5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 2, 2024
July 1, 2024
May 11, 2024
March 14, 2024
January 12, 2024
January 12, 2024
November 15, 2023
November 14, 2023
June 21, 2023

നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശ സംരക്ഷണവും

ഡി രാജ
November 14, 2023 4:30 am

മനുഷ്യാവകാശ സംരക്ഷണത്തിലും പൗരന്റെ അന്തസോടെയുള്ള ജീവിതത്തിലും നീതിന്യായ വ്യവസ്ഥയുടെ പങ്ക് എന്ന വിഷയം ഭരണഘടനയെക്കുറിച്ച് പരാമര്‍ശിക്കാതെ ചർച്ച ചെയ്യാനാകില്ല. ഇവിടെ പൗരന്മാരുടെ അന്തസ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഒരു മലയാളിയെ ഉദ്ധരിക്കാം. ബൗദ്ധിക പ്രതിഭയായിരുന്ന, ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയർന്ന കെ ആർ നാരായണനാണത്. ഇംഗ്ലീഷിൽ ഒന്നാംക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ പ്രവിശ്യയിൽ ഒരു ജോലി അന്വേഷിച്ചുവെങ്കിലും അദ്ദേഹത്തിന് ലഭിച്ചില്ല. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിൽ നിന്നാണ് വരുന്നത് എന്നതായിരുന്നുകാരണം. പിന്നീട് ഒരു സമവായമുണ്ടായി; ഉന്നതകുലജാതന്മാരുടെ വസ്ത്രങ്ങൾ ധരിക്കുക എന്നതായിരുന്നു അത്. പക്ഷേ കെ ആർ നാരായണൻ അത് നിരസിച്ചു. തന്റെ അന്തസ് കളയുന്ന ഒന്നിനോടും സന്ധിയില്ലെന്നാണ് അദ്ദേഹം നിലപാടെടുത്തത്. പൗരന്റെ അന്തസ് എന്ന വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ഈ പശ്ചാത്തലം നമ്മുടെ മനസിലുണ്ടാകണം. നീതിപീഠങ്ങളുടെ പങ്ക് പരിശോധിക്കുമ്പോഴും മനുഷ്യാവകാശങ്ങൾ, പൗരന്മാരുടെ അന്തസ് എന്നിവ പരിശോധിക്കുമ്പോഴും നാം തീർച്ചയായും മനസിലാക്കേണ്ടത് നമ്മുടെ ഭരണഘടന, പൗരകേന്ദ്രീകൃതമാണെന്നതാണ്. ഏതെങ്കിലും രാജവാഴ്ചയുടെയോ രാജാവിന്റെയോ കീഴിലുള്ള പ്രജകളല്ല, മറിച്ച് റിപ്പബ്ലിക്കിന് കീഴിലെ പൗരന്മാരാണ് നാം.

പൗരത്വം ഭരണഘടനയുടെ കേന്ദ്രവിഷയങ്ങളിൽ ഒന്നാണ്. മറ്റ് രാജ്യങ്ങളിലെ ഭരണഘടനയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഭരണഘടന ഉന്നതവും വിപ്ലവകരവുമാകുന്നത് അതിനാലാണ്. ഭരണഘടനയുടെ മുഖ്യശില്പിയായ ഡോ. അംബേദ്കറോട് നാം അതിന് നന്ദിപറയണം. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ നിർമ്മാണ പ്രക്രിയ നടക്കുമ്പോൾ വളരെ സങ്കീർണമായ സാഹചര്യമാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. ചില കാര്യങ്ങൾ ഭരണഘടന വളരെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഭരണഘടന നൽകുന്ന വെളിച്ചത്തിലും വെട്ടിത്തെളിച്ച വഴികളിലുമാണ് നിരവധി വൈജാത്യങ്ങൾ നിറഞ്ഞ ഇന്ത്യ ഇപ്പോഴും ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കുന്നത്. എന്നാൽ ഇപ്പോൾ ആ മതേതര ജനാധിപത്യ റിപ്പബ്ലിക് കടുത്ത കടന്നാക്രമണങ്ങളെ നേരിടുന്നു. ഇന്ത്യൻ ഭരണഘടന അന്തസോടെ ജീവിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തെ മൗലികാവകാശങ്ങളിൽ ഒന്നായാണ് മാറ്റിയിരിക്കുന്നത്. ജനങ്ങൾ യാചിക്കേണ്ടി വരരുത്. ഒരുനേരത്തെ ആഹാരത്തിനു പോലും പട്ടിണി കിടക്കരുത്, അധിവസിക്കുന്നതിന് ഒരു കൂരയെങ്കിലും ഇല്ലാത്തവരായിത്തീരരുത് എന്നതാണ് ലക്ഷ്യം. അങ്ങനെയൊരു പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആരായാലും സർക്കാരും രാഷ്ട്രവും ഒരു ക്ഷേമരാഷ്ട്ര സങ്കല്പത്തിൽത്തന്നെ മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ നയങ്ങളുടെയും കേന്ദ്രം ജനക്ഷേമം എന്നതായിരിക്കണം. പക്ഷേ ഇന്ന് രാജ്യത്ത് സംഭവിക്കുന്നത് അതല്ല. മറ്റൊരു കാര്യം ഭരണഘടന കൃത്യമായി നിർവചിക്കുന്നത് ‘ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ’ ആണെന്നാണ്. നിലവിലെ ഭരണഘടന ഉണ്ടാവുന്നതിനു മുമ്പ് തന്നെ ഡോ. അംബേദ്കർ സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന് ഉപയോഗിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അനുഭവവേദ്യമാകുന്ന ബദല്‍


അതാണ് പിന്നീട് ഭരണഘടനയിലും സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന തത്വം ഉൾച്ചേർക്കുന്നതിലെത്തിയത്. സംസ്ഥാനങ്ങളുടെ യൂണിയനെന്നതുകൊണ്ട് കേന്ദ്രം ഭരിക്കുന്നവർ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഒരു സംവിധാനമല്ല എന്നാണ് വ്യക്തമാക്കുന്നത്. അതൊരു ഫെഡറൽ ഭരണസംവിധാനമാണ്. ഇതുപോലൊരു രാജ്യത്തെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് കേന്ദ്ര സർക്കാരിന് വ്യക്തമായി ധാരണ ഉണ്ടായിരിക്കണം. ഫെഡറലിസം എന്നത് ഒരു ഭരണസംവിധാനമാണ്. എന്നാലിന്ന് കേന്ദ്രത്തിന്റെ അമിതാധികാര പ്രവണതമൂലം സംസ്ഥാന സർക്കാരുകൾ കൂടുതൽ അധികാരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു; കൂടുതൽ രാഷ്ട്രീയാധികാരം, കൂടുതൽ സാമ്പത്തികാധികാരം. അതാത് സംസ്ഥാനങ്ങളിൽ നല്ല ഭരണം കാഴ്ചവയ്ക്കണമെങ്കിൽ അത് ആവശ്യമാണ് എന്ന സാഹചര്യമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ ഗവർണർ എന്ന പദവി ഉപയോഗിച്ച് സംസ്ഥാന അധികാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇവിടെയാണ് പൗരത്വം എന്ന വാക്കിന്റെ അർത്ഥവ്യാപ്തി നാം മനസിലാക്കേണ്ടത്. അതാണ് നേരത്തെ പറഞ്ഞത്, നമ്മളെല്ലാം പൗരന്മാരാണ് അല്ലാതെ ഏതെങ്കിലും സ്വേച്ഛാധികാരികളുടെയോ രാജാവിന്റെയോ കീഴിലെ പ്രജകളല്ല എന്ന്. പൗരന്മാരാണ് നയങ്ങൾ തീരുമാനിക്കുന്നവർ. തങ്ങളാണ് ഭരിക്കുന്നത് എന്ന ബോധ്യം ജനങ്ങൾക്ക് ഉണ്ടാവണം. അവരാണ് രാജാക്കന്മാർ. അതാണ് റിപ്പബ്ലിക്. പ്രസ്തുത റിപ്പബ്ലിക്കിന്റെ നിരവധി ഘടകങ്ങളിൽ ഒന്നാണ് നീതിന്യായ വ്യവസ്ഥ. നിയമനിര്‍മ്മാണ സഭയാണ് ഒരു ഘടകം. എക്സിക്യൂട്ടീവ് മറ്റൊരു ഘടകം. ഇവയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളായി കരുതപ്പെടുന്നത്. ഇവ ഓരോന്നിന്റെയും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച് ഭരണഘടന കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് പ്രവർത്തിക്കേണ്ട ഒന്നാണ് നീതിന്യായ വ്യവസ്ഥ.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും നീതിന്യായ വ്യവസ്ഥയ്ക്ക് നിർണായകമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്ത നിർവഹണത്തിൽ നീതിന്യായ വ്യവസ്ഥ പരാജയപ്പെടുകയാണെങ്കിൽ വിധിന്യായങ്ങൾ ചോദ്യം ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യും. നിയമനിർമ്മാണ സഭകൾ രൂപം നൽകുന്ന നിയമങ്ങളില്‍ നീതിന്യായ സംവിധാനങ്ങളുടെ പരിശോധന അനിവാര്യമാകുന്നു. പാർലമെന്റോ നിയമസഭകളോ നടത്തുന്ന നിയമനിർമ്മാണങ്ങൾ സാമൂഹ്യമായ പരിശോധനയ്ക്കും വിധേയമാക്കാവുന്നതാണ്. അത്തരമൊരു പരിശോധന, നിയമനിർമ്മാണം ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുണ്ടാകുന്നതിനുവേണ്ടിയാണ്. നീതിന്യായവ്യവസ്ഥയുടെ ഈ ഉത്തരവാദിത്തം പരിശോധിക്കുമ്പോൾ പൗരത്വത്തെ പരാമർശിക്കാതിരിക്കുവാൻ സാധിക്കില്ല. ഇന്ത്യക്കാരുടെ പൗരത്വം നിർണയിക്കുന്നത് ജാതിയെയോ മതങ്ങളെയോ ഭാഷയെയോ അടിസ്ഥാനപ്പെടുത്തി ആകരുതെന്നും എല്ലാവരും തുല്യാവകാശമുള്ള പൗരന്മാരായിരിക്കണമെന്നും ഭരണഘടന വ്യക്തമായി നിർവചിച്ചിട്ടുണ്ട്. വിശ്വാസമനുസരിച്ച് ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ആകാം. വ്യത്യസ്ത ജാതിമത ചിന്തകള്‍ പിന്തുടരുന്നവരും ആകാം. പക്ഷേ അവരെല്ലാം പൗരന്മാരാണ്. എന്നാൽ ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവർ പൗരത്വത്തെ മതവുമായി കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യയിലെ പൗരത്വത്തെ കൃത്യമായും വ്യക്തമായും മതങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്. അഭയാർത്ഥികൾ എന്ന നിർവചനത്തിനകത്ത് വരുന്ന, പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ഹിന്ദുക്കളോ ക്രിസ്ത്യാനികളോ സിക്കുകാരോ ആണെങ്കിൽ അവർക്ക് ഇവിടെ പൗരത്വം നേടാനാകും.


ഇതുകൂടി വായിക്കൂ: വെളിച്ചം കെടുത്തുന്നവര്‍ വിളക്കും തകര്‍ക്കുമ്പോള്‍


മുസ്ലിങ്ങൾ ആണെങ്കിൽ പൗരത്വം ഇല്ല. അതായിരുന്നു സിഎഎ കൊണ്ട് ഉദ്ദേശിച്ചത്. ഇന്ത്യൻ പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുവാനുള്ള വ്യക്തമായ ശ്രമം. ഇത് ശക്തമായി എതിർക്കപ്പെട്ടു. കാരണം നമ്മുടെ ഭരണഘടന പൗരത്വത്തെ ഒരുവിധത്തിലും ഏതെങ്കിലും മതങ്ങളുമായി ബന്ധിപ്പിക്കുന്നില്ല. എതിർക്കപ്പെട്ടുവെങ്കിലും പ്രതിഷേധിച്ച നിരവധിപേർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. ചിലര്‍ ആയിരത്തിലധികം ദിവസം ജയിലിലായിരുന്നു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാനത്തിലല്ലാതിരുന്നിട്ടും ഇതിനെ ചോദ്യം ചെയ്യുന്നതില്‍ നീതിന്യായ വ്യവസ്ഥ മൗനം പാലിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നീതിപീഠങ്ങള്‍ക്ക് ചോദിക്കാമായിരുന്നു. എന്നാൽ ഇതുവരെ അതുണ്ടായില്ല. എന്നുമാത്രമല്ല സിഎഎ ചോദ്യം ചെയ്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടവരുടെ വിഷയത്തില്‍ ഇടപെടുന്നതിനു പോലും സന്നദ്ധമായില്ല. ഗുജറാത്തിലേക്ക് പോയാൽ അവിടെ ബിൽക്കീസ് ബാനു കേസ് എല്ലാവർക്കും അറിയാവുന്നതാണ്. അതിലെ പ്രതികളെ വിട്ടയയ്ക്കുന്ന നടപടി ഉണ്ടായി. നീതിപീഠം തന്നെയാണ് അത് ന്യായീകരിക്കുന്നത്. സ്വവർഗവിവാഹം എന്ന വിഷയം പരിഗണനയ്ക്ക് വന്നപ്പോൾ അത് അംഗീകരിച്ചില്ലെന്നുമാത്രമല്ല, സർക്കാരിന്റെ പരിഗണനയിലേക്ക് വിടുകയും ചെയ്തു. (അവസാനിക്കുന്നില്ല)

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.