25 May 2024, Saturday

പ്രയാര്‍ പ്രഭാകരനെന്ന വചനസാഗരം

പി കെ അനില്‍കുമാര്‍
May 5, 2024 8:35 am

മലയാളത്തിന്റെ എക്കാലത്തേയും മഹാനായ പത്രാധിപരും ബഹുമുഖ പ്രതിഭയുമായിരുന്ന കാമ്പിശേരി ജനയുഗത്തിന്റെ എഡിറ്ററായിരിക്കുന്ന കാലം. ഒരു ദിവസം അതിരാവിലെ അഞ്ച് മണിക്ക് ആരോ മുട്ടുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നുനോക്കിയ കാമ്പിശേരി കാണുന്നത് കോപിഷ്ഠനായി നില്‍ക്കുന്ന മുണ്ടശേരിയെ. കാമ്പിശേരിയെ കണ്ടമാത്രയില്‍ കുശലാന്വേഷണങ്ങളൊന്നും തന്നെയില്ലാതെ മുണ്ടശേരിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം. ”ആരാണ് പ്രയാര്‍ പ്രഭാകരന്‍?”
ചോദ്യം കേട്ടപ്പോള്‍ തന്നെ കാമ്പിശ്രിക്ക് കാര്യം മനസിലായി. ജനയുഗത്തിന്റെ മുന്‍ലക്കങ്ങളില്‍ ‘കവിതയ്ക്ക് ഭാവിയില്ല’ എന്ന തലക്കെട്ടോടെ മുണ്ടശേരി ഒരു തുടര്‍ലേഖനം എഴുതിയിരുന്നു. ലേഖനത്തിലെ പ്രധാന ആശയം ഭാരതീയകാവ്യപാരമ്പര്യത്തെക്കുറിച്ച് പഠിച്ച സാഹിത്യകാരന്‍മാരൊക്കെ രസത്തെക്കുറിച്ച് പറയാനാണ് ശ്രമിച്ചതെന്നും അതുകൊണ്ട് തന്നെ രസമാണ് കവിതയുടെ മര്‍മ്മം എന്നുമായിരുന്നു. നാടകാന്തം കവിത്വം എന്ന ദര്‍ശനത്തെ ഉദ്ധരിച്ചുകൊണ്ട് കവിതയുടെ ആത്മാവ് നാടകീയതയാണെന്നും ലേഖന പരമ്പരയില്‍ മുണ്ടശേരി എഴുതി. എന്നാല്‍ ഈ അഭിപ്രായങ്ങളെയെല്ലാം നിശ്ചിതമായി ഖണ്ഡിച്ചുകൊണ്ട് പ്രയാര്‍ പ്രഭാകരന്‍ ജനയുഗത്തില്‍ മുണ്ടശേരിക്ക് മറുപടി എഴുതി. ”ഇന്ത്യയിലാരും കവിതയുടെ മര്‍മ്മമാണ് രസമെന്നു പറഞ്ഞിട്ടില്ല. മര്‍മ്മം എന്നാല്‍ മരിപ്പിക്കുന്നത് എന്നാണര്‍ത്ഥം. അപ്പോള്‍ മുണ്ടശേരി പറഞ്ഞ ആശയാടിത്തറയില്‍ നിന്ന് നോക്കിയാല്‍ രസം എന്നത് സാഹിത്യത്തെ മരിപ്പിക്കുന്ന, നിശ്ചലമാക്കുന്ന ഏതോ വസ്തുവാണെന്നല്ലേ ചിന്തിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ മുണ്ടശേരിയുടെ അഭിപ്രായം ശരിയല്ലെന്നായിരുന്നു പ്രയാര്‍ പ്രഭാകരന്‍ ജനയുഗത്തില്‍ കുറിച്ചത്. ഈ ലേഖനമാണ് മുണ്ടശേരിയെ പ്രകോപിപ്പിച്ചതും പുലര്‍കാലേ തൃശൂരില്‍ നിന്നും അദ്ദേഹത്തെ കാമ്പിശേരിയുടെ വീട്ടുമുറ്റത്തെത്തിച്ചതും.
ആരാണ് പ്രഭാകരനെന്ന മുണ്ടശേരിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് കാമ്പിശേരി മറുപടി നല്‍കി. ”സ്വാമി ബ്രഹ്‌മവ്രതന്റെ മകന്‍. സംസ്‌കൃതപണ്ഡിതനായ പണിക്കര്‍ സാറിന്റെ ശിഷ്യന്‍. ഇവിടെ എസ് എന്‍. കോളേജില്‍ പഠിപ്പിക്കുന്നു.” ബ്രഹ്‌മവ്രതന്‍ എന്ന പേരുകേട്ടപ്പോള്‍ തന്നെ മുണ്ടശേരിയുടെ ദേഷ്യം ശമിച്ചു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ച പേരായിരുന്നു സ്വാമി ബ്രഹ്‌മവ്രതന്‍. ശങ്കരപിള്ളയെന്ന കുട്ടന്‍നായരുടെ അര്‍ത്ഥനിര്‍ഭരവും വശ്യവുമായ പ്രസംഗം കേട്ട വാഗ്ഭടാനന്ദനാണ് അദ്ദേഹത്തിന് സ്വാമി ബ്രഹ്‌മവ്രതന്‍ എന്ന പേര് നല്‍കിയത്. ആത്മവിദ്യാസംഘത്തിന്റെ പ്രചാരകനായി പില്‍ക്കാലത്ത് മാറിയ സ്വാമി ബ്രഹ്‌മവ്രതനാണ് മലയാള നാടകവേദിയിക്ക് സമ്പന്നമായ ആമുഖമെഴുതിയ ഓച്ചിറ പരബ്രഹ്‌മോദയ നടനസഭയുടെ സ്ഥാപകന്‍. ഞാനെങ്ങനെ ഒരു പ്രസംഗകനായി എന്ന ലേഖനത്തില്‍ ജനസഞ്ചയത്തെ മുഴുവന്‍ നിശബ്ദവും നിശ്ചലവുമാക്കിതീര്‍ത്ത സ്വാമി ബ്രഹ്‌മവ്രതന്റെ പ്രസംഗം തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോട് ആദരവോടെ പറയുന്നുണ്ട്.

സ്വാമി ബ്രഹ്‌മവ്രതന്റേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായാണ് 1930ല്‍ പ്രയാര്‍ പ്രഭാകരന്‍ ജനിച്ചത്. കേരളസാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ച പ്രയാര്‍ പ്രഭാകരന്‍ ഭാരതീയതത്വചിന്തയും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ച നിരൂപകനും കേരളം കാതോര്‍ത്ത ഉജ്ജ്വലപ്രഭാഷകരിലൊരാളുമായിരുന്നു. ദീര്‍ഘകാലം അധ്യാപകനും പുരോഗമനകലാസാഹിത്യ സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കരുത്തുറ്റ നേതാവുമായിരുന്നു അദ്ദേഹം. ദീര്‍ഘകാലം കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റീവ്‌സ് അംഗം, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും നിസ്തുലമായ വ്യക്തിമുദ്രകള്‍ പതിപ്പിക്കാന്‍ പ്രയാര്‍ പ്രഭാകരന് കഴിഞ്ഞിട്ടുണ്ട്.
പ്രഭാഷണത്തിലും കവിതയിലും അമ്മ ലക്ഷ്മിക്കുട്ടി അമ്മ തന്നെയായിരുന്നു ഗുരു. അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞതോടെ വിദ്യാഭ്യാസം വഴിമുട്ടിയ പ്രയാര്‍ പ്രഭാകരന്റെ രക്ഷയ്ക്ക് വലിയമ്മാവനെത്തി. കരുനാഗപ്പള്ളി പുതിയകാവ് സംസ്‌കൃത സ്കൂളില്‍ വലിയമ്മാവനൊപ്പം താമസിച്ച് പ്രഭാകരന്‍ ശാസ്ത്രി പാസായതിനെ തുടര്‍ന്ന് മലയാളം സാഹിത്യവിശാരദിന് പഠിക്കാനെത്തിയത് ബഹുഭാഷാപണ്ഡിതനും കവിയുമായ കെ കെ പണിക്കരുടെ സവിധത്തിലായിരുന്നു. അദ്ദേഹത്തിന്റെ മകളായ വസുന്ധതി പില്‍ക്കാലത്ത് പ്രയാര്‍ പ്രഭാകരന്റെ ജീവിത സഖിയായി. ദീര്‍ഘകാലം അധ്യാപികയായിരുന്ന വസുന്ധതി ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രയാര്‍ പ്രഭാകരന്റെ ധൈഷണികയാനത്തില്‍ നിര്‍ണായ പങ്കുവഹിച്ച വസുന്ധതി ടീച്ചര്‍ വാര്‍ധക്യ വിവശതകള്‍ക്കിടയിലും 94 വയസുള്ള പ്രയാര്‍ പ്രഭാകരന്റെ കാവലും കരുതലുമായി വര്‍ത്തിക്കുന്നു.
സാഹിത്യ വിശാരദ് പാസായതിനെ തുടര്‍ന്ന് ശൂരനാട് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി. അധ്യാപക വൃത്തിയോടൊപ്പം എം എ. പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് എസ് എന്‍. കോളജില്‍ അധ്യാപകനായി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റാശയങ്ങളില്‍ ആകൃഷ്ടനായി. കായംകുളം കായലിലെ വള്ളത്തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ പാര്‍ട്ടി നിയോഗിച്ചത് പ്രയാര്‍ പ്രഭാകരനെ ആയിരുന്നു. തന്റെ രാഷ്ട്രീയ ഗുരു ബന്ധുകൂടിയായ സഖാവ് ജി കാര്‍ത്തികേയനാണെന്ന് അദ്ദേഹം പറയുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പ്രഭാകരനില്‍ ആഴത്തില്‍ അവഗാഹമുണ്ടാക്കിയത് സഖാവ് ജി കാര്‍ത്തികേയനായിരുന്നു. ഹൈസ്‌കൂള്‍-കോളജ് അധ്യാപകനായിരിക്കുമ്പോള്‍ ഇടതുപക്ഷ അധ്യാപകപ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളിയായി മാറി.
എഴുത്തിന്റെ ലോകത്തേക്ക് പ്രയാര്‍ പ്രഭാകരനെയെത്തിച്ചത് സ്വാമി മുനിനാരായണ പ്രസാദാണ്. നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം പ്രസിദ്ധിനേടിയത് ഗുരു നിത്യചൈതന്യയതിയിലൂടെയും മുനി നാരായണ പ്രസാദിലൂടെയുമായിരുന്നു. ഗുരുകുലം മാസിക ഭാരതീയ കാവ്യശാസ്ത്രം എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഈ ലക്കത്തിലേക്ക് മുനിനാരായണ പ്രസാദിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ‘കവി, ഭാരതീയ ശാസ്ത്രത്തില്‍’ എന്ന ലേഖനം നല്‍കി. ലേഖനം നല്ല പ്രാധാന്യത്തോടെ വന്നു. എന്നാല്‍ കേവലം ഒരു സുവനീറില്‍ ഒതുക്കേണ്ട ലേഖനമല്ലിതെന്ന് പറഞ്ഞ് മുനിനാരായണ പ്രസാദ് ഗുരുകുലം പബ്ലിക്കേഷന്‍സ് വഴി ഇത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഈ ലഘുപുസ്തകം വിശാലാര്‍ത്ഥത്തില്‍ വികസിപ്പിച്ചെഴുതണമെന്ന് മുനിനാരായണ പ്രസാദ് നിര്‍ദ്ദേശിച്ചു. ഇക്കാലത്ത് എസ് എന്‍ കോളജില്‍ മലയാളം അധ്യാപകനായിരുന്നു പ്രയാര്‍ പ്രഭാകരന്‍. എം എ ക്ലാസില്‍ ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടായിരുന്നെങ്കിലും അതിനുപര്യാപ്തമായ പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ കുറവ് നികത്താന്‍ വേണ്ടികൂടിയാണ് ഭാരതീയ സാഹിത്യശാസ്ത്രപഠനങ്ങള്‍ എന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. ഭാരതീയ സാഹിത്യദര്‍ശനങ്ങളെക്കുറിച്ചുള്ള പ്രാമാണികഗ്രന്ഥമായി ഇന്നും ഈ പുസ്തകം നിലകൊള്ളുന്നു.
കെ പി അപ്പന്റെ നിര്‍ബന്ധത്താല്‍ പ്രയാര്‍ പ്രഭാകരനെഴുതിയ പുസ്തകമാണ് കവി-ഭാരതീയ സാഹിത്യ ശാസ്ത്രത്തില്‍. കൊല്ലം ശ്രീനാരായണ കോളജിലെ മലയാള വിഭാഗം ഈ രണ്ടുമഹാരഥന്മാരുടെ സാന്നിദ്ധ്യം കൊണ്ട് അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. വാക്കുകളെ നക്ഷത്രങ്ങളാക്കുകയും നൃത്തമാടിക്കുകയും ചെയ്ത കെ പി അപ്പന് പാശ്ചാത്യസാഹിത്യത്തിലായിരുന്നു ഏറെ അവഗാഹം. എന്നാല്‍ ഭാരതീയ കാവ്യദര്‍ശനങ്ങളില്‍ അത്രമേല്‍ അറിവുനേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് അപ്പന്‍സാര്‍ പ്രയാറിനോട് പറയാറുണ്ടായിരുന്നു. മാത്രമല്ല ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ആഴമറിഞ്ഞ പ്രയാര്‍ പ്രഭാകരന്‍ ഇതിനെ സംബന്ധിച്ച് പുസ്തകമെഴുതണമെന്ന് കെ പി അപ്പന്‍ നിര്‍ബന്ധിച്ചു. ആദ്യമൊന്നും കെ പി അപ്പന്റെ വാക്കുകളെ ഗൗരവമായെടുക്കാന്‍ പ്രയാര്‍ തയ്യാറായില്ല. എന്നാര്‍ കെ പി അപ്പന്‍ ഈ ആവശ്യവുമായി അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. സ്‌നേഹശാസനകളോടെ കലഹിച്ചു. കെ പി അപ്പന്റെ നിരന്തരമുള്ള നിര്‍ബന്ധത്തിന്റെ ഫലശ്രുതിയായി ഒടുവില്‍ ആ പുസ്തകം പിറവികൊണ്ടു, ‘കവി-ഭാരതീയ സാഹിത്യ ചരിത്രത്തില്‍.

’ ഈ പുസ്തകങ്ങള്‍ കൂടാതെ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെ, നാരായണഗുരു അഭേദദര്‍ശനത്തിന്റെ ദീപ്ത സൗന്ദര്യം, പ്രതിഭയുടെ പ്രകാശഗോപുരങ്ങള്‍, ആശാന്‍ കവിതയുടെ ഹൃദയതാളം, അനുഭൂതിയുടെ അനുപല്ലവി, സൗന്ദര്യബോധത്തില്‍ ഒരു കന്നിക്കൊയ്ത്ത്, വേദം-ആത്മവിദ്യയുടെ ആദിമരേഖ എന്നിവയും അദ്ദേഹം രചിച്ചിട്ടുണ്ട്. വയലാര്‍ കവിതകളുടെ വൈവിധ്യമാനങ്ങള്‍ തേടുന്ന അനുഭൂതിയുടെ അനുപല്ലവി എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് ഇഎംഎസ് ആയിരുന്നു. ദേശാഭിമാനിവാരികയിലെ തന്റെ പ്രതിവാരപംക്തിയില്‍ മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തെ ഗഹനമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന പി കെ പോക്കറിന്റേയും കെഇഎന്‍ കുഞ്ഞഹമ്മദിന്റെയും രീതിയില്‍ നിന്നും വ്യത്യസ്തമായി ലളിതമായി അവതരിപ്പിക്കുന്ന പ്രയാര്‍ പ്രഭാകരന്റെ രീതിശാസ്ത്രത്തെ ഇഎംഎസ് പ്രശംസിച്ചിട്ടുണ്ട്. ഇഎംഎസ് പ്രയാര്‍ പ്രഭാകരനെക്കുറിച്ചെഴുതിയത് ആ ധൈഷണികജീവിതത്തിനുള്ള ഏറ്റവും വലിയ അക്ഷരോപഹാരമാണ്. ഇഎംഎസ് എഴുതി. ”പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെയും ചേരിയിലാണ് പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ നിലയുറപ്പിച്ചിട്ടുള്ളത്. സാഹിത്യകാരന്റെ വ്യക്തിപ്രഭയില്‍ നിന്നുമാത്രമാണ് നല്ല സാഹിത്യം വരുന്നതെന്ന ആശയവാദസിദ്ധാന്തം അദ്ദേഹം അംഗീകരിക്കുന്നില്ല. സമൂഹത്തിന്റെ ജീവിതത്തിനു സാഹിത്യകാരന്റെ വ്യക്തിപ്രഭയിലുണ്ടാവുന്ന പ്രതികരണമായാണ് നല്ല സാഹിത്യം വരുന്നതെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു.”
സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് പുറമേ അബുദാബി തായാട്ട് ശക്തി അവാര്‍ഡ്, കുമാരനാശാന്‍ ദേശീയ സാംസ്‌ക്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാന്‍, ഡോ. സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക സമിതിയുടെ സാഹിത്യ പുരസ്‌കാരം തുടങ്ങിയവ പ്രയാര്‍ പ്രഭാകരന്റെ സര്‍ഗജീവിതത്തെ തേടിയെത്തിയിട്ടുണ്ട്. വാര്‍ധക്യത്തിന്റെ വിവശതകള്‍ അദ്ദേഹത്തെ ശയ്യാവലംബിയാക്കി. ഓര്‍മ്മകള്‍ ഇടയ്ക്കിടെ മുറിയുന്നുണ്ടെങ്കിലും ഉറവ വറ്റാത്ത ധിഷണയുമായി ഭാര്യ വസുന്ധതി ടീച്ചര്‍ക്കും മകന്‍ ഹരിക്കുമൊപ്പം ചുനക്കരയിലെ വീട്ടിലാണിപ്പോള്‍ പ്രയാര്‍ പ്രഭാകരന്‍. അച്ഛന്റെ നിറവാര്‍ന്ന വാക്കിന്റെ പൈതൃകം ഏറ്റുവാങ്ങി പുസ്തക പ്രസാധനരംഗത്തെ മൂല്യമുദ്രകളിലൊന്നായ ഫേബിയന്‍ ബുക്‌സിന്റെ അമരക്കാരനാണ് ഹരി. അധ്യാപികയായ ഹീര, കുസാറ്റില്‍ ജോലി ചെയ്യുന്ന മീര, ദൃശ്യമാധ്യമപ്രവര്‍ത്തകനായ ഹാരി എന്നിവരാണ് മറ്റ് മക്കള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.