24 April 2025, Thursday
KSFE Galaxy Chits Banner 2

മലയാളിയുടെ ആന വണ്ടിക്ക് 60

വലിയശാല രാജു
March 2, 2025 7:30 am

കേരളത്തിൽ ബസുകൾക്കായി ഒരു ദിവസ മുണ്ട്. എല്ലാവർഷവും ഫെബ്രുവരി 20ന് കെഎസ്ആര്‍ടിസിയാണിത് ആചരിക്കുന്നത്. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ദിവസം കൊണ്ടടുന്നത്. ഈ ദിവസം കാറുകൾ, മറ്റ് ടാക്സി വാഹനങ്ങൾ എന്നിവ ഒഴിവാക്കി ബസിൽ യാത്ര ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ പൊതു ഗതാഗതം ആദ്യം ആരംഭിക്കുന്നത് കേരളത്തിലാണ്. വിഭജിച്ചു കിടന്ന കേരളത്തിലെ നാട്ട് രാജ്യമായ തിരുവിതാംക്കൂറിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും 1938 ഫെബ്രുവരി 20 ന് ഇ ജി സോൾട്ടർ എന്ന ബ്രിട്ടീഷ് എഞ്ചിനിയർ ഡ്രൈവ് ചെയ്ത ബസ് മഹാരാജാവിനെയും കുടുംബത്തിനെയും വഹിച്ചു കൊണ്ട് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. പിൽക്കാലത്ത് കെഎസ്ആര്‍ടിസി എന്നറിയപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ (ടിഎസ് ടിഡി) ഉദ്ഘാടന ചടങ്ങായിരുന്നു അത്. ഇതോടെ കേരളത്തിന്റെ റോഡ് മാർഗമുള്ള പൊതുഗതാഗതത്തിന് തുടക്കമായി. ആദ്യ പൊതുഗതാഗതം തുടങ്ങിയെന്ന ഖ്യാതിയുമായി മലയാളി ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് ബസ് ഡേ ആചരിക്കാൻ ഫെബ്രുവരി 20 തെരഞ്ഞെടുത്തത്. 

സാധാരണക്കാർക്കുള്ള പൊതു ഗതാഗത പദ്ധതിയുടെ ആദ്യ രൂപം 1937 ജൂലൈ 21ന് തിരുവിതാംക്കൂർ ശ്രീമൂലം പ്രജാസഭയിൽ അന്നത്തെ ദിവാൻ സിപി രാമസ്വാമി അയ്യർ അവതരിപ്പിച്ചു. തുടർന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട് ഡിപ്പാർട്ട്മെന്റിന് ചിത്തിര തിരുനാൾ രാജാവ് രൂപം നൽകുന്നത്. തിരുവിതാംകൂറിന്റെ ക്ഷണപ്രകാരം ഗതാഗത രംഗത്തെ വിദഗ്ദനും ലണ്ടൻ പാസഞ്ചർ ബോർഡിലെ അസിസ്റ്റന്റ് സുപ്രണ്ടായ ഇ ജി സോൾട്ടൻ 1937സെപ്റ്റംബർ 20ന് തിരുവിതാംക്കൂർ സ്റ്റേറ്റ് ട്രാൻസ്പോർട് ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. ബസ് നിർമ്മാണത്തിന് ഷാസികളും (chasis)എൻജിനുകളും ലണ്ടനിൽ നിന്നും കൊണ്ട് വന്നു. ഇവിടത്തെ റോഡിന് യോജിച്ച ബസിന്റെ മാതൃക തയ്യാറാക്കിയതും ഈ ബ്രിട്ടീഷുകാരൻ തന്നെയാണ്. അഞ്ച് മാസം കൊണ്ട് 34 ബസും അതിന് വേണ്ട തൊഴിലാളികളെയും സോൾട്ടൻ രംഗത്തിറക്കി. അങ്ങനെയാണ് 1938 ഫെബ്രുവരി 20ന് രാജാവിനെയും കുടുംബാംഗങ്ങളെയും കൊണ്ട് തമ്പാനൂർ നിന്നും കവടിയാർ കൊട്ടാരത്തിലേക്ക് സോൾട്ടൻ തന്നെ ഡ്രൈവ് ചെയ്തു തുടക്കം കുറിച്ചത്. 

34ബസുൾക്ക് പുറമെ പിന്നീട് 60 ബസുൾക്കുള്ള ഷാസികളും എഞ്ചിനുകളും കൂടി ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്തു. സിപി രാമസ്വാമി അയ്യരുടെ നിർദ്ദേശ പ്രകാരം തിരുവിതാംകൂർ കാടുകളിൽ വളർന്ന തേക്ക് മരം കൊണ്ടാണ് വാഹനത്തിന്റെ പ്ലാറ്റ്ഫോമുകൾ നിർമ്മിച്ചത്. ഉൽഘാടനത്തിന്റെ അടുത്ത ദിവസം 1938 ഫെബ്രുവരി 21ന് തന്നെ തിരുവനന്തപുരം കന്യാകുമാരി റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ മൂന്ന് റൂട്ടുകളിലാണ് ഉണ്ടായിരുന്നത്. തിരുവന്തപുരം ‑നാഗർകോവിൽ, നാഗർകോവിൽ ‑കന്യാകുമാരി, നാഗർ കോവിൽ — കുളച്ചൽ തുടങ്ങിയവയായിരുന്നു അവ. 23ലതർ സീറ്റുകളായിരുന്നു പൊതു ഗതാഗതത്തിനായി ഉപയോഗിച്ച ബസിലുണ്ടായിരുന്നത്. അതിൽ പത്തെണ്ണം ഫസ്റ്റ് ക്ലാസ് ആയിരുന്നു. നടുവിലായിരുന്നു വാതിൽ. പാർസൽ കൊണ്ടുപോകാനുള്ള സൗകാര്യമുണ്ടായിരുന്നു. ഒരു മൈൽ ദൂരത്തിന് അര ചക്രമായിരുന്നു കുറഞ്ഞ ബസ് നിരക്ക്. അതായത് 1.600 കി.മി. ബസിന്റെ മുൻ നിരയിലായിരുന്നു ഫസ്റ്റ് ക്ലാസ്. ഇതിനു 50ശതമാനം ചാർജ് കൂടും. മൂന്ന് വയസ് വരെയുള്ളവർക്ക് യാത്ര അന്നും സൗജന്യമായിരുന്നു. ബസ് ടിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു. ബുക്കിൽ എഴുതി വയ്ക്കും. 1938ൽ തിരുവിതാംക്കൂർ സ്റ്റേറ്റ് ട്രാൻസ്പോർട് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച ശേഷം പിന്നീട് സ്വാതന്ത്ര്യാനന്തരമാണ് മുറിഞ്ഞു കിടന്ന കേരളത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങളായ കൊച്ചിയിലും (1949) മലബാറിലും (1956) പൊതുമേഖലയിൽ ഗതാഗതം ആരംഭിക്കുന്നത്. 

പൊതു ഗതാഗതത്തിന് മുമ്പേ സ്വകാര്യ ബസ് യാത്ര തുടങ്ങി
***************************************
പൊതു ഗതാഗതം 1938ലാണ് തിരുവിതാംകൂറിൽ ആരംഭിച്ചതെങ്കിലും അതിന് മുമ്പേ മലയാളികളെയും കൊണ്ട് സ്വകാര്യ ബസ് യാത്ര തുടങ്ങിയിരുന്നു. 1910 ലാണിത്. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ വിശാഖം തിരുനാള്‍ രാമവർമ്മയുടെ മകൻ അരുമന നാരായണൻ തമ്പി തിരുവിതാംകൂർ കോമേഴ്സിയൽ ട്രാൻസ്പോർട്ട് കോര്‍പറേഷൻ (സിടിസി) എന്ന കമ്പനി രജിസ്റ്റർ ചെയ്ത് ശ്രീ വിലാസം മോട്ടോർസ് എന്ന പേരിൽ എട്ട് മോട്ടോർ വാഹനങ്ങൾ നിരത്തിലിറക്കി. തിരുവിതാംക്കൂർ — നാഗർകോവിൽ റൂട്ടിൽ സർവിസ് നടത്തിയ സിടിസിയാണ് കേരളത്തിലെ ആദ്യത്തെ മോട്ടോർ കമ്പനി. ഏറ്റവും രസകരമായ കാര്യം അന്ന് അതായത് ഒരു നൂറ്റാണ്ട് മുമ്പ് വേണ്ടത്ര റോഡുകൾ ബസ് ഓടുവാൻ ഇല്ലാതിരുന്നതുകൊണ്ട് സിടിസി കമ്പനി അന്ന് സർക്കാരിന് റോഡ് നിർമ്മിക്കാൻ വേണ്ടി 6000രൂപ സംഭാവന നൽകി. ഇതൊരു ചരിത്രരേഖയാണ്. സിടിസി കമ്പനി രൂപീകരിക്കുന്നതിന് രണ്ട് വർഷം മുമ്പ് 1908ൽ മീനച്ചിൽ മോട്ടോർ അസോസിയഷൻ എന്ന പേരിൽ ഒരു കമ്പനി തിരുവിതാംക്കൂറിൽ രജിസ്റ്റർ ചെയ്തിരുന്നു. 1910ൽ കോട്ടയം പാല റൂട്ടിൽ ആ ബസ് ഓടിത്തുടങ്ങി. അന്ന് വെറും 18വയസ് പ്രായമുള്ള ജോസഫ് അഗസ്റ്റി എന്ന ചെറുപ്പക്കാരനായിരുന്നു അതിന്റെ പിന്നിൽതം. സിടിസിയും മീനച്ചിൽ മോട്ടോർസ് കമ്പനിയും ഒരേ കാലയളവിലാണ് സ്വകാര്യ ബസ് സർവീസ് നടത്തിയതെങ്കിലും മീനച്ചിൽ മോട്ടോർസ് കമ്പനിയാണ് പാലക്കാരൻ ജോസഫ് അഗസ്റ്റിയുടെ പേരിൽ ആദ്യം രജിസ്റ്റർ ചെയ്തത് എന്നാണ് രേഖകളിൽ കാണുന്നത്. എന്നാൽ ആദ്യം ഓടി തുടങ്ങിയത് ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ ശ്രീവിലാസം മോട്ടോർസ് (സിടിസി)തന്നെയാണ്. ഈ രണ്ട് മോട്ടോർ കമ്പനികൾ സർവീസ് തുടങ്ങിയതോടെ പ്രിൻസ് മോട്ടോർസ്,
ലക്ഷ്മിവിലാസ് മോട്ടോർ സർവിസ് ആഡിയൻസ് ട്രാൻസ്പോർട് കമ്പനി, പയനീർ
മോട്ടോർസ് തുടങ്ങിയ കമ്പനികളും തിരുവിതാംക്കൂറിൽ ബസ് സർവീസ് ആരംഭിച്ചു. 

സ്വകാര്യ സർവിസ്കൾ ധാരാളമായി രംഗത്തു വന്നെങ്കിലും അക്കാലത്തു സാധാരണക്കാർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെയാണിതിന് കാരണം. സമ്പന്നരായ മുതലാളിമാരും വലിയ കച്ചവടക്കാരും പ്രമാണിമാരുമായിരുന്നു അന്ന് ബസ് യാത്ര ചെയ്തിരുന്നത്. ഒരർത്ഥത്തിൽ അക്കാലത്തെ ബസുകൾ വലിപ്പമുള്ള കാറുകളായിരുന്നു. മഴ, വെയിൽ എന്നിവയിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാൻ കാൻവാസ് ഷീറ്റാണ് മേൽക്കൂരയായി വലിച്ചു കെട്ടിയിരുന്നത്. ഈ സ്വകാര്യ ബസുൾ സ്ഥിരമായി സർവീസ് നടത്തിയിരുന്നില്ല. യാത്രക്കാർ വളരെ കുറവായിരുന്നു എന്നതായിരുന്നു കാരണം. 

പല റൂട്ടുകളിലും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഒക്കെയാണ് അന്ന് സർവീസ്. എല്ലാ ദിവസവും ബസ് പോകുന്നത് കാണാൻ നാനാ ദിക്കിൽ നിന്നും ധാരാളം പേർ തടിച്ച് കൂടുമായിരുന്നു. ഇവർ പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ തങ്ങളുടെ നാടുകളിൽ പ്രചരിപ്പിച്ചു. അത് കേട്ട് കൗതുകം കൂടി പിന്നെയും ധാരാളം ആളുകൾ ബസ് കാണാൻ വന്ന് തുടങ്ങി. രാജാവിനെക്കാൾ തലയെടുപ്പായിരുന്നു അന്ന് ബസ് ഡ്രൈവർക്ക്. അക്കാലത്ത് രാജാവിന് നാട്ടുകാർ ഒരു പരാതി കൊടുത്തു. ബസ് വലിയ ശബ്ദത്തിൽ ഓടിയിരുന്നതിനാൽ ഇവയുടെ ശബ്ദം കേട്ട് തങ്ങളുടെ കോഴികൾക്ക് മുട്ടയിടാൻ കഴിയുന്നില്ല എന്നതായിരുന്നു പരാതി. കരിവണ്ടികളായിരുന്നു അന്നത്തെ ബസുകൾ. ലോക മഹായുദ്ധം നടക്കുന്ന കാലമായതിനാൽ പെട്രോൾ, ഡീസൽ എന്നിവക്ക് വലിയ ക്ഷാമമായിരുന്നു. ബസുളിൽ കൂടുതലും കൽക്കരിയിരുന്നു ഇന്ധനമായി ഉപയോഗിച്ചിരുന്നത്. പരമാവധി വണ്ടിയുടെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററായിരുന്നു. പൊതുവെ 20കിലോമീറ്റർ വേഗതയിലായിരുന്നു ഓടിയിരുന്നത്. തൊഴിലാളികൾക്ക് വെളുത്ത യൂണിഫോമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ വണ്ടിയുടെ കറുത്ത പുക കാരണം ഇവർ ‘കരിംഭൂത’ങ്ങളായി മാറും. 

റോഡ് ട്രാൻസ്പോർട് നിയമം വരുന്നു 
***********************************
1950ലാണ് റോഡ് ട്രാൻസ്പോർട്ട് ആക്ട് ഇന്ത്യൻ പാർലമെന്റ് പാസാക്കുന്നത്. ഈ നിയമ പ്രകാരം വിവിധ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനങ്ങൾ സ്വയംഭരണ അവകാശമുള്ള പ്രത്യേകം കോര്‍പറേഷന്റെ കീഴിലായി. കേരളത്തിൽ നിയമം വന്ന് 15വർഷം കഴിഞ്ഞാണ് കേരള റോഡ് ട്രാൻസ്പോർട്ട് കോര്‍പറേഷൻ നിലവിൽ വരുന്നത്. 1965 മാർച്ച് 15നാണ് ഔദ്യാഗിക പ്രഖ്യാപനം
നടന്നത്. പ്രൈവറ്റ് ബസുകള്‍ കേരളത്തിലെ നിരത്തുകൾ അരങ്ങു വാണിരുന്ന കാലത്താണ് 901 ബസുകളുമായി കെഎസ്ആര്‍ടിസി പ്രവർത്തനം ആരംഭിക്കുന്നത്. 3500പ്രൈവറ്റ് ബസുകൾ റോഡ് ഗതാഗതത്തിന്റെ 79ശതമാനവും അന്ന് കൈയ്യടക്കിരുന്നു. 

അതിവേഗത്തിലുള്ള വളർച്ചയാണ് പിന്നീട് കെഎസ്ആര്‍ടിസി നേടിയത്. സർക്കാർ ബസുകൾ റോഡിലെ രാജാക്കന്മാരായി അരങ്ങു വാണു. ആദ്യ കാലത്ത് മിക്ക ട്രാൻസ്പോർട് ബസുകളുടെയും മുൻ ഭാഗം മുന്നിലേക്ക് തള്ളി നിന്നിരുന്നു. റേഡിയേറ്ററും അനുബന്ധ ഉപകരണങ്ങളുമായിരുന്നു ഇത്. ഈ രൂപം കാരണം ആളുകൾ കെഎസ്ആര്‍ടിസി ബസുകളെ അന്ന് മുറിമൂക്കൻ എന്ന് വിളിച്ചു. ലൈലാന്റ്, പെർക്കിൻ, കോമർ, ഷെവർലെ ഫാർഗോ തുടങ്ങിയ കമ്പനികളുടെ എൻജിനുകളായിരുന്നു ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. ഇവയെ ആന വണ്ടിയെന്നും വിളിച്ചിരുന്നു. ആനകൾ ഉള്ള സർക്കാർ മുദ്ര വാഹനത്തിലും വരച്ചു വച്ചിരുന്നതിനാലാണെന്നും അതല്ല അന്ന് വാഹനത്തിൽ ഉണ്ടായിരുന്ന എയർ ഹോൺ പുറപ്പെടുവിച്ചിരുന്ന ശബ്ദം ആനയുടെ ശബ്ദം പോലെ തോന്നിച്ചിരുന്നത് കൊണ്ടാണെന്നും പറയപ്പെടുന്നു. വാഹന നിർമ്മാണത്തിന് വേണ്ട മിക്ക സാധനങ്ങളും അന്ന് ബ്രിട്ടനിൽ നിന്നാണ് എത്തിച്ചിരുന്നത്. ലാഭം മാത്രമായിരുന്നില്ല കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ജന സേവനമായിരുന്നു. ചുരുങ്ങിയ കാലയളവുകൊണ്ട് റോഡ് ഗതാഗതത്തിന്റെ 38ശതമാനം കയ്യടക്കി വൻ പ്രസ്ഥാനമായി കെഎസ്ആര്‍ടിസി വളർന്നു. ഇന്ന് 6000ത്തിലധികം ബസുകൾ ഉപയോഗിച്ചു അത്രത്തോളം തന്നെ ഷെഡ്യൂളുകൾ നടത്തുന്നു. തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വമ്പൻ സ്ഥാപനത്തിൽ 35000തിലധിക്കo തൊഴിലാളികൾ ജോലി ചെയ്യുന്നു. 

ജനങ്ങളുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന പൊതു വാഹനമാണിന്ന് കെഎസ്ആര്‍ടിസി. സ്വകാര്യ ബസുകള്‍ കടന്ന് ചെല്ലാത്ത റൂട്ടുകളിൽ പോലും മലയാളികളുടെ ആന വണ്ടി ഓടുന്നു. കെഎസ്ആര്‍ടിസി ബസില്ലാത്ത സ്ഥലങ്ങൾ ഇന്ന് കേരളത്തിൽ ഇല്ലെന്ന് പറയാം. കേരളത്തിലെ ദുരന്തമുഖത്തെല്ലാം ആംബുലൻസായും മലയാളിക്ക് പ്രയോജനപ്പെട്ടത് ഈ ആനവണ്ടി തന്നെയാണ്. കോവിഡ് മഹാമാരി കാലത്ത് നാമിത് തീർത്തും ബോധ്യപ്പെട്ടതാണ്. കലാകായിക രംഗത്തും കെഎസ്ആര്‍ടിസിയുടെ സംഭാവന എടുത്തു പറയേണ്ടതാണ്. 1995വരെ ഈ സ്ഥാപനത്തിൽ സ്വന്തമായി ഒരു ഫുട്ബോൾ ടീമുണ്ടായിരുന്നു. പ്രതാപ കാലത്ത് പല വമ്പൻ ക്ലബുകളെയും ഇവര്‍ വിറപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.