തറവാട് വീതം വെച്ച് എല്ലാവരും പിരിഞ്ഞുപോയപ്പോഴുണ്ടായ വേദനയാണ് താനിന്ന് അനുഭവിക്കുന്നതെന്ന് പറഞ്ഞ് കരച്ചിൽ ആരംഭിച്ചത് പവിത്രനായിരുന്നു. അനിവാര്യമായ വേർപിരിയലുകളിൽ വേദനിക്കുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ് രാജേന്ദ്രവർമ്മ പവിത്രനെ ചേർത്തുപിടിച്ചു. കാനഡ യാത്ര കഴിഞ്ഞെത്തിയ നന്ദൻ കൊണ്ടുവന്ന സ്കോച്ച് വിസ്കിയുടെ ലഹരിയിൽ ഇരുവരും തമ്പുരാൻപടിയിലെ പവിത്രന്റെ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് പിറകിലെ കുടുസ്സു മുറിയിൽ ചേർത്തുപിടിച്ച് കിടന്നു. പവിത്രന്റെ അച്ഛൻ ഗംഗാധരൻ വൈദ്യർ ഏതോ കോൺഗ്രസ് സമ്മേളനത്തിന് പോയപ്പോൾ വാങ്ങിയ ഗാന്ധി ചിത്രം ചുമരിൽ പുഞ്ചിരി തൂവി നിന്നു. അക്ഷരം കോളെജ് ഉണ്ടായിരുന്ന പറമ്പിലിരുന്ന് മദ്യലഹരിയിൽ രൂപം കൊണ്ട ഗ്രൂപ്പാണ് ഇന്ന് അപ്രതീക്ഷിതമായി തകർന്നത്. അപ്രതീക്ഷിതം എന്ന് പറയാനാവില്ല, രാജേന്ദ്ര വർമ്മ പറഞ്ഞതുപോലെ അനിവാര്യമായ ഒരു തകർച്ച മാത്രമായിരുന്നു അത്.
പറഞ്ഞുവരുന്നത് വലിയ കാര്യമൊന്നുമില്ല. ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചാണ്. കാവേരി മേനോൻ ഫാൻസ്. കൃത്യം അഞ്ചു മണിക്ക് സുബ്രഹ്മണ്യൻ നമ്പീശന്റെ സുപ്രഭാതത്തോടെ ഗ്രൂപ്പ് ഉണരും. പാടവരമ്പിലൂടെ കൃഷിക്കാർ നടന്നുപോകുന്ന ചിത്രത്തിനൊപ്പം വന്നിരുന്ന ദേവീ കീർത്തനങ്ങൾ ഗ്രൂപ്പിന്റെ തത്വങ്ങൾക്കെതിരാണെന്ന് കെ ആർ വിനോദ് അഭിപ്രായപ്പെട്ടെങ്കിലും അനുകൂലിക്കുമെന്ന് കരുതിയിരുന്ന മജീദിന്റേയോ ജെയിംസിന്റെയോ പിന്തുണ പോലും വിനോദിന് കിട്ടിയില്ല. വിനോദേട്ടൻ പറഞ്ഞതാണ് ശരിയെന്ന് മാരൻ അഭിപ്രായപ്പെട്ടെങ്കിലും വാക്കുകൾ പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടാക്കിയില്ല. നമ്പീശന്റെ സുപ്രഭാതത്തിന് പിന്നാലെ പവിത്രന്റെ ഫോർവേഡഡ് മെസേജുകളെത്തും. പ്രഷർ, ഷുഗർ, ഹാർട്ട് അറ്റാക്ക് എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അഥവാ വന്നാൽ ഭേദപ്പെടുത്തുന്ന പ്രകൃതി ചികിത്സാ രീതികളെക്കുറിച്ചുമാവും ആ മെസേജുകൾ. തമ്പുരാൻ പടിയുടെ ആസ്ഥാന വൈദ്യനായ ഗംഗാധരൻ വൈദ്യരുടെ മകന്റെ മെസേജുകൾക്ക് സുബ്രഹ്മണ്യൻ നമ്പീശനല്ലാതെ മറ്റാരും അഭിപ്രായം പറയാറില്ലായിരുന്നു. വൈദ്യരുടെ അരിഷ്ടത്തിന്റെയും ലേഹ്യത്തിന്റെയുമെല്ലാം മാഹാത്മ്യം നമ്പീശൻ ഇടയ്ക്ക് ഗ്രൂപ്പിലിടാറുണ്ട്. ഗംഗാധരൻ വൈദ്യർ അസുഖബാധിതനായതോടെ പവിത്രൻ വൈദ്യശാല ഒരു പ്രകൃതി ചികിത്സാ കേന്ദ്രമാക്കി.
‘ഹായ്, ഹലോ’ വിളികളിൽ പകലങ്ങ് തീരുകയാണ് പതിവ്. രാത്രി വൈകുമ്പോഴാണ് ഗ്രൂപ്പ് പിന്നെ സജീവാകുക. രണ്ടെണ്ണം അകത്തു ചെല്ലുന്നതോടെ നന്ദനും മുരളിയും ജെയിംസും മജീദുമെല്ലാം മത്സരിച്ച് മെസേജുകളയക്കും. പഴയ പ്രണയ കഥയും ആദ്യ ചുംബനവും തമ്പുരാൻ പടിയിലെ ജീജ ടാക്കീസിൽ കാനനസുന്ദരി കാണാൻ ഒളിച്ചുപോയുമെല്ലാം അവർ കൂട്ടത്തോടെ നിരത്തും. മലയാളം, ഇംഗ്ലീഷ് വീഡിയോകൾ പെരുമഴ പോലെ പിന്നാലെയെത്തും.
‘ടാ.. കണ്ടു നോക്കടാ.. ഹോട്ടൽ മുറിയിലെ കാമലീലകൾ… പുതിയ ഐറ്റമാ.. ’ മദ്യ ലഹരിയിൽ എന്തെങ്കിലും വീഡിയോകൾ നിരത്തിയിട്ട് മുരളി പറയും.
കോളെജ് പഠന കാലത്ത് നന്ദന്റെ വീട്ടിൽ നിന്ന് ഒളിച്ച് വീഡിയോ കാസറ്റിട്ട് കണ്ട രംഗങ്ങളാവും പലപ്പോഴും ആവർത്തിക്കുന്നത്. എന്നാലും ‘ഓ.. സൂപ്പർ.. ’ എന്നു പറഞ്ഞ് എല്ലാവരും അവനെ പ്രോത്സാഹിപ്പിക്കും. ഇതു കേട്ട് മുരളി പുളകിതനാകുമ്പോൾ നന്ദനും ജെയിംസും മജീദുമെല്ലാം പല ഗ്രൂപ്പുകളിൽ നിന്ന് കിട്ടുന്നതെല്ലാം ഞങ്ങളുടെ കാവേരി മേനോൻ ഫാൻസിലേക്ക് തള്ളും.
കാവേരി മേനോൻ ഫാൻസ്.. ഇതാണ് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേര്. നാടിന്റെ പേര് കൂടി വേണമെന്ന് മജീദ് ആവശ്യപ്പെട്ടിരുന്നെങ്കിലും തമ്പുരാൻ പടിയെ ഇത്തരമൊരു ഗ്രൂപ്പിലേക്ക് വലിച്ചിഴക്കരുതെന്ന് കോളെജ് അധ്യാപകനായ രാജേന്ദ്ര വർമ്മയുടെ ആജ്ഞയായിരുന്നു. സത്യത്തിൽ കാവേരി എന്നായിരുന്നു ആദ്യത്തെ പേര്. അക്ഷരം കോളെജിലെ പഴയ പ്രീഡിഗ്രി ബാച്ചിന്റെ ഒത്തുചേരലിൽ രൂപപ്പെട്ട സൗഹൃദ കൂട്ടായ്മ. പൂർവ വിദ്യാർത്ഥി സംഗമത്തിന് ആകെ വന്നത് തമ്പുരാൻപടിക്കാരും നിത്യവും കാണുന്നവരുമായ ഞങ്ങൾ ഒൻപതുപേർ മാത്രം. പഴയ സുസ്മിതയും ശ്രീജയും മുംതാസുമെല്ലാം വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നന്ദനും പവിത്രനും മജീദുമെല്ലാം നിരാശരായി. എന്നോ പൊളിഞ്ഞുപോയ കോളെജിന്റെ അസ്ഥികൂടത്തിനടുത്തിരുന്ന് മദ്യപിക്കുമ്പോഴാണ് വാട്സ് ആപ്പ് കൂട്ടായ്മയെന്ന ആശയം ഉടലെടുത്തത്. കുന്നിക്കുരു എന്ന പേരായിരുന്നു ആദ്യം ഉയർന്നുവന്നത്. എന്നാൽ പവിത്രന്റെ നിർദ്ദേശത്തെ വോട്ടിനിട്ട് തള്ളിയാണ് കാവേരി ഇടം പിടിച്ചത്. കർണാടകത്തിലെ ഏതോ ഹോട്ടലിന്റെ പേരാണെന്ന് പറഞ്ഞ് സഞ്ചാരിയായ നന്ദനാണ് പേര് നിർദ്ദേശിച്ചത്. നന്ദനൊപ്പം രണ്ടു മൂന്നു തവണ കാവേരിയിൽ പോയ ജെയിംസും പവിത്രനും കട്ട പിന്തുണയുമായി കൂടെ നിന്നു.
‘ഹോട്ടലൊക്കെ വിട്.. ഏതായാലും പ്രശസ്തമായ ഒരു നദിയുടെ പേരല്ലേ.. അതു തന്നെ മതി’- സുബ്രഹ്മണ്യൻ നമ്പീശനും രാജേന്ദ്ര വർമയും പേരിനൊപ്പം ഉറച്ചു നിന്നു. കാവേരിയങ്ങനെ ഒഴുകുമ്പോഴാണ് ഗ്രൂപ്പിലേക്ക് ഒരു വീഡിയോ എത്തിയത്. പുഴയിൽ കുളിച്ച് പൊന്തി ഈറനുടുത്ത് പാട വരമ്പിലൂടെ നടന്നുപോകുന്ന ഒരു പെൺകുട്ടി.
‘എങ്ങിനെ ഉണ്ട്.. പേര് കാവേരി മേനോൻ… ഇപ്പോഴത്തെ തരംഗമാണ്.. ‘- ജെയിംസ് പറഞ്ഞപ്പോഴാണ് ഇത്തരമൊരു തരംഗത്തെപ്പറ്റി എല്ലാവരും ആദ്യമായി അറിഞ്ഞത്. പിന്നീടങ്ങോട്ട് കാവേരി മേനോൻ ഗ്രൂപ്പിനെ സജീവമാക്കിക്കൊണ്ട് അരക്കെട്ടിളക്കി കുന്നും പുഴയും താണ്ടി. സുബ്രഹ്ണ്യൻ നമ്പീശന്റെ സുപ്രഭാതത്തിന് പിന്നാലെ എന്നും രാവിലെ കാവേരി മേനോനെത്തി. മീൻ വെട്ടിയും കപ്പ മുറിച്ചും ചക്ക തോളിലേറ്റിയും മോനോൻ ഞങ്ങളുടെ ഹൃദയത്തിലേക്കാണ് കയറിവന്നത്.
‘നമ്മുടെ പേരൊന്ന് പരിഷ്കരിച്ചാലോ.. കാവേരിയെ നമുക്ക് കാവേരി മോനോൻ എന്നാക്കാം.. ’ നിർദ്ദേശം മജീദിന്റേതായിരുന്നു. കടുംപിടുത്തക്കാരായ സുബ്രഹ്ണ്യൻ നമ്പീശനും രാജേന്ദ്ര വർമയും വരെ ഒ കെ പറഞ്ഞെങ്കിലും ഞാൻ എതിർത്തു.
‘ഓ… കാവേരി മേനോൻ എന്ന പേര് രാജീവ് മോനോൻ എന്ന എഴുത്തുകാരന് കുറച്ചിലായി തോന്നുന്നുണ്ടാവും.. ’ — മജീദിന്റെ പരിഹാസം.
‘അതൊന്നും അല്ല.. അവരുടെ റീൽസിനോടൊന്നും എനിക്ക് അഭിപ്രായ വ്യത്യാസമില്ല.. പക്ഷെ തനി ലോക്കൽ വീഡിയോയും ഇറക്കുന്നുണ്ട്.. എനിക്കത് അംഗീകരിക്കാനാവില്ല… ’
‘എന്ത് ലോക്കൽ… എല്ലാം വിസ്തരിച്ച് കാണാറുണ്ടല്ലോ.. അതിനൊന്നും ഒരു കുഴപ്പവുമില്ല.. ആള് മോനോനായത് ഇവന് നാണക്കേടായി തോന്നുന്നുണ്ട്.. അതു തന്നെ കാര്യം. ’ മജീദ് വിടാനുള്ള ഭാവമില്ല.
‘നഗ്നതയ്ക്കും രതിയ്ക്കുമെല്ലാം എന്ത് ജാതിയും മതവും രാജീവാ.. എല്ലാറ്റിലും മതവും രാഷ്ട്രീയവും പിടിമുറുക്കിക്കഴിഞ്ഞു. സെക്സിലേക്കെങ്കിലും അതൊന്നും കൊണ്ടുവരാൻ നോക്കല്ലേ.. ’ — പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും ഇപ്പോഴും വിപ്ലവ വീര്യം സിരകളിലോടുന്ന കെ ആർ വിനോദ് പെട്ടന്നാണ് കാര്യത്തിൽ ഇടപെട്ടത്. വല്ലപ്പോഴും മാത്രമാണ് വിനോദ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. നമ്പീശന്റെ കീർത്തനത്തെ എതിർത്ത് രംഗത്ത് വന്നതിന് ശേഷം വിനോദ് പിന്നീട് അപ്പോഴാണ് ഗ്രൂപ്പിലേക്ക് തലയിട്ടത്. അതിന് മുമ്പ് പഴയ ഫ്യൂഡൽ കാലത്തിന്റെ അവശിഷ്ടം പേറുന്ന തമ്പുരാൻ പടിയുടെ പേര് മാറ്റണമെന്ന അഭിപ്രായമുയർത്തി അവൻ രംഗത്ത് വന്നിരുന്നു. അന്ന് മാരന്റെ പിന്തുണ കിട്ടിയിരുന്നെങ്കിലും പവിത്രന്റെ യോഗാ ക്ലാസിനെതിരെ രംഗത്ത് വന്നപ്പോൾ ഗ്രൂപ്പിലാരും അവനെ അനുകൂലിച്ചില്ല. ‘ഇതൊക്കെ മോശമാണ് വിനോദേ.. ’ — എന്ന് മജീദ് വരെ പറഞ്ഞതോടെ അവൻ നിശബ്ദനാവുകയായിരുന്നു.
ഏതായാലും ഇത്തവണ കെ ആർ വിനോദിന്റെ വാക്കുകളോടെ എന്റെ എതിരഭിപ്രായം തകർന്നു. ഞങ്ങളുടെ കാവേരി അങ്ങിനെ കാവേരി മേനോൻ ഫാൻസായി. ഫ്യൂഡൽ പാരമ്പര്യത്തിന്റെ അവശിഷ്ടം വേണ്ടെന്ന മനോജിന്റെയും നാടിനെ മോശമാക്കരുതെന്ന വർമ്മയുടെയും അഭിപ്രായങ്ങൾ ഒരേ രേഖയിൽ സന്ധിച്ചപ്പോൾ അർജൻറീന ഫാൻസ് കാട്ടൂർകടവ് എന്ന കഥയുടെ പേര് പോലെ സ്ഥലനാമം ചേർത്ത് ഗ്രൂപ്പിനെ ആർഭാടമാക്കാനുള്ള മുരളിയുടെ നീക്കം പാളി.
കഴിഞ്ഞ ദിവസം കൃത്യം അഞ്ചു മണിയായപ്പോൾ നമ്പീശന്റെ സുപ്രഭാതമെത്തി. തൊട്ടു പിന്നാലെ മൂലക്കുരു വരാതിരിക്കാനുള്ള ഭക്ഷണക്രമം വിവരിച്ചു പവിത്രൻ. അപ്രതീക്ഷിതമായി പിന്നാലെ വന്നത് മജീദിന്റെ മെസേജാണ്. . ‘നമ്മുടെ രാജീവ് മേനോൻ എവിടെ പോയി. കാവേരി മേനോൻ ശരീരം കാണിച്ചു തുടങ്ങിയതോടെ മേനോൻ ആകെ നാണക്കേടിലാണെന്ന് തോന്നുന്നു’.
കുളിക്കാൻ തുടങ്ങുമ്പോഴാണ് മജീദിന്റെ മെസേജ് കണ്ടത്. മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഗ്രൂപ്പിൽ ഒരു വീഡിയോ വന്നു. രാജേന്ദ്ര വർമയാണ് ഇട്ടിരിക്കുന്നത്. കൂടെ ഒരു കമന്റും
‘അതിന് കാവേരി മേനോൻ മേനോത്തിയാണെന്ന് ആര് പറഞ്ഞു മജീദേ. . ഈ ഇന്റർവ്യൂ കണ്ടു നോക്ക്. . ഒരു സുഹറത്താത്തയാണ്. . പേര് മാറ്റി ഇറങ്ങിയിരിക്കുകയാണ്. . മറ്റുള്ളവരെ അപമാനിക്കാൻ… ‘- രോഷത്തിലാണ് വർമ്മ.
‘ജീവിതം വല്ലാത്ത പ്രയാസത്തിലായിരുന്നു. മുമ്പ് ഒരു ടിക്ക് ടോക്ക് വീഡിയോ ചെയ്തപ്പോൾ വസ്ത്രം കുറഞ്ഞുപോയെന്ന് പറഞ്ഞ് കുടുംബക്കാരും നാട്ടുകാരുമെല്ലാം ആക്രമം തുടങ്ങി. ഒടുവിൽ ഞാനാ മതം വിട്ടു. . ’ — കണ്ണീരോടെ കാവേരി മേനോൻ സംസാരിക്കുന്നു.
‘ഹോ… കേട്ടിട്ട് കരച്ചില് വന്നുപോയി. . പാവം കുട്ടി… ’ — നമ്പീശൻ രംഗത്തെത്തി. ‘പക്ഷെ ഇവറ്റകളെല്ലാമെന്തിനാ പേരും മാറ്റി ഇവിടേക്ക് വന്ന് ചാടുന്നത്. . ‘. പാർട്ടിയുടെ അധ്യാപക സംഘടനയുടെ നേതാവായ നമ്പീശന് പേരു മാറ്റത്തിൽ വേദനയുണ്ടായെന്നത് എനിക്ക് അദ്ഭതമായിരുന്നു.
‘മജീദിനെപ്പോലുള്ളവരെ പേടിച്ചിട്ടാവും. . ’ — എന്റെ മറുപടിക്ക് പ്രതീക്ഷിക്കാത്ത പിന്തുണയാണ് കിട്ടിയത്. ‘ഗംഭീര മറുപടി’ എന്ന് ജെയിംസ് വരെ പറഞ്ഞപ്പോൾ ആത്മവിശ്വസമായി.
‘ഞങ്ങൾ ഇത്തരക്കാരെ വെച്ചുപുറപ്പിക്കില്ല. . ഇതൊക്കെ നിങ്ങളുടെ അടുത്ത് പറ്റുമെന്ന് അറിഞ്ഞിട്ടാടാ. . അവളങ്ങോട്ട് വന്നത്. . പറ്റുമെങ്കിൽ നീ കൈപിടിച്ചു കൂട്ടിക്കോ… ’
മജീദിന്റെ വാക്കുകൾ ഗ്രൂപ്പിനെ പ്രകമ്പനം കൊള്ളിച്ചു.
‘മജീദേ… നീ ഓവറാകുന്നു’ വർമ്മയ്ക്കും ദേഷ്യം വന്നു തുടങ്ങി
‘അവനെന്നും ഓവറല്ലേ വർമ്മ സാറെ… മദ്യപാനത്തെപ്പറ്റി ഗ്രൂപ്പിൽ പറയാൻ പാടില്ല. . അതവന് പറ്റില്ല… നന്ദനൊരു സ്പായുടെ കാര്യം പറഞ്ഞപ്പോൾ എന്തൊക്കെ ധാർമിക മൂല്യമാണ് ഇവൻ നമ്മളെ പഠിപ്പിക്കാൻ വന്നത്… കാവേരിയുടെ എല്ലാം കാണാൻ അവനിഷ്ടമാണ്. . സുഹറയാണെന്ന് അറിഞ്ഞതുകൊണ്ട് ഇനിയവന് സഹിക്കാൻ പറ്റിയെന്ന് വരില്ല. . എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാ. . ‘- മജീദിനെതിരെ ഒരു ആണി കൂടി അടിച്ചപ്പോളേ എനിക്ക് സമാധാനമായുള്ളു.
മജീദ് മറുപടിയൊന്നും പറഞ്ഞില്ല. പ്രതികരണങ്ങളുടെ എണ്ണം കൂടിയപ്പോൾ മജീദ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റടിച്ചു. ‘ഉളുപ്പുണ്ടോടാ തെണ്ടികളേ.. ’ എന്നും ചോദിച്ച് തൊട്ടു പിന്നാലെ മനോജും പോയി. ‘വർഗീയവാദികൾക്കും പിന്തിരിപ്പൻമാർക്കും ഗ്രൂപ്പിൽ നിന്ന് പോകാം.. ’ — പവിത്രന്റെ അഭിപ്രായത്തിന് പിന്നാലെ മാരനും ഗ്രൂപ്പ് വിട്ടു. പിന്നീട് കുറച്ചു ദിവസത്തേക്ക് ശ്മശാനം പോലെയായിരുന്നു കാവേരി ഫാൻസ്. കത്തിത്തീർന്ന മൃതദേഹത്തിന്റെ ചാരം എരിഞ്ഞുകൊണ്ടിരുന്നു.
തകർച്ചയുടെ വേദന മാറ്റാൻ വൈദ്യശാലയ്ക്ക് പിന്നിലിരുന്ന് മദ്യപിക്കുമ്പോളായിരുന്നു പവിത്രൻ തറവാടിന്റെ കാര്യം പറഞ്ഞ് കരഞ്ഞത്. അനിവാര്യമായ വേർപിരിയലെന്ന് പറഞ്ഞ് വർമ്മയവനെ ചേർത്തുപിടിച്ചപ്പോൾ മുരളി അഴിഞ്ഞുപോയ മുണ്ട് തലയിൽ കെട്ടി എഴുന്നേറ്റ് നിന്നു.
‘എനിക്കറിയാം ഇതിങ്ങനെയേ സംഭവിക്കുമെന്ന്. . ആ മജീദിനെയും കോളനിയിലെ മാരനെയുമൊക്കെ ഇതിൽ പിടിച്ച് ചേർക്കേണ്ട കാര്യമുണ്ടായിരുന്നോ… അപ്പോ നമ്പീശന്റെ ഒരു സോഷ്യലിസം. . കമ്യൂണിസം. . വർഗീയ വിരുദ്ധത… എന്നിട്ടിപ്പം എന്തുണ്ടായി. . തനം സ്വഭാവം കാണിച്ചില്ലേ… ’
‘ഒപ്പം പഠിച്ചവരല്ലേ എന്നു കരുതി ചേർത്തുപോയതാ. . ആ വിനോദ് ഇത്ര അധപതിക്കുമെന്ന് കരുതിയില്ല. . വെറുതയല്ല അവനൊക്കെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്’ — നമ്പീശൻ നിലപാട് വ്യക്തമാക്കി. ‘നമുക്ക് ഈ പേര് മാറ്റാം.. ’ നമ്പീശന്റെ തീരുമാനത്തിന് എല്ലാവരും കൈയ്യടിച്ചു. കാവേരി ഫാൻസ് ആദ്യം കാവേരിയും പിന്നെ കുന്നിക്കുരുവുമായി.
പിറ്റേന്ന് നമ്പീശന്റെ സുപ്രഭാത കീർത്തനങ്ങളുടെ എണ്ണം വർധിച്ചു. പവിത്രൻ പുതിയ ചികിത്സാ രീതികൾ പരിചയപ്പെടുത്തി. ലിവർ സീറോസിസിന് മഞ്ഞൾ വെള്ളം നല്ലതാണെന്ന അവന്റെ മെസേജിന് പ്രതീക്ഷ തരുന്ന അറിവെന്ന് മദ്യലഹരിയിൽ മുരളി മറുപടി നൽകി. നന്ദൻ പാർട്ണർഷിപ്പിൽ ആരംഭിക്കുന്ന ഒരു ആയുർവേദ സ്പായുടെ ആശയങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്തു. ശരീരത്തിനും മനസിലും ബെസ്റ്റാണ് മസാജെന്നും നല്ലൊരു ബിസിനസ് ഐഡിയയാണതെന്നും പറഞ്ഞ് ജെയിംസ് പിന്തുണ നൽകി. ഉദ്ഘാടനത്തിന് കാവേരി മേനോനെ വിളിച്ചാൽ നല്ല പബ്ലിസിറ്റി കിട്ടും.. രാജീവ് മേനോന് എതിർപ്പുണ്ടാകില്ലല്ലോ… ’ — നന്ദന്റെ ചോദ്യത്തിന് ഒരു പ്രണയ ചിഹ്നം ഞാൻ മറുപടിയായിട്ടു. ബിസിനസ്സിന് എന്ത് ജാതിയും മതവും നന്ദാ… നീ കാര്യങ്ങൾ മുന്നോട്ട് നീക്കൂ… — ഞാനവനെ പ്രോത്സാഹിപ്പിച്ചു. വർമ്മ സാറ് പ്രണയക്കെണിക്കെതിരെ ഒരു പോസ്റ്റിട്ടപ്പോൾ ആറുപേരുടെ പിന്തുണ ചിഹ്നം ഒന്നിച്ച് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.