March 29, 2023 Wednesday

Related news

March 26, 2023
March 7, 2023
January 14, 2023
December 9, 2022
December 2, 2022
October 23, 2022
October 23, 2022
August 13, 2022
June 30, 2022
May 16, 2022

ചരിത്രക്കുതിപ്പില്‍ LVM 3: 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

Janayugom Webdesk
ബംഗളുരു
October 23, 2022 10:19 pm

ഐഎസ്ആര്‍ഒയ്ക്ക് അഭിമാനനിമിഷം. ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരം. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൃത്യമായി ഭ്രമണപഥത്തിലെത്തി.
ശനിയാഴ്ച രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും വലുപ്പമേറിയതും ഏറ്റവും ഭാരമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക്ക് 3 ഐഎസ്ആര്‍ഒ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന പേരിലുള്ള റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കന്റുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തി. 34-ാം മിനിറ്റോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഘട്ടംഘട്ടമായി അടുത്ത 20 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി.
5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിന്റെ സ്ഥിരീകരണം പുലർച്ചെ 3.11ന് എത്തി. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എൽവിഎം 3 നിലനിർത്തി. 2017ലും സമാനമായി ഐഎസ് ആര്‍ഒ കൂട്ടത്തോടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. അന്ന് 31 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.
വൺ വെബ്ബിന്റെ അടുത്ത വാണിജ്യ വിക്ഷേപണം 2023 ജനുവരിയിൽ നടക്കും. 648 ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാനാണ് വണ്‍ വെബ് ലക്ഷ്യമിടുന്നത്. ഡിസംബറിൽ എസ്എസ്എൽവി രണ്ടാം പരീക്ഷണത്തിനായി വിക്ഷേപണത്തറയിലെത്തും. രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്ന് വിക്ഷേപണം 2023 ജൂലൈയ്ക്ക് മുമ്പായി നടക്കുമെന്നും ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
ഈ വര്‍ഷം ഓഗസ്റ്റില്‍ നടത്താനിരുന്ന വിക്ഷേപണം കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ അടക്കമുള്ള കാരണങ്ങളാല്‍ വൈകുകയായിരുന്നു. ചാന്ദ്ര പര്യവേക്ഷണത്തിന് കൂടുതല്‍ മെച്ചപ്പെട്ട റോവറുമായാണ് ‘ചാന്ദ്രയാന്‍-മൂന്ന്’ ബഹിരാകാശത്തേക്ക് കുതിക്കുക. ചാന്ദ്രയാന്‍-രണ്ടില്‍ ഉപയോഗിച്ച ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നതിനാല്‍ ചാന്ദ്രയാന്‍ മൂന്നാം ദൗത്യത്തിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തും. 2019 സെപ്റ്റംബറില്‍ രണ്ടാം ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതുമൂലം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.
ബഹിരാകാശത്തേക്ക് മനുഷ്യനെ വഹിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2024ല്‍ നടക്കുമെന്നും സോമനാഥ് അറിയിച്ചു.ഇതിനു മുമ്പ് വിവിധ പരീക്ഷണ ഘട്ടങ്ങളായ അബോര്‍ട്ട് മിഷനും ആളില്ലാ പരീക്ഷണ വിക്ഷേപണവും നടക്കും. രണ്ട് അബോര്‍ട്ട് മിഷനു ശേഷമാണ് ആളില്ലാതെയുള്ള പരീക്ഷണ വിക്ഷേപണം. ആദ്യ അബോര്‍ട്ട് മിഷനില്‍ ബഹിരാകാശ വാഹനത്തിന്റെ വേഗവും രണ്ടാം മിഷനില്‍ ബഹിരാകാശ യാത്രികര്‍ക്ക് അപകടം പിണഞ്ഞാല്‍ രക്ഷ​പ്പെടുത്താനുള്ള ശേഷിയും പരീക്ഷിക്കും. ആറു പരീക്ഷണ പറക്കലിനുശേഷമാണ് ബഹിരാകാശ യാത്രികരെയും വഹിച്ച്‌ ഗഗന്‍യാന്‍ ചരി​ത്ര വിക്ഷേപണം നടത്തുക. ഗഗന്‍യാന്‍ അബോര്‍ട്ട് മിഷന്‍ അടുത്ത വര്‍ഷം നടക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

Eng­lish Sum­ma­ry: LVM 3 in his­to­ry: 36 satel­lites in orbit

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.