10 January 2025, Friday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ രംഗത്ത് കേരളവും ഫിൻലൻഡും കൈകോർക്കും

Janayugom Webdesk
തിരുവനന്തപുരം
October 5, 2022 8:47 pm

പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാനുറച്ച് ഫിൻലൻഡ്. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളിലും കൊച്ചുകുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിലും സയൻസ്, മാത്സ് പഠനത്തിലും വിവിധ തലങ്ങളിലെ പഠനത്തിന്റെ മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിലുള്ള സഹകരണം.
കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലൻഡിലെ വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി ഡാൻ കോയ്‌വുലാസോയുടെ നേതൃത്വത്തിലുള്ള ഫിന്നിഷ് സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫിൻലൻഡിലെ വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണമനുസരിച്ചാണ് കേരള സംഘം ഫിൻലൻഡിലെത്തി ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടർ ചർച്ചകൾ നടത്തും. ഇതിനായി സമയബന്ധിത രൂപരേഖ തയാറാക്കും. കേരളത്തിന്റെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള ആലോചനകളെക്കുറിച്ച് കേരളസംഘം വിശദീകരിച്ചു. ഫിൻലൻഡ് മോഡൽ വിദ്യാഭ്യാസത്തിന്റെ മികച്ച വശങ്ങൾ സ്വീകരിക്കാനുള്ള താല്പര്യവും അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൽ മുഖ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നതായി ഡാൻ കോയ് വുലാസോ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നതിന് ഡൽഹിയിൽ ഒരു ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ സംസ്ഥാനത്തെ എസ്‌സിഇആർടി, സീമാറ്റ്, എസ്ഐഇടി എന്നിവർ പങ്കാളികളാകും. ഫിൻലൻഡിലെ വാസ് കൈല സർവകലാശാല ഏകോപിപ്പിക്കുന്ന ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ്‌വർക്ക് ഓഫ് ടീച്ചിങ് ആന്റ് ലേണിങ് (ജികെഎൻടിഎൽ) ആണ് ഫിൻലൻഡിലെ നോഡൽ ഏജൻസി.
വളരെ കുട്ടിക്കാലത്തു തന്നെ കുഞ്ഞുങ്ങളിൽ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നതു സംബന്ധിച്ചും കേരളം ഫിൻലൻഡിൽ നിന്നുള്ള മാതൃകകൾ സ്വീകരിക്കും. കേരളത്തിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്റ്റുഡന്റ് ഐടി ക്ലബ് മാതൃക ഫിൻലൻഡിൽ നടപ്പാക്കുന്നതിനുള്ള പിന്തുണ കേരളം നൽകും. 

Eng­lish Sum­ma­ry: Ker­ala and Fin­land will join hands in the field of education

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.