26 April 2024, Friday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

കേരളത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കും ;മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 15, 2021 4:55 pm

ഉന്നതവിദ്യാഭ്യാസമേഖലയിൽ അന്തർദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് ഇത്രയധികം കുട്ടികൾ ഡെൽഹിയിലും മറ്റ് സർവകലാശാലകളിലും കോളേജുകളിലും ചേരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന കോഴ്‌സുകൾ ഇവിടെ ഇല്ല. ഇതിന് പരിഹാരം കണ്ടേ പറ്റൂ. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകൾ ആരംഭിക്കണം. അക്കാദമിക് നിലവാരം വർദ്ധിക്കുന്നതിന് ആവശ്യമായ സാഹചര്യം ഓരോ സ്ഥാപനത്തിലുമുണ്ടാകണം.

വിദ്യാർത്ഥികൾക്ക് ഏതുസമയത്തും ഉപയോഗിക്കാനാവും വിധം ലൈബ്രറികൾ സുസജ്ജമായിരിക്കണം. എല്ലാ കുറവുകളും പരിഹരിച്ച് സർവകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. അതിനുള്ള സർക്കാർ പ്രവർത്തനങ്ങളിൽ അധ്യാപകർ സജീവ പങ്കാളികളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ധാരാളം വിദേശ വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് കേരളത്തിലെത്തുന്നു. അവരിവിടെ വരുന്നത് മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ള നാടായതിനാലാണ്. ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാൾ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നത്. ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണ്. സവർക്കർ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദ്ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാൽ നീണ്ട ജയിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല.

 


ഇതുംകൂടി വായിക്കാം;സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും: മുഖ്യമന്ത്രി


 

നിരവധികാലം ജയിലിൽ കിടന്ന എ.കെ.ജി മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ. ഇതൊരു കലുഷിതമായ കാലമാണെന്ന് തിരിച്ചറിയണം. ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തിൽ ഒരു അക്കാദമിക് സമൂഹം എന്ന നിലയിൽ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാൻ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയിൽ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭാസ പരിഷ്‌കരണം, സർവകലാശാല നിയമപരിഷ്‌കരണം, പരീക്ഷാ നവീകരണം എന്നിവ പഠിച്ചു റിപ്പോർട്ട് നൽകുന്നതിനായി കമ്മീഷനുകളെ നിയമിച്ചു കഴിഞ്ഞു. അധ്യാപകരുടെ വർക്ക് ലോഡിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും സേവനവേതന അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ അദാലത്തുകൾ നടത്തുമെന്നും ഡോ. ആർ ബിന്ദു പറഞ്ഞു.

വാക്‌സിൻ ചലഞ്ചിലേയ്ക്ക് അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻറ് എ.ജി. ഒലീന ഉന്നത വിദ്യാഭാസ മന്ത്രിയ്ക്കു കൈമാറി. സംഘടനയുടെ വെബ്‌സൈറ്റിന്റെ പ്രകാശനവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടത്തിയ സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

 


ഇതുംകൂടി വായിക്കാം ;അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത് : മുഖ്യമന്ത്രി


 

ഉദ്ഘാടന സമ്മേളനത്തിൽ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ് അധ്യക്ഷത വഹിച്ചു.
എഫ് എസ് ഇ ടി ഒ സംസ്ഥാന പ്രസിഡന്റ് എൻ ടി ശിവരാജൻ പ്രസംഗിച്ചു. 2021–22 വർഷത്തെ അംഗത്വ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. ശ്രീകുമാറും അഭിമന്യു അവാർഡ് പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല. എം.ജോസഫും നിർവ്വഹിച്ചു. എ കെ പി സി ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. ടി. ആർ. മനോജ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പത് പ്രതിനിധികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു. പ്രസിഡന്റ് ജോജി അലക്‌സ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഡോ. കെ ആർ കവിത വരവ് ചെലവ് കണക്കുകളും വാർഷിക ബജറ്റും അവതരിപ്പിച്ചു. തുടർന്ന് ജില്ലകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. എ കെ പി സി ടി എ സംസ്ഥാന സെക്രട്ടറി പി ഹരിദാസ് അനുശോചനപ്രമേയവും രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി പി മാർക്കോസ് സമ്മേളന പ്രമേയങ്ങൾ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ എ. ജി ഒലീന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറി എ നിശാന്ത് സ്വാഗതവും തിരുവനന്തപുരം ജില്ലാസെക്രട്ടറി ഡോ. കെ ബിജുകുമാർ നന്ദിയും പറഞ്ഞു. കേരളത്തിലെ മികച്ച കോളേജ് യൂണിയന് എല്ലാ വർഷവും അഭിമന്യു അവാർഡ് നൽകാൻ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ സാംസ്‌കാരിക വിഭാഗം രൂപീകരിക്കുന്നതിന് സമ്മേളനം അനുവാദം നൽകി. ഭാരവാഹികളായി ജോജി അലക്‌സ് ( പ്രസിഡന്റ്), ഡോ. സി.എൽ.ജോഷി, ഡോ. നിഷാ വി (വൈസ് പ്രസിഡന്റുമാർ), ഡോ. സി പത്മനാഭൻ ( ജനറൽ സെക്രട്ടറി) , എ നിശാന്ത്,
പി ഹരിദാസ്, ഡോ. വി പി മാർക്കോസ്, ഡോ. ടി.ആർ.മനോജ് (സംസ്ഥാന സെക്രട്ടറിമാർ), ഡോ കെ ആർ കവിത ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 17 സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
ENGLISH SUMMARY;Kerala will be made an inter­na­tion­al stan­dard high­er edu­ca­tion cen­ter; CM
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.