18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 28, 2024
May 14, 2024
April 26, 2024
April 23, 2024
April 17, 2024
March 18, 2024
February 25, 2024
September 14, 2023
January 15, 2023
November 9, 2022

സിനിമ കണ്ടപ്പോള്‍ പരാതികള്‍ പറയാനെത്തിയ പെണ്‍കുട്ടികളുടെ മുഖമാണ് ഓര്‍മ്മവന്നത്; ശൈലജ ടീച്ചർ

Janayugom Webdesk
November 9, 2022 2:43 pm

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോട് കൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തെയും അത് പറയുന്ന വിഷയത്തിനും കൈയടികളുമായി പ്രശസ്തരായ പലരും മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്ത് വന്നു. 

ചിത്രത്തിന്റെ സംവിധായകനെയും താരങ്ങളെയും അഭിനന്ദിച്ചു കൊണ്ട് ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചത് ഉചിതയമായി എന്നാണ് ശൈലജ ടീച്ചറിന്റെ വാക്കുകൾ.ഇന്ന് നിലനിൽക്കുന്ന ആണധികാര സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തിൽ ആൺകുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ടെന്നും ശൈലജ ടീച്ചർ പറയുന്നു.

ടീച്ചറിന്റെ വാക്കുകൾ ഇങ്ങനെ ” വിപിൻദാസ് സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ടീമിന് അഭിനന്ദനങ്ങൾ… ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി. ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്ഥതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു. 

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്. ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.’ 

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ‘ജയ ജയ ജയ ജയ ഹേ’ നിര്‍മ്മിക്കുന്നത്.വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ബബ്ലു അജുവാണ് ചായഗ്രാഹകൻ,അങ്കിത് മേനോൻ ആണ് സംഗീത സംവിധാനം.കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.