14 December 2025, Sunday

തകരുന്ന സമ്പദ്‌വ്യവസ്ഥ

Janayugom Webdesk
March 30, 2025 5:00 am

സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം മികവുകളേറെ അവകാശപ്പെട്ടാലും എത്ര ആവർത്തിച്ചാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ് എന്ന സത്യം മൂടിവയ്ക്കാനാകില്ല. കേന്ദ്ര ഭരണകൂടത്തിന്റെ കഴിവില്ലായ്മയും കൂട്ടായ നയോപായ വൈദഗ്ധ്യമില്ലായ്മയും തകർച്ചയുടെ കാരണങ്ങളിൽ മുഖ്യമാണ്. നഗരങ്ങളിലെ സ്വകാര്യ ഉപഭോഗം കൂടുതൽ ദുർബലമാകുന്നു. കഴിഞ്ഞ ആറുമാസങ്ങളായി ഇക്കാര്യത്തിലുള്ള സംവാദം വളരുകയുമാണ്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്(എഫ്എംസിജി), ഓട്ടോ മൊബൈൽസ് തുടങ്ങിയ പ്രധാന മേഖലകളിൽ വില്പന ഇടിയുന്നതായി കോർപ്പറേറ്റ് നേതൃത്വം തന്നെ തുടർച്ചയായി ചൂണ്ടിക്കാട്ടുന്നു. 2016 ലെ നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക വിദഗ്ധർ ഉയർത്തിക്കാട്ടിയ വാങ്ങാനുള്ള ആശ (വരും കാല ഡിമാൻഡ്) മരവിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ യാഥാർത്ഥ്യമാകുന്നതിന്റെ പ്രകടമായ സൂചകങ്ങളായി ഇത്. 2024 ഒക്ടോബർ മുതൽ നിഫ്റ്റി എഫ്എംസിജി സൂചിക താഴേക്കാണ്. ഈ പ്രവണത എഫ്എംസിജി കമ്പനികളുടെ സാമ്പത്തിക സുസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളെ സാധൂകരിക്കുന്നു. വിദേശ നിക്ഷേപകരുടെ പിൻവലിക്കലിനൊപ്പം ഇത്തരം ഘടകങ്ങളും ആശങ്കാജനകമാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേകളിൽ (പിഎൽഎഫ്എസ്) നിന്നുള്ള തൊഴിൽ വിപണി വിവരങ്ങൾ മന്ദഗതിയിലുള്ള വരുമാന വളർച്ച വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചും സ്വയം തൊഴിൽ ചെയ്യുന്നവരുടെ വളർച്ചയിലെ മന്ദതയും വരുമാനമില്ലായ്മയും തുറന്നുകാട്ടുന്നു. എഎസ് യുഎസ്ഇ (ആന്വൽ സർവേ ഓഫ് അൺ ഇൻ കോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്) വിവരങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് കാട്ടുമ്പോഴും സംയോജിപ്പിക്കാത്ത സംരംഭങ്ങളിലെ ഉല്പാദനത്തിൽ കുറഞ്ഞ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സാഹചര്യങ്ങളിലും പിഎൽഎഫ്എസ് കാർഷിക മേഖലയിലെ തൊഴിലിന്റെ വർധിച്ചുവരുന്ന പങ്ക് സൂചിപ്പിക്കുന്നു. ഇത് സാമ്പത്തിക പുരോഗതിയുടെ ഘടനാപരമായ വിപരീത സാധ്യതയെ സൂചിപ്പിക്കുന്നു. പരിഷ്കരിച്ച ജിഡിപി അടങ്കലുകളിൽ (സാമ്പത്തിക വർഷം 25ൽ 4.6 ശതമാനം പ്രതീക്ഷിക്കുന്നു) കൃഷി പ്രതീക്ഷ നൽകുന്ന വളർച്ച കാണിക്കുന്നുണ്ടെങ്കിലും, ഇത് പ്രധാനമായും ഖാരിഫ് വിളകളുടെ അനുകൂല സാധ്യതകളെ ചുറ്റിപ്പറ്റിയാണ്. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കർഷകരുടെ വരുമാനത്തിൽ സമഗ്രമായ പുരോഗതി സാധ്യമാക്കുന്നതിന് സുസ്ഥിര കാർഷിക വളർച്ചയ്ക്ക് അനുകൂലമായ ഘടനാപരമായ പരിഷ്കാരങ്ങളും വർധിച്ച പൊതുനിക്ഷേപവും ആവശ്യമാണ്. തൊഴിലിനും ഉല്പാദനത്തിനും നിർണായകമായ ഉല്പാദന മേഖലയുടെ മങ്ങിയ പ്രകടനവും കാണാതെപോകരുത് (സാമ്പത്തിക വർഷം 2025ൽ 5.6 ശതമാനം). പിഎൽഐ പോലുള്ള സംരംഭങ്ങൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് തൊഴിലിനും ഉല്പാദന കയറ്റുമതിക്കുമുള്ള സാധ്യതയെ പിന്നോട്ടടിക്കുന്നു. ആഭ്യന്തര യൂണിറ്റുകളിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളിൽ നിന്നുള്ള വില്പനയിൽ കമ്പനികൾക്ക് പ്രോത്സാഹനങ്ങൾ നൽകുക എന്നതാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് അല്ലെങ്കിൽ പിഎൽഐ പദ്ധതി ലക്ഷ്യമിടുന്നത്. സമീപകാല നയമാറ്റങ്ങളിൽ നിന്ന് ഉടലെടുത്ത ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഈ വെല്ലുവിളികളെ കൂടുതൽ സങ്കീർണമാക്കുന്നു. ഡിമാൻഡുമായി ചേർന്ന പ്രശ്നങ്ങൾക്കപ്പുറം, ഭൂരിപക്ഷത്തിന്റെ യഥാർത്ഥ വരുമാനത്തിലെ സ്തംഭനാവസ്ഥയും മുകൾത്തട്ടിലെ സാമ്പത്തിക നേട്ടങ്ങളുടെ കേന്ദ്രീകരണവും നിർണായക ആശങ്കയാണ്. താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങൾക്കിടയിൽ വാങ്ങൽശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി എന്നിവയ്ക്കായി നീക്കിവച്ച ധനസഹായംപോലും ഉപയോഗിക്കാതെ തുടരുന്നു. കൃഷിയിലും തൊഴിൽ നൽകുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലും പൊതുനിക്ഷേപങ്ങൾ അവഗണിക്കപ്പെടുന്നു. എംഎസ്എംഇ മേഖലയിൽ ലാഭക്ഷമത വർധിപ്പിക്കുന്നതിന് ദീർഘകാലമായി കാത്തിരുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നില്ല. നിലവിലെ നയപ്രതികരണങ്ങൾ പ്രധാനമായും “സപ്ലെെ- സൈഡ്” നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വായ്പ ലഘൂകരിക്കുക, കോർപറേറ്റ് നികുതികൾ കുറയ്ക്കുക തുടങ്ങിയ നടപടികൾക്ക് ഊന്നൽ. ഈസ് ഓഫ് ഡൂയിങ് ബിസിനസ്, പണനയത്തെ ആശ്രയിക്കുക എന്നിവയും “സപ്ലൈ-സൈഡ് ഇക്കണോമിക്സ്” നടപടികളുടെ ഭാഗമാണ്. 

റിപ്പോ നിരക്ക് കുറച്ചതിനൊപ്പം വർധിച്ച മൂലധന ചെലവും ആദായനികുതിയിലെ ചില ഇളവുകളും നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നും പര്യാപ്തമല്ല. ജനങ്ങളുടെ കഴിവുകളുടെയും സ്വാതന്ത്രമായ പ്രവൃത്തികളുടെയും വികാസത്തിൽ കേന്ദ്രീകരിക്കുന്ന കൂടുതൽ വിശാലമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. ഇതിന് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മനുഷ്യവികാസത്തിന് ഉതകുന്ന സാഹചര്യങ്ങൾ ഉറപ്പാക്കണം.
ജിഡിപി വളർച്ചാ നിരക്കുകളിൽ മാത്രം കേന്ദ്രീകരിക്കാതെ സ്വഭാവിക വളർച്ചയിലേയ്ക്കും വിതരണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ ഫലപ്രദവും തുല്യവുമായ നയങ്ങൾക്ക് വഴിതുറക്കും. എന്നാൽ ഇന്ത്യയാകട്ടെ നിരന്തരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു. ഇത് നികുതി വരുമാന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സർക്കാരിന്റെ കഴിവില്ലായ്മയാണ്. സാമ്പത്തിക ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തെ ഇത് അകറ്റുകയാണ്. റിസർവ് ബാങ്കിന്റെ ലാഭവിഹിതം ഇപ്പോൾ സർക്കാർ വരുമാനത്തിന്റെ ഗണ്യമായ ഭാഗമാണ്. അതേസമയം, റിസർവ് ബാങ്കിന്റെ വിശ്വാസ്യത തകർന്നിരിക്കുന്നു. മുൻദശകവുമായി താരതമ്യപ്പെടുത്തുമ്പോൾ പണപ്പെരുപ്പ ലക്ഷ്യത്തിലെ പിഴവുകളും സ്വയംഭരണത്തിന്റെ കുറഞ്ഞ നിലവാരവും ഇതിന് തെളിവാണ്. വാചാലമായ പ്രഖ്യാപനങ്ങൾ രാഷ്ട്രീയമായി ആകർഷകമാണെങ്കിലും, കർശനമായ കേന്ദ്ര ബാങ്ക് വിശകലനത്തിന് പകരമാവുന്നില്ല. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിങ്ങുകൾ പ്രവചനാതീതവും വിശകലനപരമായി ആഴം കുറഞ്ഞതുമായിരിക്കുന്നു. ഉപരിപ്ലവമായ മാധ്യമ കവറേജിനപ്പുറം കാര്യമായ ഒന്നും ഇത് പങ്കുവയ്ക്കുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയിൽ നിരവധി ആശങ്കാജനകമായ പ്രവണതകളുണ്ട്. ഒരു പ്രധാന പ്രശ്നം വേതനം വെട്ടിക്കുറയ്ക്കലാണ്. അനൗപചാരിക തൊഴിലാളികളെ രൂക്ഷമായി ബാധിക്കുന്നു. നാമമാത്ര വേതന വർധനവ് ചൂണ്ടിക്കാട്ടുമ്പോഴും ഔപചാരിക മേഖലയിലെ ജീവനക്കാർക്ക് സമീപ വർഷങ്ങളിൽ അവരുടെ യഥാർത്ഥ വേതനം കുറഞ്ഞിരിക്കുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബർ കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) റിപ്പോർട്ട് സൂചിപ്പിക്കുന്നത് നാമമാത്ര വേതന വളർച്ച (0.8–5.4 ശതമാനം) ചില്ലറ പണപ്പെരുപ്പം (4.8–5.7 ശതമാനം) മറികടന്ന് യഥാർത്ഥ വരുമാനം നിശ്ചലമാക്കി. യഥാർത്ഥ ജീവിതച്ചെലവ്, പ്രത്യേകിച്ച് ഭക്ഷണം പണപ്പെരുപ്പം പലപ്പോഴും ഔദ്യോഗിക ചില്ലറ പണപ്പെരുപ്പ കണക്കുകളെ മറികടന്നിരിക്കുന്നു. 

വർധിച്ചുവരുന്ന ലാഭവിഹിതവും ചുരുങ്ങുന്ന വേതന വിഹിതവും കാരണം ഡിമാന്റ് ഇടിയുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു. 2023–24 ൽ, ഇന്ത്യയിലെ തൊഴിലാളികളിൽ അഞ്ചിലൊന്ന് പേർക്ക് മാത്രമേ സ്ഥിരമായ ഔപചാരിക മേഖലയിലെ ജോലികൾ ഉണ്ടായിരുന്നുള്ളൂ. ഇവരിൽ ഭൂരിപക്ഷത്തിനും രേഖാമൂലമുള്ള കരാറുകളോ (58 ശതമാനം) സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളോ (53 ശതമാനം) ഇല്ല. തൊഴിലാളികളിൽ ഏകദേശം 80 ശതമാനം വരുന്ന അനൗപചാരിക മേഖല വരുമാന അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു. ഉല്പാദനം വർധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പോലുള്ളവ സംരംഭങ്ങളെ കൂടുതൽ ഉല്പാദനക്ഷമതയുള്ളതാക്കാൻ ലക്ഷ്യമിടുന്നു. പക്ഷെ പിഎൽഐ പദ്ധതി നടപ്പിലാക്കൽ വെല്ലുവിളികളെ നേരിടുന്നു. ക്രമീകരണങ്ങളും മാറ്റവും ഇവിടെയും ആവശ്യമാണ്. തൊഴിൽ പ്രശ്നത്തിന്റെ വ്യാപ്തിക്ക് വിശാലമായ നയ ഇടപെടലുകൾ വേണം. ബാലൻസ് ഓഫ് പെയ്മെന്റ്സ് (കറന്റ് അക്കൗണ്ടിൽ ചരക്കുകളുടെയും സേവനങ്ങളുടെയും ഒരു രാജ്യത്തിന്റെ മൊത്തം വ്യാപാരം, അതിർത്തി കടന്നുള്ള നിക്ഷേപങ്ങളുടെ അറ്റ വരുമാനം, നെറ്റ് ട്രാൻസ്ഫർ പേയ്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു) ആശങ്കകൾ ഉയരുന്നു. മറ്റ് ഘടകങ്ങൾക്കൊപ്പം പണത്തിന്റെ ഒഴുക്കും പിന്നോട്ടടിക്കും (നെഗറ്റീവ് ഇൻഫ്ലോ). കഴിഞ്ഞ രണ്ട് വർഷങ്ങളായി മൂല്യത്തകർച്ച നേരിട്ട ഇന്ത്യൻ രൂപയെ നെഗറ്റീവ് ഇൻഫ്ലോ കൂടുതൽ ദുർബലപ്പെടുത്തും. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.