ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.
ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണിത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
തസ്തിക സൃഷ്ടിക്കും
സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തിക അനുവദിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാനദണ്ഡങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായായിരിക്കും നിയമനം.
ഐടി പാര്‍ക്കുകള്‍ക്ക് സിഇഒ
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക് എന്നീവിടങ്ങളില്‍ സി.ഇ.ഒ മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ടെക്‌നോപാര്‍ക്കില്‍ സഞ്ജീവ് നായരെയും ഇന്‍ഫോപാര്‍ക്കല്‍ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക.
വായ്പാ തീയതികളില്‍ മാറ്റം വരുത്തും
കേരളാ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടാശ്വാസത്തിന് പരിഗ
ണിക്കുന്ന വായ്പാ തീയതികളില്‍ മാറ്റം വരുത്തും. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് നിരന്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. സഹകരണ ബാങ്കുകളില്‍/സംഘങ്ങളില്‍ നിന്നും എടുത്ത് വായ്പകളില്‍ കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലകളിലെ അപേക്ഷകര്‍ക്ക് 31.08.2018 എന്നത് 31.08.2020 വരേയും മറ്റു 12 ജില്ലകളിലെ അപേക്ഷകര്‍ക്ക് 31.03.2014 എന്നത് 31.03 2016 വരെയും ദീര്‍ഘിപ്പിക്കാന്‍ അനുമതി നല്‍കി.
ദീര്‍ഘകാല കരാര്‍ നടപ്പാക്കും
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ വര്‍ക്ക്‌മെന്‍ വിഭാഗം ജീവനക്കാരുടെ 01.01.2017 മുതലുള്ള ദീര്‍ഘകാല കരാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഭേദഗതിയോടെ നടപ്പാക്കാന്‍ അനുമതി നല്‍കി. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റിക്കവറബിള്‍ അഡ്വാന്‍സായി 2022 ഫെബ്രുവരി മുതല്‍ അനുവദിച്ച നടപടി സാധൂകരിച്ചു.
English Summery: Kerala Cabinet Decides Issue Ordinance For Removing Governor As Chancellor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.