28 April 2024, Sunday

Related news

April 27, 2024
April 25, 2024
April 24, 2024
April 18, 2024
April 18, 2024
April 16, 2024
April 13, 2024
April 8, 2024
April 6, 2024
April 4, 2024

ജനുവരി 16 പ്രേംനസീറിന്റെ മുപ്പത്തിയഞ്ചാം ഓര്‍മ്മദിനം: ഓര്‍മ്മയില്‍ ഒളിമങ്ങാതെ നിത്യഹരിത നായകന്‍

മനോഹരൻ വെങ്ങര
January 14, 2024 7:30 am

പ്രേംനസീർ എന്ന മഹാമേരു മുപ്പത്തിയെട്ടു വർഷമാണ് മലയാള സിനിമയുടെ സുൽത്താനായി വാണത്. അകാലത്തിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടും മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. ചലച്ചിത്ര നിർമ്മാണരംഗവും പ്രദർശനശാലകളും പ്രേംനസീർ യുഗത്തിൽ ഉത്സവപ്പറമ്പുപോലെ ആളും ആരവും കൊണ്ടു ചലനാത്മകമായിരുന്നു. പ്രേംനസീർ എന്ന മലയാളസിനിമയുടെ ഒരേയൊരു രക്ഷകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ബന്ധിയാക്കുകയാണെങ്കിൽ വ്യവസായം ഏതേതുരീതിയിൽ നിശ്ചലത തീണ്ടുമെന്ന് നാലുപതിറ്റാണ്ടു മുൻപുതന്നെ ദീർഘവീക്ഷണം ചെയ്ത സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ. പ്രേംസീറിനെ കാണ്മാനില്ല എന്നപേരിൽത്തന്നെയായിരുന്നു സിനിമ പുറത്തിറങ്ങിയതും. 

പ്രസ്തുത സിനിമവഴി ലെനിൻ രാജേന്ദ്രൻ അന്ന് എന്താണോ വിഭാവനം ചെയ്തത്, അത്തരമൊരു ശൂന്യാവസ്ഥയാണ് ഇന്ന് മലയാള ചലച്ചിത്രമേഖലയിൽ നിലനിന്നുപോന്നത്. മഹാബലി എന്ന പേരിലൂടെ സംവിധായകൻ ശശികുമാർ കേരള ജനതയെ മാവേലി നാടിന്റെ ഗൃഹാതുരത്വത്തിലേയ്ക്കു വഴിതിരിച്ചു വിടാനും പ്രേംനസീർ എന്ന ആപാദചൂഢം വിശുദ്ധിയാർജിച്ച ഒരു ജനനായകന്റെ അനിവാര്യതയെയായിരുന്നു ബോധ്യപ്പെടുത്തിയത്. രാഷ്ട്രീയരംഗത്തെ അപചയങ്ങളെ ശുദ്ധീകരിക്കാനും ഭരണാധിപൻ എന്നനിലയിൽ പ്രേംനസീറിന്റെ പ്രാതിനിധ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് ആലപ്പി അഷറഫും മുഖ്യമന്ത്രി എന്നപേരിലുള്ള സിനിമയിലൂടെ പരീക്ഷണാർത്ഥം ശ്രമിക്കുന്നു. മൂന്നുചിത്രങ്ങളും പ്രേംനസീർ എന്ന വിശുദ്ധ നാമധേയം മൂന്നരക്കോടിയോളം വരുന്ന മലയാളികളുടെ ചിന്തകളെ എത്രമാത്രം കാവ്യാത്മകമായി സ്വാധീനിച്ചു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്. 

പ്രേംനസീറിന്റെ വ്യക്തിമഹാത്മ്യ പരാമർശങ്ങളുടെ ബാഹുല്യത്തിൽ മുങ്ങിപ്പോകുന്നതാണ് അദ്ദേഹത്തിന്റെ അഭിനയശേഷിയുടെ അളവു കോലുകൾ. വിവിധഭാഷകളിലായി അഞ്ഞൂറ്റി നാല്പതോളം ചിത്രങ്ങളിലെ നായകനെന്ന നിലയിലാണ് പ്രേംനസീർ ലോകാരാധ്യത കൈവരിച്ചിരിക്കുന്നത്. അവയിൽ ഇരുപത് ശതമാനം കഥാപാത്രങ്ങളെങ്കിലും നടനമികവിന്റെ ഉത്തമോദാഹരണങ്ങളാണ്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികൾ ചലച്ചിത്രഭാഷ്യം പൂണ്ടപ്പോഴൊക്കെയും നായകസ്ഥാനത്ത് പ്രേംനസീറിനെയല്ലാതെ മറ്റൊരു പ്രതിഭയ്ക്കു പ്രഥമഗണനീയത ലഭിച്ചതുമില്ലെന്നത് അതിന്റെ മകുടോദാഹരണങ്ങളാണ്. 

മലയാള സിനിമ ഇന്ത്യൻ ചലച്ചിത്ര ഭാഷ്യങ്ങൾക്കു സംഭാവന നല്കിയ ഉജ്ജ്വല പ്രതിഭയായിരുന്നു മലയാളത്തിലെ സമശീർഷനായ നായകന്മാരിൽ ഒരാളായ സത്യനെങ്കിലും, അവിടെയും കാല്പനിക ലാവണ്യത്തിന്റെ ഇതിഹാസമായ പ്രേംനസീർ തന്നെയായിരുന്നു മിക്ക ചിത്രങ്ങളിലും ഒരുപടിമീതെ പ്രാമുഖ്യം ലഭിച്ച താരം. പ്രേംനസീറും സത്യനും 1951‑ൽ ചിത്രീകരിച്ച ത്യാഗസീമയാണ് പ്രേംനസീറിനൊപ്പം സത്യന്റെയും അരങ്ങേറ്റ ചിത്രം എന്ന യാദൃച്ഛികതയുമുണ്ട്. അന്ന് പൊലീസ് സേനയിൽ ഇൻസ്പെക്ടർ ആയിരുന്ന എം സത്യനേശൻ നാടാർ എന്ന സത്യനെ പ്രശസ്ത സംഗീതജ്ഞൻ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരാണ് കൗമുദി ബാലകൃഷ്ണന് പരിചയപ്പെടുത്തുന്നത്. ചിറയിൻകീഴ് അബ്ദുൾ ഖാദർ എന്നതായിരുന്നു പ്രേംനസീറിന്റെ യഥാർത്ഥ നാമധേയം. വിദ്യാർത്ഥി ജീവിത കാലയളവിലെ അഭിനയമത്സരത്തിന്റെ വിധികർത്താവായിരുന്നു പ്രേംനസീറിന് സിനിമയിലേയ്ക്കുള്ള വഴികാട്ടിയായി മാറിയത്. അതിനാൽത്തന്നെ പ്രേംനസീറും, സത്യനും തമ്മിൽ ഇരുപതു വയസിന്റെ പ്രായവ്യത്യാസവുമുണ്ടായിരുന്നു. രണ്ടുപേരുടെയും ആദ്യചിത്രമായ ത്യാഗസീമയുടെ ചിത്രീകരണം പാതിവഴിയിൽ നിലച്ചുപോയതിനാൽ പ്രദർശിക്കപ്പെട്ടതുമില്ല. മൂന്നാമതു ചിത്രമായ ഉദയായുടെ വിശപ്പിന്റെ വിളി തൊട്ടാണ് ചിറയിൻകീഴ് അബ്ദുൾ ഖാദർ പ്രേംനസീർ എന്ന ചലച്ചിത്ര നാമധേയംകൊണ്ട് അടയാളപ്പെട്ടത്. തിക്കുറിശി സുകുമാരൻ നായരായിരുന്നു അതിന്റെ കാരണഭൂതൻ. 

1980-വരെയുള്ള കാലയളവിൽ മലയാളത്തിൽ ആകെ ആയിരം സിനിമകൾ പ്രദർശനത്തിനെത്തിയപ്പോൾ അവയിൽ പകുതിയിലേറെയും പ്രേംനസീർ നായകനായി പ്രദർശനശാലകളെ ആഘോഷത്തിമിർപ്പിൽ ആറാടിച്ചവയായിരുന്നു എന്ന യാഥാർത്ഥ്യം മേല്‍പ്പറഞ്ഞ സാക്ഷ്യങ്ങളെ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ലോക റിക്കാർഡുകളുടെ കാര്യത്തിലും പ്രേംനസീറിന്റെ പേരുമായി ചേർത്തുപറയാൻ ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങളിലെ താരജോടിയുമായി ചേർത്തുള്ളതാണ് അവയിൽ പ്രധാനം. ഷീല എന്ന നായികാതാരം 102 ചിത്രങ്ങളിലാണ് പ്രേംനസീറിന്റെ ജോടിയായി തിളങ്ങിയത്. തൊട്ടുപിന്നാലെ 96 ചിത്രങ്ങളുമായി ജയഭാരതിയുമുണ്ട്. നായകനായ പ്രേംനസീറിനെക്കാൾ പ്രതിഫലം കൈപ്പറ്റിയ ഏക നായിക എന്ന ഖ്യാതിയും ഷീലയ്ക്ക് അവകാശപ്പെട്ടതാണ്. 

മിസ് കുമാരി മുതൽ ഉണ്ണിമേരി വരെ എൺപതോളം നായികമാരാണ് പ്രേംനസീറിന്റെ നായികമാരായി മറ്റൊരു ലോകറിക്കാർഡിന് അവസരമേകിയത്. ശശികുമാർ എന്ന ഒറ്റ സംവിധായകനു കീഴിൽ എൺപത് ചിത്രങ്ങളിലുള്ള നായകവേഷങ്ങളും, ഒരേ സംവിധായകൻ ഒരുവർഷം ചെയ്ത 16 സിനിമകളിലെ നായകൻ, 1977–1983 വർഷങ്ങളിൽ 27 ചിത്രങ്ങൾ വീതമുള്ള നായകവേഷങ്ങൾ എന്നിവയെല്ലാം ലോകറിക്കാർഡുകളായി അടയാളപ്പെട്ടവയാണ്. 

പേർഷ്യൻ മഹാകവിയായ നിസാമിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ലൈലാ മജ്നു എന്ന വിഖ്യാത കൃതി ഇരുപത്തിയൊന്ന് ലോകഭാഷകളിൽ അഭ്രരൂപം പൂണ്ടപ്പോൾ മലയാളത്തിലിറങ്ങിയ സിനിമയില്‍ പ്രേംനസീർ ആയിരുന്നു നായകൻ.
ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി അന്നത്തെ പ്രഗത്ഭരായ താരങ്ങളായ ജഹനാര കജ്ജൻ, ഹൈദർ ഷാ, ഋഷി കപൂർ, നാഗേശ്വര റാവു, ടി ആർ മഹാലിംഗം എന്നിവരാണ് നായകന്മാരായി അണിനിരന്നതെങ്കിലും വാണിജ്യപരമായി ചിത്രങ്ങൾ പരാജയപ്പെട്ടു.
മറ്റെല്ലാ ഇന്ത്യൻ ഭാഷാച്ചിത്രങ്ങളിലെയും നായകരെയും പ്രേംനസീർ മജ്നുവിലൂടെ അസ്തപ്രജ്ഞനാക്കിക്കളഞ്ഞു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും ആദ്യകാലത്ത് പ്രേംനസീർ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുനർജ്ജന്മം എന്ന സിനിമയുടെ ഹിന്ദി പതിപ്പ് പ്രേംനസീറിന്റെ തുടർച്ചയായ ഡേറ്റുകൾ ലഭ്യമാകാത്തതിനാൽ മാത്രം ഉപേക്ഷിക്കപ്പെടേണ്ടിയും വന്നിട്ടുണ്ട്. 

ഹൈദരാബാദ് കേന്ദ്രമായ ബൈക്കോ പബ്ലിഷേഴ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച The Great­est Human­ists of 20th Cen­tu­ry എന്ന ഗ്രന്ഥത്തിൽ ലോകാരാധ്യരായ ഇരുന്നൂറ് മഹദ് പ്രതിഭകളിൽ ഉൾപ്പെട്ട ഒരേയൊരു മലയാളിയും പ്രേംനസീർ ആയിരുന്നു. പ്രേംനസീറിന്റെ ഭാവാഭിനയത്തെക്കുറിച്ചു വിമർശിക്കുന്നവരിലേറെയും പറഞ്ഞത് അദ്ദേഹം കൈയാളിയ കഥാപാത്രങ്ങളിലെ ചർവിതചർവണത്തെ സംബന്ധിച്ചാണെന്നു നിരീക്ഷിക്കാനാവുന്നതാണ്. പക്ഷെ, തന്റെ അനുഭവങ്ങളെ മനുഷ്യാനുരാഗത്തിന്റെ അനുഭൂതിയാക്കി മാറ്റുക എന്നതായിരുന്നു കൈയാളിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയാന്തരാളങ്ങളിൽ ഓളങ്ങളായി ഒഴുക്കിവിട്ടത്. അതാകട്ടെ, മനുഷ്യനന്മയുടെ തന്നെ ഉദാത്തമായ അനുഭവങ്ങളാണ്. മരംചുറ്റി പ്രണയരംഗങ്ങളിൽ പോലും അദ്ദേഹത്തിന്റെ ഉള്ളിൽ മനുഷ്യരാശിയെ ചൊല്ലിയുള്ള പ്രണയാർദ്രതയാണ് അലയടിച്ചത്. അത്തരമൊരു വൈകാരികത മനുഷ്യാനുരാഗത്തെയാണ് പ്രതിനിധാനം ചെയ്തതും. അതിനാലാണ് പ്രേംനസീർ തികഞ്ഞ മതേതരവാദിയായി അറിയപ്പെട്ടതും.

മലയാള ചലച്ചിത്ര ഗാനശാഖയെ ഇത്രത്തോളം ജനകീയമാക്കുന്നതിൽ പ്രേംനസീർ നിസ്തുലമായ പങ്കാണ് വഹിച്ചത്. ഗായകനും, കഥാപാത്രങ്ങളും തമ്മിലുള്ള രസതന്ത്രത്തെ വേർതിരിച്ചറിയാനാവാത്ത തുലനാവസ്ഥ പ്രാപിക്കുന്നതും പ്രേംനസീറിന്റെ കാര്യത്തിൽ മാത്രമാവും. അതിനാലാണ് ഗാനഗന്ധർവൻ യേശുദാസിന്റെ സ്വർഗീയ സ്വരമാധുരി പ്രേംനസീറിന്റെ അധരചലനങ്ങളോടു അണുവിടതെറ്റാതെ ലയവിന്യാസം പ്രാപിച്ച് ജനകോടികളുടെ പഞ്ചേന്ദ്രിയങ്ങളെ സ്വരരാഗ ഗംഗാപ്രവാഹസമാനം കോൾമയിർക്കൊള്ളിക്കുന്നതും. ഒരു നായകനു വേണ്ടി ഇത്തരത്തിൽ ഒരേഗായകൻ ഗാനാലാപനം നടത്തിയ എണ്ണവും പ്രേംനസീറിന്റെ പേരിനൊപ്പം ചേർത്തുപറയാവുന്ന ലോകറിക്കാർഡുകളിൽ മറ്റൊന്നാണ്. 38 വർഷക്കാലം മലയാള ചലച്ചിത്രരംഗത്ത് എതിരാളികൾ ഇല്ലാതെ ജനപ്രിയ നായകനായി വാണ പ്രേംനസീറിന് സഹപ്രവർത്തകർ ‘സുൽത്താൻ’ എന്ന അപരനാമധേയം നല്കി ആദരം പ്രകടിപ്പിച്ചിരുന്നു. 38 വർഷങ്ങൾക്കിടയിലെ അനസ്യൂതമായ കാലപ്രവാഹത്തിനിടയിൽ പക്ഷെ, സംസ്ഥാനതലത്തിൽ നിന്നും1981 വർഷം വിടപറയും മുമ്പേ എന്ന ചിത്രത്തിലെ പ്രകടനത്തെ മാനിച്ച് നല്കിയ സ്പെഷ്യൽ ജൂറി പുരസ്കാരം മാത്രമാണ് ഔദ്യോഗിക അംഗീകാരത്തിന്റെ പട്ടികയിൽ ചൂണ്ടിക്കാട്ടാനുള്ളത് എന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യൻ സിനിമയ്ക്കു നല്കിയ സമഗ്ര സംഭാവനകളെ മാനിച്ച് 1983‑ൽ രാഷ്ട്രം പ്രേംനസീറിനെ പത്മഭൂഷൺ നല്‍കി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയുടെ നൂറാംവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് ആദരസൂചകമായി പുറത്തിറക്കിയ 50 ചലച്ചിത്ര പ്രതിഭകളിൽ മലയാളത്തിൽനിന്നുള്ള പ്രാതിനിധ്യം ലഭിച്ച ഏക വ്യക്തിയും പ്രേംനസീർ ആയിരുന്നു. 

സഹാനുഭൂതി, കാരുണ്യം, സമഭാവന, ക്ഷമ ഇവയെല്ലാം പേരുപോലെ പ്രണയ സുരഭിലമായ ഒരുയുഗത്തിന്റെ പൗർണമി ചന്ദ്രികയായി വിളങ്ങിയ പ്രതിഭാസത്തെ പ്രേംനസീർ എന്നല്ലാതെ മറ്റെന്തു പേരുചൊല്ലിയാണ് വിളിക്കുക? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.