23 December 2024, Monday
KSFE Galaxy Chits Banner 2

ഗവര്‍ണര്‍ പദവി: പ്രത്യുപകാരവും പ്രലോഭനവും

Janayugom Webdesk
February 14, 2023 5:00 am

അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് അനുമതി നല്കിയ വിചിത്ര വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ഒരംഗംകൂടി ഉന്നതപദവിയില്‍ നിയമിതനായിരിക്കുന്നു, ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍. ആ കേസില്‍ മാത്രമല്ല, നോട്ടുനിരോധനം സാധൂകരിച്ച ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ വിധികള്‍ക്കപ്പുറം സംഘ്പരിവാര്‍ ഭാഷയില്‍ പൊതു ഇടങ്ങളില്‍ സംസാരിച്ചതിന്റെ ഉദാഹരണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ പദവി പ്രത്യുപകാരമാണെന്ന് ഏത് സാധാരണക്കാരനും മനസിലാകും. കാരണം അയോധ്യ ബെഞ്ചില്‍ ഉന്നത പദവി ലഭിക്കുന്ന ആദ്യത്തെയാളല്ല നസീര്‍ എന്നതുതന്നെ. ബിജെപി 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ ആരംഭിച്ചതാണ് ഈ പ്രവണത. നൂറുദിനം പൂര്‍ത്തിയാകുന്നതിന് മുമ്പ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി സദാശിവത്തെ 2014 സെപ്റ്റംബറില്‍ കേരള ഗവര്‍ണറാക്കിയാണ് തുടക്കം. അന്ന് ബിജെപി അധ്യക്ഷനും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പറഞ്ഞ കൂട്ടത്തില്‍ പി സദാശിവം ഉണ്ടായിരുന്നു. അതിനപ്പുറം അദ്ദേഹത്തിന്റെ നീതിനിര്‍വഹണം വിവാദങ്ങള്‍ക്കു പുറത്തായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ഗവര്‍ണറാക്കി. അതേവര്‍ഷം ഡിസംബറിലാണ് ഷേഖ് സൊറാബുദ്ദീന്‍ കേസ് കൈകാര്യം ചെയ്തിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയ നാഗ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പ്രസ്തുത കേസില്‍ അമിത് ഷായോട് ഡിസംബര്‍ 15ന് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച ലോയ ഡിസംബര്‍ ഒന്നിനാണ് മരിക്കുന്നത്. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതി ദുരൂഹതകളില്ലെന്നു വിധിച്ച് തള്ളിയെങ്കിലും ജനങ്ങളുടെ സംശയം മാറാതെ നില്ക്കുകയാണ്.

സദാശിവത്തിന്റെ ഗവര്‍ണര്‍ സ്ഥാനവും ലോയയുടെ മരണവും വഴി ബിജെപി ഒരു സന്ദേശം നല്കുകയായിരുന്നു. വിരമിക്കുന്നവര്‍ക്ക് ഇതുപോലുള്ള പദവികള്‍ കാത്തിരിക്കുന്നുണ്ട് എന്നും അനുസരിക്കാത്തവരുടെ വിധിയെന്തായിരിക്കുമെന്നുമുള്ള സന്ദേശം. അതിനുശേഷം ഉന്നത ഭരണഘടനാ സ്ഥാപനങ്ങളിലിരുന്ന് വിധേയത്വം കാട്ടുന്നവര്‍ക്ക് വിരമിക്കലിനുശേഷം ഉയര്‍ന്ന പദവികള്‍ ലഭിക്കുന്നത് പതിവായി. വിയോജിക്കുന്നവര്‍ക്ക് ഇട്ടെറിഞ്ഞ് ഓടേണ്ടിവരുന്ന സ്ഥിതിയുമുണ്ടായി, വേട്ടയാടപ്പെടുകയും ചെയ്തു. ഒരുദാഹരണം അശോക് ലവാസയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഉന്നതപദവി വഹിച്ചതിനുശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരിലൊരാളായി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി ലഭിച്ച പരാതിയില്‍ നടപടിയെടുക്കണമെന്ന് ലവാസ നിലപാടെടുത്തു. അതുപക്ഷേ ന്യൂനപക്ഷമായതിനാല്‍ തള്ളിപ്പോയി. മോഡിക്കും ഷായ്ക്കുമെതിരെ നടപടിയുണ്ടായതുമില്ല. പക്ഷേ, ഭാര്യക്കും കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ്, റെയ്ഡ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിങ്ങനെ ലവാസ വേട്ടയാടപ്പെട്ടു. ഒടുവില്‍ കാലാവധി തികയ്ക്കും മുമ്പ് അദ്ദേഹം പദവിയുപേക്ഷിച്ച് പോയി. അതോടെ കേസുകള്‍ മറവിയിലാകുകയും ചെയ്തു. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയോഗിക്കപ്പെടുന്നതോടെ വിധേയര്‍ക്കുള്ള സമ്മാനങ്ങള്‍ ആകര്‍ഷകമാണെന്ന പ്രതീതി ഒരിക്കല്‍കൂടി സൃഷ്ടിക്കപ്പെടുകയാണ്. അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമി, രാമക്ഷേത്രം പണിയുന്നതിനും മസ്ജിദിന് പകരം ഭൂമി നല്കുന്നതിനുമുള്ള 2019 നവംബറിലെ വിധി പ്രസ്താവം നടത്തിയ അഞ്ചംഗബെഞ്ചില്‍ ഉന്നത പദവി ലഭിക്കുന്ന മൂന്നാമനാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍. ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗവും അശോക് ഭൂഷണ്‍ കേന്ദ്ര കമ്പനി ലാ അപ്പലറ്റ് ട്രൈബ്യൂണലിന്റെ അധ്യക്ഷനുമായി. മറ്റുചില കേസുകളില്‍ കേന്ദ്രത്തിനനുകൂല വിധി പറഞ്ഞ അരുണ്‍ കുമാര്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷനാക്കി.


ഇതുകൂടി വായിക്കൂ: പടര്‍ന്നുപന്തലിച്ച അവിശുദ്ധ കൂട്ടുകെട്ട്


ജനുവരി നാലിന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നോട്ടുനിരോധനം ശരിവച്ചത് എന്നതുമോര്‍ക്കണം. ഒരാഴ്ച മുമ്പ് ജാമിയ മിലിയ കേസില്‍ 11 പേരെ വിട്ടയച്ച കേസ് കൈകാര്യം ചെയ്ത സാകേത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മ ഇതേ വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് പിന്മാറിയത് വെള്ളിയാഴ്ചയായിരുന്നു. അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പൊലീസിനെയാണ് അരുള്‍ വര്‍മ രൂക്ഷമായി വിമര്‍ശിച്ചത് എന്നതും ഈ പിന്മാറ്റവും തമ്മില്‍ എന്തെങ്കിലും ദുരൂഹത തോന്നിയാല്‍ അത് യാദൃച്ഛികമല്ല. എന്നാല്‍ എല്ലാം യാദൃച്ഛികമാണെന്നാണ് ബിജെപിക്കാര്‍ ന്യായീകരിക്കുന്നത്. ചില മുന്‍കാല നിയമനങ്ങളുടെ ചരിത്രവും അവര്‍ ചൂണ്ടിക്കാട്ടുന്നു. റിട്ട. ജസ്റ്റിസ് ഫാത്തിമാ ബീവിയും മറ്റൊന്ന് എസ് ഫാസില്‍ അലിയും ഗവര്‍ണര്‍മാരായതാണ്. അവരിരുവരും ഏതെങ്കിലും വിവാദ വിധികളിലോ വിചിത്ര വിധികളിലോ പങ്കാളികളായവര്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആ സ്ഥാനങ്ങള്‍ വിവാദവുമായിരുന്നില്ല. അയോധ്യ വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്. അടുത്തിടെ ചില വിധികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ കൊളീജിയത്തെ സംബന്ധിച്ച് തര്‍ക്കങ്ങളും നിലവിലുണ്ട്. അതുകൊണ്ട് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ ഗവര്‍ണര്‍ പദവി പ്രത്യുപകാരം മാത്രമല്ല പ്രലോഭനം കൂടിയാണ്. അത് മനസിലാകാതിരിക്കുവാന്‍ മാത്രം വിഡ്ഢികളല്ല ഇന്ത്യക്കാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.