8 May 2024, Wednesday

കാക്കനാട് ലഹരിമരുന്ന്‌ക്കേസിൽ പിടികൂടിയത് മെതാംഫറ്റമൈൻ

Janayugom Webdesk
കൊച്ചി
October 8, 2021 11:47 am

കാക്കനാട് ലഹരിമരുന്ന്‌ക്കേസിൽ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കെമിക്കൽ പരിശോധനാ റിപ്പോർട്ട്. എംഡിഎംഎക്ക് സമാനമായ മെതാംഫറ്റമൈൻ ആണ് പിടികൂടിയതെന്ന് തെളിഞ്ഞു.കാക്കനാട്ടെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മെത്ത് എന്നറിയപ്പെടുന്ന ലഹരി പാർട്ടികൾക്ക് ഉപയോഗിക്കുന്നതും വീര്യം കൂടിയതുമാണ്. എംഡിഎംഎ കൈവശം വച്ചതിന് തുല്യമായ ശിക്ഷ തന്നെയാണ് ഇതിനെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഓഗസ്റ്റ് മാസത്തിലാണ് കൊച്ചി കാക്കനാട് ഒരു കോടി രൂപയുടെ ലഹരിമരുന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെൻറും, കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിൽ വിദേശ ഇനത്തിൽ പെട്ട നായ്ക്കളുടെ മറവിൽ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മയക്കുമരുന്ന് എത്തിക്കുന്നതാണ് ഇവരുടെ രീതി. ലഹരി മരുന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് പിടിയിലായത്. ഫ്‌ളാറ്റിൽ നിന്നും 5 പ്രതികളും, മയക്കുമരുന്നുകളും ഐ20 കാറും മൂന്ന് വിദേശ നായ്ക്കളെയും അന്വേഷണസംഘം പിടികൂടി. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്‌ളാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്,ഷംന കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സൽ, തൈബ എന്നിവരാണ് പിടിയിലായത്.

അതേസമയം, കാക്കനാട് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ പിടിയിലായ പ്രതി സുസ്മിത ഫിലിപ്പിനെ കോടതി റിമാന്റ് ചെയ്തു. ഈ മാസം 13 വരെയാണ് റിമാന്റ്. കേസിൽ സുസ്മിത ഫിലിപ്പിനെ കാക്കനാടുളള താമസ സ്ഥലത്തും ഇടപ്പള്ളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് പണം എത്തിച്ച് നൽകിയിരുന്നത് സുസ്മിതയായിരുന്നു. അത് കൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. സുസ്മിതയെ ചോദ്യം ചെയ്തതിലൂടെ കേസിൽ പ്രതികളായ മറ്റ് ചിലരെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മയക്ക് മരുന്ന് സംഘത്തിലെ ടീച്ചർ എന്നാണ് സുസ്മിത ഫിലിപ്പ് അറിയപ്പെട്ടിരുന്നത്.
eng­lish summary;Methamphetamine seized in Kakkanad drug case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.