3 May 2024, Friday

‘സീതയും അക്ബറും’ ഒന്നിച്ചുറങ്ങിയാൽ?

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
February 24, 2024 4:50 am

‘മൈഥിലിയെ കൊണ്ടുപോരുവാൻ വൈകീ വിടതരൂ, പോട്ടെ ഞാൻ ’ എന്ന് ഹനുമാൻ ‘രാവണപുത്രി’ എന്ന വയലാറിന്റെ കവിതയിൽ ചൊല്ലി. തൊട്ടുപിന്നാലെ കവി പാടുന്ന അന്വർത്ഥ വരികളിങ്ങനെ: ‘സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഊതിപ്പിടിപ്പിച്ചൂ വാനരസേനകൾ ’ സംഘ്പരിവാര ഫാസിസ്റ്റ് ഭരണകൂടത്തിൻകീഴിൽ സീതയെ ശുദ്ധീകരിക്കുവാൻ കാട്ടുതീ ഊതിപ്പിടിപ്പിക്കുകയാണ്. പാതിവ്രത്യ വിശുദ്ധി തെളിയിച്ച് ഭൂമി പിളർന്ന് അനന്തതയിലേക്ക് മടങ്ങിയ സീതയെ ഇന്നും വർഗീയ ഫാസിസ്റ്റുകൾ വേട്ടയാടുകയാണ്. സീതയെ ധാർമ്മിക മൂല്യബോധങ്ങളുടെയും ചരാചര ധർമ്മങ്ങളുടെയും പ്രതീകമായാണ് ആദികവി വാത്മീകി അവതരിപ്പിച്ചത്. ലവകുശൻമാർ എന്ന സന്താനങ്ങൾക്ക് സീത നൽകുന്ന സന്ദേശം മാനവ ഐക്യത്തിന്റേതാണ്. ഇന്ന് സംഘ്പരിവാരം രാമനെയും സീതയെയും ബിംബങ്ങളാക്കുന്നത് മതവേർതിരിവിനും വർഗീയ ഫാസിസത്തിനും കപട ദേശീയതാ രാഷ്ട്രീയത്തിനും വേണ്ടിയാണ്. രാമഭൂമി എന്നത് ഒരു മിഥ്യയാണ്. രാമനും സീതയും മിഥ്യതന്നെ. ഭാവനാസൃഷ്ടികളായ ആ കഥാപാത്രങ്ങളെ രാഷ്ട്രീയായുധമാക്കുമ്പോൾ അസ്തമിച്ചു പോകുന്നത് രാഷ്ട്രീയത്തിലെ മതനിരപേക്ഷ ബോധവും ജനാധിപത്യ അവധാനതയുമാണ്. ‘രാമനും റഹീമും ഒന്നു തന്നെ’ എന്ന് ഉദ്ഘോഷിച്ച മഹാത്മാവിന്റെ മണ്ണിൽ മൃഗശാലകളിൽ മൃഗങ്ങൾക്ക് മതമുദ്ര കുത്തി ചാപ്പയണിയിക്കുകയാണ് സംഘ്പരിവാര ഫാസിസ്റ്റ് ഭരണകൂടം. മനുഷ്യരെ മാത്രമല്ല നരേന്ദ്ര മോഡി ഭരണകൂടത്തിൻകീഴിൽ വർഗീയവൽക്കരിക്കുകയും മതവല്‍ക്കരിക്കുകയും വംശീയ വിഭജന പരീക്ഷണത്തിന് വേണ്ടി വിഘടിപ്പിക്കുകയും ചെയ്യുന്നത് മൃഗങ്ങളിലുൾപ്പെടെ അത് വ്യാപിക്കുന്നു.

‘കേരള വാത്മീകി’ എന്ന സ്തുത്യർഹ ഗ്രന്ഥത്തിൽ ഈ വിധം കുറിക്കുന്നു: യഥാർത്ഥ നരനെ അവതരിപ്പിച്ച വാത്മീകിക്ക് യഥാർത്ഥ നാരിയെ അവതരിപ്പിക്കാതെ നിവൃത്തിയില്ലെന്നുവന്നു. അനിവാര്യവും സ്വാഭാവികവുമായ ഈ നിർബന്ധത്തിന്റെ ഫലമാണ് സീത. മനുഷ്യന്റെ യാഥാർത്ഥ്യം സ്ത്രീയെ ആശ്രയിച്ചു നിൽക്കുന്നു. അത് അറിയാമായിരുന്നു ആ ക്രാന്തദർശിക്ക്. അങ്ങനെ രാമന്റെ ജീവിതത്തിന് പൂർണിമയും സാഫല്യവുമേകിയ ‘സീത’ രാമായണത്തിൽ പ്രാമുഖ്യം നേടി. ശ്രീരാമന്റെ ജീവിതസൂനത്തിന്റെ സുഗന്ധവും ആ ജീവിതസാഗരത്തിന്റെ തരംഗമാലയും സീതാദേവിയായിരുന്നു. രാമായണം രാമന്റെ അയനം. അതിൽ ആദികവി സീതയുടെ നിർഭരവും നിർഭയത്വവുമായ ജീവിതം ഉദ്ഘോഷിച്ചു. മര്യാദാപുരുഷൻ ശ്രീരാമൻ, അച്ഛൻ ദശരഥ മഹാരാജാവിന്റെ വാഗ്ദാനപ്രകാരം കൈകേയിയുടെ ശാസനയാൽ രാജ്യഭ്രഷ്ടനാക്കപ്പെട്ടവനാണ്. ജനകൻ ഉഴുതുമറിക്കുമ്പോൾ കിട്ടിയ പുത്രിയാണ് ജാനകി. ജാനകി മര്യാദാരാമനൊപ്പം ‘കാട്ടിൽ നീ വസിക്കണം പതിനാലുവർഷം’ എന്ന കുടില കല്പന അനുസരിച്ചു. ത്യാഗനിഷ്ഠകൾ പരിപാലിച്ചു. ഒടുവിൽ വനവാസാനന്തരം ഭൂമിദേവിയായ സീതയെ വധിക്കുവാനാണ് ലക്ഷ്മണനെ നിയോഗിച്ചത്. ഇന്ന് രാമജന്മഭൂമിയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചും ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നവർ എന്തുകൊണ്ട് സീതയെ മറന്നുപോകുന്നു? അഗ്നിവിശുദ്ധിയാർജിച്ച് ലവകുശൻമാർക്ക് മുന്നിൽ വച്ച് വാത്മീകീ ഭാവനയിൽ ഭൂമി പിളർന്ന് മറഞ്ഞ വൈദേഹിയെ വിസ്മരിക്കുന്നതെന്തുകൊണ്ട്? ഇതിലും അതിഗൂഢ സംഘ്പരിവാര വർഗീയ ഫാസിസ്റ്റ് അജണ്ട കാണാം.


ഇതുകൂടി വായിക്കൂ:അക്ബർ എന്ന സിംഹവും സീതയെന്ന സിംഹിണിയും


രാമനെ രാഷ്ട്രീയബിംബമാക്കിയവർ ഇപ്പോൾ കൃഷ്ണനെ രാഷ്ട്രീയബിംബമാക്കുന്നു. ‘ഞങ്ങളുടെ കണ്ണനെയുമപഹരിച്ചു, ഞങ്ങളുടെ സർവസ്വമപഹരിച്ചു’ എന്ന് കവി പാടിയതുപോലെ രാമനു പിന്നാലെ കൃഷ്ണനെയും രാഷ്ട്രീയായുധമാക്കുകയാണ് നരേന്ദ്ര മോഡി നയിക്കുന്ന സംഘ്പരിവാര ഫാസിസ്റ്റുകൾ. മഥുരയിലും താജ്മഹലിലും മണ്ണ് മാന്തുവാൻ നേതൃത്വം നൽകുകയാണ് ഫാസിസ്റ്റ് ഭരണകൂടം. അവിടങ്ങളിലെല്ലാം ശിവലിംഗങ്ങളും ശ്രീകൃഷ്ണ മുദ്രകളും പരതിയെടുക്കുന്ന തിരക്കിലാണവര്‍. ഭാരതീയ സാംസ്കാരിക പൈതൃകത്തെയാകെ വർഗീയ ഫാസിസ്റ്റ്‌വൽക്കരണം നടത്തുമ്പോൾ കനത്ത ചെറുത്തുനില്പുകൾ രാഷ്ട്രം ആവശ്യപ്പെടുന്നു. “ആർഎസ്എസ്, ജനസംഘം തുടങ്ങിയ സംഘടനകൾ പ്രചരിപ്പിക്കുന്ന ആശയങ്ങൾ ആപൽക്കരമാണെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഹിന്ദു പൗരോഹിത്യ വർഗീയത ആളിക്കത്തിച്ച് സങ്കുചിതമായ ഒരു വീക്ഷണം നാടെങ്ങും പരത്താനാണവർ ശ്രമിക്കുന്നത്. ഹിറ്റ്ലർ നടത്തിയ പ്രചരണവും ഇതുപോലെ തന്നെയായിരുന്നു. ആര്യവംശത്തിന്റെ മേന്മയും രക്തവിശുദ്ധി മാഹാത്മ്യവും പറഞ്ഞുകൊണ്ടാണവർ അത്യന്തം ഹീനമായ വർഗീയ വിഷം ജനങ്ങളിൽ കുത്തിവയ്ക്കുന്നത്. യുവതലമുറയെ ആകർഷിക്കാൻ നാസിസത്തെപ്പോലെയുള്ള പ്രചാരണമാണ് ആർഎസ്എസുകാരും നടത്തുന്നത്. ഹിന്ദുക്കൾക്ക് മറ്റാരിൽ നിന്നും യാതൊരു ഭീഷണിയും ഇല്ലെന്ന് എല്ലാവർക്കുമറിയാം. അവർ ഈ നാട്ടിൽ മഹാഭുരിപക്ഷമാണ്. ഇന്ത്യയുടെ സർവതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി എക്കാലവും പ്രവർത്തിച്ചവരാണ് ഇന്നാട്ടിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും. സ്വാതന്ത്ര്യസമരകാലത്ത് എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും കൈകോർത്തുപിടിച്ചാണ് രണഭൂമിയിലേക്ക് പാഞ്ഞുവീണത്.

യഥാർത്ഥത്തിൽ അതിപുരാതനമായ ഈ രാഷ്ട്രത്തിന്റെ ശത്രു അമേരിക്കൻ സാമ്രാജ്യത്വവും അതിനെ അനുകൂലിക്കുന്ന ഇന്ത്യയിലെ കുത്തക മുതലാളിത്തവുമാണ്. ബിർളാകുടുംബത്തിന്റെ കയ്യിലെ വിഷ്ണു വിഗ്രഹവും ആർഎസ്എസിന്റെ കയ്യിലെ ഹിന്ദു റിവൈവലിസവും സിഐഎയുടെ കയ്യിലെ അസ്ഥിരീകരണ കഠാരിയും ഒരുമിച്ചു ചേർന്നാണ് നമ്മുടെ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നത്.” എൻ ഇ ബാലറാം 1970 നവംബറിൽ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ ഈവിധം പ്രസ്താവിച്ചു. “അനേകമായിരത്താണ്ടു തപം ചെയ്തവനാണ് ഞാൻ, അതിൻഫലം കിടയ്ക്കേണ്ടാ, കുറ്റം സീതയ്ക്കിരിക്കുകിൽ… അഞ്ചിന്ദ്രിയത്തിലും സീതയ്ക്കാറാമതു മനസിലും കാകുൽസ്ഥ. ശുദ്ധികണ്ടല്ലോ കൈക്കൊണ്ടു കാട്ടിൽ വച്ചു ഞാൻ.” ആനയ്ക്കും പുലിക്കും കടുവയ്ക്കും പേരിടാനുള്ള അവകാശം മാനവരാശിക്കുണ്ട്. ആന രാമചന്ദ്രനായാൽ എന്ത്? അക്ബറായാൽ എന്ത്? പുലിക്ക് രാമകൃഷ്ണൻ എന്ന് പേരിട്ടാൽ അയിത്തമില്ല. മുസ്ലിം പേരുകൾ വന്നാൽ അയിത്തം. സവർണ പൗരോഹിത്യത്തിന്റെ മതവിദ്വേഷ രാഷ്ട്രീയം ജനാധിപത്യ പ്രക്രിയയിൽ അടിച്ചേല്പിക്കുകയാണ് സംഘ്പരിവാരം. ‘മാ നിഷാദ, പ്രതിഷ്ഠാം ത്വ- മഗമഃ ശാശ്വതീസമാഃ’ എന്ന ആദികവിയുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്. അക്ബർ ‘ദിൻ ഇലാഹി’ എന്ന മതനിരപേക്ഷ മതം സ്ഥാപിച്ച വ്യക്തിയാണ്. ‘ദിൻ ഇലാഹി’ എന്നതിന്റെ അർത്ഥം ദൈവത്തിന്റെ മതം എന്നാണ്. അക്ബർ തന്റെ സാമ്രാജ്യത്തിനുള്ളിൽ മതപരമായ ഐക്യം ഉയർത്തിപ്പിടിച്ചു.


ഇതുകൂടി വായിക്കൂ: കെന്നഡിയും മഹേശ്വരിയും കല്യാണം കഴിച്ചു!


വർഗീയ ഫാസിസ്റ്റ്‌വൽക്കരണത്തിന്റെ ഈ ദുഷ്കരകാലത്ത് അക്ബർ ഉയർത്തിയ നവീന നവോത്ഥാന ചിന്തകൾ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നു. മതപരമായ ഐക്യത്തിനുവേണ്ടി ഇസ്ലാമിൽ നിന്നും ഹൈന്ദവ മതത്തിൽ നിന്നും മറ്റ് ഇതര മതങ്ങളിൽ നിന്നുമുള്ളവരെ ഉൾച്ചേർത്ത മതനിരപേക്ഷതയുടെ മുഖമുദ്രയായിരുന്നു ‘ദിൻ ഇലാഹി.’ ഇന്ന് സിംഹത്തിനും കടുവയ്ക്കും മതമുദ്ര ചാർത്തുമ്പോൾ നവഭാരതം എവിടെ എത്തിനിൽക്കുന്നു എന്ന് നാം ഹൃദയത്തിൽ കൈവച്ച് ചോദിക്കണം. ‘അക്ബർ’, ‘സീത’ എന്ന പേരുകളുള്ള സിംഹങ്ങളുടെ ഒരുമിച്ചുള്ള പൊറുതിയെക്കുറിച്ച് കോടതികൾക്കു പോലും ഇന്ന് ആശങ്കയാണ്. അവർ വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകളുടെ വാദമുഖങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഭരണകൂട ഫാസിസ്റ്റുകളുടെ കൈപ്പിടിയിൽ നീതിന്യായപീഠങ്ങൾ പെട്ടുപോകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കല്‍ക്കട്ട ഹൈക്കോടതി ബെഞ്ചിന്റെ പ്രസ്താവങ്ങൾ. മൂടിക്കെട്ടിയിരിക്കുന്ന സത്യസന്ധമായ നീതിപീഠത്തിന്റെ കണ്ണുകളെ സംഘ്പരിവാര ഫാസിസ്റ്റ് അനുകൂലമാക്കി തുറപ്പിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.