അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നവംബറിലും ലോക്‌സഭയിലേക്ക് അടുത്ത വര്‍ഷം ആദ്യവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹമാധ്യമങ്ങള്‍ നിഷ്പക്ഷത പുലര്‍ത്തണമെന്ന് ഇന്ത്യ സഖ്യവും പിന്നാലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും കത്ത് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ സമൂഹമാധ്യമങ്ങള്‍ തെരഞ്ഞെടുപ്പുകളിലെ വിവര വിനിമയ‑പ്രചരണോപാധികളില്‍ പ്രമുഖ സ്ഥാനം നേടിയിട്ട് കുറച്ചു കാലമായി. ഫേസ്ബുക്ക്, എക്സ് (നേരത്തെ ട്വിറ്റര്‍), ഗൂഗിള്‍ ഉള്‍പ്പെടെ സമൂഹമാധ്യമ വേദികള്‍ വലിയവിഭാഗം ജനങ്ങളിലേക്ക് തങ്ങളുടെ ആശയങ്ങളും അറിയിപ്പുകളും എത്തിക്കുന്നതിനും എതിര്‍നിലപാടുകള്‍ തുറന്നുകാട്ടുന്നതിനുമുള്ള ഫലപ്രദമായ ഉപാധിയാണ്. എന്നാല്‍ ഈ വേദികളും സാമ്പത്തികമായ സ്വാധീനങ്ങള്‍ക്ക് വിധേയമാകുന്നുവെന്ന വിശ്വസനീയമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഈ സാമൂഹമാധ്യമങ്ങളെ പണം കൊടുത്ത് പ്രചരണോപാധിയാക്കിയെന്നും എതിരഭിപ്രായങ്ങള്‍ തമസ്കരിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തലുണ്ടായത് അവയുടെ ഇന്ത്യന്‍ ചുമതലക്കാരായി പ്രവര്‍ത്തിച്ചവരില്‍ നിന്നുതന്നെയാണ്. വ്യാജവാര്‍ത്തകളും സംഘടിത രൂപത്തിലുള്ള പ്രചരണങ്ങളും പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഓരോ സമൂഹമാധ്യമ വേദികളും അറിയിച്ചിരുന്നത്. എന്നാല്‍ അത്തരം നടപടികള്‍ ബോധപൂര്‍വം വൈകിപ്പിച്ചുവെന്നാണ് കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരില്‍ ഇന്ത്യൻ ആർമിയുടെ ചിനാർ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഘടിത പ്രചരണത്തിനും തെറ്റായ വിവര വിതരണത്തിനുമെതിരായ നടപടി ഫേസ്ബുക്ക് നടത്തിപ്പുകാരായ മെറ്റയുടെ ഇന്ത്യൻ സംഘം ഒരു വർഷത്തേക്ക് വൈകിപ്പിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കമ്പനിയിലെ മുൻ ജീവനക്കാരെ ഉദ്ധരിച്ചായിരുന്നു അത്. സ്വാധീനിക്കുന്നതിനായി ട്വിറ്ററിന്റെ (ഇപ്പോള്‍ എക്സ്)യും ഫേസ്ബുക്കിന്റെയും പ്രതിനിധികളെ കണ്ടതായും വെളിപ്പെടുത്തലുണ്ടായി. വ്യാജ പ്രൊഫൈലുകളും അക്കൗണ്ട് ശൃംഖലകളും വ്യാപകമായി സൃഷ്ടിച്ച് എതിര്‍പ്രചരണങ്ങള്‍ ഒരു പരിശോധനയുമില്ലാതെ നടത്തുന്നതിന് കൂട്ടുനിന്നു, മറ്റുള്ളവരെ പലപ്പോഴും കുറ്റവാളികളായി ചിത്രീകരിക്കുന്ന വ്യാജവിവര പ്രചരണത്തിനും ഇത്തരം വേദികള്‍ ഉപയോഗിക്കപ്പെട്ടു, എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്.
ഈ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ ആക്രമണോത്സുക പ്രചരണങ്ങളും വ്യാജനിര്‍മ്മിതികളും നിയന്ത്രിക്കുന്നതിനും നിഷ്പക്ഷത പാലിക്കുന്നതിനും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളായ മെറ്റ, ഗൂഗിൾ എന്നിവയുടെ മേധാവികൾക്ക് രാജ്യത്തെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കത്തയച്ചത്. വ്യക്തവും ഉദാഹരണ സഹിതവുമായിരുന്നു കത്ത്. ഭരണകക്ഷിക്ക് അനുകൂലമായി പ്രചരണങ്ങള്‍ നടത്തുന്നുവെന്നും വിദ്വേഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കത്തില്‍ ഉദ്ധരിച്ചിരുന്നു. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടുള്ള നഗ്നമായ പക്ഷപാതവും അവര്‍ക്കനുകൂലമായ പ്രചരണവും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമായി കാണേണ്ടതാണ്. വിദ്വേഷ പ്രചരണം നിര്‍ലോഭം നടന്നിട്ടും നടപടിയെടുക്കുവാന്‍ തയ്യാറാകാതിരിക്കുന്നത് പ്രസ്തുത മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നുവെന്നാണ് കത്തില്‍ വിശദീകരിച്ചത്.
ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സമൂഹമാധ്യമങ്ങളോടും വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് വ്യാജവാര്‍ത്തയെന്ന നിര്‍വചനമില്ലാതെയാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങൾ തടയാനെന്ന പേരില്‍ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നിയന്ത്രിക്കുവാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്. ഈ വർഷം ആദ്യം വിജ്ഞാപനം ചെയ്ത 2023ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഭേദഗതി നിയമം അനുസരിച്ച് വ്യാജവാര്‍ത്ത പരിശോധിക്കുവാനും കണ്ടെത്തി നടപടികള്‍ നിര്‍ദേശിക്കുവാനും ഒരുസമിതിയെ നിര്‍ദേശിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഈ സമിതിയാണ് എന്താണ് തെറ്റായ വാര്‍ത്ത എന്ന് കണ്ടെത്തി നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്യുക. സര്‍ക്കാര്‍ താല്പര്യങ്ങള്‍ മാത്രമേ അവിടെ പരിഗണിക്കപ്പെടൂ. അതുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം അപ്പാടെ വിലക്കണമെന്ന ആവശ്യത്തിന് സമാനമാണിത്. എതിരഭിപ്രായവും സ്വതന്ത്രമായി നിലപാട് പറച്ചിലുകളും തടയപ്പെടുന്ന അപകടകരമായ അവസ്ഥയാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ സംജാതമാകുക. ഇപ്പോള്‍ത്തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ പ്രവര്‍ത്തനത്തെയും വിലങ്ങണിയിക്കുന്നതിന് വളരെയേറെ എളുപ്പമാണ് ഇന്ത്യയില്‍. ഒരുഡസനിലധികം മാധ്യമ പ്രവര്‍ത്തകര്‍ തടവറയിലാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളാണ് അവരെ ജയിലിലാക്കിയത്. ഇതെല്ലാംകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സമൂഹമാധ്യമങ്ങളില്‍ ഇനിമേല്‍ എന്തും വ്യാജവാര്‍ത്തകളായി മാറുകയും കൂടുതല്‍ പേര്‍ ജയിലിലാകുകയും ചെയ്യുന്നതിനാണ് ഇടയാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.