17 January 2026, Saturday

കടൽമണൽ ഖനനനീക്കം വിവേകശൂന്യം

Janayugom Webdesk
February 25, 2025 5:00 am

കേന്ദ്ര സർക്കാരിന്റെ കടൽമണൽ ഖനനപദ്ധതി അറുനൂറിൽപരം കിലോമീറ്റർ ദൈർഘ്യമുള്ള കേരളത്തിന്റെ തീരദേശത്തെയോ രണ്ടരലക്ഷത്തില്പരം വരുന്ന മത്സ്യബന്ധന, അനുബന്ധ തൊഴിലുകളില്‍ ഏർപ്പെട്ടിട്ടുള്ളവരെയോ തീരദേശ ജനസമൂഹങ്ങളെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കേരളത്തിന്റെ പരിസ്ഥിതി, ആവാസവ്യവസ്ഥ, തീരദേശ ഭൂപ്രകൃതിയുടെ നിലനില്പ്, കേരളജനതയുടെ ഭക്ഷ്യസുരക്ഷ, സംസ്ഥാനത്തിന്റെ സമ്പദ്ഘടന എന്നിവകളുടെമേൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളിയാണ്. കേരളത്തിന്റെ തീരസമുദ്രത്തെ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ചുഭാഗങ്ങളായി തിരിച്ച് അവിടെനിന്നും സ്വകാര്യ പങ്കാളിത്തത്തോടെ 745 ദശലക്ഷം ടൺ കടൽമണൽ ഖനനം ചെയ്യാനുള്ള ടെൻഡർ നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ‘ബ്ലൂ ഇക്കോണമി’ പദ്ധതിയുടെ ഭാഗമായ നിർദിഷ്ട കടൽമണൽ ഖനനത്തിന്റെ ആദ്യ ഇരകളായി മാറുന്ന മത്സ്യത്തൊഴിലാളികളുടെ വിവിധ യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് തീരദേശ ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്. ഇത് കേവലം മത്സ്യത്തൊഴിലാളികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നതുകൊണ്ട് കക്ഷിരാഷ്ട്രീയത്തിനും മത, സാമുദായിക വൈജാത്യങ്ങൾക്കും അതീതമായ പിന്തുണ ഹർത്താലിന് ലഭിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കടൽമണൽ ഖനത്തിനെതിരെ സംസ്ഥാനസർക്കാരും തങ്ങളുടെ നിലപാട് അസന്ദിഗ്ധ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. കടൽമണൽ ഖനനം സംബന്ധിച്ചു് സമഗ്രമായ പഠനങ്ങൾ ഒന്നുംതന്നെ പൂർത്തിയാക്കാതെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക പഠനങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന 22.22 കിലോമീറ്റർ തീരസമുദ്രത്തിലാണ് ഖനനം ആരംഭിക്കുന്നതെങ്കിലും ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുമായി മതിയായ കൂടിയാലോചനകൾ യാതൊ‌ന്നും നടന്നിട്ടില്ലെന്നത് സംസ്ഥാനത്തിന്റെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നതും ശ്രദ്ധേയമാണ്.

തീരസമുദ്രത്തിലെ മ­ണ­ൽ ഖനനം പരമ്പരാഗതമായി മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലിലും ഏർപ്പെട്ടിട്ടുള്ള പ­തിനായിരക്കണക്കിന് തൊ­ഴിലാളികളുടെയും അ­വരുടെ കുടുംബങ്ങളുടെയും നിലനില്പിന് കനത്ത വെ­ല്ലുവിളിയാണ് ഉയർത്തുന്നത്. മണൽ ഖനനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ ഇ­ന്ത്യയുടെ ദ­ക്ഷിണ‑പ­ശ്ചി­മ തീരത്തെ ഏറ്റവും മ­ത്സ്യസമൃദ്ധമായ മേഖലയാണെന്ന് ഇതിനകം നടന്നിട്ടുള്ള പഠനങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നു. ഭാരിച്ച യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുള്ള ഖനനം കേരളത്തിന്റെ തീരസമുദ്ര ആവാസവ്യവസ്ഥയെ എന്നെന്നേക്കുമായി തകർക്കും. തീരസമുദ്ര മേഖലയാണ് കേരളത്തിനാവശ്യമായ ഭക്ഷ്യയോഗ്യമായ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രം. ഖനന പ്രവർത്തനങ്ങൾ അവയുടെ വംശനാശത്തിലേക്കും അതുവഴി ഭക്ഷ്യസുരക്ഷയെത്തന്നെയും പുനഃസൃഷ്ടിക്കാൻ കഴിയാത്തവിധം നശിപ്പിക്കും. തീരസമുദ്രത്തിൽ നിന്നുള്ള ഖനനം അതിന്റെ ഘടനയിൽ സൃഷ്ടിക്കുന്ന പ്രത്യാ­ഘാതം ഇതിനകം രൂക്ഷമായ കടലാക്രമണങ്ങളുടെ വർധനവിനും തീരശോഷണത്തിനും ആക്കംകൂട്ടും. സമുദ്രജല ഊഷ്മാവിന്റെ വർധനവും ആഗോളതാപനവും ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുക്കാതെയുള്ള ഖനന പ്രവർത്തനങ്ങൾ തീരപ്രദേശങ്ങൾക്ക് മാത്രമല്ല കേരളത്തിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും കാത്തുവയ്ക്കുന്ന വൻദുരന്തങ്ങൾ വിലയിരുത്താതെയാണ് സ്വകാര്യ കോർപറേറ്റുകളുടെ ലാഭതാല്പര്യം മാത്രം ലക്ഷ്യംവച്ചുള്ള പദ്ധതി. കടൽമണൽ ഖനനം വിജയകരമായി നടപ്പാക്കിയതായി പദ്ധതിയനുകൂല കേന്ദ്രങ്ങൾ ഉദാഹരിക്കുന്ന യുഎസ് അടക്കമുള്ള രാജ്യങ്ങൾ നേരിട്ടതും, തുടർന്നും അഭിമുഖീകരിക്കുന്നതുമായ ദുരന്തപൂർണമായ പ്രകൃതിക്ഷോഭങ്ങളുടെ കാരണങ്ങളിൽ സമുദ്ര ഘടനയിൽ ഖനനംമൂലം ഉണ്ടായ വ്യതിയാനങ്ങളും ഉൾപ്പെടുന്നുവെന്നത് അവഗണിച്ചുകൂടാ. പ്രകൃതിദുരന്തങ്ങളുടെ കെടുതികളിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനയുടെ പശ്ചാത്തലം, കടൽമണൽ ഖനന പദ്ധതിയെ കരുതലോടെ സമീപിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു.

കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി പരിപ്രേക്ഷ്യം ലക്ഷ്യംവയ്ക്കുന്നത് കടൽമണൽ എന്ന ലഘു ധാതുസമ്പത്ത് മാത്രമല്ല. ചെമ്പ്, നിക്കൽ, കോബാൾട്ട് തുടങ്ങി ഇലക്ട്രിക് വാഹനങ്ങളുടേതടക്കം ബാറ്ററികൾക്ക് ആവശ്യമായ, ലഭ്യത കുറഞ്ഞതും മൂല്യം ഏറെയുമുള്ള ധാതുക്കളുടെ കരയിലെ ലഭ്യത അതിവേഗം ശോഷിച്ചുവരികയാണ്. സമുദ്ര അടിത്തട്ട് അവയുടെ അക്ഷയഖനികളാണെന്ന കണക്കുകൂട്ടലാണ് കോർപറേറ്റ് താല്പര്യ സംരക്ഷകരായ സർക്കാരിനെ വിവേകശൂന്യമായ സമുദ്രഖനന സാഹസികതയ്ക്ക് പ്രേരിപ്പിക്കുന്നത്. സമുദ്രഖനന പ്രവർത്തനങ്ങളെ ആഗോളതലത്തിൽ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ ഇന്റർനാഷണൽ സീബെഡ് അതോറിട്ടി തന്നെ അതിന്റെ പ്രായോഗികതയെപ്പറ്റി സംശയാലുവായിരിക്കെ സമുദ്രഖനന നീക്കവുമായി മുന്നോട്ടുപോകാനുള്ള മോഡിസർക്കാരിന്റെ ഉദ്യമത്തിനുപിന്നിലെ പ്രേരകശക്തി വമ്പൻ കോർപറേറ്റ് ലാഭതാല്പര്യങ്ങളല്ലാതെ മറ്റെന്താണ്? ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സമുദ്രഖനനത്തിന് തുടക്കംകുറിച്ച പപ്പുവ ന്യൂഗിനിയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. സമീപകാലത്ത് ആ ദ്വീപുരാഷ്ട്രം നേരിടേണ്ടിവന്ന അതീവ ഭീകരമായ പ്രകൃതിദുരന്തം ലോകത്തിന് നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചുകൂടാ.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.