21 December 2024, Saturday
KSFE Galaxy Chits Banner 2

കര്‍ഷകപ്രക്ഷോഭം രാജ്യത്തിന് നല്‍കുന്ന ആഹ്വാനം

Janayugom Webdesk
November 20, 2021 5:00 am

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ വിധിനിര്‍ണായക വഴിത്തിരിവിനെയാണ് രാജ്യത്തിന്റെ മേല്‍ അടിച്ചേല്പിച്ച മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാടകീയ പ്രഖ്യാപനം അടയാളപ്പെടുത്തുന്നത്. അത് മോഡിയുടെ മഹാമനസ്കതയും രാഷ്ട്രതന്ത്രജ്ഞതയും എന്നും മറ്റുമുള്ള സ്തുതിപാഠകരുടെ വ്യാഖ്യാനത്തിന് അപ്പുറം കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രക്ഷോഭവീര്യത്തിന്റെയും കര്‍ഷക‑തൊഴിലാളി-ബഹുജന ഐക്യത്തിന്റെയും മുമ്പില്‍ ഗതികെട്ട ഭരണകൂടത്തിന്റെ മുട്ടുമടക്കലാണ്. കരിനിയമങ്ങള്‍ പിന്‍വലിക്കുന്നത് കര്‍ഷകരോടുള്ള ഭരണകൂട ഔദാര്യമല്ലെന്നും കൗശലക്കാരനായ പ്രധാനമന്ത്രിയുടെ തന്ത്രപരമായ പിന്മാറ്റം മാത്രമാണെന്നും മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് കര്‍ഷകരും അവരുടെ സംഘടനകളുമാണ്. അതുകൊണ്ടുതന്നെയാണ് നിയമം പിന്‍വലിക്കുക എന്ന ഭരണഘടനാ പ്രക്രിയ പൂര്‍ത്തിയാകുംവരെയും, കാര്‍ഷികോല്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പുനല്കുന്ന നിയമനിര്‍മ്മാണവും പ്രതിലോമകരമായ വെെദ്യുതിനിയമം പിന്‍വലിക്കുകയും ചെയ്യാതെ സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷക താല്പര്യത്തെക്കാള്‍ ഉപരി അടുത്ത വര്‍ഷം ആരംഭത്തില്‍ ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തെപ്പറ്റിയും തന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലനില്പിനെപ്പറ്റിയുള്ള ഉത്ക്കണ്ഠയുമാണ് കരിനിയമം പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാന്‍ മോഡിയെ നിര്‍ബന്ധിതനാക്കിയത്. കര്‍ഷക പ്രക്ഷോഭം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വരുത്തിയ മാറ്റവും അതിന്റെ ബലതന്ത്രവും നരേന്ദ്രമോഡിയും ബിജെപിയും അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞുവെന്നാണ് അധികാരത്തിന്റെ ധാര്‍ഷ്ട്യം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവച്ച് മാപ്പപേക്ഷയുമായി രംഗത്തുവരാന്‍ കാരണമായത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം അതു നടത്തേണ്ടത് കര്‍ഷകപ്രക്ഷോഭത്തില്‍ ജീവന്‍ ബലികഴിച്ച എഴുന്നൂറില്‍പരം കര്‍ഷകരുടെ സ്മരണയോടും അവരുടെ കുടുംബത്തോടും കൊടും ത്യാഗങ്ങള്‍ക്ക് സന്നദ്ധരായി സമരഭൂമിയില്‍ അണിനിരന്ന കര്‍ഷകരോടുമാണ്. കര്‍ഷക പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നരേന്ദ്രമോഡിക്ക് കെെകഴുകാനാവില്ല. കര്‍ഷക പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്നും സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാന്‍വാദികളെന്നും മാവോവാദികളെന്നും ഗുണ്ടകളെന്നും അധിക്ഷേപിച്ച ബിജെപി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും സംഘപരിവാര്‍ നേതാക്കളും അവരുടെ വാക്കുകള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതരായി. കര്‍ഷക പ്രക്ഷോഭം അവഗണിക്കപ്പെട്ട് സ്വയമേവ പിന്തിരിയുമെന്ന കണക്കുകൂട്ടല്‍ അസ്ഥാനത്തായി.

 


ഇതുംകൂടി വായിക്കാം; വിവാദകാര്‍ഷിക ബില്ലുകള്‍ പിന്മവലിക്കാനുള്ള തീരുമാനം; രാഷ്ട്രീയ തിരിച്ചടികള്‍ പേടിച്ച്


 

ബിജെപിയുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അവരുടെ അനുചരന്മാരും അഴിച്ചുവിട്ട കൊടിയ അതിക്രമങ്ങള്‍ക്കു മുന്നില്‍ കര്‍ഷകര്‍ ഭയന്ന് പിന്മാറുമെന്ന കണക്കുകൂട്ടലും തെറ്റി. ഭരണകൂട ധാര്‍ഷ്ട്യവും അതിക്രമങ്ങളും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനും സമരവീര്യത്തിനും മുമ്പില്‍ നിഷ്പ്രഭമായി. അത് കര്‍ഷക സംഘടനകളുടെ ഐക്യദാര്‍ഢ്യത്തെ ഊട്ടിയുറപ്പിച്ചു. വര്‍ഗീയ കലാപങ്ങളുടെയും സാമുദായിക വിദ്വേഷത്തിന്റെയും പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പു നടത്തിയ മുസഫര്‍പുര്‍ ഉള്‍പ്പെട്ട പശ്ചിമ യുപിയില്‍ ജാട്ട് ഹിന്ദുക്കളുടെയും മുസ്‌ലിം ജനവിഭാഗങ്ങളുടെയും പുനരെെക്യം ബിജെപിയെ വിറളിപിടിപ്പിച്ചു. അതിന്റെ പ്രതിഫലനമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന ലഖിംപുര്‍ ഖേരി കൂട്ടക്കൊല. അത് കര്‍ഷക പ്രക്ഷോഭത്തിന്റെ ചൂട് ലഖ്നൗ അടക്കം ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഉടനീളം വീശിയടിച്ചു. പശ്ചിമബംഗാളില്‍ ബിജെപിയുടെ കുളംകോരിയ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ വഹിച്ച നിര്‍ണായക പങ്കിന്റെ അനുഭവപാഠം ഉള്‍ക്കൊണ്ട് കര്‍ഷക സംഘടനകള്‍ ആദിത്യനാഥ് ഭരണകൂടത്തെ വെല്ലുവിളിച്ച് പ്രക്ഷോഭത്തിന് പുതിയ മാനം നല്കി. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ബിജെപിക്കുള്ള മുന്നറിയിപ്പായി. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് തൊഴിലാളികളും അവരുടെ സംഘടനകളും നല്കിയ പിന്തുണ പ്രക്ഷോഭത്തിന്റെ ഉള്ളടക്കത്തിലും അതിന്റെ വര്‍ഗ സ്വഭാവത്തിലും പുതിയ രാഷ്ട്രീയമാനം കൈവരിച്ചു. നവംബര്‍ 11നു ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടന്ന തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷനും അതിലെ കര്‍ഷക പങ്കാളിത്തവും അത് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കുമടക്കം പ്രക്ഷോഭ പരിപാടികളും മോഡി ഭരണകൂടത്തിനുള്ള അന്ത്യശാസനമായി. സുപ്രീം കോടതി കര്‍ഷകനിയമങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ ബിജെപിക്ക് അപായസൂചനയായി.

 


ഇതുംകൂടി വായിക്കാം; കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിന്റെ നാള്‍വഴികളിലൂടെ…


 

കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ആരംഭിച്ച ദേശീയ പ്രക്ഷോഭം നരേന്ദ്രമോഡി നേതൃത്വം നല്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് കുറിച്ചിരിക്കുന്നത്. ജനവികാരത്തെ തെല്ലും മാനിക്കാതെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും അവകാശങ്ങളെ മാത്രമല്ല, ഭരണഘടന ഉറപ്പുനല്കുന്ന പൗരാവകാശങ്ങളെയും ചവിട്ടിമെതിച്ച് മോഡി ഭരണകൂടത്തിന് ഇനി മുന്നോട്ടുപോകാനാവില്ല. തൊഴിലാളികളെ അടിമകളാക്കി മാറ്റുന്ന ലേബര്‍ കോഡുകള്‍, പൗരാവകാശങ്ങളെ ധ്വംസിക്കുന്ന പൗരത്വ ഭേദഗതി നിയമങ്ങളും ദേശീയ പൗരത്വ രജിസ്റ്ററും ജമ്മു-കശ്മീരിന്റെ ഭരണഘടനാ പദവിയും ആ ഭൂപ്രദേശത്തെയാകെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാക്കി മാറ്റിയ നിയമനിര്‍മ്മാണവും രാജ്യത്തിന്റെ പൊതു സമ്പത്ത് അപ്പാടെ ദേശ‑വിദേശ മൂലധന ശക്തികള്‍ക്ക് അടിയറവയ്ക്കുന്ന ദേശീയ ധനാഗമ പൈപ്പ് ലൈന്‍, ജനജീവിതം ദുഃസഹമാക്കി മാറ്റിയ പെട്രോളിയം ഉല്പന്നങ്ങള്‍ അടക്കം നിത്യോപയോഗ സാധനങ്ങള്‍ അപ്രാപ്യമാക്കുന്ന സാമ്പത്തിക നയം എന്നിവകളില്‍ നിന്നെല്ലാം മോഡി സര്‍ക്കാരിനെ പിന്തിരിപ്പിക്കേണ്ടതുണ്ട്. അതിനുള്ള വിശാല ജനകീയ ഐക്യത്തിന്റെയും ചെറുത്തുനില്പിന്റെയും പാഠങ്ങളാണ് കര്‍ഷകര്‍ രാജ്യത്തിന് നല്കുന്നത്. അത് പാഴായിക്കൂടാ. രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പുരോഗമന രാഷ്ട്രീയ ശക്തികളും പാര്‍ട്ടികളും ആ പാഠം ഉള്‍ക്കൊള്ളാന്‍ തയാറാവണം. നരേന്ദ്രമോഡിയും ബിജെപിയും സംഘ്പരിവാറും സ്വമേധയാ പാഠം പഠിക്കുമെന്ന് കരുതുന്നവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കക്ഷി രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്ര ഭിന്നതകള്‍ക്കും ജാതി, മത, സാമുദായിക വ്യത്യാസങ്ങള്‍ക്കും ഉപരിയായ ഐക്യത്തിനും യോജിച്ച ചെറുത്തുനില്പിനുമാണ് കര്‍ഷക പ്രക്ഷോഭം ആഹ്വാനം നല്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.