26 April 2024, Friday

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനം തുടങ്ങി

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കൽ ദരിദ്രരാജ്യങ്ങളുടെ ചെലവിലാകരുത് 
— ഡോ. തേജൽ കനിത്കർ
Janayugom Webdesk
തൃശ്ശൂർ
May 26, 2023 4:19 pm

ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യയിൽ ഉൾപ്പെടെയുള്ള ദരിദ്രജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബെംഗളൂര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രൊഫസർ ഡോ. തേജൽ കനിത്കർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ആഗോളതാപനത്തിന് കാരണമായ കാർബൺ, മറ്റ് ഹരിതഗൃഹവാതകങ്ങൾ എന്നിവയുടെ പുറന്തള്ളലിന്റെ 60 ശതമാനവും അമേരിക്ക, ചൈന തുടങ്ങിയ 17 ശതമാനം വരുന്ന വികസിത സമ്പന്ന രാജ്യങ്ങളുടെ സംഭാവനയാണ്. അമേരിക്കയിലെ ഒരു ഫ്രിഡ്ജ് ഒരു വർഷം പ്രവർത്തിക്കാനാവശ്യമായ ഊർജം ആഫ്രിക്കയിലെ ഒരു മനുഷ്യൻ ഉപയോഗിക്കുന്ന മൊത്തം ഊർജത്തെക്കാൾ കൂടുതലാണ്.

ഇവരുടെ ഭീമമായ കാർബൺ പുറന്തള്ളലിനെ ആഗിരണം ചെയ്യാനാകരുത് അവികസിത രാജ്യങ്ങളിലെ വനവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എന്ന് അവർ പറഞ്ഞു. ദരിദ്രരാജ്യങ്ങൾക്ക് ഇനിയും പുരോഗതിയും വികസനവും അനിവാര്യമാണ്. കാർബൺ പുറന്തള്ളലിൽ വികസിത‑അവികസിത രാജ്യങ്ങൾക്കിടയിലെ അസമത്വവും അതിന്റെ ഭാഗമായി ഉയരുന്ന കാലാവസ്ഥാനീതി എന്ന ആശയവും ദക്ഷിണാർധഗോളത്തിൽ നിലനില്ക്കുന്ന ഊർജദാരിദ്ര്യത്തിന്റെയും കേവലദാരിദ്ര്യത്തിന്റെയും പശ്ചാത്തലത്തിലാണ്. ഒരു ചെറു ന്യൂനപക്ഷം തങ്ങളുടെ ഊർജ ധൂർത്തുമായി മുന്നോട്ടുപോകുകയും ഭൂരിപക്ഷം വരുന്ന ജനത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ രാഷ്ട്രീയത്തെ പരിഗണിക്കാത്ത പരിഹാരനിർദേശങ്ങൾ ലോകത്തിലെ ഭൂരിഭാഗം ജനതയ്ക്കും ദോഷമാണ് ഉണ്ടാക്കുക. ഈ രാഷ്ട്രീയം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാകണം പരിഷത്ത് ഉൾപ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതെന്ന് അവർ പറഞ്ഞു. 

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്ണൺ, പരിഷത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാന സെക്രട്ടറിമാരായ പി പ്രദോഷ്, എൽ ഷൈലജ, സംസ്ഥാന ട്രഷറർ എം സുജിത്, കേന്ദ്ര നിർവാഹകസമിതി അംഗം അഡ്വ. കെ പി രവിപ്രകാശ് എന്നിവർ സംസാരിച്ചു. ഡോ.സഫറുള്ള ചൌധരി അനുസ്മരണം ഡോ.ബി ഇക്ബാൽ നിർവഹിച്ചു. 

എംസി നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരം ഡോ. ഡാലി ഡേവിസ്, ഡോ. വൈശാഖൻതമ്പി എന്നിവർക്ക് ഡോ.എം പി പരമേശ്വരൻ സമ്മാനിച്ചു. ഡോ. വൈശാഖൻ തമ്പി രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച ‘കാലാവസ്ഥ : ഭൗതികവും ഭൗമികവും ’ എന്ന പുസ്തകം ഡോ. തേജൽ കനിത്കർ ഡോ. ഡാലി ഡേവീസിന് നൽകി പ്രകാശിപ്പിച്ചു. വജ്രജൂബിലി സമ്മേളനം ശനിയാഴ്ചയും തുടരും. നവകേരളസമ്മേളനം, പി ടി ബി അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. ‘വിശ്വാസം, ശാസ്ത്രം, സമൂഹം’ എന്ന വിഷയത്തെ അധികരിച്ച് സാഹിത്യഅക്കാദമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ വൈകിട്ട് 5 ന് പ്രഭാഷണം നടത്തും.

Eng­lish Summary:Kerala Sas­tra Sahitya Parishad Dia­mond Jubilee; The state con­fer­ence has started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.