ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് ഒരുവർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന കേന്ദ്രമന്ത്രിസഭാ തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ചില മാധ്യമങ്ങൾ വിഷയം വലിയതോതില്‍ ആഘോഷമാക്കുകയും ചെയ്തു. പക്ഷേ ഇതൊരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്നും ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും പ്രത്യേകിച്ച് ഗുണകരമല്ലാത്ത വാചാടോപമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രമാണ് ബാക്കിനിൽക്കുന്നത്. ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ 2023 ൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ കാലാവധി 2023 ഡിസംബർ വരെയാണ് എന്നതാണ് ഇതിലെ രാഷ്ട്രീയം. കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി, അന്ത്യോദയ അന്നയോജന പദ്ധതിയുമായി ലയിപ്പിച്ചാണ് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. പിഎംജികെഎവൈ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടുന്ന കാര്യം കേന്ദ്ര ഭക്ഷ്യവകുപ്പ് പരിഗണിച്ചിരുന്നതാണ്.
അതിനിടെ കേന്ദ്രത്തിനു കീഴിലെ ഭക്ഷ്യധാന്യശേഖരം ഗുരുതരമായ നിലയിൽ താഴ്ന്നതാണെന്ന് റിപ്പോർട്ടുണ്ടായി. ഇത് മറയ്ക്കാൻ കൂടിയാണ് പുതിയ പ്രഖ്യാപനം. അതെന്തായാലും പൊതുവിതരണ രംഗം രാജ്യത്ത് ഏറ്റവും ഫലപ്രദമായി നടപ്പാകുന്ന കേരളത്തിന് പ്രഖ്യാപനം ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക എന്നതാണ് സത്യം. കേരളത്തിൽ 1.54 കോടി പേരാണ് മുൻഗണനാ വിഭാഗത്തിലുള്ളത്. 5.88 ലക്ഷം കാർഡുകൾ എഎവൈ വിഭാഗത്തിലും 35 ലക്ഷം കാർഡുകൾ മുൻഗണനാവിഭാഗത്തിലുമുണ്ട്. സംസ്ഥാനത്തെ മഞ്ഞക്കാർഡുടമകൾക്ക് (എഎവൈ) ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. സംസ്ഥാനത്ത് നേരത്തെതന്നെ ഇവർക്കു സൗജന്യമായി ഭക്ഷ്യധാന്യം നൽകുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് കിലോയ്ക്ക് മൂന്നുരൂപ നല്‍കി വാങ്ങുന്ന അരിയും രണ്ടുരൂപയ്ക്ക് വാങ്ങുന്ന ഗോതമ്പുമാണ് സംസ്ഥാനം സൗജന്യമായി മഞ്ഞക്കാർഡില്‍ നൽകിവരുന്നത്. അതേസമയം പിങ്ക് കാർഡുകാരുടെ (മുൻഗണന) കാര്യത്തിലാകട്ടെ അവ്യക്തത നിലനിൽക്കുകയുമാണ്. പിങ്ക് കാർഡ് എഎവൈ വിഭാഗത്തിൽ ഉൾപ്പെട്ടതല്ല. റേഷൻ വ്യാപാരികളുടെ വേതനം കണ്ടെത്തുന്നതിനായി കൈകാര്യച്ചെലവെന്ന നിലയിൽ കിലോയ്ക്ക് രണ്ടു രൂപ വീതം ഇവരില്‍ നിന്ന് സംസ്ഥാനം ഈടാക്കിയിരുന്നതാണ്. കേന്ദ്രതീരുമാനത്തിന്റെ പരിധിയിൽ പിങ്ക് കാർഡുകാർ കൂടി വന്നാല്‍ കൈകാര്യച്ചെലവ് ഈടാക്കുന്നത് ഒഴിവാക്കേണ്ടി വരും.
അങ്ങനെയെങ്കിൽ ആ ബാധ്യത സംസ്ഥാനത്തിന്റെ ചുമലിലാകും. 45 ക്വിന്റൽ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരിക്ക് 18,000 രൂപയാണ് നൽകേണ്ടത്. ഓരോ അധിക ക്വിന്റലിനും 180 രൂപയും വേണം. 14,176 റേഷൻ കടകളിലേക്കായി പ്രതിമാസം 15 കോടി രൂപയാണ് കമ്മീഷൻ ഇനത്തിൽ സംസ്ഥാനത്തിന് ചെലവാകുന്നത്. മാത്രമല്ല, ഈവിഭാഗത്തിന് ആളെണ്ണം നോക്കിയാണ് റേഷൻ നൽകുന്നത്. ഒരംഗത്തിന് അഞ്ച് കിലോയാണ് വിഹിതം. അംഗങ്ങൾ കുറവായ കാർഡുകളിൽ എങ്ങനെ 35 കിലോ നൽകുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കേന്ദ്രം പൂര്‍ണമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഇതുസംബന്ധിച്ച് വ്യക്തതവരികയുള്ളൂ. കേന്ദ്രസർക്കാർ പുഴുക്കലരി വിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ നിലനില്‍ക്കുന്ന ഗുരുതരപ്രതിസന്ധിക്കിടെയാണ് പുതിയ ആശയക്കുഴപ്പവും.
അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‍സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്. രണ്ടുമാസമായി അരിവിഹിതത്തിൽ 10 ശതമാനം മാത്രമാണ് പുഴുക്കലരി ലഭിക്കുന്നത്. നവംബറിലെ വിഹിതത്തിൽ പുഴുക്കലരി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിന് സംസ്ഥാനം കത്തയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനങ്ങളല്ല കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത് കാര്യക്ഷമമായ ഭക്ഷ്യവിതരണമാണ്. ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കണം. കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ യഥാസമയം ലഭ്യമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.