28 April 2025, Monday
KSFE Galaxy Chits Banner 2

ക്രിസ്തീയ സംഘടനകളുടെ ചാഞ്ചാട്ടം അപലപനീയം

Janayugom Webdesk
April 5, 2025 5:00 am

യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാർച്ച് 26ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചത് സംഘ്പരിവാർ ഹാൻഡിലുകളിൽ കൊട്ടിഘോഷിക്കപ്പെടുകയും ദേശീയ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തതായിരുന്നു. മാർ ഗ്രിഗോറിയസിനെ വാഴ്ത്തിയത് സംബന്ധിച്ച് ലെബനനിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പോസ്റ്റ് പ്രധാനമന്ത്രി എക്സിൽ പങ്ക് വയ്ക്കുകയായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തെ ചടങ്ങിനയച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുവെന്ന പോസ്റ്റാണ് നരേന്ദ്ര മോഡി പങ്കുവച്ചത്. അതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പോയ വർഷം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനയുണ്ടായെന്ന ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) യുടെ റിപ്പോർട്ട് പുറത്തുവന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം 2024ൽ രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്കുനേരെ 840 അക്രമങ്ങളാണുണ്ടായത്. 2023ൽ 601 അതിക്രമങ്ങൾ നടന്നതാണ് 840 ആയി വർധിച്ചത്. കായികമായ അതിക്രമങ്ങൾക്ക് പുറമേ പ്രാർത്ഥന തടസപ്പെടുത്തൽ, പള്ളികൾ തകർക്കൽ, മതപരിവർത്തന നിയമം പ്രയോഗിച്ച് ദ്രോഹിക്കലും ജയിലിലടയ്ക്കലും എന്നിങ്ങനെ വിവിധ രൂപത്തിലുള്ള കടന്നാക്രമണങ്ങൾ നടന്നുവെന്നാണ് ഇഎഫ്ഐയുടെ മതസ്വാതന്ത്ര്യ കമ്മിഷൻ റിപ്പോർട്ടിലുള്ളത്. 

കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേഗദതി ബില്ലിന്മേലുള്ള ചർച്ചയും അംഗീകാരവും നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെ ആക്രമണം ഉണ്ടായത്. മാർച്ച് 31നായിരുന്നു സംഭവം. രൂപതാ വികാരി ജനറൽ ഫാ. ഡേവിസിനെയും പ്രൊക്യുറേറ്റർ ഫാ. ജോർജിനെയും ക്രൈസ്തവ വിശ്വാസികളെയും പൊലീസ് സ്റ്റേഷൻ മുറ്റത്തുവച്ചാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. ജബൽപൂരിലെ കത്തോലിക്കാ പള്ളികളിലേക്ക് പോകുകയായിരുന്ന വിശ്വാസികളെയാണ് മതപരിവർത്തനമാരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നിർബന്ധപൂർവം കൊണ്ടുപോയത്. ജയ് ശ്രീറാം വിളിച്ചെത്തിയ ഒരുകൂട്ടമാളുകൾ വിശ്വാസികളെ ബലമായി ഓംതി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചെന്നറിഞ്ഞാണ് വൈദികർ സ്ഥലത്തെത്തിയത്. അവിടെ പൊലീസ് സാന്നിധ്യത്തിലാണ് മർദനം അരങ്ങേറിയത്. സ്ത്രീകൾ അടക്കമുള്ളവരെ പൊലീസുകാരുടെ മുന്നിൽവച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്നാരോപിച്ച് ജബൽപൂരിലുള്ള ജോയ് സ്കൂൾ ഹിന്ദു സംഘടന അടിച്ച് തകർത്ത സംഭവവുമുണ്ടായി. ശ്രീരാമനെതിരെ മോശം പരാമർശം നടത്തിയെന്നും പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹിന്ദു സംഘടനകളുടെ അക്രമം. ഈ സംഭവത്തിൽ പൊലീസ് ഉടന്‍ കേസെടുത്തുവെങ്കിലും പൊലീസ് സ്റ്റേഷൻ വളപ്പിൽ വൈദികരെയും വിശ്വാസികളെയും അക്രമിച്ച സംഭവത്തിൽ നാല് ദിവസം കഴിഞ്ഞാണ് കേസെടുത്തത്. ഈ സംഭവങ്ങൾ നടക്കുമ്പോൾത്തന്നെയാണ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരളത്തിലെ ചില ക്രൈസ്തവ സംഘടനകളുടെ ആവശ്യമുയർന്നതെന്ന വൈരുദ്ധ്യം ശ്രദ്ധേയമാണ്. 

വ്യത്യസ്തമെന്ന് തോന്നാമെങ്കിലും പരസ്പര ബന്ധിതമായവയാണ് ഇതെല്ലാം. ഒരുവേള തങ്ങൾ ക്രൈസ്തവരുടെ പക്ഷത്താണെന്ന് വരുത്തുന്നതിന് ശ്രമിക്കുകയും അതേസമയം അനുയായികൾ അതേ വിഭാഗത്തിനെതിരെ നടത്തുന്ന അതിക്രമങ്ങളെ അപലപിക്കുവാൻ പോലും തയ്യാറാകാതിരിക്കുകയും ചെയ്യുക എന്ന വൈരുദ്ധ്യമാണ് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഭാഗത്തുനിന്നുണ്ടായത്. തങ്ങളുടെ സഹജീവികൾ പലയിടങ്ങളിലും ആക്രമിക്കപ്പെടുമ്പോൾത്തന്നെ വേട്ടക്കാരോട് സന്ധിചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം. താൽക്കാലിക ലാഭത്തിനുവേണ്ടി സ്ഥിരം ശത്രുക്കളെ മറന്നതായി ഭാവിക്കുന്ന രണ്ട് വിഭാഗങ്ങളെയാണ് ഇവിടെ കാണാനാകുന്നത്. ബിജെപിക്ക് കേവലം വോട്ടുബാങ്കാണ് ലക്ഷ്യമെങ്കിൽ തങ്ങൾ നേരിട്ടേക്കാവുന്ന പ്രതികാര നടപടികളാണ് മറുവിഭാഗത്തെ ആത്മഹത്യക്ക് തുല്യമായ സമീപനമെടുക്കുവാൻ പ്രേരിപ്പിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം കൈവശക്കാർക്കനുകൂലമായി പരിഹരിക്കുന്നതിനുള്ള കഠിന ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അവരെ സഹായിക്കുന്നതിനായി രൂപീകരിച്ച ജുഡീഷ്യൽ കമ്മിഷൻ പ്രവർത്തനങ്ങൾ ഫലപ്രദമാകാതെ പോയത് കോടതി ഇടപെടലിനെ തുടർന്നായിരുന്നുവെന്നത് എല്ലാവർക്കും ബോധ്യമുള്ള വസ്തുതയുമാണ്. 

പ്രശ്നത്തിൽ കൈവശക്കാർക്കൊപ്പമാണെന്നും ഏതുവിധേനയും പരിഹരിക്കുന്നതിനാണ് മുൻഗണനയെന്നും സർക്കാർ ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള സമരത്തിന്റെ മറവിൽ വഖഫ് വിഷയത്തിൽ ബിജെപിക്കൊപ്പം നിൽക്കണമെന്ന തെറ്റായ നിലപാടാണ് ചില ക്രിസ്ത്യൻ സംഘടനകൾ സ്വീകരിച്ചത്. എന്നുമാത്രമല്ല ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും തങ്ങൾ പറയുന്നതനുസരിച്ച് നിലപാടെടുക്കണമെന്ന വാശിയും അവർ പ്രകടിപ്പിച്ചു. പക്ഷേ ബിജെപി കൊണ്ടുവന്നിരിക്കുന്ന വഖഫ് നിയമഭേദഗതി മുനമ്പത്തെ പ്രശ്നപരിഹാരത്തിനുള്ളതല്ലെന്നും അത് ഒരു വിഭാഗത്തെ വേട്ടയാടാനും സ്വത്തുക്കൾ കയ്യടക്കാനുമുള്ളതാണെന്നും പകൽപോലെ വ്യക്തമാണ്. എന്നിട്ടും ബിജെപിക്കൊപ്പം നിൽക്കണമെന്ന നിലപാടെടുത്ത വിഭാഗത്തിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നത് തെറ്റാകാനിടയില്ല. അതുകൊണ്ടുതന്നെ വഖഫ് വിഷയത്തിലെ ബിജെപി നിയമനിർമ്മാണത്തിന്റെ അപകടങ്ങൾ ബോധ്യമുള്ള ക്രിസ്തുമതത്തിലെ വലിയൊരു വിഭാഗം ഈ വിഷയത്തിൽ അവരുടെ സംഘടനകളുടെ കൂടെ നിൽക്കില്ലെന്നുറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.