6 May 2024, Monday

ലാലുവിനും കുടുംബത്തിനുമെതിരെ പ്രതികാര കുറ്റപത്രം

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 11:28 pm

പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ജോലിക്ക് ഭൂമി കുംഭകോണത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, പിതാവും മുൻ ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ്, അമ്മ റാബ്രി ദേവി എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന തലസ്ഥാനമായ പട്നയില്‍ ജൂണ്‍ 23ന് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ മുൻപന്തിയിലുണ്ടായിരുന്ന നേതാക്കളാണ് തേജസ്വിയും ലാലു പ്രസാദ് യാദവും. 2004–2009ല്‍ ലാലു കേന്ദ്ര റെയില്‍വെ മന്ത്രി ആയിരുന്ന കാലത്ത് റെയില്‍വെ ജോലിക്ക് പകരമായി യാദവ് കുടുംബം സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഭൂമി വാങ്ങി എന്നതാണ് കേസ്. ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദമ്പതികളെയും മകള്‍ മിസ ഭാരതിയെയും ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പുറത്തുവന്ന രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കുറ്റപത്രം തയാറാക്കിയതെതെന്നാണ് സിബിഐ വിശദീകരണം. കേസില്‍ എകെ ഇന്‍ഫോ സിസ്റ്റംസിനെയും നിരവധി ഇടനിലക്കാരെയും സിബിഐ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മാസം തേജസ്വി യാദവിനെ ഡല്‍ഹിയില്‍ അന്വേഷണ സംഘം എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സമാന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്തി ലാലുപ്രസാദ് യാദവും കുടുംബവും 200 കോടി രൂപയുടെ വിവാദ ഇടപാട് നടത്തിയെന്ന് ആരോപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശ‌ബ‌്ദരാക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് തേജസ്വി യാദവ് പ്രസ്താവിച്ചു. വ്യാജ വാര്‍ത്തകളും ഊതിപ്പെരുപ്പിച്ച കണക്കുകളും നിരത്തി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി തന്ത്രം വിലപ്പോവില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

Eng­lish Sum­ma­ry: Lalu Prasad, Tejash­wi Yadav named accused in land-for-job scam chargesheet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.