26 April 2024, Friday

മാറി മറിഞ്ഞ് ഋതുഭേദങ്ങൾ; കടലെടുക്കുന്ന കേരള തീരം

ടി കെ അനിൽകുമാർ
ആലപ്പുഴ
October 5, 2021 10:17 pm

മാറി മറിഞ്ഞുള്ള ഋതുഭേദങ്ങളിൽ കര കവർന്ന് കടലിന്റെ രൗദ്രത തുടരുന്നു. പ്രകൃതി ക്രമരഹിതമായ താളത്തിലും ഗതിയിലേക്കും പോകുമ്പോൾ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ വിനാശം വിതക്കുന്നത് കടലിലും തീര പ്രദേശങ്ങളിലുമാണ്. സമുദ്ര ജലനിരപ്പിന്റെ വർധന കേരളത്തിലും തീരശോഷണം രൂക്ഷമാക്കി. 390 കിലോമീറ്ററോളം കേരള തീരം കടലെടുത്തെന്ന കണക്കുകൾ നൽകുന്ന ആശങ്കകൾ ചെറുതല്ല. ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞു. നിരവധിപേർ കടലാക്രമണത്തിൽ മരിച്ച് വീണു. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10. 25 ശതമാനം മാത്രം വരുന്ന തീരപ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. കേരളത്തിലെ ജനസാന്ദ്രത ചതുരശ്രമീറ്ററിന് 810 ആണെങ്കിൽ തീരപ്രദേശത്ത് ഇത് 2168 വരും. മണൽ ഖനനവും അതിരുവിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും തീരശോഷണത്തിന് വഴിയൊരുക്കുന്നുണ്ട്. കടലേറ്റ, പ്രളയ ഭീതിയിലാണ് കേരളത്തിലെ പല പ്രദേശങ്ങളുമെന്ന് വിവിധ പഠനങ്ങളും വ്യക്തമാക്കുന്നു.

ആഗോള താപനത്തെ തുടർന്ന് ഉത്തരധ്രുവത്തിലെ മഞ്ഞു പാളികൾ കൂടുതലായി ഉരുകിയാൽ കടൽ നിരപ്പ് കുതിച്ചുയരും. ഇത് 2.7 അടിവരെ ഉയർന്നാൽ കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 12 നഗരങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2030 ൽ കടൽ നിരപ്പ് 11 സെന്റിമീറ്ററും 2100 ൽ 71 സെന്റിമീറ്ററും 2150 ൽ 1.24 വരെയും ഉയരുമെന്നാണ് നാസ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ക്ലൈമറ്റ് സെൻട്രലിന്റെ ഡിജിറ്റൽ എലിവേഷൻ മോഡൽ കോസ്റ്റൽഡെമ്മിന്റെ പ്രവചനങ്ങളിൽ 2050ൽ കേരളത്തിലെ പല പ്രദേശങ്ങളിലും കടലാക്രമണം കൂടാതെ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴ ജില്ലയിലെ മുല്ലക്കൽ, അരൂർ, തുറവൂർ, തൃക്കുന്നപ്പുഴ, എറണാകുളം ജില്ലയിലെ അത്താണി, വടക്കൻ പറവൂർ, ചെറായി, വൈപ്പിൻ, വരാപ്പുഴ, വല്ലാർപാടം, തൃശൂർ ജില്ലയിലെ അന്തിക്കാട്, കൂർക്കഞ്ചേരി, ഇരിങ്ങാലക്കുട, കൊടുങ്ങലൂർ, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, കുമരകം, നാട്ടകം, തിരുവാർപ്പ് തുടങ്ങിയവ പ്രളയ ഭീതി പ്രദേശങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമുദ്ര നിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാടിനെയും പ്രളയം ഗുരുതരമായി ബാധിക്കും.

സമുദ്ര താപനത്തിന്റെ പ്രധാന സ്ത്രോതസ് സൗരോർജ്ജമാണ്. ഭൂമിയിലെ ഏറ്റവും വലിയ സൗരോർജ്ജ സംഭരണികളാണ് കടലുകൾ. തിരമാലകളും വേലിയേറ്റ ‑വേലിയിറക്കങ്ങൾ വഴിയും ചൂട് കൂടിയ മേഖലകളിൽ നിന്ന് കുറഞ്ഞ സ്ഥലത്തേക്ക് താപം സ്ഥാനമാറ്റം ചെയ്യപ്പെടും. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന അധിക താപനത്തിന്റെ 90 ശതമാനവും സംഭരിക്കപ്പെടുന്നത് സമുദ്രങ്ങളിലാണ്. സമുദ്ര ജലം അധികമായി ചൂടായാൽ പ്രത്യാഘതവും ഗുരുതരമാകും. സമുദ്രത്തിൽ വസിക്കുന്ന ജീവികളെയും സാരമായി ബാധിക്കും എന്ന് മാത്രമല്ല കനത്ത മഴക്കും കാറ്റിനും വെള്ളപ്പൊക്കത്തിനും ഇത് വഴിയൊരുക്കും. അറബിക്കടലിന്റെ ഉപരിതല താപനിലയും കുതിച്ചുയരുകയാണ്.

നാളെ — കടലിന്റെ മാറ്റത്തിൽ
പവിഴ വിസ്മയങ്ങൾക്കും മരണമണി

ENGLISH SUMMARY;Marunna Kadalum Maratha Manush­yarum seg­ment 3
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.