18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 15, 2025
April 10, 2025
April 10, 2025
April 4, 2025
March 29, 2025
March 16, 2025
March 16, 2025
March 3, 2025
March 2, 2025

കെ സ്മാര്‍ട്ട് പദ്ധതി ; ഓഫീസുകളിലെ ചുവപ്പുനാട സംവിധാനം ഇല്ലാതായെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
April 10, 2025 12:43 pm

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളെയും, ജനങ്ങളെയും ബാധിക്കുന്ന സാങ്കേതികമായ കുതിപ്പാണ് കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങള്‍ക്ക് സേവനം വിരല്‍തുമ്പില്‍ ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിൽ കയറിയിറങ്ങി ചെരിപ്പ് തേയുന്ന അവസ്ഥ ഉണ്ടാകരുത്. ഓഫീസുകളിലെ ചുവപ്പുനാട ഇല്ലാതാകും. ഇതുവഴി അഴിമതി ഇല്ലാതാക്കാൻ ആകും.കാര്യക്ഷമമായി വേഗത്തിൽ ഫയലുകൾ തീർപ്പാക്കാനാകും. 24 X 7 ലേക്ക് ഓഫീസുകളുടെ സേവനം ലഭ്യമാക്കാൻ ആകും. തദ്ദേശസ്ഥാപനങ്ങളുടെ വിഭവസമാഹരണത്തിലും വലിയ മാറ്റമുണ്ടാകും. നഗരസഭകളിലെ അനുഭവം അതാണ്.തദ്ദേശഭരണത്തെ വിപ്ലകരമായി പുനർനിർമ്മിക്കും. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടാണ് ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നത്. ഫയലിൽ കുടുങ്ങി ജീവിതം അവസാനിക്കരുതെന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ് കെ സ്മാർട്ടിലൂടെ നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ സ്മാര്‍ട്ട്. പഞ്ചായത്ത് ഓഫീസുകളിലെത്താതെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും.നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ഇപ്പോള്‍ കെ സ്മാര്‍ട്ട് പദ്ധതി ഉള്ളത്. ഏപ്രില്‍ 10 ഓടുകൂടി ത്രിതല പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതോടെ കേരളം സമ്പൂര്‍ണ്ണമായും കെ സ്മാര്‍ട്ട് ആവുകയാണ്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു.

ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും കെ സ്മാര്‍ട്ട് വഴി സാധിക്കും. കെട്ടിട പെര്‍മിറ്റിന് നിലവില്‍ ഒരുമാസം സമയമെടുക്കുന്നുണ്ട്. എന്നാല്‍ കേസ്മാര്‍ട്ട് നടപ്പിലാക്കുന്നതോടെ 300 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകളുടെ പെര്‍മിറ്റിന് 15 സെക്കന്‍ഡ് മതിയാകും എന്നതാണ് പ്രത്യേകത. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ദിവസം തന്നെ ലഭ്യമാകും. ലൈസന്‍സ് പുതുക്കലും വേഗത്തിലാകും. വ്യക്തികള്‍ രണ്ടിടത്താണെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.