4 May 2024, Saturday

നീരജയുടേത് പൊൻ തിളക്കത്തിന്റെ കഥ

Janayugom Webdesk
കൊല്ലം
January 5, 2024 10:46 pm

ഇതൊരു കഥയാണ്. പൊൻതിളക്കത്തിന്റെ പകിട്ടുള്ള ഒരു കഥ. ഇന്നലെ നടന്ന എച്ച്എസ് വിഭാഗം നാടോടി മത്സര വേദിയിൽ ഏവരുടെയും മനം കവർന്ന എട്ടാം ക്ലാസുകാരി നീരജലാല്‍ എ ഗ്രേഡ് നേടി മടങ്ങിയപ്പോൾ സഫലമായത് മരിച്ചുപോയ അച്ഛൻ രജനി ലാലിന്റെ സ്വപ്നമായിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മകളുടെ നൃത്തം കലോത്സവവേദിയിൽ കാണണമെന്നുള്ളത്. അപകടത്തില്‍ മരിച്ച അച്ഛന്റെ അസാന്നിധ്യത്തിലും ഇത് സഫലമാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് നീരജ.

അമ്മ സുധാറാണി മകൾക്ക് മത്സരിക്കാനായി കൈവശം ഉണ്ടായിരുന്ന അവസാന പൊന്നും പണയം വച്ചു. 20,000 രൂപയാണ് ലഭിച്ചത്. ഈ തുക മേക്കപ്പിനും ചമയങ്ങൾക്കും മാത്രമായി ചെലവായി. മുമ്പും കലോത്സവങ്ങൾക്ക് പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയും പിന്നീട് ചിട്ടി പിടിച്ചു അവ തിരികെ എടുക്കുകയും ചെയ്തുവെന്ന് സുധാറാണി പറയുന്നു. കരുനാഗപ്പള്ളിയിലെ ലോട്ടറിക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്.

പിതാവിന്റെ മരണശേഷം ദുരിതങ്ങളുടെ പെരുമഴക്കാലമായിരുന്നു. മേടയിൽമുക്കിലെ രേവതി കലാക്ഷേത്രമാണ് നീരജയുടെ ജീവിതം മാറ്റിമറിച്ചത്. സുഹൃത്ത് ആരതിയും സീനിയർ ആർഎൽവി നിഷ ഡേവിഡും നീരജയിലെ കലാകാരിയെ തിരിച്ചറിയുകയും പിന്തുണ നൽകുകയും ചെയ്തു. ക്ലാസിൽ തുടർച്ചയായി വരാത്തതിനെ തുടർന്ന് കാരണം അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ വീട്ടിലെ ദുരിത സ്ഥിതി അറിയുകയും സഹായിക്കാൻ എത്തുകയുമായിരുന്നു.

ഇതിനിടയിൽ ആരതി സ്വന്തമായി നൃത്ത വിദ്യാലയം ആരംഭിക്കുകയും നീരജയ്ക്ക് സൗജന്യമായി പരിശീലനം നൽകുകയും ചെയ്തു. ഈ പരിശീലനമാണ് കലോത്സവ വേദിയിൽ എത്തിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയായ ധനുഷ് ലാലാണ് സഹോദരൻ. ടികെഡിഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നീരജ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.