10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 10, 2025
July 5, 2025
July 4, 2025
July 1, 2025
July 1, 2025
June 28, 2025
June 26, 2025
June 9, 2025
June 9, 2025

ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഇനി നിയമയുദ്ധം

കേരളം സുപ്രീം കോടതിയില്‍ 
തടഞ്ഞുവച്ചിരിക്കുന്നത് എട്ട് ബില്ലുകള്‍
ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം
റെജി കുര്യന്‍
ന്യൂഡല്‍ഹി
November 2, 2023 11:29 pm

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അകാരണമായി വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയില്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന പ്രവര്‍ത്തനമാണ് ഗവര്‍ണറുടേതെന്ന് ഹര്‍ജിയില്‍ പറഞ്ഞു. അത്യന്തം പൊതു താല്പര്യമുള്ളതും ജനങ്ങളുടെ ക്ഷേമ നടപടികള്‍ക്കുമുള്ള ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിലെ കാലതാമസം അവരുടെ അവകാശങ്ങള്‍ നിഷേധിക്കലാണ്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഉചിതമായ ഉത്തരവുണ്ടാകണമെന്നുമാണ് ഹര്‍ജിയിലുള്ളത്.

ഭരണഘടന അനുഛേദം 200 പ്രകാരം നിയമസഭ പാസാക്കിയ എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ പരിഗണനയിലുള്ളതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സമാന വിഷയവുമായി പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകള്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിക്കായി കാത്തുകിടക്കുന്ന ബില്ലുകളില്‍ (സര്‍വകലാശാലാ നിയമ ഭേദഗതി) മൂന്നെണ്ണം രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബാക്കിയുള്ളവയില്‍ മൂന്നെണ്ണം (സഹകരണ ഭേദഗതി, ലോകായുക്ത ഉള്‍പ്പെടെ) ഒരു വര്‍ഷത്തിലേറെയും. നിയമനിര്‍മ്മാണത്തിലൂടെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിന് തടസം നില്‍ക്കുന്ന നിലപാടാണ് ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്നും പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണനും ചീഫ് സെക്രട്ടറി ഡോ. വി വേണുവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അനുച്ഛേദം 200 പ്രകാരം നിയമസഭ പാസാക്കി അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ മാത്രമേ നിയമമാകൂ. ബില്ലുകളോട് വിയോജിപ്പുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് അത് മടക്കി അയക്കാം. അതുമല്ലെങ്കില്‍ കേന്ദ്രത്തിന് കൈമാറാം. എന്നാല്‍ ഈ പ്രക്രിയക്ക് എത്രയും വേഗം എന്നതിനപ്പുറം കൃത്യമായ സമയ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ സമയക്രമത്തിന് കൃത്യതയില്ലാത്തതിനാല്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുകയാണ്. ഈ സാങ്കേതികത്വം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി വൈകിപ്പിക്കുന്നതെന്നും സംസ്ഥാനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ വൈകിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ നാലുമാസം നീണ്ട കൂടിയാലോചനകള്‍ക്ക് ഒടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഭരണഘടനാ വിദഗ്ധനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ കെ വേണുഗോപാലില്‍ നിന്ന് നിയമോപദേശം തേടുകയും ചെയ്തിരുന്നു. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുകയാണ് ചെയ്യേണ്ടതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭയുടെ അധികാരങ്ങളിൽ കടന്നുകയറാൻ ആർക്കും അധികാരമില്ലെന്നും പ്രശ്നം സർക്കാരും ഗവർണറും തമ്മിലല്ല, നിയമപരമാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: ker­ala gov­ern­ment approach supreme court against governor
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.