26 April 2024, Friday

ആഗോള സംരംഭങ്ങളിലെ പിരിച്ചുവിടല്‍

Janayugom Webdesk
December 5, 2022 5:00 am

നവ ഉദാരവല്ക്കരണത്തിന്റെയും പുത്തന്‍ സാമ്പത്തിക സാഹചര്യങ്ങളുടെയും ഉപോല്പന്നങ്ങളായി പുതിയ തൊഴില്‍ രീതികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. പണിയെടുക്കുന്ന സമയത്തിനനുസൃതമായി അത്യാകര്‍ഷകമായ വേതനം നല്കിക്കൊണ്ട് ജീവനക്കാരെ വാടകയ്ക്കെടുക്കുന്ന രീതിയായിരുന്നു വ്യാപകമായി സ്വീകരിച്ചുപോന്നിരുന്നത്. തൊഴില്‍ മേഖലയുടെ പ്രത്യേകതകളനുസരിച്ച് വേതനവും മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കാത്തത്രയും കൂടുതലായിരുന്നു. കട തുറന്നിരുന്നുള്ള വില്പനയും സ്ഥാപനങ്ങളിലിരുന്നുള്ള ജോലിയും അപ്രത്യക്ഷമായി. ആദ്യ വിഭാഗത്തിന് പണിയെടുക്കുന്നതിനും വില്ക്കുന്നതിനും അനുസൃതമായാണ് വേതനം. രണ്ടാം വിഭാഗത്തിന് വീട്ടിലിരുന്നായാലും ചെയ്യുന്നതിനനുസരിച്ച് ഉയര്‍ന്ന വേതനം. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ഒരു കമ്പ്യൂട്ടറിനോ കയ്യിലുള്ള മൊബൈല്‍ ഫോണിനോ മുന്നിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തുകയും മറ്റു വിധത്തില്‍ ലഭ്യമാകുകയും ചെയ്യുന്ന ഈ നവതലമുറ സംരംഭങ്ങള്‍ ജീവിതത്തിന്റെ എല്ലാതലങ്ങളിലും സേവനമെത്തിച്ചുതന്നു. സോഫ്റ്റ്‌വേര്‍ രംഗത്തു മാത്രമല്ല ഭക്ഷണ വിതരണം, ഹോട്ടല്‍ ബുക്കിങ്, യാത്ര തുടങ്ങി എല്ലായിടത്തും ഇത്തരം സംരംഭങ്ങളുണ്ടായപ്പോള്‍ അതിനനുസരിച്ച് പുതിയ തൊഴിലവസരങ്ങളുമുണ്ടായി.

 


ഇതുകൂടി വായിക്കു:എന്‍ഡിടിവിയുടെ ഉടമസ്ഥതാ മാറ്റം


 

കൂടുതല്‍ സമയം ജോലിയെടുത്താല്‍ വന്‍തോതിലുള്ള പ്രതിഫലം ലഭിക്കുമെന്നതുകൊണ്ട് അഭ്യസ്തവിദ്യരുടെയും തൊഴില്‍ മേഖലയായി ഈ രംഗം മാറി. പക്ഷേ തൊഴില്‍ നിയമങ്ങളോ സമയനിബന്ധനകളോ ബാധകമായിരുന്നില്ല. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളില്ലാത്ത ചൂഷണത്തിന്റെ ഇരകളായി നവ തലമുറ സംരംഭങ്ങളിലെ തൊഴിലാളികള്‍. ആഗോളവല്ക്കരണകാല ലോകത്തെ തൊഴില്‍ നയങ്ങളുടെ ഭാഗമായി ഏതുസമയത്തും പിരിച്ചുവിടുക, സ്ഥിര ജോലിയുടെ ആനുകൂല്യങ്ങള്‍ നല്കുന്നത് ഒഴിവാക്കുക എന്നിവയ്ക്കായി പുതിയ തന്ത്രങ്ങളും രൂപപ്പെട്ടു. സ്ഥാപനങ്ങളുടെ പേരുമാറ്റങ്ങള്‍, ഒന്ന് മറ്റൊന്നിനെ ഏറ്റെടുക്കലുകള്‍ എന്നിവ ആ പ്രക്രിയയുടെ ഭാഗമായിരുന്നു. ഊബര്‍ ഈറ്റ്സ് എന്നു പേരായ ഭക്ഷണ വിതരണക്കമ്പനി പെട്ടെന്നാണ് ഇല്ലാതായത്. അതിനെ സൊമാറ്റോ ഏറ്റെടുക്കുകയായിരുന്നു. വലിയ വേതനം ലഭിക്കുമെങ്കിലും ഇത്തരം രീതികളുടെ അപകട സാധ്യത തൊഴിലാളി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍കൂട്ടി കാണുകയും മുന്നറിയിപ്പു നല്കുകയും ചെയ്തിരുന്നു. അവയൊക്കെയും അക്ഷരംപ്രതി ശരിയാകുന്നുവെന്നാണ് ആഗോളതലത്തിലും നമ്മുടെ രാജ്യത്തും നവതലമുറ (ന്യൂജനറേഷന്‍) സംരംഭങ്ങളിലെ പിരിച്ചുവിടലുള്‍പ്പെടെയുള്ളവ വ്യക്തമാക്കുന്നത്.

പുതിയകാലത്തെ ഏറ്റവും വിപുലമായ ഈ വ്യാപാര — വ്യവസായ — സാങ്കേതിക ശൃംഖലകളില്‍ പലതിലും കൂട്ടപ്പിരിച്ചുവിടലുകളും രാജിവച്ചുപോകുന്നതിനുള്ള സമ്മര്‍ദങ്ങളും വ്യാപകമാണെന്നാണ് എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ സ്വിഗ്ഗിയിലെ ജീവനക്കാരുടെ സമരം നടക്കുന്നത് നമ്മുടെ നാട്ടില്‍ കൊച്ചിയിലാണ്. ഇ — വിതരണക്കമ്പനിയായ ആമസോണ്‍, ഫേസ്ബുക്ക് ഉടമയായ മെറ്റ എന്നിവിടങ്ങളിലെല്ലാം വന്‍തോതിലുള്ള പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെയും ആഗോളതലത്തില്‍ ആസന്നമായ മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ലോകത്ത് 850ലധികം ടെക്‌നോളജി, സോഫ്റ്റ്‌വേര്‍ കമ്പനികള്‍ ഈ വര്‍ഷം കൂട്ടപ്പിരിച്ചുവിടല്‍ നടപ്പിലാക്കുന്നുവെന്ന് ആഗോള തലത്തില്‍ ക്രോഡീകരണം നടത്തി പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിച്ചുവിട്ടവരുടെ ഏകദേശ എണ്ണം 1,37,000 ആണ്. മെറ്റ 1000ത്തിലധികം പേരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിന്ന് 5000ത്തിലധികം പേര്‍ക്ക് ഇതിനകം തൊഴില്‍ നഷ്ടമായി. ബംഗളുരുവില്‍ മാത്രം 20ലധികം കമ്പനികള്‍ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുന്നു. ഗുഡ്ഗാവ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും ഇത്തരം സംരംഭങ്ങളില്‍ പിരിച്ചുവിടലുണ്ട്. ഗൂഗിള്‍ അടുത്ത മാസങ്ങളില്‍ 10,000 പേരെയാണ് ഒഴിവാക്കാന്‍ പോകുന്നത്. മോശം പ്രകടനമെന്ന പേരില്‍ ആറുശതമാനം പേരെ ഒഴിവാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉല്പാദക വിതരണ രംഗത്തെ പ്രമുഖരായ എച്ച്പി അടുത്ത രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ആറായിരം പേരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു.

 


ഇതുകൂടി വായിക്കു: രാജ്യത്തെ തകര്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തം


 

വലിയൊരു വിഭാഗം തൊഴില്‍രഹിതരായി മാറുകയാണ് ഇതിലൂടെ. ഏറെപ്പേരും സാങ്കേതിക വിദഗ്ധരുമാണ്. നവതലമുറ സംരംഭങ്ങളിലെ തൊഴില്‍ സുരക്ഷിതത്വത്തിനായി രംഗത്തെത്തിയ മാധ്യമങ്ങളും തൊഴില്‍ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച തൊഴിലാളി സംഘടനകളും കേള്‍ക്കേണ്ടിവന്ന പഴിക്കു കണക്കില്ലായിരുന്നു. സംരംഭങ്ങള്‍ പൂട്ടിച്ചേ അടങ്ങൂ എന്ന പരിഹാസംപോലും പല കോണുകളില്‍ നിന്നുണ്ടായി. എന്നാല്‍ ഒരു തൊഴിലാളി സമരത്തിനുപോലും അവസരമില്ലാതെ പതിനായിരക്കണക്കിനാളുകള്‍ പിരിച്ചുവിടപ്പെട്ടിരിക്കുകയാണ്. അതിലധികമാളുകളെ പിരിച്ചുവിടാന്‍ പോകുകയാണ്. ഇഎസ്ഐ, പിഎഫ്, പെന്‍ഷന്‍ തുടങ്ങിയ തൊഴില്‍ സുരക്ഷിതത്വങ്ങള്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്കെങ്കിലും വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അവയൊന്നുമില്ലാതെയാണ് മേല്പറഞ്ഞ സംരംഭങ്ങളിലെ വളരെയധികം പേര്‍ തൊഴിലെടുത്തുവരുന്നത്. ഇത്തരമാളുകളുടെ പിരിച്ചുവിടല്‍ വലിയ സാമൂഹ്യ പ്രശ്നമായി മാറുമെന്നുറപ്പാണ്. ലോകത്തിന്റെ ഏതുകോണില്‍ വന്‍കിട ടെക്‌നോളജി കമ്പനികളില്‍ പിരിച്ചുവിടലുണ്ടായാലും അതിന്റെ പ്രതിഫലനം നമ്മുടെ തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കും. അതുകൊണ്ട് വലിയൊരു സാമൂഹ്യ പ്രശ്നമാണിത് എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും ആഗോളതല ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും വേണം. ജി20 അധ്യക്ഷ പദവി അതിനുകൂടി ഉപയോഗിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.