27 April 2024, Saturday

ഇനിയും കൈപിഴച്ചാല്‍ മുന്നില്‍ മരണമണി മാത്രം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
March 29, 2024 4:15 am

“മരണം ശബ്ദത്തിലേക്ക് കയറി ചെല്ലുന്നു-
കാലില്ലാത്ത ചെരിപ്പുപോലെ, ഉടലില്ലാത്ത
ഉടുപ്പുപോലെ
മരണം കതകില്‍ മുട്ടുന്നു-
കല്ലും വിരലുമില്ലാത്ത ഒരു മോതിരം പോലെ
വായില്ലാതെ, നാവില്ലാതെ, കുരലില്ലാതെ
മരണം അലറി വിളിക്കുന്നു
എങ്കിലും അതിന്റെ കാലടികള്‍ ശബ്ദിക്കുന്നൂ.
അതിന്റെ ഉടുപ്പുകള്‍ മെല്ലെ ഒച്ചയിടുന്നൂ
വൃക്ഷങ്ങളെപ്പോലെ-”
“മരണം മാത്രം” എന്ന കവിതയില്‍ മഹാനായ കവി പാബ്ലോ നെരൂദ ഈ വിധമെഴുതി. മരണം കാലില്ലാത്ത ചെരിപ്പുപോലെയും ഉടലില്ലാത്ത ഉടുപ്പുപോലെയും നമ്മുടെ ശബ്ദത്തിലേക്ക് കടന്നാക്രമണം നടത്തുകയും കതകില്‍ മുട്ടിവിളിക്കുകയും ചെയ്യുന്ന ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. വായില്ലാത്ത, നാവില്ലാത്ത, കുരലില്ലാത്ത ഏകസ്വേച്ഛാധിപത്യത്തിന്റെ ഉടുപ്പുകള്‍ സംഘ്പരിവാര ഫാസിസ്റ്റുകള്‍ തുന്നി അണിഞ്ഞു കഴിഞ്ഞു. ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും തത്വങ്ങളുടെയും മരണമണി മുഴക്കിയാല്‍ മാത്രം മതി.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014–2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ കൈത്തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് നാം ആശങ്കപ്പെടണം. ജനാധിപത്യത്തിലും ജനകീയ തെരഞ്ഞെടുപ്പിലും വിശ്വസിക്കാത്ത കൂട്ടരാണ് സംഘ്പരിവാര ഫാസിസ്റ്റുകള്‍‍. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന പരിപൂര്‍ണമായി മാറ്റിയെഴുതുമെന്ന് പറഞ്ഞത് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ലോക്‌സഭാ പ്രതിനിധിയാണ്. അയാള്‍ക്ക് ഇത്തവണ ബജെപി സീറ്റ് നിഷേധിച്ചുവെന്നത് രസകരമായ ഫലിതം. പക്ഷേ ഭരണഘടന മാറ്റുമെന്ന് അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


ആര്‍എസ്എസ് 1925ല്‍ രൂപീകരിക്കപ്പെട്ട കാലം മുതല്‍ മനുസ്മൃതിയായിരിക്കണം ഇന്ത്യയുടെ ഭരണഘടന എന്ന് വാദിച്ച കൂട്ടരാണ്. “അക്ഷരം വിപ്ര ഹസ്തേന” (അക്ഷരം ബ്രാഹ്മണന്റെ കരങ്ങള്‍ കൊണ്ടുമാത്രം) എന്നുദ്ഘോഷിച്ച, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി സൃഷ്ടിച്ച, മഹാഭൂരിപക്ഷം ജനങ്ങളെ മനുഷ്യരായി പരിഗണിക്കാത്ത മനുസ്മൃതിയായിരിക്കണം ഇന്ത്യയുടെ ഭരണഘടനയെന്ന് “വിചാരധാര“യിലൂടെ പ്രഖ്യാപിച്ചത് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലകായ മാധവ സദാശിവ ഗോള്‍വാള്‍ക്കറാണ്.
ഗോള്‍‍വാള്‍ക്കര്‍‍ പറഞ്ഞു “ഇന്ത്യ ഹിന്ദുവിന്റെ രാഷ്ട്രം. ഹിന്ദുവെന്നാല്‍ രക്തവിശുദ്ധിയുള്ള ഹിന്ദു. രക്തവിശുദ്ധി ആര്യന്റെ രക്തത്തിനു മാത്രം. ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും രക്തത്തിനു മാത്രമാണ് വിശുദ്ധി. അവരുടേതാണ് ഭാരതം. രക്തവിശുദ്ധിയില്ലാത്തവര്‍ ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം. അല്ലെങ്കില്‍ പൗരാവകാശമില്ലാതെ ഇന്ത്യയില്‍ അടിമകളെപ്പോലെ കഴിഞ്ഞുകൂടണം. ഗോള്‍‍വാള്‍ക്കറുടെ ഈ സവര്‍ണ പൗരോഹിത്യ രാഷ്ട്രം നിര്‍മ്മിക്കാനാണ് നരേന്ദ്രമോഡിയും അമിത് ഷായും പൗരാവകാശ നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവയ്പ്പിച്ചത്. ബില്ലില്‍ ഒപ്പു ചാര്‍ത്തുന്നതിനു മുമ്പേ ബിജെപി ഭരിക്കുന്ന അസമില്‍ 10 ലക്ഷം ഇസ്ലാമുകള്‍ പൗരാവകാശം നഷ്ടപ്പെട്ടവരായി. ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ രാത്രി ഇരുണ്ടുവെളുക്കുമ്പോള്‍ ഭാരതീയ പൗരന്മാര്‍ ഭാരതീയ പൗരന്മാര്‍ അല്ലാതായി മാറുന്ന നികൃഷ്ട ഹിന്ദുത്വ പൗരോഹിത്യ രാഷ്ട്രീയമാണ് സംഘ്പരിവാര ഫാസിസ്റ്റുകള്‍ അരങ്ങേറ്റുന്നത്.
ആദ്യം മുസ്ലിങ്ങളെ പിടികൂടും. പിന്നാലെ ക്രിസ്ത്യാനികളെ പിടികൂടും. അതിനു പിന്നാലെ സിഖുകാരെയും പാഴ്സികളെയും ജൈനരെയും ബൗദ്ധരെയും പിടികൂടും. അതിനും പിന്നാലെ ഗോള്‍‍വാള്‍ക്കര്‍ നിര്‍വചിച്ച രക്തവിശുദ്ധിയില്ലാത്ത മഹാഭൂരിപക്ഷം ഹിന്ദുക്കളെയും പൗരാവകാശമില്ലാത്ത അടിമകളാക്കി സവര്‍ണ ഹൈന്ദവ പൗരോഹിത്യത്തിന്റെ മണ്ണാക്കി ഇന്ത്യയെ മാറ്റിത്തീര്‍ക്കുക എന്നതാണ് സംഘ്പരിവാര ഫാസിസ്റ്റ് അജണ്ട.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസ് സഹകരണ ബാങ്കിൽ പെൻഷൻ ഫണ്ടില്‍ അഴിമതി


മതേതര പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വ വര്‍ഗീയത മാറോടു ചേര്‍ത്തുപിടിച്ച് ഇക്കാര്യത്തില്‍ മൗനത്തിന്റെ വാല്മീകത്തിലാണ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വെള്ളി കെട്ടിയ കരിങ്കല്ലുകള്‍ അയച്ചുകൊടുത്ത കമല്‍നാഥും ലക്ഷക്കണക്കിന് രൂപ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ചുകൊടുത്ത ദിഗ്‌വിജയ്സിങ്ങും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൗരത്വ നിയമത്തെയും ഏകീകൃത സിവില്‍ കോഡിനെയും പിന്തുണയ്ക്കുന്നവരാണ്. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു വഴിക്കാക്കിയ സംഘടനാ ജനറല്‍ സെക്രട്ടറി പൗരത്വാവകാശ നിയമഭേദഗതി ഒരു വിഷയമല്ലെന്ന് പരസ്യമായി പ്രതികരിച്ചു. ഇക്കഴിഞ്ഞ നാള്‍ കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പൗരത്വ നിയമഭേദഗതിക്കെതിരായ ചോദ്യങ്ങള്‍ ബാലിശവും വര്‍ഗീയപരവുമാണെന്ന് പ്രഖ്യാപിച്ചു. ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകരെ വര്‍ഗീയ വാദികളെന്നും വിളിച്ചു. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് മിണ്ടാട്ടമില്ല. പാര്‍ലമെന്റില്‍ നിരാകരണ പ്രമേയം വന്നപ്പോള്‍ ഭരണഘടനാവിരുദ്ധമായ ഈ നിയമത്തിനെതിരെ ശബ്ദിക്കുവാന്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിപോലുമുണ്ടായില്ല.
നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കവേ 2002ല്‍ ഒരു മതത്തില്‍ പിറന്നുപോയി എന്നുള്ളതുകൊണ്ട് രണ്ടായിരത്തിലേറെ മനുഷ്യരെ കൊന്നുതള്ളിയ വംശഹത്യാപരീക്ഷണം ഇന്ത്യ കണ്ടു. അന്ന് മോഡി പറഞ്ഞിരുന്നു. ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രമെന്ന്. നാളെ ഗുജറാത്ത് ഇന്ത്യയില്‍ എവിടെയും ആവര്‍ത്തിക്കപ്പെടും. മോഡിയുടെ ഒരു ദശാബ്ദക്കാലത്തെ ഭരണത്തിനിടയില്‍ ഇന്ത്യയില്‍ എത്രയെത്ര വര്‍ഗീയാതിക്രമങ്ങള്‍ അരങ്ങേറി. രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും പേരില്‍ നടന്ന റാലികളിലും ആഘോഷങ്ങളിലും ഒരു മതവിഭാഗത്തെ തിരഞ്ഞുപിടിച്ച് കടന്നാക്രമിച്ചു. അവരുടെ കുടിലുകളും പാര്‍പ്പിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. മണിപ്പൂരിന്റെ നിലവിളി ഇനിയും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളും പള്ളിക്കൂടങ്ങളും ക്രൈസ്തവരുടെ ഭവനങ്ങളും അഗ്നിക്കിരയാക്കി. ആയിരങ്ങള്‍ കൊല ചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം സര്‍വതുമുപേക്ഷിച്ച് പലായനം ചെയ്തു. കൂട്ടബലാത്സംഗങ്ങളും സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കലും അരങ്ങേറി. മണിപ്പൂരിലെ വംശഹത്യയെ അപലപിക്കുവാന്‍ പോലും പ്രധാനമന്ത്രി മോഡി തയ്യാറായില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നുപോലും മോഡി കരുതിയില്ല. പൊലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകള്‍ കലാപകാരികള്‍ക്ക് കൈമാറുകയും ചെയ്തു. ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം എന്ന മോഡിയുടെ വാക്കുകള്‍ മണിപ്പൂര്‍ ആവര്‍ത്തിച്ച് തെളിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സൈന്യാധിപന്റെ
കല്പന പ്രകാരം
തുടലിലിട്ടതിന്റെ പാടുകള്‍ കണങ്കാലില്‍ വഹിച്ച
ഒരു വിദ്യാര്‍ത്ഥിയെ ഞാന്‍ കണ്ടു.
തെരുവില്‍, തുടലില്‍ പണിയെടുക്കുന്ന ആള്‍
ക്കൂട്ടങ്ങളെയും
ജനങ്ങള്‍ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷരാ
വുന്ന ജയിലുകളെയും കുറിച്ച്
അവനെന്നോട് പറഞ്ഞു (നെരൂദ)
മോഡി എന്ന സര്‍വ സൈന്യാധിപന്‍ ജനങ്ങളെ തുടലിലിടുകയും ജനങ്ങള്‍ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷരാവുന്ന ജയിലുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന തിരക്കിലാണ്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


അഴിമതിയെ രാഷ്ട്രീയവല്‍ക്കരിച്ച, നിയമപരിരക്ഷ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് കോടി രൂപ ബിജെപി കൈപ്പറ്റി. കോണ്‍ഗ്രസിനും കിട്ടി കോടാനുകോടി രൂപ. വമ്പന്‍ അഴിമതിയുടെ അഗ്രഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളു. മഞ്ഞുമല പൂര്‍ണമായി പ്രത്യക്ഷപ്പെടാനിരിക്കുന്നതേയുള്ളൂ. സിപിഐയും സിപിഐ(എം)ഉം മാത്രമേ ഇലക്ടറല്‍ ബോണ്ട് അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്നുള്ളൂ.
മോഡിയുടെ ഭരണത്തില്‍ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറന്നുപോയി. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ എന്ന വാഗ്ദാനം എന്തായി? 81 കോടി വരുന്ന യുവജനങ്ങളില്‍ 83 ശതമാനവും തൊഴില്‍രഹിതരെന്ന് ഏറ്റവും ഒടുവിലത്തെ സര്‍വേ കണ്ടെത്തി. ഒരു പതിറ്റാണ്ടുകൊണ്ട് തൊഴില്‍രഹിതരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. കാര്‍ഷിക മാരണ നിയമങ്ങളിലൂടെ കുത്തക മുതലാളിമാര്‍ക്ക് കാര്‍ഷിക മേഖല അടിയറവയ്ക്കാന്‍ യത്നിച്ചു. ഏറ്റവും കടുത്ത വിലക്കയറ്റത്തിലേക്ക് ജനങ്ങളെ വലിച്ചെറിഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില അമ്പതു രൂപയില്‍ താഴെയാക്കുമെന്ന് പറഞ്ഞ മോഡി 110 രൂപയിലെത്തിച്ചു. പാചകവാതകത്തിന്റെ വില 300 രൂപയാക്കുമെന്ന് പറഞ്ഞവര്‍ 1100 രൂപയിലെത്തിച്ചു. രാജ്യത്തിന്റെ പൊതു സ്വത്താകെ കുത്തക മുതലാളിമാര്‍ക്ക് തുച്ഛമായ തുകയ്ക്ക് വിറ്റഴിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം അനങ്ങാപ്പാറ നയത്തിലൂടെ കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണയുമുണ്ടെന്നതാണ് അവരുടെ രാഷ്ട്രീയ പാപ്പരത്തം വിളിച്ചറിയിക്കുന്നത്.
ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മരണമണി മുഴങ്ങുമ്പോള്‍ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. കൈപ്പിഴ ആവര്‍ത്തിച്ചാല്‍ ഇന്ത്യ അസ്ഥിരപ്പെടും.
“ഒരഴുകിയ നേതാവ്
എന്റെ നാട്ടിലെ
ഏറ്റവും നല്ല മനുഷ്യരെ
ഭൂമിക്കടിയില്‍ മരിക്കാനായി കൂട്ടിയിട്ടിരിക്കുന്നു.
അവരുടെ അസ്ഥികള്‍
പിന്നീടയാള്‍ക്ക് വിറ്റു പണമാക്കാമല്ലോ.”
മോഡിയെ കുറിച്ചാവണം ദീര്‍ഘദര്‍ശനം ചെയ്ത് ദശാബ്ദങ്ങള്‍ക്ക് മുമ്പ് നെരുദ ഈ വിധമെഴുതിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.