29 May 2024, Wednesday

ഭഗത്‌സിങ്ങിനെ ഓർമ്മിക്കുമ്പോൾ

Janayugom Webdesk
March 31, 2024 5:00 am

മാർച്ച് 23ന് രാജ്യം ആചരിച്ച ഭഗത്‌സിങ് രക്തസാക്ഷി ദിനം ജനതയെ വിഴുങ്ങിത്തുടങ്ങിയ വർഗീയ ഫാസിസ വിരുദ്ധ പോരാട്ടത്തിന് വർധിത വീര്യം പകരുന്നു. 23 വയസുള്ള ഭഗത്‌സിങ്ങിനെ രണ്ടു സഖാക്കൾക്കൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റുകയായിരുന്നു. തൂക്കുമരത്തിലേക്ക് പോകുന്നതിനെ ഭഗത്‌സിങ് ഭയപ്പെട്ടിരുന്നില്ല. ഇതേ വിധി പ്രതീക്ഷിച്ചിരുന്ന സുഹൃത്തുക്കളും ഭയമറിഞ്ഞില്ല. ഹ്രസ്വജീവിത കാലത്ത് തന്നെ വിപ്ലവത്തിന്റെ പ്രതിരൂപമായി മാറിയ ഭഗത്‌സിങ് തൂക്കുമരത്തിലേറിയത് തന്റെ ജീവിത സന്ദേശം വിളിച്ചറിയിച്ചതിനു ശേഷമാണ്. മനുഷ്യരാശിക്കു പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കാനും ചൂഷണം അവസാനിപ്പിക്കാനും ശാസ്ത്രീയ തത്വങ്ങളിൽ അധിഷ്ഠിതമായ നവ നിർമ്മിതിക്ക് തുടക്കമിടാനും സോഷ്യലിസമാണ് മാർഗമെന്ന് അദ്ദേഹം ജനതയോട് പറഞ്ഞു. അധികാരം ജനങ്ങളിലേക്കും അവരുടെ പ്രതിനിധികളിലേക്കും വന്നതിനുശേഷമേ ഇത് സാധ്യമാകൂ.
ജയിലിൽ നിന്നുള്ള പ്രസിദ്ധമായ ഉദ്ധരണികളിലൊന്ന് ഇങ്ങനെയായിരുന്നു, “ചൂഷകർ സ്വന്തം ആവശ്യങ്ങൾക്കായി സാധാരണക്കാരുടെ അധ്വാനം ഉപയോഗിക്കുന്നിടത്തോളം ഇന്ത്യയിലെ പോരാട്ടം തുടരും. ചൂഷകർ ബ്രിട്ടീഷ് മുതലാളിമാരാണോ അതോ ബ്രിട്ടീഷ്-ഇന്ത്യൻ കൂട്ടുകെട്ടുകളാണോ അതോ കേവലം ഇന്ത്യക്കാരാണോ എന്നത് പ്രശ്നമല്ല.” ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷ(എച്ച്എസ്ആർഎ)ന്റെ നേതാവായ ഭഗത്‌സിങ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാത തെരഞ്ഞെടുക്കുകയും തന്റെ ചില സഖാക്കൾക്കൊപ്പം കമ്മ്യൂണിസ്റ്റുകാരുമായി സംവാദം നടത്താൻ താല്പര്യപ്പെടുകയും ചെയ്തു. ഇരുവരും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനാൽ അവരോട് ഐക്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഐക്യമുന്നണിക്കായും ആഗ്രഹിച്ചു. കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ സംഘടിപ്പിക്കട്ടെ. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ(എച്ച്എസ്ആർഎ) അതിന്റെ സായുധ വിഭാഗമാകട്ടെ, ചിലർ ഇങ്ങനെയും ആഗ്രഹിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ സായുധ പ്രവർത്തനം ജനകീയമുന്നേറ്റത്തിന് ഹാനികരമെന്ന് ബോധ്യമുള്ളതിനാൽ ഈ സംരംഭം മുന്നോട്ട് പോകാനായില്ല. രണ്ടുപേരും അവരവരുടെ വഴികളിൽ സോഷ്യലിസത്തിനായി പരിശ്രമിച്ചു. അക്കാലയളവിൽ മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ആഗോള സ്വാധീനം സുഗന്ധം പരത്തിയിരുന്നു. സോഷ്യലിസം സാമ്രാജ്യത്വശക്തികൾക്ക് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് സ്വാധീനത്തിൽ നിന്ന് ജനങ്ങളെ വേർപെടുത്താൻ ഭരണാധികാരികൾ തന്ത്രങ്ങൾ മെനഞ്ഞു. രാജ്യത്തുടനീളം കമ്മ്യൂണിസ്റ്റ്, ട്രേഡ് യൂണിയൻ നേതാക്കൾ അറസ്റ്റിലായി. അലഹബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയും യൂത്ത് ലീഗ് നേതാവുമായിരുന്ന പി സി ജോഷിയെ ഭരണകൂടം ജയലറയ്ക്കുള്ളിലാക്കി. അദ്ദേഹത്തിന്റെ അറസ്റ്റ് വിദ്യാർത്ഥി രോഷം ആളിക്കത്തിച്ചു. നാടെങ്ങും വലിയ പ്രതിഷേധ പ്രകടനം നടന്നു. കമ്മ്യൂണിസ്റ്റുകാരുടെ അറസ്റ്റും യുവാക്കളുടെ വൻ പ്രതിഷേധവും ഭഗത്‌സിങ്ങിനെയും സഖാക്കളെയും സ്വാധീനിച്ചു. നേതാക്കളെയെല്ലാം ജയിലിലടച്ച് പ്രസ്ഥാനത്തെ തകർക്കാൻ സാമ്രാജ്യത്വം ധിക്കാരപൂർവം ശ്രമിക്കുന്നുവെന്ന് അവർ മനസിലാക്കി.

 


ഇതുകൂടി വായിക്കൂ: ഇനിയും കൈപിഴച്ചാല്‍ മുന്നില്‍ മരണമണി മാത്രം


1929 ഏപ്രിൽ എട്ടിന് കേന്ദ്ര അസംബ്ലിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തിട്ടും വ്യാപാര തർക്ക ബിൽ കൊണ്ടുവന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനെ പ്രതിനിധീകരിച്ച് ഭഗത്‌സിങ് ലഘുലേഖ എഴുതുകയും ബൽരാജിന്റെ പേരിൽ ഒപ്പിടുകയും ചെയ്തു. വൈകാതെ സെൻട്രൽ അസംബ്ലിയിലെ ഔദ്യോഗിക ബെഞ്ചുകളിൽ ബോംബ് സ്ഫോടനമുണ്ടായി. സ്ഫോടനത്തെ തുടർന്നുള്ള പുകമാഞ്ഞപ്പോൾ തറയിൽ ലഘുലേഖകൾ ചിതറിക്കിടക്കുന്നത് കാണപ്പെട്ടു. രക്ഷപ്പെടാൻ സമയമുണ്ടായിരുന്നു. എന്നാൽ ഭഗത് സിങ്ങും ബടുകേശ്വർ ദത്തും അറസ്റ്റിലാകാൻ ഇഷ്ടപ്പെട്ടു. കോടതിയെ വേദിയാക്കി രാജ്യത്തോട് സംസാരിക്കാൻ അവർ ആഗ്രഹിച്ചു. എച്ച്എസ്ആർഎ നൽകിയ സംഭാവനകൾ സ്വതന്ത്ര ഇന്ത്യയെ സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന് ഭഗത് സിങ് വിശ്വസിച്ചു. ഭഗത്‌സിങ് ജയിൽ ജീവിതത്തിന്റെ കൂടുതൽ സമയവും വായനയിലായിരുന്നു സോഷ്യലിസ്റ്റ് സാഹിത്യമായിരുന്നു ഇഷ്ടം. സഖാവ് സോഹൻ സിങ് ജോഷിന്റെ ‘കീർത്തി’ ജേണലിൽ 1928 ജൂണിൽ അദ്ദേഹം എഴുതി, “ആറു കോടി പൗരന്മാരെ തൊട്ടുകൂടാത്തവരെന്ന് വിളിക്കുകയും അവർ തൊട്ടാൽ അശുദ്ധമാകുമെന്ന് ഒരു വിഭാഗം കരുതുകയും ചെയ്യുന്നു. അവർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ദൈവങ്ങൾ രോഷാകുലരാകും… എന്നിട്ടും ആത്മീയ രാജ്യമാണെന്ന് നാം അവകാശപ്പെടുന്നു. മനുഷ്യരുടെ തുല്യത അംഗീകരിക്കുന്നതിലോ മടിയാണ്”. ഷോലാപൂർ‑പെഷവാർ കലാപങ്ങളും ചന്ദ്രസിങ്ങിന്റെ നേതൃത്വത്തിൽ ഗർവാലി പട്ടാളക്കാരുടെ വീരോചിത പോരാട്ടത്തിന്റെയും കാലമായിരുന്നു അത്.
ജയിലിലെ സഖാക്കൾക്കിടയിൽ ചർച്ചകൾ നടന്നു, ഫലമായി അദ്ദേഹവും സഖാക്കളും സോവിയറ്റ് യൂണിയനെ പ്രതീക്ഷയോടെ കണ്ടുതുടങ്ങി. പിന്നീട് സിപിഐയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ അജോയ് ഘോഷ് ഉൾപ്പെടെ അവരിൽ പലരും ജയിൽ മോചനത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു.
1930 ഒക്ടോബറിൽ ആരംഭിച്ച വിചാരണ അഞ്ച് മാസം നീണ്ടുനിന്നു. ഭഗത്‌സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് വധശിക്ഷ വിധിച്ചു. ഏഴ് പേർക്ക് ജീവപര്യന്തം, മറ്റുള്ളവർക്ക് ദീർഘകാല തടവ്. പ്രതിഷേധങ്ങളും യോഗങ്ങളും റാലികളും “ഭഗത്‌സിങ് സിന്ദാബാദ്” എന്ന മുദ്രാവാക്യത്തോടെ നാടിനെ പ്രക്ഷുബ്ധമാക്കി. “ഇൻക്വിലാബ് സിന്ദാബാദ്” മുഴങ്ങി. ദശലക്ഷക്കണക്കിന് ആളുകളുടെ അധരങ്ങളിൽ ഭഗത്‌സിങ്ങിന്റെ പേര് ഉയർന്നു. യുവത്വം അവനെ ഹൃദയത്തിൽ പേറി. പ്രാകൃത സാമ്രാജ്യത്വ വാഴ്ചയ്ക്കെതിരെ പോരാടി രാജ്യത്തെ മോചിപ്പിക്കാൻ ഭഗത്‌സിങ് ജീവൻ ബലിയർപ്പിച്ചു. സ്വതന്ത്രവും മനുഷ്യത്വമേറിയതും സകലരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന സ്വപ്നത്തിൽ അദ്ദേഹം കണ്ണുകളടച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.