6 May 2024, Monday

ജാഗ്രതയുടെ സാംസ്കാരിക ഹൃദയപക്ഷം

ജയൻ നീലേശ്വരം
September 10, 2023 2:45 am

ഫാസിസത്തിനെതിരെയും സാംസ്കാരിക ജീർണ്ണതയ്ക്കെതിരെയും ആശയങ്ങളുടെ ശക്തി ദുർഗം തീർത്തുകൊണ്ടാണ് യുവകലാസാഹിതി സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 18 19 20 തീയതികളിൽ കോഴിക്കോട് വിവിധ വേദികളിൽ നടന്നത്. വ്യത്യസ്തങ്ങളായ സാംസ്കാരിക മേഖലകളിൽ അനുബന്ധ പരിപാടികൾ നടത്തിക്കൊണ്ട് യുവകലാസാഹിതി സംസ്ഥാന സമ്മേളനം മാതൃകയായി. സമ്മേളനത്തിന്റെ സന്ദേശം കേരളമൊട്ടുക്ക് പ്രസരിപ്പിക്കുന്നതിനായി ഓരോ ജില്ലകളിലും വിവിധ വിഷയങ്ങളിൽ പരിപാടികൾ നടത്തിയതും ശ്രദ്ധേയമായി.
‘ജാതിയല്ല, മതമല്ല, മനുഷ്യനാണ് ’ എന്ന പ്രസക്തമായ മുദ്രാവാക്യമാണ് യുവകലാസാഹിതി ഉയർത്തുന്നത്. ജാഗ്രതയുടെ സാംസ്കാരിക ഹൃദയപക്ഷമാണ് യുവകലാസാഹിതി. മനുഷ്യവംശത്തിന്റെ നിലനിൽപ്പ് കണക്കിലെടുക്കാതെ എല്ലാം നശിപ്പിച്ചുകൊണ്ട് സർവ മേഖലകളിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്തം സൃഷ്ടിച്ച ആഗോളതാപനം കനത്ത വെല്ലുവിളി മനുഷ്യരാശിക്ക് മുന്നിൽ ഉയർത്തുന്നു. വികസനം എന്ന ഓമനപ്പേരിട്ട് കൊണ്ട് മുതലാളിത്ത നിർമ്മാണമാതൃകകളെ ഭരണാധികാരികൾ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നു. ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് കെ — റെയിൽ അടക്കമുള്ള മുതലാളിത്ത വികസന മാതൃകകളെ തുറന്നു കാട്ടാൻ യുവകലാസാഹിതി തയ്യാറായി. പ്രകൃതിയുടെ നിലനിൽപ്പിനു വേണ്ടിയുള്ള ഈ നിലപാടുകളാണ് യുവകലാസാഹിതിയെ കേരളത്തിന്റെ സാംസ്കാരിക ജാഗ്രതയുടെ ഹൃദയപക്ഷമാക്കി മാറ്റിയത്. ദീർഘകാലത്തെ ഇടവേളക്ക് ശേഷം നടന്ന സംസ്ഥാന സമ്മേളനം യുവകലാസാഹിതി പ്രവർത്തകരുടെ വൈകാരികമായ കൂടിച്ചേരലും കൂടിയായി.

ആഗസ്റ്റ് 16ന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമ്മത്തണലിൽ ചേർന്ന ചിത്രകാരകൂട്ടായ്മയോടെയാണ് സംസ്ഥാന സമ്മേളന പരിപാടികൾ ആരംഭിച്ചത്. ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടന്ന പരിപാടി ചിത്രകാരൻ മദനന്‍ ഉദ്ഘാടനം ചെയ്തു. കലാപത്തിന് നേരെയുള്ള പ്രതിഷേധം നിറയ്ക്കുന്ന ചിത്രം വരച്ചാണ് മദനൻ പരിപാടി ഉദ്ഘാടനം ചെയ്തത് . ടി കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സതീഷ് ചളിപ്പാടം, അജിത നമ്പ്യാർ, എ പി കുഞ്ഞാമു, ബൈജു ലൈല രാജ്, ജഹാൻ ബേബി, കെ വി സത്യൻ, ടി എം സജീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ആഗസ്ത് 17 ന് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്ന കാവ്യസായാഹ്നം ശ്രദ്ധേയമായി. കവി എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിലപാടുകൾ കൊണ്ട് കവിതയായി മാറിയ പ്രസ്ഥാനമാണ് യുവകലാസാഹിതിയെന്ന് അദ്ദേഹം പറഞ്ഞു. പൂനൂർ കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. ആര്യാ ഗോപി, ശ്രീനി എടച്ചേരി, മുണ്ട്യാടി ദാമോദരൻ, അബ്ദുള്ള പേരാമ്പ്ര, ബൈജു ലൈല രാജ്, ലത്തീഫ് പറമ്പിൽ, അനീസ സുബൈദ, വരദേശ്വരി, അഷ്റഫ് കല്ലോട്, കെ ഗായത്രി, കലാം വെള്ളിമാട്, ശ്രീജ ചേളന്നൂർ, റുക്സാന കക്കോട്, അജിത മാധവ്, ആയിഷ കക്കോടി, മിഥിലാജ് തച്ചംപൊയിൽ, നിഷ ആർ രാജലക്ഷ്മി, യെപ്പിക് യോഗ ബാബു തുടങ്ങിയവർ കവിത അവതരിപ്പിച്ചു.

ആഗസ്ത് 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ പഴമയൊരഴക് എന്ന പേരിൽ ജിതിനം രാധാകൃഷ്ണന്റെ പുരാവസ്തു പ്രദർശനം നടത്തി. ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു. പി കെ നാസർ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് സമ്മേളനത്തിന്റെ വർണാഭമായ വിളംബരജാഥ ടി കെ രാജൻ ഫ്ലാഗ് ഓഫ് ചെയതു. ജാഥ മാനാഞ്ചിറ എസ്ബിഐ ജങ്ഷനിൽ നാടകാചാര്യൻ കെ ടി മുഹമ്മദ് പ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച് എസ് കെ പൊറ്റെക്കാട്ട് പ്രതിമയ്ക്കടുത്തു കൂടി ടൗൺ ഹാളില്‍ എത്തിച്ചേർന്നു. തുടര്‍ന്ന് നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ചലച്ചിത്രനടിയും സംവിധായികയും ആക്ടിവിസ്റ്റുമായ ആയിഷ സുൽത്താന ഉദ്ഘാടനം ചെയ്തു. ഫാസിസം ജീവിത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കുമ്പോൾ ഉറുമ്പുകളെപ്പോലെ നാമെല്ലാം പരസ്പരം കൈകോർത്ത് ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. ടി വി ബാലൻ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, ഗീതാ നസീർ, പി എൻ ഗോപീകൃഷ്ണൻ, ഇ എം സതീശൻ, അജിത് കൊളാടി, സത്യൻ മൊകേരി, വിനോദ് കൃഷ്ണ, കെ ബിനു, അഷ്റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. ഡോ.ശശികുമാർ പുറമേരി സ്വാഗതവും നിധീഷ് നടേരി നന്ദിയും പറഞ്ഞു. തുടർന്ന് സാമ്യ സുകുമാരന്റെ നേതൃത്വത്തിൽ കലാമണ്ഡലം ആതിര പ്രകാശ് , സിന്ധു ഉണ്ണിക്കൃഷ്ണൻ എന്നിവർ കലാഞ്ജലി ഫൗണ്ടേഷൻ കോഴിക്കോട് ചാപ്റ്ററിന് വേണ്ടി മോഹിനിയാട്ടം അവതരിപ്പിച്ചു. 

ആഗസ്ത് 19ന് നളന്ദ ഹാളിലെ ഒഎൻവി നഗറിൽ നടന്ന സാംസ്കാരിക സമ്മളനം തമിഴ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സൽമ ഉദ്ഘാടനം ചെയ്തു. ഒരു നാട്, ഒരു ഭാഷ, ഒരു സംസ്കാരം എന്ന അവസ്ഥ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. സമസ്ത മേഖലകളിലും ഫാസിസം പിടിമുറുക്കുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ ഈ നയത്തിന്റെ പ്രതിഫലനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ പ്രതിരോധിക്കാനായി പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടത് മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു. കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ചോദ്യം ചോദിക്കാൻ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ഇടപെടാനും എഴുത്തുകാർ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന ജീർണതയിൽ നിന്ന് ഊർജം സംഭരിച്ചാണ് ഫാസിസം വളരുന്നതെന്ന് ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു. ഇ എം സതീശൻ അധ്യക്ഷത വഹിച്ചു. ജയൻ നീലേശ്വരത്തിന്റെ കവിതകൾ ‘ചുണ്ടൊപ്പ്’ ഡോ. ഒ കെ മുരളീകൃഷ്ണന്റെ കഥകൾ ‘ഗസൽ’ എന്നിവ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. മാധവൻ പുറച്ചേരി, ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ പുസ്തകങ്ങളുടെ ആദ്യപ്രതി സ്വീകരിച്ചു. സമ്മേളന സപ്ലിമെന്റ് സൽമ പ്രകാശനം ചെയ്തു.

വിൽസൺ സാമുവൽ, പ്രൊഫ.എസ് അജയൻ, ഡോ. വി എൻ സന്തോഷ് കുമാർ, അഷ്റഫ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രചനാ മത്സര വിജയി കൾക്കു പുരസ്കാരങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു. യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഒരുക്കിയ ടി പവിത്രൻ മാടായി സംവിധാനം ചെയ്ത ഡോ. ടി പി സുകുമാരന്റെ നാടകം ആയഞ്ചേരി വല്യശ്മാൻ പ്രദർശിപ്പിച്ചു. ആക്ഷേപഹാസ്യത്തിലൂടെ അധികാരത്തിന്റെ അശ്ലീലം തുറന്നു കാട്ടുന്ന നാടകം സമ്മേളനത്തിന് വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്നവർക്ക് പുതിയ അനുഭവമായിരുന്നു. ആഗസ്റ്റ് 20 ന് നടക്കാവ് ജിവിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലെ മണിയൂർ ഇ ബാലൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് യുവകലാസാഹിതി രക്ഷാധികാരി ഗീതാനസീർ പതാകയുയർത്തി. എഴുത്തുകാരനും യുവകലാസാഹിതി ആദ്യകാല നേതാവുമായ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശരിയായ ജനാധിപത്യത്തിൽ ഫാസിസത്തിനിടമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം കറപുരളാത്തതും വിഭാഗീയതയ്ക്ക് കീഴ്പ്പെടാത്തതുമാണെങ്കിൽ ക്ഷേമരാഷ്ട്രം സാധ്യമാണ്. ഇന്ത്യയുണ്ടായ കാലം മുതൽ ഒരു സർക്കാരും ജനങ്ങളെ പൂർണമായും പ്രതിനിധാനം ചെയ്തിട്ടില്ല. ചെറിയൊരു വിഭാഗത്തിന് അധികാരത്തിലേറാൻ ആളുകളെ ജാതി — മതാടിസ്ഥാനത്തിൽ വിഭജിച്ച് വച്ചിരിക്കുകയാണ്. ജനാധിപത്യത്തെ ശുദ്ധീകരിക്കാൻ ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തു കാരും കലാകാരന്മാരും തയ്യാറാകണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ എം സതീശൻ, വി ടി മുരളി, ടി വി ബാലൻ, മാധവൻ പുറച്ചേരി, കെ കെ ബാലൻ, അജിത നമ്പ്യാർ, വി ആയിഷ ബീവി, ശാരദാമോഹൻ, എ പി കുഞ്ഞാമു, ബിജു ശങ്കർ, കെ ബിനു, സി ഒ പൗലോസ്, അഡ്വ. സി എ നന്ദകുമാർ, ടി യു ജോൺസൺ എന്നിവർ പ്രസംഗിച്ചു. എ പി കുഞ്ഞാമു സ്വാഗതഭാഷണം നടത്തി.
‘ഇനി വരുന്നൊരു തലമുറയ്ക്ക്’ എന്ന പരിസ്ഥിതിഗാനമെഴുതിയ ഇഞ്ചക്കാട് ബാലചന്ദ്രൻ , ആദ്യകാല സംഘടനാ പ്രവർത്തകരായ ചാരുംമൂട് പുരുഷോത്തമൻ, കെ ജി കോമളൻ, സി എം കേശവൻ, ടി പി മമ്മു, കൽപ്പന പള്ളത്ത് എന്നിവരെ ആദരിച്ചു.

ഇന്ത്യയെന്ന മഹത്തായ ആശയത്തെ കുഴിച്ചു മൂടാൻ ഫാസിസ്റ്റ് ശക്തികൾ ആസൂത്രിതമായ ഗൂഢനീക്കങ്ങൾ നടത്തുകയും മുതലാളിത്തം അധികാരിവർഗവുമായി ചങ്ങാത്തം കൂടിയിട്ട് ലാഭത്തിന്റെ ദുരാർത്തി സാധിക്കുന്നതിനായി പ്രകൃതിക്ക് നേരെയും സാധാരണക്കാരുടെ നേരെയും യന്ത്രക്കൈകകൾ ഉയർത്തി ഭീഷണിയുണ്ടാക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് സംഘപ്രതിരോധത്തിന്റെ പ്രത്യാശ നൽകിക്കൊണ്ടാണ് സമ്മേളനം അവസാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.