
ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരവാദികൾ ടൂറിസ്റ്റുകളടക്കം 26 ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന് നടന്നുവരുന്ന ഉന്നതതല ആലോചനാ യോഗ പരമ്പരകളിൽ ഇന്നലെ ചേർന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെയും മന്ത്രിസഭയുടെയും മന്ത്രിസഭാ പാർലമെന്ററികാര്യ സമിതിയുടെയും യോഗങ്ങൾ ഉൾപ്പെടുന്നു. മുന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് (റോ) മേധാവി അലോക് ജോഷി അധ്യക്ഷനായി ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി)യും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ ഉദ്യോഗസ്ഥ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, കര – വ്യോമ — നാവിക സേനാ മേധാവികൾ എന്നിവരുടെ യോഗം നൽകുന്ന സൂചന അസന്ദിഗ്ധമാണ്. “ഭീകരവാദത്തിന് നിർണായകമായ തിരിച്ചടി നൽകുക എന്നതാണ് ദേശീയ നിശ്ചയദാർഢ്യം”, എന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സായുധസേനയ്ക്ക് അതിനുള്ള ആത്മവിശ്വാസവും ആവശ്യമായ പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചടിയുടെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും പ്രധാനമന്ത്രി സുരക്ഷാസേനയിൽ അർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനകം വിഷയത്തിൽ കൈക്കൊണ്ടിട്ടുള്ള നയതന്ത്ര നടപടികളുടെ തുടർച്ചയായി ചില സൈനിക നടപടികൾ തീർച്ചയായും ഉണ്ടാവുമെന്നും ഇതോടെ വ്യക്തമാണ്. അതിർത്തിയിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്നുവരുന്ന കരാർ ലംഘനങ്ങൾക്കെതിരെ യോഗങ്ങൾ പാകിസ്ഥാന് ശക്തമായ താക്കീതാണ് നൽകിയിട്ടുള്ളത്. പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളടക്കം സാധാരണ പൗരന്മാരെ കൂട്ടക്കൊല ചെയ്ത ഭീകരവാദികൾക്ക് കനത്ത തിരിച്ചടി നൽകണമെന്നതും അതിന് കാരണഭൂതരായ പാകിസ്ഥാൻ സേനാവിഭാഗങ്ങളെയും ഭരണകൂടത്തെയും അന്താരാഷ്ട്ര നിയമവാഴ്ചയ്ക്കനുസൃതമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നതും രാഷ്ട്രത്തിന്റെ പൊതുവികാരമാണ്.
പഹൽഗാം കൂട്ടക്കൊലയെ തുടർന്ന് ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ വളർന്നുവന്നിട്ടുള്ള യുദ്ധാന്തരീക്ഷത്തിൽ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഉത്കണ്ഠ രേഖപ്പെടുത്തുകയും യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനകം പരിഹാരം കാണാതെ തുടരുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ അത്തരം അഭ്യർത്ഥനകൾ പ്രസക്തവും അർത്ഥവത്തുമാണ്. അപരിഹാര്യമായി തുടരുന്ന യുദ്ധങ്ങളും അവയുടെ കെടുതികളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള വ്യാപാരയുദ്ധവും അത് സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വവും ലോകരാഷ്ട്രങ്ങളിലും ജനതകളിലും അളവറ്റ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ജനസംഖ്യകൊണ്ടും ഭൗമരാഷ്ട്രീയ, സാമ്പത്തിക വ്യാപ്തികൊണ്ടും നിർണായക പ്രാധാന്യമർഹിക്കുന്ന ദക്ഷിണേഷ്യ കൂടി യുദ്ധഭൂമിയായി മാറുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് മാത്രമല്ല ലോകത്തിനാകെയും താങ്ങാവുന്നതിലും ഏറെയായിരിക്കും. പഹൽഗാം ഭീകരാക്രമണം ആഗോള രാഷ്ട്രമണ്ഡലത്തിൽ പാകിസ്ഥാന്റെ ഒറ്റപ്പെടലിന് ഇതിനോടകം വേഗത കൂട്ടിയിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യയുമായി വിയോജിപ്പ് വച്ചുപുലർത്തുന്ന വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങൾ ഒഴികെ പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങൾപോലും പാകിസ്ഥാനെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യക്ഷ അഭിമുഖീകരണത്തെ ഫലപ്രദമായി ചെറുക്കാനോ വിജയിക്കാനോ, എന്തിന് ഗണ്യമായ നേട്ടങ്ങൾ കൈവരിക്കാനോ പാകിസ്ഥാന് കഴിയില്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുക മാത്രമല്ല, ലോകത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട്. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം നടന്ന നാല് യുദ്ധങ്ങളിലും പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, കനത്ത വില നൽകേണ്ടി വന്നിട്ടുമുണ്ട്. പാകിസ്ഥാനെ ആഗോളരംഗത്ത് ഒറ്റപ്പെടുത്തുകയും ഭീകരവാദത്തിന് എന്നെന്നേക്കുമായി അറുതിവരുത്തുകയുമാണ് ആവശ്യം. അതിന് അനുയോജ്യമായ ആഗോള അന്തരീക്ഷമാണ് പഹൽഗാമിനെത്തുടർന്ന് പാകപ്പെട്ടിട്ടുള്ളത്.
പഹൽഗാം രാജ്യത്ത് സംഭവിച്ച അപലപനീയവും കുറ്റവാളികൾ കഠിനശിക്ഷ അർഹിക്കുന്നതുമായ മനുഷ്യനിർമ്മിത ദുരന്തമാണ്. ഭീകരവാദികൾ, അവർ പാകിസ്ഥാനികളോ അവരുടെ ഇന്ത്യൻ വിധേയരോ ആരുമായിക്കൊള്ളട്ടെ, അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും കൊടിയ ശിക്ഷയ്ക്ക് വിധേയമാക്കുകയും രാഷ്ട്രധർമ്മമാണ്. എന്നാൽ സുരക്ഷാവീഴ്ചയും അതിന് ഉത്തരവാദികളായവരും ഈ വൈകാരികാന്തരീക്ഷം മുതലെടുത്ത് രക്ഷപ്പെടാൻ അനുവദിച്ചുകൂടാ. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഏതെങ്കിലും മതവിഭാഗത്തെ ഇരകളാക്കാനും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുമുള്ള അവസരമായും ഇത് മാറിക്കൂടാ. പഹൽഗാമിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനും ഭരണഘടനാ ബാഹ്യശക്തികളെ വെള്ളപൂശാനുമുള്ള അവസരമായി ഈ ദേശീയ ദുരന്തത്തെ മാറ്റാനുമുള്ള ഏതുനീക്കവും അപലപനീയവും രാഷ്ട്രീയമായി ചെറുക്കപ്പെടേണ്ടതുമാണ്. രാഷ്ട്ര നേതൃത്വത്തിൽ നിന്നും രാജ്യവും ജനങ്ങളും ഈ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് ആവശ്യപ്പെടുന്നത് ഉന്നതമായ രാഷ്ട്രതന്ത്രജ്ഞതയും വിവേകവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.