28 April 2024, Sunday

Related news

April 28, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 21, 2024
April 13, 2024
April 11, 2024
April 10, 2024
April 10, 2024

സുസജ്ജമായി എൽഡിഎഫ്‘

Janayugom Webdesk
February 28, 2024 5:00 am

തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കി എൽഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്ത് സുസജ്ജമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മണ്ഡലങ്ങളിലും അനുഭവ സമ്പത്തുള്ള, പരിണതപ്രജ്ഞരായവരെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്. സിപിഐ‑നാല്, സിപിഐ(എം)-15, കേരള കോൺഗ്രസ് (എം)-ഒന്ന് വീതം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ നേരത്തെതന്നെ ധാരണയായിരുന്നു. ചെറിയ തർക്കങ്ങൾക്ക് പോലും ഇടമില്ലാതെയാണ് എൽഡിഎഫ് സീറ്റ് വിഭജനവും അതാത് പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഗോദയിൽ ആദ്യഘട്ടം എൽഡിഎഫ് മേൽക്കൈ നേടിയിരിക്കുകയാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതിന് പിറകേ മണ്ഡലം മുതൽ ബൂത്ത് തലംവരെയുള്ള തെരഞ്ഞെടുപ്പ് സമിതികളുടെ രൂപീകരണവും അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുന്നതിനാണ് എൽഡിഎഫ് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം സീറ്റുകളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിലും ധാരണയുണ്ടാക്കുവാൻ സാധിക്കാതെ ഉഴലുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും മുന്നണിയെയും സജ്ജമാക്കാനെന്ന പേരിൽ കാസർകോട് നിന്നാരംഭിച്ച കോൺഗ്രസിന്റെ സമരയാത്ര ആഭാസമായി മാറിയതിന്റെ വാർത്തകളാണ് പുറത്തുവന്നത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള അസ്വാരസ്യങ്ങളും യാത്രയുടെ വിവിധ ഘട്ടങ്ങളിൽ വെളിച്ചത്തുവന്നു. കെപിസിസി അധ്യക്ഷൻ പ്രതിപക്ഷനേതാവിനെ അസഭ്യം പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നു. മൈക്ക് ഓൺ ചെയ്തുവച്ചതറിയാതെയെന്ന ഭാവേനയാണെങ്കിലും ഇരുവരും തമ്മിൽ നിലനിൽക്കുന്ന മൂപ്പിളമ പോരിന്റെ പ്രതിഫലനമാണെന്ന് മനസിലാക്കുവാൻ അധികം ബുദ്ധിവൈഭവം ആവശ്യമില്ല. കാരണം നേരത്തെയും ഇത്തരം പെരുമാറ്റങ്ങൾ ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നതാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പരസ്പരം പോരടിച്ചത് എല്ലാവരും കണ്ടതാണ്. അന്ന് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതുസംബന്ധിച്ച തർക്കമായിരുന്നു പ്രതിഫലിച്ചതെന്ന് ന്യായീകരിക്കുവാനാണ് ഇരുവരും ശ്രമിച്ചത്. ഇപ്പോഴത്തെ സംഭവമുണ്ടായപ്പോഴും ന്യായീകരണവുമായി ഇരുവരും രംഗത്തെത്തിയെങ്കിലും അത് വിശ്വസിക്കത്തക്കതായിരുന്നില്ല. ഈ വിധത്തിൽ നേതൃത്വം ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരായി നിൽക്കുമ്പോഴാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുന്നത്.


ഇതുകൂടി വായിക്കൂ:തെരഞ്ഞെടുപ്പ് ബോണ്ട്: കോടതിവിധി നീതിയുക്തം


പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും മറ്റുള്ള നേതാക്കളും കളംനിറയുകയാണ്. കൂടാതെ മുന്നണിയിലും അസ്വാരസ്യങ്ങളാണ്. മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് യുഡിഎഫിൽ തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാർത്ഥികളുടെ കാര്യം തീരുമാനമാകാതെയും കോൺഗ്രസ് പ്രതിസന്ധിയിലാണ്. ലോക്‌സഭയിൽ നിലവിലുണ്ടായിരുന്ന ജനപ്രതിനിധികളുടെ പ്രവർത്തനം തൃപ്തികരമായിരുന്നില്ല എന്നതുകൊണ്ട് ജനങ്ങളെ നേരിടുന്നതിൽ അവർക്ക് ആശങ്കകളുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തുന്ന കടുത്ത വെല്ലുവിളികളെ നേരിടുന്ന കാര്യത്തിൽ അവരുടെ പങ്ക് വട്ടപ്പൂജ്യമായിരുന്നുവെന്നും സംസ്ഥാനത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന കടുത്ത അവഗണനയിൽ കേരളത്തിനൊപ്പം അവരുണ്ടായിരുന്നില്ലെന്നും തിരിച്ചറിയുന്ന ജനങ്ങളെ എന്തുപറഞ്ഞ് വോട്ടുതേടി സമീപിക്കുമെന്ന ആശങ്കയും അവരുടെ മുന്നിലുണ്ട്. ബിജെപിയാകട്ടെ, മൂന്നാം മുന്നണി എന്ന പേരിലും സംസ്ഥാനത്തിനെതിരെ കുപ്രചരണങ്ങൾ നടത്തിയും ചിത്രത്തിൽ ഇടംനേടാൻ ശ്രമിക്കുന്നുണ്ട്. തൃശൂരിലെ ഭാരത് അരി വിതരണവും, ആരും ശ്രദ്ധിക്കാതെ പോയ കെ സുരേന്ദ്രന്റെ കേരള പദയാത്രയും, തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം ഇവിടെ ഫലിക്കില്ലെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതേണ്ടത്.

അതുകൊണ്ടാണവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇടയ്ക്കിടെ ഇവിടെ കൊണ്ടുവന്ന് തെരുവ് നാടകം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് സുസജ്ജമായി ജനങ്ങളെ സമീപിക്കുന്നത്. എട്ടുവർഷത്തോളമായി തുടർച്ചയായി സംസ്ഥാന ഭരണം നടത്തുന്ന സർക്കാരിന്റെ ജനോപകാരപ്രദമായ നടപടികളും കേന്ദ്ര സർക്കാരിന്റെ വർഗീയ, ജനവിരുദ്ധ നയങ്ങളും സംസ്ഥാനത്തോടുള്ള അവഗണന, ശത്രുതാപരമായ സമീപനങ്ങൾ എന്നിവയും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. കേരളത്തിന്റെ ക്ഷേമ പദ്ധതികളെയും ആശ്വാസ നടപടികളെയും തകർക്കുന്ന സമീപനങ്ങളാണ് ഓരോ ദിവസവും കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്. അതേസമയം തങ്ങളുടെ സഹപ്രവർത്തകർ ഭരിക്കുന്ന സർക്കാരുകളോടും ഇതേസമീപനം സ്വീകരിക്കുമ്പോഴും സങ്കുചിതമായ രാഷ്ട്രീയം കാരണം കേരളത്തിന്റെ താല്പര്യത്തിന്റെ കൂടെ നിൽക്കുവാൻ തയ്യാറാകാത്ത യുഡിഎഫിന്റെ ഇരട്ടത്താപ്പും ജനങ്ങൾ തിരിച്ചറിയുമെന്നുറപ്പാണ്. പ്രളയവും മഹാമാരിയും പോലുള്ള ദുരിതകാലങ്ങളിലും അല്ലാത്തപ്പോഴും ഓരോ മനുഷ്യന്റെയും കണ്ണീരൊപ്പുന്നതിൽ കൂടെനിൽക്കാന്‍ സംസ്ഥാന സർക്കാർ കാട്ടുന്ന കരുതലും ജാഗ്രതയും തന്നെയാണ് എൽഡിഎഫിന്റെ ഉറച്ച ആത്മവിശ്വാസത്തിന്റെ കാതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.