25 December 2024, Wednesday
KSFE Galaxy Chits Banner 2

സ്കൂളീപ്പോക്ക് (കുഞ്ഞമ്മിണിക്കഥകൾ )

Janayugom Webdesk
December 1, 2021 9:34 pm

ഒന്നാം ക്ളാസ്സില്‍ ചേര്‍ന്നപ്പോള്‍ യൂണിഫോമുണ്ടായിരുന്നു, നീലപാവാടയും വെള്ള ബ്ലൌസും.! പാവാടയും ബ്ലൌസുമിടാന്ന് സ്വപ്നം കണ്ടതാ. പക്ഷേ കൊച്ചേട്ടന്‍ ചതിച്ചു, പാവാട ശരിയാവില്ലെന്നുപറഞ്ഞ് ഉടുപ്പ് തയ്ച്ചു, കൊരങ്ങന്‍റെ അരേല് വള്ളികെട്ട്യപോലിരിക്കുമത്രേ.! വല്ലാത്ത ചതിയായിപ്പോയി. സങ്കടപ്പെട്ടപ്പോള്‍ അടുത്തകൊല്ലം രണ്ടു പാവാട തയ്ച്ചുതരാമെന്ന് അമ്മ സമാധാനിപ്പിച്ചു. നീലയും വെള്ളയും ഉടുപ്പിട്ട്, പോസിന്റെ കൂടെയാണ് സ്കൂളില്‍ പോയത്. മഴയില്ലെങ്കിലും പഞ്ചവര്‍ണ്ണക്കുട നീര്‍ത്തിപ്പിടിച്ചു. കുട ചുരുക്കാന്‍ പലവട്ടം പറഞ്ഞെങ്കിലും ‘മഴ വന്നാ നനയൂലേ’ന്ന്‍ ന്യായംപറഞ്ഞു കുഞ്ഞമ്മിണി. ആന്‍സീന സിസ്റ്റാണ് ക്ലാസ്സ് ടീച്ചര്‍. പേരുവിളിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് ‘പ്രസന്റ് ടീച്ചര്‍’ന്ന് പറയണം. അപ്പോത്തൊട്ട് നാവില്‍ ‘പ്രസന്റെ’ന്ന വാക്കായിരുന്നു. ‘പേര് വിളിച്ചേ’ന്ന് എല്ലാരോടും പറഞ്ഞുവിളിപ്പിച്ച്, ‘പ്രസന്റ് ടീച്ചര്‍’ന്ന്‍ പറഞ്ഞു. ആ വാക്കിനോട് വല്ലാത്ത ഒരിഷ്ട മായിരുന്നു! അന്നുതൊട്ടിന്നു വരെ ‘പ്രസന്റി’നോട് നീതിപുലര്‍ത്തി.! സ്കൂളില്‍ പോവാന്‍ മടിപിടിച്ചില്ല. തല്ലുകിട്ടിയാലുമില്ലെങ്കിലും എന്നും പ്രസന്റ് ആയിരുന്ന കുട്ടി.! ഒരുപക്ഷേ, സ്കൂളില്‍ പോകാന്‍ മടിപിടിച്ച പോസിനെപ്പറ്റി, വീട്ടില്‍ പാട്ടായ കഥ കേട്ടിട്ടാണോ എന്തോ.

മൂന്നാം ക്ലാസ്സുകാരനായ പോസിന്, കുഞ്ഞേട്ടന്റെ പേന പോലുള്ള പേന കിട്ടാതെ സ്കൂളില്‍ പോവില്ലെന്ന വാശി.! കുഞ്ഞേട്ടന്‍ പുതിയ പേന കാട്ടി കൊതിപ്പിച്ചു കാണുമെന്ന് അമ്മയ്ക്കറിയാം. ‘മോനെ തല്ലുകൊള്ളിക്കാനുള്ള കുഞ്ഞേട്ടന്റെ പണിയാ, വാശിപിടിക്കാതെ സ്കൂളീപ്പോ’ന്ന് അനുനയിപ്പിച്ചിട്ടും വഴങ്ങാതെ പോസ് ചുണ്ടുകോട്ടി, കണ്ണീര്‍ വാര്‍ത്തുകരഞ്ഞു. ‘കണ്ടില്ലേ, അവന്റെ കള്ളക്കരച്ചില്‍’ എന്നു പറഞ്ഞ് കൊച്ചുകൊച്ചേട്ടന്‍ രംഗത്തെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ പോസിനെ തോളിലേറ്റി സ്കൂളിലേക്ക് നടന്നു. ഇങ്ങനെ ഒരു ആപത്ത് പോസ് പ്രതീക്ഷിച്ചില്ല. പുറകെ പുസ്തകക്കെട്ടുമായി ബേവി. സ്കൂളടുക്കുംതോറും കുട്ടികള്‍ ശ്രദ്ധിച്ചു തുടങ്ങി. പോസിന് നാണക്കേടായി. ‘താഴെയിറക്ക് കൊച്ചേട്ടാ… ഞാന്‍ പൊക്കോളാ’ മെന്ന്‍ കാലിട്ടടിച്ച് കരഞ്ഞു. കൊച്ചേട്ടന്റെ മനസ്സലിഞ്ഞു. പിന്നെ ചാടിയിറങ്ങി ഒറ്റ യോട്ടമായിരുന്നു.! പിന്നീടൊരിക്കലും സ്കൂളില്‍ പോവാന്‍ മടിപിടിച്ചിട്ടില്ലത്രേ.! അങ്ങനെയാവാം പോസ് ചാട്ടക്കാരനും ഓട്ടക്കാരനുമായത്! ‘പോസ് താഴെയിറങ്ങാന്‍ കരഞ്ഞപ്പോള്‍, ഇനി വാശിപിടിക്കോ, സ്കൂളില്‍ പോവാന്‍ മടിപിടിക്കോ, പേന വേണമെന്നു പറയോ, എന്നീ ചോദ്യങ്ങള്‍ക്കെല്ലാം തത്ത പറയുംപോലെ ‘ഇല്ലെ’ന്നു പറയിപ്പിച്ചിട്ടേ താഴെയിറക്കിയുള്ളൂ’ന്ന് കൊച്ചുകൊച്ചേട്ടന്‍ വീമ്പിളക്കി. അകന്നുനിന്ന് ‘ചുമ്മാ നുണ’യെന്ന് പോസ് ആംഗ്യം കാണിച്ചു.

സ്കൂളീപ്പോക്ക് കുഞ്ഞമ്മിണിക്ക് ഇഷ്ടമായി. പുതുമയുള്ള കാര്യങ്ങള്‍.! പക്ഷേ നഴ്സറിയിലെപോലെ തേരാപ്പാരാ എണീറ്റുനടക്കാനൊന്നും പറ്റില്ല. ബെഞ്ചില്‍ കുറ്റിയടിച്ചോണം അടങ്ങിയൊതുങ്ങി ഇരുന്നോളണം. എണീറ്റാല്‍ സിസ്റ്റ് വഴക്കു പറയും. മിണ്ടിയാല്‍ സിസ്റ്റ് മേശമേല്‍ വടി കൊണ്ടടിച്ച് പേടിപ്പിക്കും. അനുസരണയും വാശിയും മുഖാമുഖം കണ്ടതപ്പോഴാണ്. മിണ്ടാതിരിക്കാന്‍, അടങ്ങിയിരി ക്കാന്‍ വല്ലാതെ പാടുപ്പെട്ടു. സന്ധ്യപ്രാര്‍ത്ഥനയില്‍ കൈകൂപ്പിപിടിപ്പിച്ച് അമ്മ ചൊല്ലിക്കുന്നൊരു പ്രാര്‍ത്ഥനയുണ്ട്. ‘എന്‍റെ ഉണ്ണീശോയേ വാശിയൊക്കെ മാറ്റി അനുസരണയുള്ള മോളാക്കണേ, പഠിക്കാന്‍ ബുദ്ധീം ബോധോം തന്നേക്കണേ, ദുഷ്ട ശത്രുക്കളില്‍നിന്നും കാത്തോളണേ’ എന്നൊക്കെ. ‘ദുഷ്ടശത്രു ആരെ’ന്ന് ചോദിച്ചപ്പോ ‘മിണ്ടാണ്ടിരുന്ന് പ്രാര്‍ത്ഥിച്ചേ’ന്ന് അമ്മ. പ്രാര്‍ത്ഥന ഫലിച്ചിട്ടോ സിസ്റ്റിനെ പേടിച്ചിട്ടോ എന്തോ മെല്ലെ അനുസരിക്കാന്‍ പഠിച്ചു. വാശികള്‍ ചിലതൊക്കെ ഒഴിഞ്ഞു പോയി. ‘അമ്മയുടെ പ്രാര്‍ത്ഥന ഒരു സൈക്കോളജിക്കല്‍ നീക്കമായിരുന്നോ’ന്ന് കുഞ്ഞേട്ടന്‍ ചോദിക്കുമ്പോള്‍ ‘പ്രാര്‍ത്ഥനയെ വിമര്‍ശിക്കാണ്ട് പോടാ ചെര്‍ക്കാ’ന്ന്‍ അമ്മ കയര്‍ക്കും. സ്കൂള്‍വിട്ടുവന്നാല്‍ പുരയ്ക്കുച്ചുറ്റും ചുറ്റിയടിക്കും. കുഴിയാനേം തുമ്പിയേം പിടിക്കും. അപ്പഴാ അമ്മേടെ വിളി.! ‘കുഞ്ഞമ്മിണീ…കാപ്പി കുടിക്ക്, വന്നപാടെ തുണീംകൂടി മാറാതെ സര്‍ക്കീട്ടിനിറങ്ങി’ന്ന് പരാതിയും. ഊണുമുറിയിലെ മേശയും ബഞ്ചുമാണ് ഭക്ഷണസാമ്രാജ്യം. അപ്പന്‍ കസേരയിലിരിക്കും. മേശയിലാണ് അവളുടെയിരിപ്പ്. തിന്നുന്നത് താഴെക്കളയുമത്രേ.! ബേവിയും പോസും ചോറുണ്ണുന്നുണ്ട്, അത് കണ്ടപ്പഴേ മടുത്തു. ‘തട്ടിമറിക്കാണ്ട് കുടിച്ചോണം’ കാപ്പി കൊണ്ടുവച്ചു അമ്മ പറഞ്ഞു. ‘എനിക്ക് വിശക്കാണ്’ അവള്‍ ചിണുങ്ങി. ‘എന്‍റെ മോള് ഇച്ചിരി ചോറുണ്ണ്, മാങ്ങക്കൂട്ടാനും മീന്‍വറുത്തതുംകൂട്ടി അമ്മ വാരിത്തരാമെന്ന് അനുനയത്തില്‍ അമ്മ. ‘ചോറുവേണ്ട’ ന്ന് പറഞ്ഞപ്പോള്‍ ‘അതെന്താ, വിശക്കാണ്ന്നു പറഞ്ഞിട്ട്…’ എന്നായി അമ്മ. ‘ചോറ് തിന്നാനുള്ള വിശപ്പല്ലെ’ന്ന് കുഞ്ഞമ്മിണിയും. ‘പിന്നെന്തിനുള്ള വിശപ്പാ കുഞ്ഞോളെ’ പോസിന്റെ പരിഹാസം. പരിഹാസമറിയാ തെ ‘പലാരം തിന്നാനെ‘ന്ന് പറഞ്ഞു. ‘പലാരക്കൊട്ടേന്നു പലാരമെടുത്തു കൊച്ചിന് കൊട്ക്കമ്മേ’ന്ന് പോസ് വിളിച്ചുപറഞ്ഞു. പലാരം തിന്നാമെന്ന് ഓര്‍ത്തപ്പോള്‍ ഉള്ള് തുടിച്ചു. ‘കൊച്ചിനെന്താ വേണ്ടേ… ഉണ്ട, അച്ചപ്പം, കൊഴലപ്പം?’ പോസ് ചോദിച്ചു. ‘അച്ചപ്പോം ഉണ്ടേം മതി’ കൈവിരലെണ്ണി പറഞ്ഞു. ‘അതെന്താ കൊഴലപ്പം വേണ്ടേ’ പോസിന് സംശയം. ‘വേണ്ട, അതിന് മധുരോല്ല്യ.’ അവള്‍ കാരണം വ്യക്തമാക്കി. ‘എന്താ കൊണ്ടോരാത്തേ…’ അടുക്കളയിലേക്ക് ആത്മഗതമയച്ചു. ‘അമ്മേ’ന്ന് വിളിച്ചേയുള്ളൂ, അമ്മ വടിയുമായി പാഞ്ഞുവന്നു. അവള്‍ പേടിച്ചുപോയി, കുറ്റോന്നും ചെയ്തില്ലല്ലോ… പിന്നെന്താവോ.! അമ്മയെക്കണ്ടതും പോസ് ചാടിയെണീറ്റു കാറ്റുപോലെ പുറത്തേക്കോടി. ‘ഓരോന്നുപറഞ്ഞു കൊച്ചിനെ നെലോളിപ്പിച്ചാ തല്ലിപാകാക്കും’ന്ന് അമ്മ. അവള്‍ക്ക് കാര്യം മനസ്സിലായില്ല. പോസ് ഒന്നും ചെയ്തില്ലല്ലോ പിന്നെന്താവോ പോസിനെ തല്ലാന്‍ വന്നേ? ങ്ഹാ..എന്തുമാവട്ടെ.. ‘അമ്മേ…അച്ചപ്പോം ഉണ്ടേം’ അവള്‍ ചിണുങ്ങി. ‘ദേ ഒന്നങ്ങുതരും’ അമ്മ കയ്യോങ്ങി. അവളുറക്കെ കരഞ്ഞു.

‘എന്‍റെ മോള് വാ, അമ്മ ഒരൂട്ടം തരാം. ഇവടെ അച്ചപ്പോം ഉണ്ടേം ഒന്നൂല്ല്യ.. അതൊക്കെ തീര്‍ന്നുപോയില്ലേ.. പോസ് കൊച്ചിനെ പറ്റിച്ചതാ.. അവന് അമ്മ നല്ല ചുട്ട അടി വച്ചിട്ടുണ്ട്.’ അമ്മ പുന്നാരിച്ചു. പോസിനെ തല്ലാമെന്നു പറഞ്ഞപ്പഴേ മനസ്സ് നിറഞ്ഞു. ഒരു കരിക്കലമെടുത്തു അമ്മ തണ്ടികപ്പുരയിലേക്കു നടന്നു. അതില്‍നിന്നും ചുട്ട കശിനണ്ടി (കശുവണ്ടി)യെടുത്ത് ചിരട്ടകൊണ്ട് തല്ലിപ്പൊട്ടിച്ചു കൈയ്യിലേക്ക് തന്നു. കൈനിറഞ്ഞപ്പോള്‍ അവളത് ഉടുപ്പിലേക്കിട്ടു. ‘ഓ ഇതിനെ ക്കൊണ്ട് തോറ്റു, സ്കൂളീപോണ ഉടുപ്പല്ലേ… ചീത്തയാവില്ലേ? വൃത്തീം വെടിപ്പൂല്ലെങ്കീ എന്തിനുകൊള്ളാം…കണ്ണീക്കണ്ട സൂക്കേടും വരും. മെനകെട്ടോണം നടന്നാ ആര്‍ക്കാ ഇഷ്ടോണ്ടാവാ..’ അമ്മ പറഞ്ഞു. അവള്‍ വേഗം പോയി കൈകഴുകി വൃത്തിക്കാരിയും ഇഷ്ടക്കാരിയുമായി. അമ്മയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി.!

‘ആരോടും പറയണ്ട, അവര്‍ക്കൊന്നും കൊടുക്കാനില്ല…’ കശിനണ്ടി പ്ലേറ്റിലിട്ടുതന്ന് അമ്മ പറഞ്ഞു. അത് പറയുമ്പോഴും അമ്മ കശിനണ്ടി തല്ലിപ്പൊട്ടിക്കുകയാണ്. ‘അപ്പോ ഇതാര്‍ക്കാ…’ അവള്‍ക്ക് സംശയം. ‘ഇതപ്പന്…’ അതുകേട്ടപ്പോള്‍ സമാധാനായി. ബേവിക്കും പോസിനുമാണെന്നുപറഞ്ഞാല്‍ അവള്‍ ഇടയുമെന്ന് അമ്മയ്ക്കറി യാം. അമ്മയുടെ സ്നേഹം മുഴുവന്‍ അവള്‍ക്കുമാത്രം വേണമെന്നതാണ് ഏറ്റവും വലിയ വാശി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
അന്ന് സ്കൂളീന്ന് വന്നയുടന്‍ കുഴിയാനയെ പിടിക്കാന്‍ പോയി. മുറ്റത്തെ മാഞ്ചോട്ടില്‍ കൊറേ കുഴിയാനേണ്ട്, മണ്ണ് ഊതിമാറ്റി കുഴിയാനയെ പിടിച്ചു ചിരട്ടേലിട്ടു. രണ്ടെണ്ണത്തിനെ കിട്ടി, സന്തോഷിച്ചുനിക്കുമ്പോഴാണ് അടുത്ത കുഴിയില്‍നിന്നും തുമ്പി പറന്നുപോയത്. എന്തിനാവോ തുമ്പി വന്നത്, കുഴിയാനയെ തിന്നാനാവോ? അപ്പഴാ അമ്മ പാഞ്ഞുവന്നു ഒരു നുള്ളുതന്നിട്ട് പിടിച്ചുവലിച്ചു കൊണ്ടോയത്. കരഞ്ഞിട്ടൊന്നും അമ്മ വിട്ടില്ല, കൈയ്യും മുഖവും കഴുകിച്ചു. അമ്മയുടെ തഴമ്പിച്ചു പരുപരുത്ത കൈകള്‍ മുഖത്ത് തഴുകിയപ്പോള്‍ കുത്തിക്കൊണ്ടെങ്കിലും നല്ല സുഖം തോന്നി. ‘ഇത്രേം വെല്‍തായില്ലേ, ഇനിയെന്നാ ഇതൊക്കെ പഠിക്ക്യാ, ഉടുപ്പ് മാറാണ്ട് കളിക്കാന്‍ പോണ്ടാന്ന് പറഞ്ഞാ കേക്കാത്തേന്താ, കണ്ടില്ലേ ഉടുപ്പില് ചെളിയായത്, നാളെ ഇടണ്ടെ..’ അമ്മയുടെ പൂരം വഴക്ക്.! കാപ്പിയെടുത്തുവച്ച് പതിവു പോലെ പറഞ്ഞു. ‘തട്ടിമറിക്കാണ്ട് കുടിച്ചോണം’. കാപ്പി കുറച്ചു കുടിച്ച്, ഗ്ലാസ് താഴെ വച്ചതാണ്, എങ്ങനെയോ മറിഞ്ഞു. എത്ര ശ്രദ്ധിച്ചാലും കാപ്പിഗ്ലാസ് തട്ടിമറിയും, അതൊരു പതിവാണ്. അമ്മ അടിയും തരും. അന്നും കിട്ടി ചുട്ട ഒരടി.! ഓളിയിട്ട് കരഞ്ഞു. ഉറക്കെ കരഞ്ഞാല്‍ കുഞ്ഞേട്ടന്‍ പറയും, അതവക്ക്ടെ സൂത്രാ, ഒരു ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ്.! അപ്പനോ ചേട്ടന്മാരോ കേള്‍ക്കാന്‍.!

കോമാവിന്‍റെ ചോട്ടില്‍ പോസ് ചാടുന്നുണ്ട്. കുറേപേര്‍ ചാട്ടം നോക്കി നില്‍പ്പുണ്ട്. അവള്‍ കരച്ചില്‍ മറന്ന് അവിടേക്ക് ചെന്നു. പോസിന് ചാടാന്‍ മണ്ണുകൊത്തിയിളക്കി സ്ഥലമൊരുക്കിയിട്ടുണ്ട്. പോസ് പലവട്ടം സ്കൂള്‍ചാമ്പ്യനായിട്ടുണ്ട്, നിരവധി സമ്മാനങ്ങളും കപ്പുകളും ഫലകങ്ങളും കിട്ടിയിട്ടുണ്ട്. പോസിനെപ്പറ്റി അഭിമാനം പൂണ്ട പത്മനാഭന്‍ (PT) മാഷ് കുഞ്ഞമ്മിണിയെ ഓടിക്കാന്‍ നോക്കീതാ, ആ ഓട്ടം നേരേ ക്ലാസിലേക്ക് ഓടിക്കേറി ഒരുവിധം അവള്‍ രക്ഷപ്പെട്ടു.
‘അമ്മ തല്ലീട്ട് നീ കരയാര്‍ന്നില്ലേ’ ചാടാന്‍ നില്‍ക്കണ പോസ് ചോദിച്ചു. കേട്ടയുടന്‍ അവള്‍ കരഞ്ഞു, മറന്ന കരച്ചില്‍.! എല്ലാവരും ചിരിച്ചു, എന്തോ പന്തികേട്.! ഓര്‍ക്കുമ്പോള്‍ കരയുന്ന കരച്ചില്‍പ്രോഗ്രാം അവള്‍ അന്നത്തോടെ നിര്‍ത്തി. സ്വയം തോന്നിതാ, ബുദ്ധീണ്ടാവാന്‍ പ്രാര്‍ത്ഥിച്ചതല്ലേ, ബുദ്ധി വന്നിട്ടുണ്ടാകും.!
തുമ്പി കുഴിയാനയെ തിന്നാന്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ കുഴിയാനയെ തുമ്പി തിന്നൂല്ല്യെന്നും, തുമ്പിയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുവാണ് കുഴിയാനയെന്നും കൊച്ചേട്ടന്‍ പറഞ്ഞു. ‘ചിലപ്പോ കുഴിയാന തുമ്പിയായിട്ട് പറന്നുപോയതാണെങ്കി ലോ…’ കൊച്ചേട്ടന് വിസ്മയഭാവം.! ചിത്രശലഭത്തിന്‍റെ മുട്ടവിരിഞ്ഞു പുഴുവായി, തോടിനകത്ത് ഒളിച്ചിരുന്ന്, ചിത്രശലഭമായി തീരുന്ന കഥ പറഞ്ഞിട്ട് കൊച്ചേട്ടന്‍ ഒരു പാട്ട് പാടി. “ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ തെറ്റീ നിനക്കുണ്ണീ ചൊല്ലാം നല്‍പ്പൂമ്പാറ്റകളല്ലേയിതെല്ലാം..” പൂന്തോട്ടത്തില്‍നിന്ന് പൂക്കള്‍ പറന്നുപോകുന്നെന്നു പറഞ്ഞ കുട്ടിയോട് പൂക്കളല്ല, പൂമ്പാറ്റകളാണതെന്ന് അമ്മ പറഞ്ഞുകൊടുക്കുന്ന പാട്ടാണത്. കുമാരനാശാന്‍ എഴുതിയ കവിതയാണത്രേ അത്. പാട്ടിലും കവിതയിലുമുള്ള കൊച്ചുകൊച്ചുവിസ്മയങ്ങള്‍ അവള്‍ക്ക് കൌതുകമായി.

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.