18 April 2024, Thursday

കവിതയുടെ മസൈമാരാ

ശശികുമാർ ടി കെ
April 24, 2022 4:30 am

ചുറ്റുപാടുകളോടും തന്നോടു തന്നെയും നീതി നിർവ്വഹിക്കുന്ന നാല്പതിലേറെ കവിതകളുള്ള പുസ്തകമാണ് ആശ സജിയുടെ സിംഹവേട്ട. കവിതപ്പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ ഉള്ളടക്കം ഞാൻ കണ്ടത്. ഇതിൽ ഉന്നം പിടിയ്ക്കലോ നിറയൊഴിച്ചിലിന്റെ ഭീതിദമായ ശബ്ദപ്പകർച്ചയോ ഒന്നും ഞാൻ കണ്ടില്ല, കേട്ടുമില്ല. കണ്ടത്, അന്തർദ്ദഹന യന്ത്രത്തിന്റെ നിരന്തരമായ മുരൾച്ചയോടെ ഉരുളുന്ന ജീവിതചക്രം മാത്രം. സിംഹവേട്ടയെന്ന ടൈറ്റിൽക്കവിത തന്നെ നമുക്കെടുക്കാം. മൃഗരാജനെക്കുറിച്ചു നമുക്ക് കേട്ടറിവുള്ള കഥകളെല്ലാം തന്നെ നുള്ളിക്കീറിയെടുത്ത് പ്രസ്തുത കവിതയുടെ ആദ്യ ഭാഗത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്.

നൈസർഗികമായ പ്രേരണയോടെ ആക്രമിച്ചും കീഴ്പ്പെടുത്തിയും വാഴ് വറിയിച്ച അവന്റെ ദൈന്യ ചിത്രമാണ് കവിതയുടെ രണ്ടാം പകുതിയിൽ. നാടോടിക്കഥകളുടെ പുനർവിന്യാസത്തിലൂടെ ഏകാധിപതികളുടെ പതനത്തിന്റെ രാഷ്ട്രീയം എത്ര ഇമ്പത്തോടെയാണ് എഴുതിയിരിക്കുന്നത്. കലുഷിതമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയില്ലാതെ, ഒരു മൂടൽമഞ്ഞിന്റെ പുതപ്പിനുള്ളിൽ ഭൂതവും, വർത്തമാനവും, ഭാവിയിലേക്കുള്ള ചൂണ്ടുപലകയും കൃതകൃത്യതയോടെ അടക്കം ചെയ്യാൻ കവിയ്ക്കു കഴിഞ്ഞിരിക്കുന്നു. വേട്ടക്കാരനും, വേട്ടയാടപ്പെടുന്നവരും, വേട്ടയെന്ന പ്രക്രിയയുമൊക്കെ ഒടുക്കം കാലത്തിന്റെ വരുതിയിൽ വന്നുപെടുമെന്ന ഓർമ്മപ്പെടുത്തലായാണ് ഞാനിതിനെ വായിച്ചത്.

ഈ പുസ്തകത്തിലെ ചില രചനകളുമായി ഫേസ്ബുക്ക് ഇടത്തിൽ എനിക്ക് മുൻപരിചയമുളളതാണ്. സ്ത്രീപക്ഷ കവിയെന്ന് അവർ എവിടെയെങ്കിലും സ്വയം വിശേഷിപ്പിച്ചതായി ഞാൻ വായിച്ചിട്ടില്ല. സ്വന്തം വരികളുടെ നനവിലും, വിശുദ്ധിയിലും അവർക്ക് പൂർണ്ണ വിശ്വാസമുണ്ടായിരിക്കണം. കവിത വിറ്റഴിക്കാനുള്ള വിപണനതന്ത്രങ്ങളുടെ എളുപ്പവഴികൾ കവി തേടാത്തത് ഈ വിശ്വാസം കാരണമാകാം. മനുഷ്യസഹജമായ പോരായ്മകളെ കനിവോടെ ഉൾക്കൊള്ളാനുള്ള ആർജവം പുലർത്തുന്ന ഒരു കവിയ്ക്ക് അവരുടെ രചനകളുടെ ഡൈനമിക്സിനെക്കുറിച്ച് ഉത്തമ വിശ്വാസം കാണുമല്ലൊ? അത്തരമൊരു ഉൾക്കനിവിന്റെ ദൃഷ്ടാന്തമാണ്, തുന്നൽക്കാരി എന്ന കവിത. അതിൽ കവിയുടെ അഴകളവുകൾക്ക് പാകമാകാത്ത ഉടുപ്പുകൾ തുന്നുന്ന ഒരുവളെക്കുറിച്ച് കവി പരിഭവപ്പെടുന്നത് വായിക്കാം. പക്ഷെ, ഏതോ മായാ മൃഗത്തിന്റെ പിൻപറ്റി, അവർക്കിടയിൽ നിരാസത്തിന്റെ കയ്പ് നീരിനു പകരം പാരസ്പര്യത്തിന്റെ ഒട്ടലാണു നിറയുന്നത്. ഈ ചേർത്തുനിർത്തൽ ചിലപ്പോൾ അദ്ധ്യാപികയായ കവിക്ക് അവരുടെ ജോലിയിടം കൊടുത്ത ബലയും അതിബലയും ആകാൻ സാദ്ധ്യതയുമുണ്ട്.

ഈ ഒട്ടിച്ചേരൽ പ്രണയ നിറമുള്ള കവിതകളിലൊന്നായ പക്ഷിച്ചുണ്ടുകളിലാണ് വീണ്ടും നാം കാണുന്നത്. ഒന്നായ്ച്ചേർന്നുപോയ രണ്ടു പൂക്കളെ കാണാതെ പോകുന്ന പ്രണയികളെപ്പറ്റി കവി വ്യാകുലയാകുന്നു. യാന്ത്രികതയുടെ ഈ ദിനങ്ങളിൽ നാം കാണാതെ പോകുന്ന പ്രണയം നാളെ സമൂഹത്തിൽ മരുഭൂമികളുണ്ടാക്കുന്നതിന്റെ അടയാളങ്ങളാണെന്ന് കവി ധരിക്കുന്നുണ്ടാവണം. ഇപ്രകാരം, കവിതയുടെ ക്ഷണികതയ്ക്കപ്പുറം, അത് വരും കാലങ്ങളിലേക്കയയ്ക്കുന്ന അമ്പും അൻപുമാകുമ്പോഴാണ് കവി കർമ്മം സാക്ഷാത്കരിക്കപ്പെടുന്നത്.

കവികളുടെ ബാഹുല്യത്തെപ്പറ്റിയും, രചനകളുടെ ആഴക്കുറവിനെപ്പറ്റിയും ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും നവ മാദ്ധ്യമങ്ങളിലൂടെ കര കവർന്നൊഴുകിയ കവിതകളിലൂടെയാണ് പ്രണയഭംഗികൾ അതിൻ്റെ സകല വൈവിദ്ധ്യത്തോടെയും നമ്മൾ ആസ്വദിച്ചത്. അതിൽ ഒട്ടുമിക്കതിനും ഉദകപ്പോളയുടെ ആയുർദൈർഘ്യം പോലുമില്ലായിരുന്നെങ്കിലും, ആത്മാവിഷ്ക്കാരത്തിൻ്റെ ആകാശം അതിൽ നിഴലിച്ചു നിന്നിരുന്നു. സിംഹവേട്ടയിലെ പ്രണയകവിതകൾ ഒരിക്കലും നിറഞ്ഞു കവിഞ്ഞ കർക്കിടകപ്പുഴയെ ഓർമ്മിപ്പിക്കുന്നില്ല. അതിന്, വിദൂരതയിൽ പൂവണിഞ്ഞു നില്ക്കുന്ന ഒറ്റ മരത്തോടാണ് സാമ്യം. അകലെയൊരിടത്ത് അതുണ്ടെന്ന ബോദ്ധ്യം! അത്ര മാത്രം.

ചില നേരങ്ങളിൽ പ്രണയാവിഷ്ക്കാരത്തിന് കവി ഉപയോഗിക്കുന്നത് ഒരു നിരാകാരനെയാണ്. നിരാകരൻ എന്നുദ്ദേശിച്ചത് ആകാരം വെളിപ്പെടുത്താതെ അന്തർദ്ധാന വിദ്യകൊണ്ട് മറഞ്ഞു നിൽക്കുന്ന ഒരാളെയാണ്. അയാൾ എവിടെയുമുണ്ട്. ഇടത്തും വലത്തും ചുറ്റിനും! അത്തരമൊരാളെ അടുക്കിപ്പെറുക്കി വെക്കാൻ എളുപ്പമല്ല. അയാളതിനെ ചെറുക്കും. കാരണം അലങ്കോലപ്പാടുകളാണ് അവൻ്റെ പ്രണയക്കപ്പലിൻ്റെ കൊടിയടയാളം. അടുക്കിയിട്ടും അടുക്കിയിട്ടും അടങ്ങാതെ കിടന്ന മുറിയിൽ അവളെത്തന്നെ ഉപേക്ഷിച്ച് ഒടുക്കം അവൾ മുറി പൂട്ടുന്നു. പിന്നെ ആ മുറിയുടെ എലുകകൾ തന്നെ മറന്നു കളയുന്നു. സമർപ്പണത്തെ എത്ര അഗാധമായാണ് ഇവിടെ ആവിഷ്ക്കരിച്ചിട്ടുള്ളതെന്നോ! കവിതയിലുടനീളം വേറൊരാളുടെ നിരാകാരമായ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നു. (അടുക്കിവച്ച മുറി)

ഇനി ആകാരമുണ്ടായിരുന്നതിന്റെ പൊടുന്നനെയുള്ള അസാന്നിദ്ധ്യത്തെ എങ്ങനെയാണ് പ്രണയ വ്യാഖ്യാനത്തിന് ഉപയുക്തമാക്കുന്നതെന്ന് കാണണ്ടേ? അതിന് ‘കുങ്കുമത്തിന്റെ ഷേഡുകൾ’ വായിക്കണം. ഇഷ്ടസാരിയുടെ ഒരു നൂലുതിർന്നു പോകുന്നതാണ് പ്രമേയം. അത്രേയുള്ളൂ! ജീവിത വ്യവഹാരത്തിൽ ആരും അത്ര ശ്രദ്ധിക്കാത്ത കാര്യമാണ് ഈ ഉതിരൽ. പക്ഷെ ആ നൂലിടയിലൂടെ കവിയ്ക്ക് അവരെത്തന്നെ നഷ്ടമാകുന്നു. ജീവിതത്തിനും സ്വപ്നത്തിനുമിടയിൽ പ്രണയം പടുത്ത വാരിക്കുഴിയിൽ ഒരു വേള നമ്മളും വീണുപോകുന്നു.

ഉടഞ്ഞുപോയ മൺപാത്രങ്ങളുടെ ഊനങ്ങളിൽ സ്വർണ്ണ മിനുക്കുകളിട്ട് അതിനെ മനോഹരമാക്കുന്ന Kintsu­gi എന്ന ജാപ്പനീസ് കലാവിദ്യയെ ഇവിടെ ഓർക്കാതെ വയ്യ. കുറവുകളെയും മുറിവുകളെയും ഹൃദയപൂർവ്വം അലങ്കരിച്ച് സ്വീകരിക്കുന്ന ആ കലാവിദ്യ തന്നെയാണ് മേല്പറഞ്ഞ കവിതയും. ഈ കവി, വക്കടർന്നു പോയെങ്കിലും പ്രിയപ്പെട്ടവയെ ഒന്നിനെയും തിരസ്കരിയ്ക്കുന്നില്ല. പകരം അതിനെ നിരങ്കുശമായ പ്രണയ തീവ്രതയോടെ Kintsu­gi വിദ്യയ്ക്ക് വിധേയമാക്കുക മാത്രം ചെയ്യുന്നു. മൂല്യവർദ്ധനയോടെ ഒന്നിനെ വീണ്ടും ജീവിത ചക്രത്തിൽ തുടരാനനുവദിക്കുകയാണ്, ഈ പ്രക്രിയ.
ഇനിയുമുണ്ട് കണ്ടുകണ്ടങ്ങിരുന്ന വസ്തുക്കൾ കാണാതെ പോകുമ്പോഴുണ്ടാകുന്ന ഇണ്ടലുകളെ കവിതയാക്കുന്ന വിദ്യ.

അതിന് ‘പച്ചയിലകൾ മഞ്ഞപ്പൂക്കളും’ എന്ന കവിതയിലേക്ക് പോയാൽ മതി. അടുക്കള ഷെൽഫിലെന്നല്ല, ജീവിതത്തിൽത്തന്നെ അടയാളപ്പെടുത്തപ്പെട്ട ഒരു പൂക്കളും പുളളികളുമുള്ള കുപ്പിഗ്ലാസാണ് കവിതയിലെ കഥാപാത്രം. അത് ഒരു നാൾ വീണുടഞ്ഞു പോകുന്നു. എന്നാലും വീടകത്തിന്റെ ചത്വരങ്ങളിലൊന്നിൽ, അചേതനമെങ്കിലും അതിന്റെ പേരിൽ ഒരിടമുണ്ട്. ഓർമ്മയായിട്ടും അദൃശ്യതയുടെ ത്രിമാനതയിൽ അതിപ്പോഴുമിരിപ്പാണ്. എരിയുന്ന ഒരു വാക്കു പോലുമില്ലാതെ പണിഞ്ഞെടുത്ത വികാരതീവ്രമായ ഒരു കവിതയാണ് അത്. വീടും, ഓർമ്മകളും ഒരാളെ എങ്ങനെയൊക്കെ സാന്ദ്രമായി പരിണമിപ്പിക്കുന്നു എന്നതിന് നിദർശനവും.

കവിതയെഴുതുന്ന ഏതൊരാളും പലപ്പോഴും വിഷാദത്തിൻ്റെ ചുഴിയിൽപ്പെടും. എന്നാൽ ജീവിതം പഠിപ്പിച്ച അതിജീവന മന്ത്രങ്ങൾ കൊണ്ട് ഇക്കവി അത്തരം വിഷാദ നിറങ്ങളെ സമർത്ഥമായി മറച്ചിടുകയാണ് പല കവിതകളിലും.

എന്നാലും നൊമ്പരത്തിന്റെ വേലിയേറ്റത്തിരയിൽ വീണ് നനഞ്ഞു കുതിരുന്ന ചില നിമിഷങ്ങളും നമുക്ക് കാണാം.
ഡിസംബർ, നിന്റെ കുതിപ്പിൽ ഇളവെയിലൂറ്റി
തളരുന്നെന്റെ ചിറകുകൾ
മുടി കൊഴിഞ്ഞ മരങ്ങളെന്നെ
നിന്റെ ലായത്തിൽ
പണയപ്പെടുത്തുന്നു. (ഡിസംബർ )

പുഴക്കടവ് എന്ന കവിത കാണുക. ശമം വന്ന വാക്കുകളാണ് അതിൽ നിറയെ. തുള്ളാത്ത കവി മനം നമ്മെ ഇവിടെ അത്ഭുതപ്പെടുത്തുന്നു. ധ്യാന നിഷ്ഠരുടെ ആൾനൂഴിയിലൂടെ കവി അനുവാചകനെ സമർത്ഥമായി ഇക്കവിതയിൽ കൊണ്ടു പോകുന്നു.
‘ആൺമ’യോട് ആക്രോശിക്കാത്ത സ്ത്രീപക്ഷ കവിതകളും ഈ പുസ്തകത്തിൽക്കണ്ടു. ആൺ‑പെൺ ബന്ധങ്ങളിൽ സദാ നാം കേട്ടുപോരുന്ന ഏറ്റക്കുറച്ചിലിൽ ഈ കവി വ്യാകുലയല്ല. അവരെ സംബന്ധിച്ച് തുല്യതയുടെ Hall of fame ൽ എരിഞ്ഞു നില്ക്കാൻ സാദ്ധ്യതയുള്ള രണ്ടു പേരാണ് അവനും അവളും!

എന്നാലും നിരസിയ്ക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ ചെയ്യുന്ന വേളകളിൽ തീക്കണ്ണുരുട്ടി അവളിലെ പെൺപുലി ഉണരുന്നുമുണ്ട്. അവളെച്ചേർത്തുപിടിച്ച് ജീവിത ലിപികൾ വരയ്ക്കാനും, തിരുത്താനും ശ്രമിക്കാതെ കേവലമൊരു അടിവരയിടലിൽ മാത്രമൊതുക്കപ്പെടുമ്പോൾ കവി അവനോട് കലഹിക്കുന്നു. ചിത്രത്തിൽ നിന്നോടൊപ്പം ചലിച്ചവളാണെന്ന് ഓർമ്മിപ്പിക്കുന്നു. പെൻസിൽ എന്ന കവിത സ്ത്രീയുടെ ആത്മാഭിമാനത്തിന്റെ അടയാളമാണ്.
കവിതാ നേരങ്ങൾക്കിടെ അമ്മ നേരം നഷ്ടപ്പെട്ട പൊന്നുവിനും ലച്ചുവിനുമൊപ്പം ഒട്ടനവധി കുട്ടികളും കവിതകളിൽ വരുന്നുണ്ട്. ഇടയ്ക്ക് അമ്മത്തത്തോളം വളരുന്ന അവരുടെ കുട്ടിത്തം കണ്ട് വായനക്കാരൻ അതിശയിക്കും. അതിലൊരാൾ ഒരു കവിതയിൽ (ജീവിതചക്രം) പറയുന്നു, പൂമ്പാറ്റയുടെ സ്വപ്നത്തിലുള്ളത്ര ഭംഗിയുള്ള പൂന്തോട്ടം വേറെങ്ങുമില്ലെന്ന്. അത് ഒരു എഴുത്തുപരീക്ഷയിൽ തോറ്റ കുട്ടിയാണെന്ന് കൂടി കവി പറയുമ്പോൾ വായനക്കാരന് പരമസത്യമറിയുമ്പോഴുള്ള ദിഗ്ഭ്രമം പിടിപെടാതെയിരിക്കുമോ?

ഏകതാനതയോടെ ഒരേ പൊഴിയിൽ പാടിവീഴുന്നെന്ന ദോഷം പുതിയ കാലത്തെ ഒട്ടു മിക്ക കവിതാ ശ്രമങ്ങളുടെ മേലും ആരോപിക്കപ്പെട്ടിട്ടുണ്ട്. അത് ഒരു കണക്കിന് ശരിയുമാണ്. അത് പ്രണയകവിതയായാലും, രാഷ്ടീയകവിതയായാലും, മഴക്കവിതയായാലും ശരി, പലപ്പോഴും ഒരേ മുഖവും, ഒരേ ഉടലുമുള്ള ഒരു ഉല്പന്നം മാത്രമായി ‘ഉണ്ടാക്കിയിട’പ്പെടുകയാണ്. ഒരു സോപ്പു നിർമ്മാണക്കമ്പനിയിലുണ്ടാക്കുന്ന ഒരേ പേരുള്ള വാസന സോപ്പുകളെപ്പോലെ അവയൊക്കെ ഒടുവിൽ ഒരേ മണത്തിലും, ഒരേ ആകൃതിയിലും തേഞ്ഞു തേഞ്ഞില്ലാതാകും. കാലത്തിന്റെ വെല്ലുവിളിയെ നേരിടാൻ പര്യാപ്തമായ നാനാത്വം അതിന്റെ പക്കലില്ല.
കവിതാ രചനയിലെ ഈ വികല്പത്തെ സമർത്ഥമായി ചെറുക്കുകയാണ് ആശ സജിയുടെ ‘സിംഹവേട്ട’ എന്ന പുസ്തകം.

സിംഹവേട്ട
(കവിത)
ആശ സജി
ഫേബിയന്‍ ബുക്സ്
വില: 115 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.