22 December 2024, Sunday
KSFE Galaxy Chits Banner 2

പോരാട്ടത്തിന്റെ കനല്‍ വഴികള്‍

വി വി കുമാർ
വായന
December 4, 2022 3:30 am

ജാതിയും മതവും വിദ്വേഷവുമൊക്കെ ഒരു നീണ്ട ഇടവേളയ്ക്കുശേഷം മലയാളി മനസിൽ തിരികൊളുത്തപ്പെട്ട ഒരു കാലത്തിരുന്നുകൊണ്ടാണ് നമ്മൾ ‘അയ്യന്‍കാളി ജീവിത നിഴൽപ്പാടുകൾ’ എന്ന എസ് കെ സുരേഷ് രചിച്ച ജീവചരിത്ര പുസ്തകം വായിക്കുന്നത്. തന്റെ സമരങ്ങൾ കൊണ്ടുമാത്രമല്ല; തന്റെ വേഷവിധാനത്തിലൂടെയും ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ച സമരനായകനായിരുന്നു അയ്യങ്കാളി.

ജാതിക്കോമരങ്ങള്‍ അരങ്ങുവാണ കാലത്താണ് അയ്യങ്കാളി താൻ രൂപീകരിച്ച അയ്യങ്കാളിപ്പടയുടെ നേതൃത്വത്തിൽ സ്വർണ നിറമുള്ള തകിട് അലങ്കരിച്ച, ചിലങ്കകൾ കൊളുത്തിയ, പാനീസ് തൂക്കുവിളക്കു തൂക്കിയ ചിത്രപ്പണികളുള്ള വില്ലുവണ്ടിയിൽ ഇടുപ്പിൽ കഠാരയും തലയിൽ വട്ടക്കെട്ടുമായി വരുന്നത്. അതിന് അദ്ദേഹത്തിന് ആത്മബലമായത് തൈക്കാവ് അയ്യാഗുരുസ്വാമികളും ശ്രീനാരായണ ദർശനങ്ങളുമായിരുന്നു. സ്വാഭാവികമായി സംഘർഷം നടന്നു. പലയിടത്തും ആക്രമിക്കപ്പെട്ടു. പക്ഷേ അയ്യങ്കാളി മുട്ടുമടക്കിയില്ല. തടയപ്പെട്ട സംഘർഷഭരിതമായ ഇടങ്ങളിൽ അയ്യൻകാളി വീണ്ടും വന്നു. 1895‑ൽ സ്കൂൾ പ്രവേശന നിയമം വന്നെങ്കിലും അവർണർ അപ്പോഴും തീണ്ടാപ്പാടകലെത്തന്നെ നിന്നു. 1904‑ൽ വെങ്ങാനൂരിൽ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചുകൊണ്ടാണ് അവിടെ അയ്യങ്കാളിപ്പട സമരം ചെയ്തത്. അത് ചില സവർണ മേധാവികൾ തീയിട്ട് നശിപ്പിച്ചു. അതിനെതിരെ വലിയ ലഹളയും സമരങ്ങളും നടന്നു. ‘തൊണ്ണൂറാമാണ്ട് ലഹള’ എന്നറിയപ്പെടുന്ന ഊരൂട്ടമ്പലം സ്കൂൾ പ്രവേശന ലഹളയാണത്. ഇക്കാര്യത്തിൽ ഈഴവർ സവർണരായ നായർക്കൊപ്പമാണ് നിന്നത് എന്ന് ഇപ്പുസ്തകം രേഖപ്പെടുത്തുന്നുണ്ട്.

അയിത്ത ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചതിന്റെ അടുത്ത ദിവസം ഈ ഉത്തരവിനെ എതിർത്തുകൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുഖപ്രസംഗമെഴുതി. അതിപ്രകാരമായിരുന്നു. ‘‘ആചാരാദികാര്യങ്ങളിൽ സാർവജനീനമായ സമത്വം അനുഭവപ്പെടണമെന്ന് വാദിക്കുന്നവർ ആ സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളിൽ കുട്ടികളെ അവരുടെ വർഗീയ യോഗ്യതകളെ വകതിരിക്കാതെ നിർഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണ് എന്ന് ശഠിക്കുന്നതിൽ ഞങ്ങൾ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷിചെയ്ത് വന്നിട്ടുള്ള ജാതിക്കാരെയും അതിനേക്കാൾ എത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരുന്ന ജാതിക്കാരെയും തമ്മിൽ ഒന്നായി ചേർക്കുന്നത് കുതിരയെയും പോത്തിനെയും ഒരു നുകത്തിൽ കെട്ടുകയാകുന്നു.’’ എന്നാൽ നമ്മൾ ചരിത്രത്തിൽ വായിച്ചതിനപ്പുറം ചില നന്മകളുടെ സൂചനകളും ഇപ്പുസ്തകം തുറന്നു വയ്ക്കുന്നുണ്ട്.

തഹസിൽദാരായിരുന്ന പ്രാക്കുളം പത്മനാഭപിള്ളയാണ് ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളിയെ നോമിനേറ്റ് ചെയ്യണമെന്ന് ദിവാനോട് ശുപാർശ ചെയ്തത്. എന്നാൽ ദിവാനെ കാണാനെത്തിയ അയ്യങ്കാളിയെ സുരക്ഷാഭടന്മാർ പരിഹസിച്ചു മടക്കിയയച്ചു. അയ്യങ്കാളി ഇക്കാര്യം കാണിച്ചുകൊണ്ട് ദിവാന് ടെലഗ്രാം അയച്ചു. ഉടൻതന്നെ ദിവാൻ അയ്യങ്കാളിയെ വില്ലുവണ്ടിയിൽ കൊണ്ടുവരാൻ നിർദ്ദേശിക്കുക മാത്രമല്ല, തന്റെ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ മോശം പരാമർശത്തിന് ഖേദം പ്രകടിപ്പിക്കുകയും ഉദ്യോഗസ്ഥരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. തലപ്പാവും മുദ്രയും ഓവർക്കോട്ടും ധരിച്ച് ഇതാണോ ദിവാൻ എന്നു തോന്നിപ്പിക്കുമാറ് പ്രൗഢഗംഭീരനായാണ് അദ്ദേഹം ശ്രീമൂലം സഭയിൽ ഇരുന്നത്. അവിടെ സാധു ജനങ്ങളുടെ ഉന്നമനത്തിനായി അയ്യങ്കാളിക്ക് പലതും ചെയ്യാൻ കഴിഞ്ഞു.

നെടുമങ്ങാട് ലഹള, ബാലരാമപുരം, മണക്കാട് ലഹളകൾ, ചെട്ടിപ്പിള്ളത്തെരുവ് ലഹള, ഓലത്താന്നി ചന്തലഹള, കഴക്കൂട്ടം ലഹള, കേരളത്തിൽ ആദ്യത്തെ സ്ത്രീപക്ഷ പോരാട്ടമായ കൊല്ലം പെരിനാട് കല്ലുമാല സമരം എന്നിങ്ങനെ അനേകം സമരങ്ങൾ. ലിംഗ സമത്വത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് വീണ്ടും പഠിക്കപ്പെടേണ്ടതാണ് അയ്യങ്കാളി നയിച്ച കല്ലുമാല സമരം.  ഇപ്പുസ്തകം അയ്യന്‍കാളിയുമായി ബന്ധപ്പെട്ട കൃതികൾ, പ്രധാന വർഷങ്ങൾ വ്യക്തികൾ; കേരളത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ, 1912 മുതൽ 1946 വരെയുള്ള പട്ടികജാതി പ്രാതിനിധ്യം, അക്കാലത്തെ മതപരിവർത്തന ശ്രമങ്ങൾ, തിരുവനന്തപുരത്തിന് പുറത്തുള്ള അയിത്തോച്ചാടന സമരങ്ങൾ എന്നിവയും ചർച്ച ചെയ്യുന്നുണ്ട്. മനുഷ്യമനസാണ് ദേവാലയം എന്ന ആശയം പ്രചരിപ്പിച്ച പ്രത്യക്ഷ സഭാസ്ഥാപകൻ പൊയ്കയിൽ യോഹന്നാനാണെന്ന കുമാരഗുരുവിനെപ്പറ്റി, ചേരമാൻ സംഘത്തിന്റെ രൂപീകരണത്തെപ്പറ്റി, ചെങ്ങന്നൂരിൽ സ്ഥാപിതമായ ആത്മബോധോദയ സംഘത്തെപ്പറ്റി, 1917 ൽ രണ്ടായിരത്തിലധികം വരുന്ന പുലയരുമായി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ പ്രവേശിപ്പിച്ച ചക്കോള കുറുമ്പന്റെ നേതൃത്വത്തിൽ രൂപീകൃതമായ പുലയജനസഭയെപ്പറ്റിയൊക്കെ പഠിതാക്കൾക്ക് അന്വേഷിച്ചു പോകാനുള്ള സൂചനകൾ ഈ ജീവചരിത്രകൃതിയിലുണ്ട്.
ഇതൊരു സമഗ്രമായ ജീവചരിത്ര ഗ്രന്ഥമാണ് എന്ന് എഴുത്തുകാരൻ അവകാശപ്പെടുന്നില്ല. എന്നാൽ പുതിയ കണ്ടെത്തലുകളുടെ സാധ്യതകൾ തുറന്നിടുന്നുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത.

അയ്യങ്കാളി: ജീവിതനിഴൽപ്പാടുകൾ
(ജീവചരിത്രം)
എസ് കെ സുരേഷ്
മെലിന്‍ഡ ബുക്സ്
വില: 130 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.