20 November 2024, Wednesday
KSFE Galaxy Chits Banner 2

ധവള പത്രവും കറുത്ത സത്യങ്ങളും

Janayugom Webdesk
February 18, 2024 5:00 am

‘ധവള പത്രവും കറുത്ത പത്രവും നേര്‍ക്കുനേരായിരുന്നു. രാജ്യത്തെ ഭരണപക്ഷപാര്‍ട്ടിയും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുമാണ് പിന്നില്‍. നിലവിലെ ഭരണപക്ഷ ചരിത്രം 2014 മുതലാണ് ആരംഭിക്കുന്നത്. മറുചേരി ഗതകാല ഭരണത്തിന്റെ വക്താക്കളുമാണ്. കറുത്ത പത്രം കോൺഗ്രസ് പുറത്തിറക്കിയതാണ്. അതിന്റെ 54 പേജുകളിലായി ജീർണത ആധിപത്യം പുലർത്തുന്ന വര്‍ത്തമാന ഭരണത്തെ വിശകലനം ചെയ്യുന്നു. തൊഴിലില്ലായ്മയുടെ ഭയാനകമായ വർധനവ് വിവരിക്കുന്നു. ജീവിത നിലവാരത്തകര്‍ച്ച പറയുന്നു. ജനതയെ പട്ടിണിയിലേക്കും രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഭരണസംസ്കാരം വിവരിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെയും ശാസ്ത്രീയ മനോഭാവത്തെയും ബലപ്പെടുത്താൻ സഹായിച്ച സ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറിയും സമ്മര്‍ദത്തിലാണ്, അളമുട്ടിയ അവസ്ഥയില്‍. കെട്ടുകഥകൾ തീര്‍ത്ത് എല്ലാം വെള്ളപൂശാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഭരണപക്ഷ ധവള പത്രം. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ തീവ്രതയെ നിസാരമാക്കുകയാണിതില്‍. രാജ്യം ‘വിശക്കുന്ന പൗരന്മാരുടെ റിപ്പബ്ലിക്ക്’ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തോടൊപ്പം ജീവിക്കാൻ പഠിച്ച ജനതയായിരിക്കുന്നു. പ്രായമായവർ, മുതിർന്നവർ, കുട്ടികൾ, ജനിക്കാനിരിക്കുന്നവര്‍ക്കുൾപ്പെടെയുള്ള നിയമമായിരിക്കുന്നു പട്ടിണി. ഇത് കേവലം സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കി മാത്രമല്ല. ഇരുനൂറിലധികം വർഷങ്ങൾക്ക് മുമ്പ്, കാറല്‍ മാർക്സ് ഈയവസ്ഥ മുതലാളിത്ത പ്രതിസന്ധിയുടെ ഉത്തമലക്ഷണമായി പ്രവചിച്ചിരുന്നു. വായ്പാഭാരം ഉല്പാദന പരിധിക്കപ്പുറം കടന്നുപോകുമെന്ന സൂചനകൾ ഇവിടെയുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വായ്പാ നിലവാരം ജിഡിപിക്ക് തുല്യമായി. രാജ്യത്തെ എല്ലാ ഉല്പാദനവും കടത്തില്‍ മുങ്ങുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് വൻതോതിൽ നിക്ഷേപം ആ മേഖലയില്‍ നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും എന്നാല്‍ യഥാസമയം പലമേഖലകളിലായി സമാഹരിച്ച വായ്പ തിരിച്ചടയ്ക്കാൻ ആവില്ലെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദരിദ്രരുടെ വാർഷിക വരുമാനം കുത്തനെ ഇടിയുകയും 2015–16ലെ നിലവാരം പരിഗണിക്കുമ്പോള്‍ ഇടിവ് തുടരുകയും ചെയ്യുന്നു. ദാരിദ്ര്യത്തിന്റെ ഇരുണ്ട ഘട്ടങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്നു എന്നതാണ് ഉണ്മ. രാജ്യത്ത് 20 ശതമാനം സമ്പന്നർ 39 ശതമാനം വളർച്ച നേടിയത് അതിവേഗമായിരുന്നു.

 


ഇതുകൂടി വായിക്കൂ: മയക്കുമരുന്ന് കേന്ദ്രമാകുന്ന ഇന്ത്യ


കോവിഡ്, സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഉള്ളവരും ഇല്ലാത്തവരുമായി ജനസംഖ്യയെ വിഭജിച്ചിരിക്കുന്നു. സാമ്പത്തിക പ്രവർത്തനം ഏതാണ്ട് പൂജ്യമായി ആ നാളുകളില്‍. ജിഡിപി 7.3 ശതമാനമായി ചുരുങ്ങി. ഇടത്തരക്കാരുടെ കുടുംബവരുമാനം 32 ശതമാനമായി ഇടിഞ്ഞ കാലമായിരുന്നു അത്. ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തിയത് ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ 20 ശതമാനത്തിനു മാത്രമാണ്. ഉദാരവൽക്കരണത്തിനുശേഷമുള്ള വർഷങ്ങളിൽ, മഹാമാരിയുടെ നാളുകളില്‍ ഉൾപ്പെടെ, സമ്പന്ന വിഭാഗങ്ങൾ കൂടുതൽ സമ്പന്നരായി. ദരിദ്രവിഭാഗങ്ങളില്‍ പട്ടിണിയും ഇല്ലായ്മയും വര്‍ധിച്ചു. 2005–16 കാലയളവിൽ സമ്പന്നരുടെ കുടുംബ വരുമാനം 20 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയർന്നു. 2021ൽ ദരിദ്രരുടെ വിഹിതം 3.3 ശതമാനമായി കുറഞ്ഞു. 2021ൽ ഏറ്റവും ധനികരായവർ 56.3 ശതമാനം വർധിച്ചു. മഹാമാരിയുടെ കാലത്ത് വന്‍കിട കമ്പനികൾ ചെറിയ സംരംഭങ്ങളുടെ ചെലവിൽ നേട്ടമുണ്ടാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കിടയിൽ തൊഴിൽനഷ്ടം വ്യാപകമായി. എന്നാല്‍ വൻകിട കമ്പനികൾക്ക് പ്രകടമായ വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് സർവേകൾ വ്യക്തമാക്കുന്നു. മഹാമാരിയുടെ ആഘാതം നഗര‑ഗ്രാമീണ പ്രദേശങ്ങൾക്കിടയിൽ വ്യത്യസ്തമായിരുന്നു . നഗരപ്രദേശങ്ങളിലെ ഏറ്റവും ദരിദ്രര്‍ കൊടിയദാരിദ്ര്യത്തിന്റെ ആഴക്കെണിയിലാണ്ടു. നഗരപ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും അവർ വെളിയിലായി. ധനമൂലധനത്തിന്റെ വാഴ്ച എങ്ങും പ്രകടമായിരിക്കുന്നു. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളില്‍ ആളോഹരി വരുമാനത്തിൽ സംഭവിച്ച ഇടിവ് വിനാശകരമായ ദുരിതഫലങ്ങൾക്ക് വഴിയായി. കുട്ടികൾക്കിടയിലെ വളർച്ചാ മുരടിപ്പും ക്ഷയവും വളര്‍ന്നു. ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111-ാം റാങ്കിലേക്ക് താഴ്ന്നു. നോട്ട് നിരോധനം രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടു. ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് വഴുതിവീണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.