17 November 2024, Sunday
KSFE Galaxy Chits Banner 2

കാലത്തോട് സംവദിക്കുന്ന ഗാനങ്ങള്‍

രാധാകൃഷ്ണൻകുന്നുംപുറം
August 7, 2022 4:00 am

“എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുൾ പായിക്കൽ…”
ഇടശ്ശേരിയുടെ ഈ വരികൾ ചില മനുഷ്യരുടെ ജീവിതശൈലിക്ക് ഉദാഹരണമാണ്. വിജയ പരാജയങ്ങളെയോ കയറ്റിറക്കങ്ങളെയോ കുറിച്ച് ആകുലപ്പെടാതെ ജീവിതം നയിക്കുക. കണിയാപുരം രാമചന്ദ്രന്റെ ജീവിതയാത്രയിലും കയറ്റിറക്കങ്ങൾ ആകുലതയുടെ അടയാളങ്ങൾ തീർത്തില്ല. ഒഴുകി അവസാനിക്കാത്ത നദി പോലെ ഒരു രാഷ്ട്രീയ ജീവിതം. അതിന്റെ തീരങ്ങളിൽ കലയും സാഹിത്യവും പ്രസംഗവും ഇതളിട്ടു വിടർന്നു. ഒന്നിനും കാതോർക്കാതെ, ഒന്നിനുമുന്നിലും ചെവി കൊടുക്കാതെ ആ ജീവിത നദി നമുക്കിടയിൽ ഒഴുകി നിറഞ്ഞു. ആ നദിക്കരയിലെ ഗാനപുഷ്പങ്ങളെ അന്വേഷിച്ചു കണ്ടെത്തി വി പി ഉണ്ണികൃഷ്ണൻ സമാഹരിച്ച പുസ്തകമാണ് ‘മാനിഷാദ! മനസ്സു കരയുന്നു’ എന്ന ഗ്രന്ഥം. കണിയാപുരം രാമചന്ദ്രനെന്ന അപൂർവ്വ പ്രതിഭയുടെ തൂലിക സമ്മാനിച്ച ഗാനങ്ങളുടെ സമാഹാരം.

അവതാരികയിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയത് മലയാളികൾ മനസിൽ കുറിച്ചിട്ട ചിന്തകളായിരുന്നു. “വികെഎൻ, വയലാർ, തോപ്പിൽ ഭാസി തുടങ്ങിയവരുടെ സർഗാത്മകത വലിയൊരളവിൽ ചേർന്ന ഒരു സമ്മിശ്രംമിശ്രിതം. സ്വരാലിംഗന സമൃദ്ധമായ ഒരു സർഗസംയോഗം. അതായിരുന്നുവല്ലോ കണിയാപുരം രാമചന്ദ്രൻ.” കാവ്യബോധത്തിന്റെ ഭാവനാകാശങ്ങളിൽ ചിറകടിച്ചുയരാൻ കഴിഞ്ഞ ഒരനുഗ്രഹീത ഗാനരചയിതാവായിരുന്നു അദ്ദേഹം.
“തളിരില കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻ തുള്ളികൾ…
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു”
യൗവനം ദാഹം എന്ന സിനിമയിലെ ഈ വരികൾ ഏതു കാലത്തും പ്രണയമാനസങ്ങളിൽ മധുരിമപകരുന്നു.
“നക്ഷത്രപ്പുണ്ണുകളായിരം
പൊട്ടിയൊലിക്കുന്ന വാനം
കിട്ടാത്ത കനികൾക്കായ് കൈ നീട്ടി
പൊട്ടിക്കരയുന്ന ലോകം”
മാണിക്യക്കൊട്ടാരം എന്ന സിനിമയിൽ അദ്ദേഹം എഴുതിയ ഈ വരികൾ കാവ്യഭാവനക്കപ്പുറം സാമൂഹ്യ യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്. എഴുത്ത് സാമൂഹ്യബോധത്തിന്റെയും ഭാവനയുടെയും മനോഹര സമ്മേളനമാണെന്ന തിരിച്ചറിവോടെയാണ് ഗാനരചനയിലും കണിയാപുരത്തിന്റെ തൂലിക ചലിച്ചത്. താൻ രചിച്ച നാടക, ചലച്ചിത്രഗാനങ്ങളിൽ ആ ലക്ഷ്യബോധത്തെ അദ്ദേഹം അഴകാർന്ന വിധം അവതരിപ്പിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ പുസ്തകം പറഞ്ഞു തരുന്നു. ഗാനരചന ഒരനായാസവ്യായാമ വിനോദമല്ലെന്നും ഗാനങ്ങൾ ആസ്വാദക മനസിൽ ആഴത്തിൽ വേരൂന്നേണ്ടുന്ന അക്ഷരശില്പമാകണമെന്നും ഓർമ്മപ്പെടുത്തുകയാണിതിലെ ഓരോ ഗാനങ്ങളും.

അക്ഷരങ്ങൾ അനശ്വരതയുടെ നക്ഷത്രശോഭയാണെന്ന് കേൾവിക്കാരെ ബോധ്യപ്പെടുത്താൻ കഴിവുള്ള ഗാനങ്ങളാണ് ഈ സമാഹാരത്തിലെ ഭൂരിഭാഗം ഗാനങ്ങളും. സാഹചര്യത്തിനായി രചന എന്നത് നാടക, സിനിമാ ഗാനങ്ങളുടെ രചനാ പരിമിതിയാണ്. എന്നാൽ ഭാവനാസമ്പന്നർക്ക് അതൊരു വെല്ലുവിളിയേ അല്ല. അത്തരത്തിൽ ഭാവനാകാശത്തിൽ മഴവിൽചാരുത വരച്ചു ചേർത്ത ഒരു ഗാനമാണ് “വൃന്ദാവന കണ്ണാ നീയെൻ” എന്ന സിനിമാ ഗാനം. രാധാകൃഷ്ണപ്രണയ സങ്കല്പങ്ങളുടെ അക്ഷര നിലാമഴയിൽ കേൾക്കുന്ന മാത്രയിൽ നമ്മളാ പാട്ടിന്റെ വഴി യാത്ര തുടങ്ങും. അക്ഷരങ്ങളെ പ്രണയ വർണ്ണങ്ങളുടെ മയിൽപ്പീലി തുണ്ടുകളാൽ ചേർത്തു വച്ചാണ്, “മേഘസന്ദേശമയക്കാം കാളിദാസന്റെ യക്ഷനാകാം” എന്ന്
രാഗപൗർണ്ണമിയിലെ ഗാനം അദ്ദേഹം വരച്ചെടുത്തത്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭാവനയുടെയോ, ചിന്തകളുടെയോ ലോകത്തേക്ക് നമ്മെ ക്ഷണിക്കാത്ത ഒരു ഗാനവും ഈ സമാഹാരത്തിലില്ല. അതാണ് ഈ ഗാന സമാഹാരത്തിന്റെ ചൈതന്യവും.

ആശയവ്യക്തതയുടെ നിലപാടുതറയിലെ വെളിച്ചപ്പാടായിരുന്നു എന്നും കണിയാപുരം രാമചന്ദ്രൻ. അതിനാൽ തന്റെ നാടക ഗാനങ്ങളെ ആശയപ്രകാശനത്തിന്റെ വഴിവിളക്കുകളാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. നാടിന്റെ തനതു ജീവിതത്തെ ജനതയോട് നേരിട്ടു സംവദിക്കുന്ന കലാരൂപമെന്ന നിലയിൽ നാടകഗാനത്തെ എത്ര ശ്രദ്ധയോടെയാണദ്ദേഹം സമീപിച്ചതെന്ന് ഈ സമാഹാരത്തിലെ നാടക ഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കോളിളക്കം സൃഷ്ടിച്ചതും ജനപ്രിയവുമായ തന്റെ നാടകങ്ങൾക്കായി അദ്ദേഹം രചിച്ച ഗാനങ്ങൾ ലളിതവും ഒപ്പം ആശയസമ്പന്നവുമാണെന്ന് വായനയിൽ നാം തിരിച്ചറിയുന്നു. ഭക്തിയും പ്രണയവും വിപ്ലവവുമെല്ലാം അതിൽ വിഷയങ്ങളാകുന്നു. എന്നാൽ അവ ഓരോന്നും അതിന്റേതായ ആത്മാവ് ഉൾക്കൊള്ളുന്നവയാകണമെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം രചന നിർവ്വഹിച്ചത്. എണ്ണമറ്റ നാടകഗാനങ്ങളിലൂടെ കേൾവി സുഖം പകർന്ന് ആശയ സംവാദം നടത്താൻ അദ്ദേഹം ബോധപൂർവ്വം ശ്രമിച്ചിരുന്നു എന്ന് ഈ പുസ്തകം നമ്മോട് പറഞ്ഞുതരുന്നു. മലയാളത്തിലെ സമ്പന്നമായ നാടകഗാന ശാഖയിലെ തിളങ്ങുന്ന മുത്തും പവിഴങ്ങളും കണിയാപുരം രാമചന്ദ്രന്റെ നാടക ഗാനങ്ങൾ കൂടിയാണെന്ന് ഈ പുസ്തകം സാംസ്ക്കാരിക രംഗത്തെ ഓർമ്മപ്പെടുത്തുന്നു.

അനശ്വരതയെ ചുംബിച്ച രക്തസാക്ഷികളെയും വിപ്ലവചിന്തകളെയും ഓർമപ്പെടുത്തുന്ന നിരവധി ഗാനങ്ങൾ ഈ പുസ്തകത്തിലുണ്ട്. അവയുടെ രചനാവേളയിൽ അക്ഷരങ്ങൾ ചെഞ്ചുവപ്പണിഞ്ഞ റോസാദളങ്ങളായി ഇതൾ വിടരുന്നു. എഴുതിയാലും പാടിയാലും തീരാത്ത ആ ആശയങ്ങളെ ത്രസിപ്പിക്കുന്ന വികാരബോധത്തോടെ അക്ഷര ചിത്രങ്ങളാക്കാൻ അദ്ദേഹത്തിന് കഴിയുന്നു.
കഴിഞ്ഞ കാലത്തിൽ നിന്നും വർത്തമാന കാലത്തോടും വരും കാലത്തോട് സംവദിക്കുന്ന രചനകളാൽ സമ്പന്നമാണ് ഈ പുസ്തകം. നിറം കെടാത്ത ജീവിതം പോലെ, വായനയിലും അനുഭവസാന്ദ്രമാണ് ഇതിലെ ഗാനങ്ങൾ.

മാനിഷാദ! മനസ്സു കരയുന്നു
(ഗാനങ്ങള്‍)
കണിയാപുരം രാമചന്ദ്രന്‍
എഡിറ്റര്‍: വി പി ഉണ്ണികൃഷ്ണന്‍
സാഹിത്യ പ്രവർത്തക സഹകരണസംഘം
വില: 180 രൂപ

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.