വാങ്കയിലെ ഈവിനെ പോലെ വാലാട്ടി നില്‍ക്കുന്ന കറുപ്പന്‍ നായയോട് “വൈ ഡിഡ് യു വെജ് ഇന്‍ ഹിയര്‍…?” എന്നു സ്വകാര്യത്തില്‍ ചോദിക്കവെ ഒരു പരിഷ്‌കാരിയോടുള്ള പാരമ്പര്യ മലയാളിയുടെ അവഗണനയോടെ നായ ഓടി അകന്നതിനു ശേഷമാണ് ഇരുന്നത്. മിഠായിത്തെരുവില്‍ പണ്ടത്തെ തിരക്കില്ലെങ്കിലും ഇരിപ്പിടങ്ങളില്‍ ഒന്നൊഴിയാതെ ആളുകള്‍ ഇരിക്കുന്നുണ്ട്. നട്ടുച്ചയുടെ ചുട്ട വെയില്‍ സായാഹ്നത്തിന്റെ തണല്‍ വെളിച്ചത്തിന് വഴിമാറാന്‍ നില്‍ക്കുന്നേരം അസ്വസ്ഥജനകമായ തിരക്ക് ഉണ്ടാവാറില്ലായിരിക്കാം. കച്ചവടത്തെരുവിന്റെ പ്രതീതി മങ്ങാത്തവണ്ണം ശബ്ദകോലാഹലങ്ങള്‍ അങ്ങിങ്ങായി ഉയരുന്നുമുണ്ട്. പെട്ടെന്നാണ് ആരോ വിലാപുറം തോണ്ടിയത്. വിയര്‍പ്പു കെട്ടിക്കറുത്ത നെറ്റിത്തടത്തിനു കീഴെ രണ്ടു വൃദ്ധ കണ്ണുകള്‍ ദയനീയമായി നോക്കുന്നു. “മോനെ ഒരു പാക്ക് വാങ്ങോ..? അമ്പത് രൂപയുള്ളൂ… ഇതുപോലെത്തെ പത്തു മാസ്‌കാണ്…” ഒരു കൈകൊണ്ട് തന്റെ മുഖത്തുള്ള മാസ്കിലേക്ക് ചൂണ്ടി പാക്കുകളില്‍ നിന്ന് ഒന്ന് എടുക്കാന്‍ എന്നോണം മറുകൈ അവര്‍ എന്നിലേക്ക് നീട്ടി.
“വേണ്ട അമ്മെ…എന്റെ അടുത്തുണ്ട്…” പതുങ്ങി നിരസിച്ചതും അവര്‍ കച്ചവടം ഉപേക്ഷിച്ചു യാചിക്കാന്‍ തുടങ്ങി. യാചന വിലകുറഞ്ഞ കച്ചവട രീതിയാണെങ്കിലും വില്‌പന സാധ്യത കൂടുതല്‍ ആണല്ലോ. “മോനേ മരുന്നു വാങ്ങാന്‍ പണം ഇല്ല..ഒന്ന് വാങ്ങ് മോനെ…” പാവം നിവൃത്തികേടുകൊണ്ടല്ലെ… അല്ലേല്‍ ഈ വയസ്സാന്‍ കാലത്ത് ഇങ്ങനെ നടക്കുവോ… മനസ്സില്‍ ഒരു സ്‌നേഹച്ചിന്ത് കിളിര്‍ത്തു. “അമ്മെ… ഇത് നീലയല്ലേ… കറുപ്പ് ഉണ്ടോ…? എനിക്ക് കറുപ്പ് മതി.”
“നീല എടുക്ക് മോനെ കറുപ്പ് ദുഃഖ സൂചനയല്ലേ…”
“അല്ല ഈ കൊറോണ ദുഃഖം തന്നെയല്ലേ…”
അമ്പത് രൂപ നല്‍കുമ്പോഴുള്ള ഉത്തരംമുട്ടിച്ചോദ്യത്തിന് പുഞ്ചിരിയാണ് മറുപടിയായി തന്നത്. പറയാന്‍ മടിക്കുന്ന ഉത്തരങ്ങളാണ് പലപ്പോഴും പുഞ്ചിരികള്‍ എന്ന് തോന്നാറുണ്ട്. എത്ര ഇഷ്ടങ്ങളാണ് പുഞ്ചിരിയാല്‍ നാം പറയാറുള്ളത്. കൊറോണ അവര്‍ക്ക് ദുഃഖമേയല്ല. അവരുടെ ജീവിത മാര്‍ഗമാണ്. എസ് കെ പൊറ്റെക്കാടിന്റെ ചാരത്തൂടെ പൊലീസ് ബാരിക്കേഡുകള്‍ കടന്നു ആവര്‍ പോകുന്നത് സഹാതാപത്തോടെ അല്പസമയം നോക്കി നിന്നു.
കട്ടപിടിച്ച ഫുട്‌പാത്തിലൂടെ നിഴലുകളുമായി മനുഷ്യര്‍ അറഞ്ചും പുറഞ്ചും നടന്നുനീങ്ങുന്നു. പൊറ്റെക്കാടിന്റെ പ്രതിമക്കരികില്‍ നിലയുറപ്പിച്ച രണ്ടു പൊലീസുകാരുടെ കാക്ക ദൃഷ്ടി ഇടക്കിടെ എന്നിലും പതിയുന്നുണ്ട്. ഞാന്‍ വിരല്‍ എടുത്ത് ഫോണിലെ കീബോര്‍ഡില്‍ വരച്ചെഴുതി, ‘ജീവിതത്തെരുവില്‍.’ എഴുത്ത് എത്രപേര്‍ കണ്ടു എന്ന് അറിയാന്‍ സ്റ്റാറ്റസ് വ്യൂവില്‍ വിരല്‍ തൊട്ടു നോക്കിയപ്പോള്‍ അമ്പതു കഴിഞ്ഞിരിക്കുന്നു. പലരും മിഠായി തെരുവില്‍ ഉണ്ടല്ലേ. കള്ളന്മാരെ സൂക്ഷിച്ചോ…എന്നെല്ലാം തിരിച്ചു മെസേജ് അയക്കുന്നുണ്ട്… ജീവിതത്തെരുവ് മിഠായിത്തെരുവാണെന്നു തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. ഈ തെരുവിലെ ഒരു നിലക്കട്ടപോലും സുപരിചിതമല്ലെ. പെട്ടെന്നാണ് തോല്‍ ചെണ്ടയുടെ താളം കേള്‍ക്കായത്. “ഠമാര്‍… പഠാര്‍…ഠമാര്‍… പഠാര്‍… തലയില്‍ ഒരു സൂഫി കെട്ടും, അഴുകിയ ജുബ്ബായും ധരിച്ച ഒരു വൃദ്ധന്‍ ഉറക്കെ ചെണ്ടമുട്ടി വിളിച്ചു പറയുന്നു. ഇരിപ്പിടത്തില്‍ ഉള്ളവരും നടയാത്രികരും സാകൂതം അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒട്ടുനേരം കഴിഞ്ഞു പല നിറക്കുത്തുകള്‍ ആരോചകമായി ചിതറിയ ഉത്തരേന്ത്യന്‍ ചുരിദാര്‍ ധരിച്ച ഒരു ലീന്‍ ലേഡി കൗതുക കണ്ണുകളുടെ മുന്നിലായി വന്നു നിന്നു.വിവരണാതീതമായ മുഖഭാവമായിരുന്നു അവരുടേത്.
സൈഡ് ഓപ്പണ്‍ ചുരിദാറിന്റെ മുന്‍പിന്‍ ഭാഗങ്ങള്‍ തുടയിടുക്കില്‍ കൂട്ടിക്കെട്ടി ആ സ്‌ത്രീ നിരത്തില്‍ കരണം മറിയാന്‍ തുടങ്ങി. വൃദ്ധന്‍ ഓരോ മറിച്ചിലിലും ചെണ്ടമേളം കനപ്പിച്ചു കൊണ്ടിരുന്നു. പലയാവര്‍ത്തി കരണം മറിഞ്ഞശേഷം അവര്‍ അണച്ചിരുന്നു. അപ്പോഴേക്കും ഒരു ഇരുമ്പ് വളയം നടുവിരലില്‍ കറക്കിപ്പിടിച്ച് വൃദ്ധന്‍ ജനങ്ങള്‍ക്കരികെ നിന്ന് ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. “ഠമാര്‍…പഠാര്‍ … യെ വോ ജാദൂ ഹൈ ജോ ബഡെ ബഡെ മാന്‍ഞ്ച് പേ ദിഖേയാ ജാതാഹെ, മെയഹാ തുംകൊ ദസ് റുപ്പയാമേ ദിഖാരഹാഹും…” കൈവളയുടെ അഞ്ചാറ് ഇരട്ടി മാത്രം വലുപ്പം വരുന്ന വളയം പിടിച്ച് ആ സ്‌ത്രീ നിലത്തിരുന്നു. കാല്‍മുട്ടുകളില്‍ നെറ്റി വെച്ചു പശ്ചിമോത്താനാസനത്തിലായ ശേഷം കാല്‍വഴി വളയം കടത്തി ശരീരം ഇളക്കി അവധാനതയോടെ പുറകുവശം വഴി വളയം നിലത്തിട്ടു. വേദന പൂണ്ട ആ സ്‌ത്രീ എഴുന്നേറ്റ് അല്‍പസമയം ഓടിയ ശേഷം നിലത്തു തന്നെ ഇരുന്നു. കാണികള്‍ വിസ്‌മയം കൊണ്ടില്ലെങ്കിലും സഹതാപിതരായിരുന്നു. അല്‌പസമയത്തിനകം ഒരു ചെറു പാത്രവുമായി കാണികളിലേക്ക് ആ സ്‌ത്രീ കടന്നു വന്നു. എല്ലാവരും പാത്രത്തിലേക്ക് പത്തുരൂപ നിക്ഷേപിക്കാന്‍ തുടങ്ങി. ഇരുപത് രൂപ നല്‍കിയപ്പോള്‍ പാത്രത്തില്‍ നിന്നും ഒരു പത്ത് രൂപയുടെ നോട്ട് എടുത്ത് നേരെ നീട്ടി വേണ്ടെന്ന് അറിയിച്ച് കണ്ണിറുക്കിയതോടുകൂടി നന്ദിയോടെ തലതാഴ്‌ത്തി ആ കൃശഗാത്ര അകന്നു പോയി.
വീണ്ടും എസ് കെ ഒഴികെ എല്ലാവരും ചലിച്ചു തുടങ്ങി. എതിര്‍ ഭാഗത്തെ തെരുബെഞ്ചുകളില്‍ കോളേജ് പിള്ളേരുടെ സ്ഥാനത്ത് ഒരുപാട് വൃദ്ധര്‍ നിറഞ്ഞു.വൃദ്ധത്തെരുവു പോലെ മിഠായിതെരുവ് മാറിയതായി തോന്നി. അവരെല്ലാം ഭൂതജീവിതത്തിന്റെ ബാലാരിഷ്ടതകള്‍ അയവിറക്കുകയാണ്. ചില വൃദ്ധക്കൂട്ടങ്ങള്‍ പരസ്‌പരം പഴിചാരി പൊട്ടിച്ചിരിക്കുന്നു. മിഠായിത്തെരുവിലെ സായാഹ്നം വൃദ്ധന്മാര്‍ക്കു മാത്രം അവകാശപ്പെട്ടതാണോ എന്ന് പോലും ചിന്തിച്ചു. വയസന്മാരോടാണല്ലൊ അസൂയ തോന്നുന്നതെന്ന് അലോചിച്ച് മുഖം വെട്ടിയതും കാലിന് അടുത്തായി എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പതുക്കെ ഒന്ന് ഞെട്ടുകയും ചെയ്‌തു. ഒരു ജഡാധരന്‍ അരികിലിരുന്ന് എന്തോ നിലത്തിട്ട് പൊട്ടിക്കുന്നു. അയാളുടെ കൈകളിലേക്ക് സൂക്ഷ്‌മമായി നോക്കിയപ്പോള്‍ കുഞ്ഞു സമ്മാനപ്പൊതികള്‍ പോലെ എന്തോ പാക്കറ്റിലാക്കിയിരിക്കുന്നത് കണ്ടു.
ഓരോന്നെടുത്ത് അയാള്‍ നിലത്തെറിയുമ്പോള്‍ ലഘു ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുന്നു. കേള്‍വിക്കൊതിയുള്ള പൊട്ടല്‍ ശബ്ദം ആദ്യമായി കേള്‍ക്കുകയാണ്. വഴി യാത്രക്കാരില്‍ കുഞ്ഞുങ്ങളെ കാണുന്നേരം അയാള്‍ ഒന്നുരണ്ടെണ്ണം ഒന്നിച്ചു നിലത്തെറിയും. ആ ശബ്ദം കേട്ട് കുഞ്ഞുങ്ങള്‍ ആകാംക്ഷയോടെ അയാളെ ഒന്ന് വെട്ടി നോക്കി തിരികെ പോകും. കടല്‍ കണ്ടിരിക്കുന്നവന്റെ മുഖഭാവത്തില്‍ അയാള്‍ ഓരോന്നായി എറിഞ്ഞുകൊണ്ടിരുന്നു. “ചേട്ടാ ഇതിന്റെ പേര് എന്താ..?” കടല്‍ നോട്ടത്തില്‍ നിന്നും വഴുതിമാറി ഒരു ശല്യക്കാരനെ കാണുന്ന പോലെ അയാള്‍ എന്നിലേക്ക് തിരിഞ്ഞു. “ഇട്ടാ പൊട്ടി…മാജിക് പടകം…എന്നെല്ലാം പറയും. ഒരു പാക്കറ്റിന് പത്തുരൂപ.” പറഞ്ഞശേഷം ഒന്നു ചിരിച്ചെന്നു വരുത്തി അയാള്‍ പൂര്‍വ്വ സ്ഥിതിയിലായി. ഒരാളും തന്നെ ശ്രദ്ധിക്കുന്നില്ലെങ്കിലും അയാള്‍ പടക്കം എറിഞ്ഞുകൊണ്ടിരുന്നു. പ്രതീക്ഷയുടെ സഹനം എത്ര വലുതാണല്ലേ. ഒരു പാക്കറ്റിലെ ചെറു പടക്കങ്ങളെല്ലാം അയാള്‍ സ്വയം പൊട്ടിച്ചു കഴിഞ്ഞ് അടുത്ത പാക്കറ്റ് തുറക്കുമ്പോള്‍ കൃത്യം നാലര മണി ആയിരുന്നു.
ഉച്ച സമയത്തെ താമരശ്ശേരി ചുരകയറ്റം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ സമയം വരെ കാത്തിരുന്നത്. ബാഗും തോളിലിട്ട് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പേഴ്‌സില്‍ നിന്ന് പത്തു രൂപ എടുത്ത് അയാള്‍ക്ക് നല്‍കിയപ്പോള്‍ പടക്കക്കൂടിന്റെ വെള്ളി നിറം കലര്‍ന്ന കൈവെള്ളയിലായി അയാള്‍ ഒരു പടക്ക പാക്കറ്റ് എനിക്കു നേരെ നീട്ടി. വേണ്ടെന്ന് അറിയിച്ചതോടെ അയാള്‍ ശങ്കിച്ചു. “വെറുതെ എന്തിനാ മോനെ പൈസ…” രൂപ എന്റെ നേര്‍ക്കു തന്നെ നീട്ടി അയാള്‍ ആരാഞ്ഞു. “വെറുതെയല്ല ചേട്ടാ… ഇത് പൊട്ടിച്ച് രസിക്കാന്‍ ഉള്ളതല്ലേ… ഒരു പാക്കറ്റ് മുഴുവന്‍ ചേട്ടന്‍ എന്റെ മുന്നിലിട്ടു പൊട്ടിച്ചു. ഞാന്‍ ആവോളം രസിച്ചു. അതിനാണ് ഒരു പാക്കറ്റിന്റെ പൈസ… ആര് എറിഞ്ഞാലും അത് പൊട്ടും…“കേട്ട മാത്രമില്‍ ഒരു നിര്‍വൃതിയോടെ അയാള്‍ പൈസ തിരികെ പോക്കറ്റിലാക്കി. “മോന്‍ എങ്ങോട്ടാ..?” ആ തേട്ടത്തിന് വെങ്ങപ്പള്ളിയിലേക്ക് എന്ന് ഉത്തരം നല്‍കി ഞാന്‍ തിരിഞ്ഞു നടന്നു. പൊറ്റക്കാടിനു പുറകിലുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ ഉറപ്പായും അയാള്‍ എന്നെ തന്നെ നോക്കിയിരിപ്പാവും…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.