18 January 2026, Sunday

ഇന്ത്യൻ സൈനികർക്ക് ലാൽസലാം

Janayugom Webdesk
May 10, 2025 5:00 am

ത്യന്തം സങ്കീർണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പാകിസ്ഥാൻ സൃഷ്ടിക്കുന്ന അനാവശ്യമായ പ്രകോപനങ്ങളുടെ ഫലമായി ഇന്ത്യ തിരിച്ചടിക്കാൻ നിർബന്ധിതമാകുകയും അതൊരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയുമാണ്. ഒരു നേപ്പാൾ പൗരനുൾപ്പെടെ 26 വിനോദ സഞ്ചാരികളെ ഇന്ത്യൻ മണ്ണിൽ കൂട്ടക്കുരുതി നടത്തിയ ഭീകരരും അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനുമാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വിളിച്ചുവരുത്തിയത്. രണ്ടാഴ്ച പിന്നിട്ടതിനുശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഒരു പൗരനെങ്കിലും കൊല്ലപ്പെട്ടതായി പാകിസ്ഥാന് പോലും പറയാനാകുന്നില്ല. പക്ഷേ പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളിൽ പൊലിഞ്ഞുപോയതത്രയും സാധാരണക്കാരും സൈനികരുമായിരുന്നു. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണം. കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദർശിക്കുന്നതിനും പാക് ഉന്നത സൈനികർക്ക് പോലും യാതൊരു സങ്കോചവുമുണ്ടായില്ല. എന്നിട്ടും ഭീകരരുമായി ബന്ധമില്ലെന്നും അവരെ സഹായിക്കുന്നില്ലെന്നുമുള്ള വായ്ത്താരി ആവർത്തിക്കുകയും ചെയ്യുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം അതിർത്തി ഗ്രാമങ്ങളിൽ തുടർച്ചയായ ഷെല്ലാക്രമണങ്ങൾ നടത്തി ജനങ്ങളെ കൊല്ലുകയും സ്വൈരജീവിതം തടസപ്പെടുത്തുകയും ചെയ്തിട്ടും ഇന്ത്യ സംയമനത്തിന്റെ പാതയാണ് സ്വീകരിച്ചത്. 15 നഗരങ്ങൾ ലക്ഷ്യംവച്ച പാകിസ്ഥാന്റെ ആക്രമണനീക്കം പൂർണമായും ഇന്ത്യ തകർത്തു. രാജ്യത്തിനകത്തെ ജനവാസ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യങ്ങളെല്ലാം. ഇതിന് പകരമായി നടത്തിയ പ്രത്യാക്രമണം ലാഹോറിലെ വ്യോമ സംവിധാനം തകർത്തുകൊണ്ടായിരുന്നു. പാകിസ്ഥാന്റെ യുദ്ധമനോഭാവത്തിന് ആഘാതമേല്പിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. 

ഓപ്പറേഷൻ സിന്ദൂർ നടത്തുന്നതിന് ഇന്ത്യ നിർബന്ധിതമായ സാഹചര്യം മനസിലാക്കിയ ലോകരാഷ്ട്രങ്ങള്‍ അതിനെ അംഗീകരിച്ചിരുന്നതാണ്. യുദ്ധസാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന നിർദേശങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. അതൊന്നും ചെവിക്കൊള്ളാതെ ഇന്ത്യക്കുനേരെ നിഷ്ഫലമാക്കപ്പെടുന്ന ആക്രമണങ്ങൾക്ക് പാകിസ്ഥാ­ന്‍ തുനിയുകയാണ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആക്രമണം നടത്തുന്ന രീതിയാണ് അവലംബിക്കുന്നത്. അതിവൈകാരികത സൃഷ്ടിക്കുകയും വിദ്വേഷ പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നു. ഇ­ന്ത്യൻ പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പഴ­യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. ജനവാസകേന്ദ്രങ്ങളിലെ പാക് ആക്രമണനീക്കം ഇന്ത്യ തകർത്തതോടെ അവർ അവസാനിപ്പിക്കുമെന്നായിരുന്നു കരുതിയത്. എന്നാ­ൽ വ്യാഴാഴ്ച രാത്രി വീണ്ടും ഡ്രോണുകളും മിസൈലുകളും അയച്ച് ക­ശ്മീരിലെ ജനവാസകേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുള്ള ശ്രമമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതെല്ലാം നിഷ‌്പ്രഭമാക്കാൻ ഇന്ത്യൻ സൈ­­ന്യത്തിന് സാധിച്ചു. സ്വയംകൃതാനർത്ഥമായ പ്രതിസന്ധികളാണ് ആ രാജ്യം അഭിമുഖീകരിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കെതിരെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ ബലൂചിസ്ഥാനിൽ നേരിടുന്ന വിഘടനവാദം ശക്തമാകുകയും ചില പ്രദേശങ്ങൾ വിമതർ കയ്യടക്കുകയും ചെയ്തുവെന്നാണ് ആഗോള മാധ്യമങ്ങളിലുള്ളത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തിപ്രാപിക്കുന്നതും ഭരണാധികാരികൾക്ക് തലവേദനയായിട്ടുണ്ട്. യഥാർത്ഥത്തിൽ നിഴൽയുദ്ധത്തിനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. അതിനെയെല്ലാം അതേനാണയത്തിൽ തിരിച്ചടിച്ച് തകർക്കുകയാണ് ഇന്ത്യൻ സേനയും പ്രതിരോധ സംവിധാനങ്ങളും. 

വളരെയധികം വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും നേരിട്ടാണ് പ്രതിരോധവിഭാഗവും സൈനികരും ഈ പോരാട്ടത്തിൽ പങ്കെടുക്കുന്നത്. കൊടും മഞ്ഞ് പെയ്യുന്ന കശ്മീരിലെ മലമടക്കുകളിലും സമതലങ്ങളിലും അപകടസാധ്യത തൊട്ടടുത്തുനിൽക്കുന്ന നിയന്ത്രണ രേഖയിലും ജീവൻ പണയപ്പെടുത്തിയാണ് അവർ രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും ഭീകരതയെ ഇല്ലാതാക്കുന്നതിനുമായി അണിനിരന്നിട്ടുള്ളത്. സൈനിക നിയമനങ്ങളിൽ വരുത്തിയ മാറ്റങ്ങളും അഗ്നിപഥ് പോലുള്ള താൽക്കാലിക സംവിധാനങ്ങളും സൈനികരുടെ സമ്മർദങ്ങളും ജോലിഭാരവും വൻതോതിൽ വർധിപ്പിച്ച സാഹചര്യവുമുണ്ട്. 2022ൽ രാജ്യസഭയിൽ നൽകിയ മറുപടിയനുസരിച്ച് ഒന്നേകാൽ ലക്ഷത്തിലധികം സൈനികരുടെ ഒഴിവുകളുണ്ടായിരുന്നു. അതേവർഷംതന്നെയാണ് അഗ്നിപഥ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഒഴിവുകൾ മുഴുവനായും നികത്തപ്പെട്ടിരിക്കാനിടയില്ല. എങ്കിലും കര, വ്യോമ, നാവിക സേനകളിലെ ലക്ഷക്കണക്കിന് സൈനികർ നിതാന്ത ജാഗ്രതയോടെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് പ്രവർത്തിക്കുന്നതിനാലാണ് അതിർത്തിയിൽ നിന്ന് അകലെയുള്ള നമ്മൾ സമാധാനത്തോടെ കഴിയുന്നത്. സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദൂരെയുള്ള ബന്ധുഭവനങ്ങളിലേക്കും പലായനം ചെയ്യുന്ന അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിതമായെത്തിക്കുന്നതുൾപ്പെടെ ഉത്തരവാദിത്തങ്ങൾ പ്രാദേശിക പൊലീസ് സേനയും നിർവഹിക്കുന്നുണ്ട്. ഇത്രയും ത്യാഗപൂർണമായി പ്രവർത്തിക്കുന്ന സൈന്യം വലിയൊരു സല്യൂട്ട് അർഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.