8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 18, 2023
September 11, 2023
August 5, 2023
May 5, 2023
November 2, 2022
July 27, 2022
July 9, 2022

കെ ഫോണ്‍ നടത്തിപ്പു ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ബിഇഎലിന്: മുഖ്യമന്ത്രി

പി സി വിഷ്ണുനാഥ് ഉന്നയിച്ച ആരോപണത്തിന് മറുപടി
web desk
തിരുവനന്തപുരം
September 11, 2023 5:01 pm

കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍) ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഇഎല്‍, റെയില്‍ ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നിവയുടെ കണ്‍സോര്‍ഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നതെന്നും നിയമസഭയില്‍ പി സി വിഷ്ണുനാഥിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക സര്‍വേ നടപടികളും വിശദമായ പ്രോജക്ട് അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച്  എട്ടിന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.

അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെണ്ടര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചെലവും ഒരു വര്‍ഷത്തെ പരിപാലന ചെലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1,028.20 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചെലവും കൂടി ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഏഴു വര്‍ഷത്തെ പരിപാലന ചെലവ് 728 കോടി രൂപ വരും. എന്നാല്‍, ബിഇഎല്‍ ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. ഇതും ജിഎസ്‌ടിയും കൂടി ഉള്‍പ്പെട്ട തുകയായ 1,628.35 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയത്. ഏഴു വര്‍ഷത്തെ പരിപാലന ചെലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചെലവിന്റെ തുക ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരിപാലന ചെലവിനുള്ള തുക കെ ഫോണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. ആയതിനാല്‍, സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയിട്ടുള്ളതെന്ന് ടെക്‌നിക്കല്‍ കെ ഫോണ്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

Eng­lish Sam­mury: K Fon Man­age­ment task — Assem­bly debate and Chief Min­is­ter’s reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.