28 April 2024, Sunday

Related news

April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

തൃക്കാക്കര സീറ്റിനായി കോണ്‍ഗ്രസില്‍ നിരവധിപേര്‍ രംഗത്ത്; സുധാകരനും സതീശനും ജീവന്‍മരണ പോരാട്ടമാകും

പുളിക്കല്‍ സനില്‍രാഘവന്‍
January 6, 2022 4:21 pm

പി ടി തോമസിന്റെ വിയോഗത്തോടെ ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ കണ്ണുംനട്ട് കൊച്ചിയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് (CONGRESS) നേതാക്കളും, മണ്ഡലത്തിന് പുറത്തുനിന്നും ചിലരും സീറ്റിനായി രംഗത്ത്. ഏതാണ്ട് അരഡസനിലേറെ നേതാക്കളാണ് സീറ്റ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കിയത്.

ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണത്തിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളത്.വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് (BYELECTION) കളമൊരുങ്ങുമ്പോൾ അത് യഥാർഥ പരീക്ഷണമാകുന്നത് പുതിയ കോൺഗ്രസ് നേതൃത്വത്തിനാണ്. കെ സുധാകരൻ കെപിസിസി (KPCC) അധ്യക്ഷനും വി ഡി സതീശൻ പ്രതിപക്ഷ നേതാവുമായി ചുമതലയേറ്റ ശേഷം നടക്കാൻ പോകുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പെന്നത് ഇരുനേതാക്കളുടെയും കഴിവുകൂടി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പായി മാറും.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടുന്ന മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നതും കണ്ടറിയേണ്ടതുണ്ട്. ഈ ഘടകങ്ങളെല്ലാം മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷ നൽകും എന്നതാണ് മറ്റൊരു വസ്തുത.തൃക്കാക്കരയില്‍ പിടിയുടെ പിന്‍ഗാമിയായി ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കണമെന്ന വികാരം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്.

സ്ഥലം എംപി ഹൈബി ഈഡന്‍ അടക്കമുള്ള ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ഈ ആഗ്രഹമുണ്ട്.കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും ഉമ തോമസ് മത്സരിക്കുന്നതിനോടാണ് താല്‍പര്യം.എന്നാല്‍ പിടിയുടെ വിധവ ഉമാ തോമസ് പിടിയോട് ഏറെ അടുപ്പമുണ്ടായിരുന്ന നേതാക്കളോട് പോലും ഇതുസംബന്ധിച്ച് മനസ് തുറന്നിട്ടില്ല. എന്നാല്‍ തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായതിനാല്‍ അവിടെ മത്സരിക്കാനുള്ള ആഗ്രഹം കൊച്ചിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഉണ്ട്.

ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ച് സീറ്റു കിട്ടാതിരുന്ന രണ്ടു പേരാണ് ഇതില്‍ മുമ്പന്‍മാര്‍. രണ്ടു പേരും സീറ്റിനായി അരയും തലയും മുറുക്കി സജീവമാി രംഗത്തുണ്ട്.മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ തങ്ങളുടെ കോട്ടയെന്നാണ് യുഡിഎഫുകാർ മണ്ഡലത്തെ വിശേഷിപ്പിക്കുന്നത്. 2011ൽ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാന്ന് 22,046 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്. പിന്നീട് 2016ലും 2021ലും പി ടി തോമസിനെയും മണ്ഡലം തെരഞ്ഞെടുത്തു. 2016ൽ 11,966 വോട്ടുകളുടെയും 2021ൽ 14,329 വോട്ടുകളുടെയും ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നിന്ന് പി ടി തോമസിന് ലഭിച്ചത്.

കോൺഗ്രസിനും യുഡിഎഫിനും ആധിപത്യം ഉള്ള മണ്ഡലമാണെങ്കിലും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് മുതൽ മുൻ നേതൃത്വവും പുതിയ നേതൃത്വവും തമ്മിൽ ആരംഭിച്ച അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ആയില്ലെങ്കിൽ കോൺഗ്രസിന് വരുന്ന ഉപതെരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് കെ സുധാകരനും, വിഡി സതീശനും പാർട്ടി നേതൃത്വത്തിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയ്ക്കെതിരെ പ്രതികരിച്ചായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഗ്രൂപ്പുകൾ മറന്ന് കൈകോർത്തത്. പിന്നീട് ഇരുഗ്രൂപ്പുകളും ഒരുമിച്ച് പുതിയ നേതൃത്വത്തിനെതിരെ നിരവധി തവണ രംഗത്ത് വരികയും ചെയ്തു. ഇവർക്ക് പുറമെ, വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പലപ്പോഴും പുതിയ നേതൃത്വത്തിന്‍റെ രീതിയ്ക്കെതിരെ രംഗത്ത് വന്നു.

എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് അവകാശപ്പെട്ട പുതിയ നേതാക്കൾക്ക് പലപ്പോഴും ഇതിന് കഴിഞ്ഞതുമില്ല. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ മുതിർന്ന നേതാക്കളെ തൃപ്തിപ്പെടുത്താൻ കെപിസിസിയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അത് തിരിച്ചടിയായി മാറിയേക്കും.അതിനിടെ ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവും തൃക്കാക്കര ലക്ഷ്യമിട്ട് സജീവമാണ്.എ ഗ്രൂപ്പിന്‍റെ പ്രമുഖനായ ഗ്രപ്പ് ലീഡറും സീറ്റിനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.

തുടര്‍ച്ചയായി ഇദ്ദേഹം ജയിച്ചുവന്ന മണ്ഡലത്തിലെ എതിര്‍പ്പിനെ തുടര്‍ന്ന് മണ്ഡലം വിടേണ്ടി വന്ന നേതാവാണ്.ഇവര്‍ സീറ്റിനായി സമ്മര്‍ദ്ദം നടത്തുന്നത് ഗ്രൂപ്പു നേതാക്കളുടെ പിന്‍ബലത്താലാണ്.പക്ഷേ ഇവരെ എറണാകുളം ജില്ലയില്‍ പോലും കയറ്റരുതെന്ന ആവശ്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഈ സാഹചര്യത്തില്‍ മുന്നണിയെ സംബന്ധിച്ചു നിര്‍ണായകമായ ഉപതെരെഞ്ഞെടുപ്പില്‍ ഉമാ തോമസിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മത്സര രംഗത്ത് കൊണ്ടുവരാനാണ് പുതിയ നേതൃത്വത്തിന്‍റെ ശ്രമം.കോൺഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റാണെങ്കിലും തകർക്കാൻ പറ്റാത്ത യുഡിഎഫ് കോട്ടയായി അല്ല തൃക്കാക്കരയെ ഇടതുപക്ഷം കാണുന്നത്. പഴുതടച്ച പ്രചരണം നടത്തിയാൽ മണ്ഡലത്തിൽ വിജയിച്ച് നിയമസഭയിൽ സെഞ്ച്വറി തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപ്രവർത്തകർ.

Eng­lish Sum­ma­ry: Many in Con­gress for Thrikkakara seat;Sudhakaran and Satheesan will be fight­ing for their lives

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.