18 December 2024, Wednesday
KSFE Galaxy Chits Banner 2

മത്സരം വേണ്ട, ഉത്സവം മതി

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ മന്ത്രി
January 4, 2024 4:30 am

മാനതകളില്ലാത്ത, കേരളത്തിന്റേതെന്ന് മാത്രം അഭിമാനിക്കാവുന്ന മതനിരപേക്ഷ സാംസ്കാരിക സംഗമമാണ് കേരള സ്കൂൾ കലോത്സവം. 62-ാമത് സ്കൂൾ കലോത്സവം ഇന്ന് ആരംഭിച്ച് എട്ടിന് സമാപിക്കും. ചരിത്രം എന്നും ത്രസിപ്പിക്കുന്ന കൊല്ലത്തെ ആശ്രാമം മൈതാനമാണ് പ്രധാനവേദി. 23 വേദികൾ വേറെയുമുണ്ട്.
കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേല്‍ക്കാൻ നിറഞ്ഞ മനസോടെ കാത്തിരിക്കുകയാണ് സാംസ്കാരിക കേരളം. 1957ൽ ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിൽ തുടങ്ങിയ സ്കൂൾ കലോത്സവം വളർച്ചയുടെ പടവുകൾ പിന്നിട്ട് കൊല്ലത്തെത്തുന്നത് 14,000ത്തിലേറെ മത്സരാർത്ഥികളുമായാണ്. എറണാകുളം എസ്ആർവി ഹൈസ്കൂളിലാണ് ആദ്യ കലാമേള നടന്നത്. പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ പടവും മുന്നേറിയത്.
ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയിൽ നിന്നും ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വർധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ രൂപപ്പെടേണ്ട സാഹചര്യം വന്നു. ഇത് സ്കൂൾ കലോത്സവ മാന്വലിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു. ആഗോളീകരണം തനതുകലകളെയും സാംസ്കാരിക തനിമകളെയും ഇല്ലായ്മ ചെയ്തപ്പോൾ അതിനെതിരെ തനതുകലകളെയും സംസ്കാരത്തെയും നിലനിർത്തി സാംസ്കാരിക പ്രതിരോധം തീർക്കാൻ കേരള സ്കൂൾ കലോത്സവം വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. പ്രാദേശിക കലാരൂപങ്ങളെ നിലനിർത്തുക എന്ന നിലപാടിന്റെ ഭാഗമായാണ് ആദിവാസി ഗോത്ര സംസ്കൃതിയുടെ ഭാഗമായ മംഗലംകളി കൊല്ലത്ത് ആദ്യമായി സ്കൂൾകലോത്സവത്തിന്റെ ഭാഗമാക്കുന്നത്.


ഇതുകൂടി വായിക്കൂ: ഓര്‍മ്മകളില്‍ സുന്ദര്‍രാജ്


240 ഓളം ഇനങ്ങളിലായി 14,000 മത്സരാർത്ഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം 30,000ത്തോളം പേർ മത്സരവേദികളിൽ നേരിട്ട് ബന്ധപ്പെടുന്നവരായി നഗരത്തിലെത്തും. ഇവർക്ക് പുറമെ കാണികളായി വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും വേറെയും. വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരുണ്ടാകും. പ്രത്യേകം പരിശീലനം നൽകി ആയിരത്തോളം വോളണ്ടിയർമാരെ സജ്ജരാക്കിക്കഴിഞ്ഞു.
നിരവധി മാധ്യമ പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കലോത്സവ വിശേഷങ്ങൾ ഒപ്പിയെടുക്കാൻ കൊല്ലത്ത് എത്തുന്നത്. ഇത്രയും വലിയ ഒരു ജനാവലിക്ക് കുറ്റമറ്റ വരവേല്പ് നൽകാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ സാംസ്കാരികത്തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂൾ കലോത്സവങ്ങൾ. ഇതെല്ലാം പറയുമ്പോഴും ചില രക്ഷിതാക്കളെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും കാണാതിരിക്കാൻ കഴിയില്ല. ഇതിനെതിരെ സ്വയം ജാഗ്രത്താവാൻ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും വേദിയാകേണ്ട കലോത്സവവേദികൾ ഒരുതരത്തിലും ചെറിയ അളവിൽപ്പോലും കടുത്ത മത്സരങ്ങൾക്കുള്ള വേദിയാക്കാനോ അനാരോഗ്യ പ്രവണതകൾക്ക് വഴിതെളിയിക്കാനോ അനുവദിക്കാൻ കഴിയില്ല. അനഭിലഷണീയ മത്സരങ്ങൾ പലപ്പോഴും മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി മാറും. അതിലുപരി അത് കുട്ടികളുടെ വൈകാരിക വികാസത്തെ ഗൗരവമായി ബാധിക്കും എന്നതും കാണാതെ പോകരുത്.


ഇതുകൂടി വായിക്കൂ: കലോത്സവം വൈവിധ്യങ്ങളുടെ ഉത്സവം


അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കലോത്സവ നടത്തിപ്പിൽ മാറ്റങ്ങൾ വേണമെങ്കിൽ അത് പരിഗണിക്കാം. ഇക്കാര്യത്തിൽ സർക്കാരിന് തുറന്ന മനസാണ്. കലോത്സവ മാന്വൽ പരിഷ്കരിച്ചുകൊണ്ട് സാധ്യമായ പരിവർത്തനങ്ങൾ അടുത്ത വർഷം വരുത്തണമെങ്കിൽ അതും ആകാം. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ട, മറ്റുള്ളവരെ ഉൾക്കൊള്ളാൻ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളും മുതിർന്നവരുമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്കാര വേദിയാക്കി മാറ്റാം.
ആത്മവിശ്വാസത്തോടെ ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേദി കൈമാറാം. സ്വന്തം കഴിവിൽ അഭിമാനം കൊള്ളുന്നതോടൊപ്പം മറ്റുള്ളവരുടെ കഴിവിനെ മാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ “മത്സരം വേണ്ട, ഉത്സവം മതി” എന്ന കുഞ്ഞുണ്ണിമാഷുടെ അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ നമുക്ക് കഴിയൂ. ആ ദിശയിലേക്ക് വളരാനും വളർത്താനും സംസ്ഥാന സ്കൂൾകലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ഇതുകൂടി വായിക്കൂ: കലോത്സവ കലാപ്രതിഭകള്‍ക്ക് ഹൃദയാഭിവാദ്യം


ഇന്ന് കാലത്ത് 10 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ അനന്യമായ കലകളുടെ കൗമാര സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികൊളുത്തും. എട്ടിന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കലോത്സവം സ്നേഹതീരമാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.