കേരളത്തെ സാമ്പത്തികമായി ഞെരുക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ മൃഗയാവിനോദം പോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായും ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തിലും അനുവദിക്കേണ്ട പല വിഹിതങ്ങളും തടഞ്ഞും പൊതുകടമെടുപ്പ് പരിധി വെട്ടിക്കുറച്ചും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രം ഒടുവില്‍ ട്രഷറി നീക്കിയിരിപ്പില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് രണ്ടു മാസം മാത്രം ബാക്കിയിരിക്കെ നിത്യനിദാന ചെലവുകള്‍ക്കൊപ്പം ഉണ്ടായേക്കാവുന്ന അധികബാധ്യത കൂടി കണക്കാക്കി 4,000 കോടി രൂപ ട്രഷറി നീക്കിയിരിപ്പില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള അനുമതിയാണ് സംസ്ഥാനം തേടിയത്. എന്നാല്‍ നേരത്തെയുള്ള വായ്പാ കണക്കുകളും മറ്റും ഉയര്‍ത്തിക്കാട്ടി അനുമതി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. വ്യവസ്ഥകളനുസരിച്ച് 10,000 കോടി രൂപ ഈ വിധത്തില്‍ വായ്പയെടുക്കുന്നതിന് സാധിക്കുമെന്നിരിക്കെയാണ് ഈ അനുമതി നിഷേധം. പുറത്തുനിന്നുള്ള കടമെടുപ്പ് നേരത്തെ തന്നെ വിലക്കിയ കേന്ദ്രം വീണ്ടും സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ 7,000 കോടി രൂപയെങ്കിലും വായ്പയിലൂടെ സമാഹരിക്കാമെന്നായിരുന്നു സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1,838 കോടി മാത്രം എടുക്കാനാണ് അനുമതി നൽകിയത്. തനത് വരുമാനം കഴിച്ചാല്‍ വന്‍ തുക അധികം വേണ്ടിവരുന്ന സമയമാണ് മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദം. മാർച്ചിൽ മാത്രം 20,000 കോടി ആവശ്യമായി വരുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ട്രഷറിയില്‍ ഉൾപ്പെടെ നിക്ഷേപമായുള്ള പൊതുപണത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയാണ് പൊതുവായ്പയെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത്. എന്നാല്‍ ട്രഷറി നിക്ഷേപത്തില്‍ നിന്ന് വായ്പയെടുക്കാന്‍ അനുവദിക്കാതെ ഇരട്ടത്താപ്പാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായി ലഭിക്കേണ്ട വിഹിതം നിഷേധിക്കുന്നതും വായ്പയെടുക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നതും ചരക്കുസേവന നികുതി നഷ്ടപരിഹാരം ഇല്ലാതായതുമെല്ലാം പരിഗണിച്ച് തനത് റവന്യു വരുമാനം വര്‍ധിപ്പിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം സംസ്ഥാനം നടത്തുന്നുണ്ട്. 47,000 കോടി രൂപയായിരുന്നു ഈയിനത്തില്‍ മുമ്പ് ലഭിച്ചിരുന്നതെങ്കില്‍ രണ്ട് വർഷത്തിനുള്ളിൽ 71,000 കോടി രൂപയായി ഉയര്‍ന്നു. റവന്യു കമ്മി ഗ്രാന്റ്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, ധന കമ്മിഷൻ എന്നിവ വഴി കേന്ദ്രസർക്കാരിൽ നിന്ന് അരലക്ഷം കോടി രൂപ ലഭിക്കാനുമുണ്ട്. ധനകാര്യ കമ്മിഷന്‍ വിഹിതത്തിലും വലിയ കുറവുണ്ടായി. 13-ാം ധനകാര്യ കമ്മിഷന്‍ വേളയില്‍ 3.8 ശതമാനമായിരുന്നു വിഹിതമെങ്കില്‍ 15-ാം കമ്മിഷന്‍ കാലയളവില്‍ അത് 1.9 ശതമാനമായി കുറച്ചു. ഇതുകാരണം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടതില്‍ 21,000 കോടി രൂപയുടെ കുറവാണുണ്ടായത്. എല്ലാ വകുപ്പുകള്‍ക്കും വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ കേന്ദ്രവിഹിതം ലഭിക്കാനിരിക്കുകയാണ്. കര്‍ഷകരില്‍ നിന്ന് ആദ്യ സീസണില്‍ നെല്ല് സംഭരിച്ചതില്‍ സപ്ലൈകോയ്ക്ക് 1,300 കോടിയാണ് കിട്ടാനുള്ളത്. നാഷണൽ ഹെൽത്ത് മിഷന്‍ (എന്‍എച്ച്എം) പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. എന്‍എച്ച്എമ്മിന് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി നാല് തുല്യഗഡുക്കളായാണ് നല്‍കാറുള്ളത്. ഒരു ഗഡു 92.80 കോടി രൂപ. സാമ്പത്തിക വര്‍ഷത്തെ മൂന്ന് പാദങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഒരു ഗഡു പോലും നല്‍കിയിട്ടില്ല. ഈയിനത്തില്‍ 278.4 കോടി രൂപ ലഭിക്കാനുണ്ട്. ഇങ്ങനെയെല്ലാം ഞെരുക്കുന്നതിനിടെയാണ് കേരളം സ്വന്തം ഉത്തരവാദിത്തത്തില്‍ അടച്ചുവീട്ടേണ്ട വായ്പയെടുക്കുന്നതിന് പോലും കേന്ദ്രം വിലങ്ങുതടി തീര്‍ക്കുന്നത്. ഇത് ബോധപൂര്‍വം നടത്തുന്നതാണെന്ന് ബിജെപി നേതാക്കളുടെ ന്യായീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ശമ്പളം, പെൻഷൻ, ചികിത്സാസഹായങ്ങൾ, സാമൂഹിക പെൻഷൻ, നിർമ്മാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾക്കുതന്നെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തുന്നതിന് തീരുമാനിച്ചത്. എന്നാല്‍ അത് ബോധ്യമാകാത്തത് കേരളത്തിലെ പ്രതിപക്ഷത്തിനാണ്. അതുകൊണ്ടാണല്ലോ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഇതേസമീപനം സ്വീകരിച്ചിട്ടും, കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുന്നതിന് പ്രതിപക്ഷം തയ്യാറാകാത്തത്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോടെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഇതേസമീപനമാണ് സ്വീകരിക്കുന്നതെന്നത് യുഡിഎഫിന് ബോധ്യമില്ലാത്ത കാര്യമല്ല. നേരത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നിഷേധാത്മക സമീപനം തന്നെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും തടസപ്പെടുന്നതില്‍ മനസുകൊണ്ട് ചിരിക്കുകയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുന്ന യുഡിഎഫ് ഫലത്തില്‍ ബിജെപിയുടെ നടപടികളെ അംഗീകരിക്കുക മാത്രമല്ല, എണ്ണത്തില്‍ കുറവാണെങ്കിലും തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ വഞ്ചിക്കുകകൂടിയാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.