്നർത്ഥം. രാജ്യത്തിന്റെ സമ്പദ്ഘടന അവകാശപ്പെടുന്നതുപോലെ വളരണമെങ്കിൽ പ്രത്യാഘാതങ്ങൾ വലുതാണെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി വിവരങ്ങൾ അടുത്തിടെ പുറത്തുവരികയുണ്ടായി. സാമ്പത്തിക സ്ഥിതി, അത് ഭദ്രതയാണെങ്കിലും വളർച്ചയോ ഇടിവോ ആണെങ്കിലും അടിസ്ഥാന ഘടകമായി പരിഗണിക്കുന്നത് മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) ത്തിന്റെ തോത് പരിഗണിച്ചാണ്. ബിജെപി അവകാശപ്പെടുന്നതനുസരിച്ച് അഞ്ച് ട്രില്ല്യൺ സമ്പദ്ഘടനയെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ജിഡിപി നിരക്ക് രണ്ടക്കം കടന്നിരിക്കണമെന്നാണ് വിദഗ്ധരെല്ലാം വിലയിരുത്തുന്നത്. അത് അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു സൂചനകളുമില്ല. എന്നുമാത്രമല്ല 2047 ഓടെ ഉയർന്ന വരുമാനമുള്ള സമ്പദ്‍വ്യവസ്ഥയായി മാറ്റുമെന്ന പ്രഖ്യാപനം നിലവിലെ സ്ഥിതിയിൽ അസാധ്യമെന്നാണ് കഴിഞ്ഞ ദിവസം ലോക ബാങ്കിന്റേതായി വന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ലക്ഷ്യം കൈവരിക്കണമെങ്കിൽ മൊത്തം ദേശീയ വരുമാനം (ജിഎൻഐ) എട്ട് മടങ്ങ് വർധിക്കണമെന്നും ശരാശരി വളർച്ച 7.8 ശതമാനം കടക്കേണ്ടതുണ്ടെന്നുമാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. ഇതിനടുത്ത ദിവസമാണ് വാർഷിക വളർച്ച 6.5 ശതമാനത്തിലെത്തില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസി (എൻഎസ്ഒ) ന്റെ കണക്കുകൾ പുറത്തുവന്നത്. അതേസമയം അടുത്ത സാമ്പത്തിക വർഷവും 6.5 ശതമാനത്തിലധികം കടക്കാനാകില്ലെന്നാണ് മറ്റ് ചില ഏജൻസികളുടെ വിലയിരുത്തൽ. വളർച്ചയുടെ മറ്റൊരു ഘടകമാണ് കയറ്റുമതി വരുമാനവും വിദേശ നിക്ഷേപവും. അതിലും ഗണ്യമായ ഇടിവാണ് സംഭവിച്ചതെന്നാണ് കണക്കുകൾ. ഈ വർഷം രണ്ടു മാസത്തിനിടെ 1.12 ലക്ഷം കോടിയാണ് വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടിരിക്കുന്നത്. ഉല്പാദനത്തിലും ഫെബ്രുവരിയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും ഇതുവരെ നിറവേറ്റാനായിട്ടില്ല.
നിലവിലുള്ള സാമ്പത്തിക നിലയിൽ സാധാരണക്കാർക്ക് ഒരു നേട്ടവുമുണ്ടാകുന്നില്ലെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തെ അതിസമ്പന്നരുടെ വളർച്ചയിൽ പിന്നെയും വർധനയുണ്ടായെന്നാണ് അതിൽ വ്യക്തമാക്കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം ഇരുനൂറിലേക്ക് അടുക്കുന്നുവെന്ന് ഗ്ലോബൽ പ്രോപ്പർട്ടി കൺസള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് പറയുന്നു. ഇപ്പോൾതന്നെ 191 ആയി വർധിച്ചിരിക്കുന്നു. രാജ്യത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്ന വിമർശനം ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 26 പേർ പുതുതായി പട്ടികയിലെത്തി. കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുകെട്ടിയ 2020 മുതൽ ശതകോടീശ്വരന്മാരുടെ എണ്ണം കുത്തനെ കൂടുകയാണ്. 2019ൽ ഏഴ് ശതകോടീശ്വരന്മാർ ഉണ്ടായിരുന്നതാണ് ഇപ്പോൾ 191 ആയിരിക്കുന്നത്. മൊത്തം ആസ്തി 95,000 ബില്യൺ യു എസ് ഡോളറാവുകയും ചെയ്തിരിക്കുന്നു. എല്ലാ രംഗങ്ങളിൽ നിന്നും പൊതുമേഖലയുടെ പിൻമാറ്റമാണ് കോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുന്നതിന് കാരണമായത്. പ്രതിരോധ രംഗത്തുപോലും അവർക്ക് നിക്ഷേപമിറക്കി ലാഭം കൊയ്യുന്നതിന് അവസരം നൽകി. ഇനി നരേന്ദ്ര മോഡി അവകാശപ്പെടുന്ന വളർച്ച രാജ്യം കൈവരിക്കുന്നുവെന്ന് വാദത്തിന് സമ്മതിച്ചാൽ പോലും അതിന്റെ ഗുണം സമൂഹത്തിലെ ഏറ്റവും മുകൾത്തട്ടിലുള്ള അതിസമ്പന്നർക്കു മാത്രമാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണക്കാർക്ക് നേട്ടമുണ്ടാക്കാതെയുള്ള ഈ വളർച്ചാ അവകാശവാദം രാജ്യത്തിന്റെ സമ്പദ്ഘടന അതിദുർബലമാണെന്ന് തെളിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.