21 November 2024, Thursday
KSFE Galaxy Chits Banner 2

ഹൃദയാലുവായ കവി ഹൃദ്യമായ സംഭാഷണം

Janayugom Webdesk
June 19, 2022 4:30 am

കവിതയുടെ ലോകം വിശാലമാണ്. പ്രപഞ്ചത്തിന്റെ ആദിമ ചോദനയോളം അതിന് പടർച്ചയുണ്ട്. ഏതു കാലത്തെ കവിയും താൻ ജീവിക്കുന്ന കാലത്തിന്റെ ഇരുട്ടിനെയും പ്രകാശത്തെയും സ്വന്തം നിലയിൽ അഭിമുഖീകരിക്കാതിരിക്കുന്നില്ല. ചുറ്റുപാടുകൾ നൽകുന്ന അനുഭവങ്ങളെ താനാർജിച്ച നീതിബോധവുമായി തട്ടിച്ചു നോക്കുമ്പോൾ ലഭിക്കുന്ന അഭി ദർശനങ്ങളാണ് കവിതകളായി ജനിക്കുന്നത്. ഡോ.കായംകുളം യൂനുസിന്റെ ‘ഹൃദയത്തിലെ കൊളുത്ത്’ എന്ന കവിതാ സമാഹാരം ഈ നിരീക്ഷണത്തോട് അടുത്തു നിൽക്കുന്നു.

ഹൃദയം പൂട്ടിവച്ചിട്ട് ജീവിക്കുന്നവർക്ക് മനുഷ്യത്വത്തിന്റെ പൊരുൾ ഒരിക്കലും തിരിച്ചറിയാനാവില്ല. തുറന്നുവച്ച ഹൃദയമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. സങ്കുചിത താല്പര്യങ്ങളുടെ തടവറയിൽനിന്ന് ഹൃദയത്തിന് പുറത്തുചാടാൻ ഒരു തുറവി ആവശ്യമുണ്ട്. അതു കണ്ടെത്തുംവരെ മനുഷ്യത്വത്തിന്റെ വില നാം അറിയുന്നില്ല. ഈ സമാഹാരത്തിലെ പ്രധാന കവിതയായ ഹൃദയത്തിലെ കൊളുത്ത് അടിവരയിടാൻ ശ്രമിക്കുന്ന ആശയം ഇതാണ്.

ഹൃദയത്തിലെ കൊളുത്ത് ഭിഷഗ്വരൻ എടുത്തു മാറ്റിയപ്പോൾ കവി കണ്ട കാഴ്ചകളും നേടിയ അനുഭൂതിയും ആശയലോകവുമാണ് ഈ സമാഹാരത്തിലുള്ളത്. ഒരു കവിതയിൽ മാത്രമായി അതു ഒതുങ്ങുന്നില്ല എന്നു സാരം. താൻ അനുഭവിച്ച വലിയ സത്യത്തെ ചെറു കവിതകളുടെ രൂപത്തിൽ കല്പനകളുടെയും ബിംബങ്ങളുടെയും അകമ്പടിയോടെ കവി പകർത്തുന്നു.

സ്നേഹത്തെ അറയിൽ പൂട്ടിവയ്ക്കുന്ന മനുഷ്യൻ സ്വയം തിരസ്കൃതനാണ്. ഹൃദയത്തിന്റെ വാതിൽ തുറക്കുന്ന രാസപ്രക്രിയയാണ് കവിത എന്നതുകൊണ്ട് കവിക്ക് സാദ്ധ്യമാകുന്ന അനുഭവവിശേഷം വായനക്കാരനും ലഭിക്കുന്നു. ഈ സമാഹാരത്തിന്റെ വായനയിലൂടെ കിട്ടുന്ന വലിയ സൗഭാഗ്യമാണ് അത്. യഥാർഥത്തിൽ മനുഷ്യൻ നിസ്സാരനാണ്. ഒരു ദിവസം ഒരദൃശ്യശക്തി നമ്മുടെ ഹൃദയം തുറന്നു വയ്ക്കും എന്ന് കവി പറയുന്നു. ആ അദൃശ്യശക്തിക്ക് എന്തു പേരും നൽകാം.

ഹൃദയം തുറക്കുമ്പോൾ മാത്രമാണ് ജീവിക്കുന്നതിന്റെ പൊരുൾ ഓരോരുത്തർക്കും തിരിഞ്ഞു കിട്ടുന്നത്. പൊന്ന് — സ്വർണം എന്നീ വാക്കുകൾക്ക് വ്യവഹാര തലത്തിലുള്ള അഥവ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് വർത്തമാനകാല യാഥാർത്ഥ്യത്തിലേക്ക് കവി കടക്കുന്നത് പൊന്നല്ല സ്വർണം എന്ന കവിതയിൽ കാണാം. പൊന്ന് ഹൃദയത്തോട് സംവദിക്കുന്ന വാക്കാണ്‌. സ്വർണമാകട്ടെ മനുഷ്യന്റെ ദുരാഗ്രഹത്തെയും പൊങ്ങച്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഭൗതികമായ വാക്കാണ്. പൊന്നായി വളർത്തിയ പെണ്ണ് വിവാഹപ്പന്തലിൽ കഴുത്തൊടിഞ്ഞു വീഴുന്ന ഐറണി അവതരിപ്പിക്കുന്ന കവി പറയാൻ ശ്രമിക്കുന്ന ആശയം ഇതാണ്.

ഭൂമിയെ മാതാവിനെപ്പോലെ പരിചരിക്കണം എന്ന ആശയം അവതരിപ്പിക്കുന്ന കവിതയാണ് വരൾച്ച. മനുഷ്യന്റെ ലാഭക്കൊതി ഭൂമിയുടെ പ്രകൃതത്തെത്തന്നെ മാറ്റുന്നു. ഗർഭാശയം ഊഷരമായ അമ്മയിൽനിന്ന് ലഭിക്കേണ്ട സ്തന്യം അന്യമാകുന്നു. വർൾച്ചയെ ബിംബവൽക്കരിക്കുന്ന കവിത ഇതെല്ലാം പറയുന്നു. ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന കവിതയാണ് ദൈവത്തിന്റെ സ്വന്തം നാട്. പ്രകൃതിയുടെ സ്വാഭാവികമായ നിറക്കൂട്ടുകൾ അപ്രത്യക്ഷമാവുകയും കൃത്രിമ നിറങ്ങൾ തൽസ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് കവി പറയുന്നത്.

എന്നാൽ അതിനുള്ളിൽ സമകാലിക രാഷ്ട്രീയം കവി ഒതുക്കിവയ്ക്കുന്നു. കുഞ്ഞുങ്ങളോടും വൃദ്ധരോടും നിസ്വജനവിഭാഗങ്ങളോടും നാം പെരുമാറുന്നതിലെ ക്രൂരയാഥാർത്ഥ്യമാണ് ദൈവമേ എന്ന കവിതയിലുള്ളത്. ഓർമ്മയായും അനുഭവമായും നിരീക്ഷണമായും പകർന്നുവീഴുന്ന മറ്റു കവിതകളിലും ഹൃദയാലുവായ കവിയുടെ ആശങ്കകളും പ്രതീക്ഷകളും നിഴലിക്കുന്നു. ഈ കവിതകളുടെ പാരായണം സൗഹൃദത്തിന്റെ പാലം തകരാതിരിക്കാനുള്ള ജാഗ്രത വായനക്കാരിൽ നിറയ്ക്കുന്നു. മത – ജാതി വിദ്വേഷങ്ങളുടെ കാട് എരിച്ചുകളയാനുള്ള വ്യഗ്രത, സമാധാനത്തിന്റെ കുളിർകാറ്റിൽ വിശ്രാന്തികൊള്ളാനുള്ള കഠിനമായ ഇച്ഛ എന്നിവയെല്ലാം ഈ കവിതകളിൽ ഉണ്ട്. കുറഞ്ഞവാക്കുകളിൽ ആശയത്തിന്റെയും അനുഭൂതിയുടെയും വലിയ ലോകം പിടിച്ചെടുക്കാനുള്ള കവിയുടെ ശ്രമം വിജയിക്കുന്നു. ഈ കവിതാസമാഹാരത്തിനു കിട്ടുന്ന ഏറ്റവും വലിയ ബഹുമതി അതുതന്നെയാണ്.

ഹൃദയത്തിലെ കൊളുത്ത്
(കവിത)
ഡോ. കായംകുളം യൂനുസ്
മെലിന്‍ഡ ബുക്സ്
വില: 100 രൂപ

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.