23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

തൊഴിൽ സാധ്യതയുടെ തടസവും രൂപയുടെ മൂല്യഇടിവും

Janayugom Webdesk
June 27, 2022 5:10 am

വേശം പകരുന്ന പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വാതോരാതെ പ്രഖ്യാപിച്ചതുകൊണ്ട് വിശപ്പടക്കാൻ കഴിയില്ല. തൊഴിലാളികളുടെ ഭാവിയും, തലമുറകളുടെ തൊഴിൽ സാധ്യതയും വിലക്കയറ്റവുമാണ് ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമാണ് രാജ്യത്ത് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പട്ടിണിയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും പണപ്പെരുപ്പത്തിന്റേയും സൂചന പുറത്തുവന്നുകൊണ്ടിരിക്കുന്നു.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് 2022 മേയ് മാസത്തിൽ തൊഴിലില്ലായ്മയുടെ നിരക്ക് 7.12 ശതമാനമാണ്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനവും, നഗര മേഖലയിൽ 7.8 ശതമാനവുമാണ്. നരേന്ദ്രമോഡി അധികാരത്തിൽ വരുന്നതിന് മുൻപ് 2011–12ൽ 3.5 ശതമാനമായിരുന്നു. 2018നും 2022നും ഇടയിൽ തൊഴിലില്ലായ്മയും ദാരിദ്യ്രവും കൊണ്ടു പൊറുതിമുട്ടിയ 25,231 യുവാക്കൾ ആത്മഹത്യ ചെയ്തതായിട്ടാണ് റിപ്പോർട്ട്. പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും മൂലം വർഷന്തോറും ആയിരക്കണക്കിന് കർഷകരും ആത്മഹത്യ ചെയ്യുന്നതായിട്ടാണ്. വർഷന്തോറും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന മോഡി സർക്കാർ ഇന്ന് പത്തുലക്ഷമായി ചുരുക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രഖ്യാപനമാണിതെന്നു ഇതുവരെയുള്ള അനുഭവം സാക്ഷ്യപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ:  ഗുജറാത്തില്‍ ഇപ്പോഴും തൊട്ടുകൂടായ്മ


രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് വൻതോതിൽ വർധിച്ചു. കയറ്റുമതിയിൽ ഇടിവുമുണ്ടായി. രൂപയുടെ മൂല്യം 78.40 രൂപയായി ഇടിഞ്ഞതിനു പുറമെ ഈ സാമ്പത്തിക വർഷം ഏഴ് ശതമാനംവരെ മൂല്യം ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോൾ രൂപയുടെ മൂല്യം മൂന്നു രൂപ മുപ്പത് പൈസയായിരുന്നു. മോഡി സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ രൂപയുടെ മൂല്യം 45.32 ല്‍ എത്തി. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഉണ്ടായ രൂപയുടെ മൂല്യ ഇടിവ് 33.08. രൂപയുടെ മൂല്യത്തിൽ ഇത്രയേറെ ഇടിവ് ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല.

ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ പണിമുടക്കും പോരാട്ടങ്ങളും നിരവധി ഉണ്ടായിട്ടും ഭരണകൂടം അവഗണന തുടരുകയാണ്. നിലവിലുള്ള തൊഴിൽ നിയമങ്ങളെല്ലാം യാതൊരു ചർച്ചയും കൂടാതെ കോർപറേറ്റുകൾക്ക് അനുകൂലമായി പൊളിച്ചെഴുതി. തൊഴിലാളികളുടെയും യുവതലമുറയുടെയും ജീവന്റെയും ജീവിതത്തിന്റെയും ഭദ്രത തകർത്തു.

ദൈനംദിന ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും ചെറുകിടക്കച്ചവടക്കാരും വഴിയോരവാണിഭക്കാരും മരത്തിന്റെ പാതയിലാണ്. ജനങ്ങളുടെ കൈവശം പണമില്ലാതിരുന്നിട്ടും പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണമില്ലാതെ തുടരുന്നു.


ഇതുകൂടി വായിക്കൂ:  വിജയരഥമേറുന്ന കര്‍ഷക പ്രക്ഷോഭവും മാപ്പിരക്കുന്ന മോഡിയും


ശതകോടികളുടെ കിട്ടാക്കടം എഴുതി തള്ളിയും കോടികളുടെ നികുതി ഇളവുകൾ പ്രഖ്യാപിച്ചും കോർപറേറ്റുകൾക്ക് ആവേശം പകരുകയാണ്. 2014നു ശേഷം രാജ്യത്ത് ഓരോവർഷവും ശരാശരി 12,000 കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ എൺപതുശതമാനം പേരും ആത്മഹത്യ ചെയ്തത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെപോയതുമൂലമാണ്. ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും വായ്പ എടുത്തിരിക്കുന്നത് ദേശസാല്കൃത ബാങ്കുകളിൽ നിന്നുമാണ്.

റയിൽവേ സ്വകാര്യവല്ക്കരണത്തിനു തുടക്കമിട്ടു, സ്ഥിരം നിയമനത്തിനും സേവന‑പെൻഷൻ സുരക്ഷാ സംവിധാനങ്ങൾക്കും പേരുകേട്ട സൈനികസേവനത്തിനുപോലും താല്കാലികനിയമനമാണ് നടത്തുന്നതെങ്കിൽ എങ്ങനെയാണ് തൊഴിലില്ലായ്മ പരിഹരിക്കുക.

ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള പൊതുമേഖലയെ ശുഷ്കിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ തൊഴിൽ സുരക്ഷാ നിയമങ്ങൾ നീക്കം ചെയ്യുന്നു. പുതുതായി ഒരു തസ്തിക പോലും സൃഷ്ടിക്കപ്പെടുന്നില്ല. കൊല്ലങ്ങളായി പലസ്ഥാപനങ്ങളിലും നികത്താതെ കിടക്കുന്ന ഒഴിവുകൾ നികത്തുമെന്നാണ് ഈ അടുത്തകാലത്തു പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. റയിൽവേയിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും സേനാവിഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ. ഇതിലെല്ലാം സ്ഥിരം നിയമനത്തിനു പകരം കരാർ നിയമനമുണ്ടാകാനാണ് സാധ്യത. നിലവിൽ 8,75,158 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം പാർലമെന്റിൽ സമ്മതിച്ചിട്ടുള്ളതാണ്.

ലോകത്തെ ഏറ്റവും വലിയ വ്യവസായം ചില്ലറവ്യാപാരമാണ്. അതാകട്ടെ ഏതാനും ചില വിദേശകോർപറേറ്റുകളുടെ കൈപിടിയിലമർന്നു കൊണ്ടിരിക്കുകയാണ്. രണ്ടുകോടിയോളം വരുന്ന ചില്ലറവ്യാപാരികളും അഞ്ചുകോടിയോളം വരുന്ന വഴിവാണിഭക്കാരും അവരെ ആശ്രയിച്ചുകഴിയുന്ന 25 കോടി ജനങ്ങളുടെയും ജീവനോപാധിയാണ് തകരാൻ പോവുന്നതെന്നാണ് മിക്ക വിദഗ്ധന്മാരുടെയും വിലയിരുത്തൽ.


ഇതുകൂടി വായിക്കൂ:  മഹാമാരിക്കു മുമ്പിലും മനസിലിരിപ്പ് കോര്‍പ്പറേറ്റ് പ്രീണനം


മുറുക്കാൻ കട മുതൽ മാടപ്പീടികവരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ അസംഘടിത മേഖലയാണ് റീട്ടെയിൽ മാർക്കറ്റിന്റെ മുക്കാൽ ഭാഗത്തിനും താങ്ങുംതണലും. ദേശീയ തൊഴിൽ ശേഷിയുടെ എട്ടുശതമാനം പേറുന്ന ഈ മേഖലയിലെ ഒരു വർഷത്തെ കച്ചവടം ശരാശരി 350 ബില്യൻ ഡോളറാണ്.

പലരും സ്വയംതൊഴിൽ കണ്ടെത്തുന്നത് തെരുവുകച്ചവടവും തട്ടുകടയുമൊക്കെയാണ്. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പടർന്ന് പന്തലിച്ച മേഖലയാണ് ചില്ലറ കച്ചവട രംഗം. നോട്ടുനിരോധനവും കോവിഡ് മഹാമാരിയും മൂലം ചെറുകിട വ്യവസായികളും ദുരിതത്തിലായി. നോട്ടുനിരോധനം കൊണ്ടുമാത്രം 50 ലക്ഷം തൊഴിൽ ഇല്ലാതായി.

കർഷകർക്കും ചെറുകിട വായ്പ ആവശ്യമുള്ളവർക്കും വേണ്ടി പൊതുമേഖലാ ബാങ്കായ എസ് ബിഐയും അഡാനി കാപ്പിറ്റലും തമ്മിലുണ്ടാക്കിയ കരാർ ഗുരുതരമായ ഭവിഷ്യത്തിന് ഇടയാക്കും. 25,000ഓളം ശാഖകളും രണ്ടരലക്ഷത്തോളം ജീവനക്കാരും നിരവധി ബിസിനസ് കറസ്പോണ്ടന്റുമാരും ഉൾപ്പെടെ വിപുലമായ പ്രവർത്തനസൗകര്യമുള്ള പൊതുമേഖലാ ബാങ്കുള്ളപ്പോൾ, സ്വകാര്യധനകാര്യ സ്ഥാപനങ്ങളെ ചേർത്തു പിടിച്ചു സംയുക്ത വായ്പ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതു കർഷകരെയും ചെറുകിട വായ്പക്കാരെയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ്. അതോടൊപ്പം അഡാനി ഗ്രൂപ്പിന് കാർഷിക മേഖലയിൽ ആധിപത്യമുറപ്പിക്കാനുള്ള അവസരവുമൊരുക്കുന്നു.

അമേരിക്കയിലെ വാൾമാർട്ട്, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച് കമ്പനിയായ കാരിഫർ, ജർമ്മനിയിലെ മെട്രോ എന്നിവയാണ് കമ്പനികളാണു മുന്നിൽ. കാർഷികോല്പന്നങ്ങളുടെ വിപണനത്തിൽ, ഇടപെടൽ നടത്തുന്ന ഇടനിലക്കാരുടെ പങ്കും വിലക്കയറ്റത്തിനും പ്രതിസന്ധിക്കും ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഇരുപത്തിമൂന്നു കമ്മോഡിറ്റി എക്സ്ചേയ്ഞ്ചുകൾ ഉണ്ടെന്നാണ് കണക്ക്. ദേശീയ കമ്മോഡിറ്റി എക്സ്ചേയ്ഞ്ചും മൾട്ടി കമ്മോഡിറ്റി എക്സ്ചേയ്ഞ്ചുകളുമാണ് പ്രധാനപ്പെട്ടത് കാർഷിക ഉല്പന്നങ്ങൾ ദേശീയ കമ്മോഡിറ്റി എക്സ്ചേയ്ഞ്ചു വഴിയാണ് കച്ചവടം. കൃത്രിമ കണക്കുകളും കൈമാറ്റങ്ങളുമുണ്ടാക്കി ഭക്ഷ്യധാന്യങ്ങളുടെ വില വർധിപ്പിക്കുകയാണ് പതിവ്. കാർഷികോല്പന്നങ്ങളുടെ കൈമാറ്റങ്ങളിൽ 89 ശതമാനവും ഊഹക്കച്ചവടവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഇതിന് അറുതിവരുത്താതെ വിലക്കയറ്റവും പ്രതിസന്ധിയും തടയാവില്ലെന്നാണ് വിലയിരുത്തൽ.


ഇതുകൂടി വായിക്കൂ: വിലക്കയറ്റം; ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്  


കാർഷികോല്പന്നങ്ങൾ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സർക്കാരിനുണ്ടായിരിക്കുന്ന നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. അവധി വ്യാപാരവും ഊഹക്കച്ചവടവും നടത്തി കോർപറേറ്റുകൾക്ക് കർഷകരെ കൊള്ളയടിക്കാൻ അവസരംമൊരുക്കും ഇത്.

വിളയും മുൻപ് ഊഹവില പറഞ്ഞു നിയന്ത്രണത്തിലാക്കുന്ന കാർഷികോല്പന്നങ്ങൾ പല കൈകൾ കൈമാറിയാണ് പൊതുകമ്പോളത്തിൽ എത്തുന്നത്. കർഷകന് നൽകിയ വിലയെക്കാൾ പലമടങ്ങ് വിലയ്ക്ക് വില്ക്കുന്നതാണ് രൂക്ഷമായ വിലക്കയറ്റത്തിനും കയറ്റുമതി സ്തംഭനത്തിനും പ്രധാന കാരണം.

ചില്ലറ വ്യാപാരരംഗത്ത് ആഭ്യന്തര കമ്പനികള്‍ക്കെല്ലാം പ്രവർത്തനാനുമതിയുണ്ട്. “റിലയൻസ് ഫ്രഷ്” പോലുള്ള കുത്തകകൾ കേരളത്തിൽ സജീവമാണ്. 83 രാജ്യങ്ങളുമായി ഇന്ത്യ “ബിപ” കരാറിൽ ഒപ്പുവച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ കാർഷിക മേഖലയെ ആശ്രയിച്ചുകഴിയുന്നവർ 2.3 ശതമാനം മാത്രമാണ്. ഇന്ത്യയിൽ 77 ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് നെല്ല് ഉല്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.