27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

February 29, 2024
January 14, 2024
September 15, 2023
July 1, 2022
June 10, 2022
June 6, 2022
May 19, 2022
May 16, 2022
May 14, 2022
April 23, 2022

സമുദ്രോത്പന്ന കയറ്റുമതി; ഒരു ലക്ഷം കോടി രൂപയാക്കും: കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

Janayugom Webdesk
കൊച്ചി
June 6, 2022 9:07 pm

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമുദ്രോത്പന്ന കയറ്റുമതി 50,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ, ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. സുസ്ഥിര മത്സ്യബന്ധനം, ഗുണമേന്മയും വൈവിധ്യവും ഉറപ്പാക്കൽ, തീരദേശ ഷിപ്പിംഗിനും ജലക്കൃഷിയ്ക്കും പ്രോത്സാഹനം എന്നിങ്ങനെ മത്സ്യബന്ധന ആവാസവ്യവസ്ഥയ്ക്ക് സമഗ്ര പിന്തുണ നല്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മറീൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ), കൊച്ചി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പിയൂഷ് ഗോയൽ പറഞ്ഞു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി ശ്രീ ഗോയൽ നേരത്തെ ചർച്ച നടത്തിയിരുന്നു.

യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും അത്തരമൊരു കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താനുള്ള ചർച്ചകൾ ഈ മാസം 17ന് ബ്രസൽസിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ കയറ്റുമതി വ്യാപാരികൾക്ക് വിപണി പ്രവേശനവും പുതിയ അവസരങ്ങളും പ്രദാനം ചെയ്യാനും, അതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മികച്ച ഭാവി ഉറപ്പാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എം.പി.ഇ.ഡി.എ‑യുടെ ഓഫീസ് കൊച്ചിയിൽ നിന്ന് മാറ്റാനുള്ള സാധ്യത ശ്രീ പിയൂഷ് ഗോയൽ തള്ളി.

സമുദ്രോത്പന്ന കയറ്റുമതി പ്രതിനിധികളുമായി എം പി ഇ ഡി എ ഓഫീസിൽ നേരത്തെ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ പ്രസിഡന്റ് ജഗദീഷ് ഫോഫാന്റി, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള റീജിയണൽ പ്രസിഡന്റുമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് കയറ്റുമതിക്കാർ എന്നിവർ പങ്കെടുത്തു.

മൂല്യവർദ്ധനയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിന് തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ നടത്താമെന്ന് മന്ത്രി ഉറപ്പുനൽകി. അതുവഴി ഇന്ത്യയെ സമീപഭാവിയിൽ ഒരു സമുദ്രോത്പന്ന സംസ്‌കരണ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മത്സ്യബന്ധനത്തിൽ സുസ്ഥിരമായ നടപടികൾ പിന്തുടരാനും പിടിച്ച മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്താനും അതുവഴി മികച്ച വരുമാനം ലഭിക്കാനും മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കാരോട് മന്ത്രി അഭ്യർത്ഥിച്ചു. വ്യാപാരം വിപുലീകരിക്കുന്നതിന് കയറ്റുമതിക്കാരെ സഹായിക്കാൻ വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എംപിഇഡിഎ ചെയർമാൻ കെഎൻ. രാഘവൻ, കയറ്റുമതി വഴിയുള്ള വിറ്റുവരവ് 2025-ഓടെ ഒരു ലക്ഷം കോടി രൂപയാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കർമ്മപദ്ധതി അവതരിപ്പിച്ചു. പിയൂഷ് ഗോയൽ റബ്ബർ മേഖലയിലെ പങ്കാളികളുമായും സംവദിച്ചു. കൊച്ചി എംപിഇഡിഎ ആസ്ഥാനത്തു നടന്ന യോഗത്തിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ കെ. എൻ. രാഘവൻ, റബ്ബർ മേഖലയിലെ സമീപകാല നേട്ടങ്ങളും പ്രവണതകളും ഈ മേഖലയെ പിന്തുണയ്ക്കുന്നതിനായി ബോർഡ് കൈക്കൊണ്ട പ്രവർത്തനങ്ങളും അവതരിപ്പിച്ചു. കൂടാതെ,റബ്ബർ ഉൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കർമ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു.

റബ്ബർ മേഖലയുടെ തുടർ വികസനത്തിന് തന്റെ പിന്തുണ ഉറപ്പുനൽകിയ കേന്ദ്ര മന്ത്രി, റബ്ബർ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനായി പ്രവർത്തിക്കാൻ എല്ലാ പങ്കാളികളോടും ആഹ്വാനം ചെയ്തു. ബന്ധപ്പെട്ടവർ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും മന്ത്രി പരിഗണിക്കുകയും ഭാവി നടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. രാജ്യത്ത് റബ്ബറിന്റെ ഉൽപ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം നികത്താൻ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ആവർത്തിച്ചു പറഞ്ഞു. കൊച്ചിയിൽ സ്‌പൈസസ് ബോർഡിന്റെ അംഗങ്ങളുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സംവദിച്ചു. സ്പൈസസ് ബോർഡ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സുസ്ഥിര വളർച്ചയ്ക്ക് ഗുണമേന്മയിലും മൂല്യത്തിലും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മറ്റ് പിന്തുണകളെക്കാൾ ദീർഘകാലാടിസ്ഥാനത്തിൽ ഇത് പ്രയോജനകരമാകും എന്ന് മന്ത്രി പറഞ്ഞു. സ്പൈസസ് ബോർഡ് ചെയർമാൻ എ. ജി. തങ്കപ്പൻ, സ്പൈസസ് ബോർഡ് സെക്രട്ടറിഡി. സത്യൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

Eng­lish Summary:marine prod­ucts exports; One lakh crore: Union Min­is­ter Piyush Goyal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.