September 30, 2022 Friday

Related news

September 21, 2022
September 21, 2022
September 11, 2022
September 1, 2022
August 26, 2022
August 17, 2022
August 7, 2022
August 4, 2022
July 30, 2022
July 24, 2022

കനല്‍ വഴികള്‍ താണ്ടിയ പ്രിയ പ്രസ്ഥാനം

പി പ്രസാദ്
(കൃഷി വകുപ്പ് മന്ത്രി)
April 18, 2022 9:17 am

നമ്മുടെ രാജ്യം അതിന്റെ 75-ാം സ്വാതന്ത്ര്യ ആഘോഷങ്ങളിൽ മുഴുകി നിൽക്കുമ്പോഴും സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം മുൻപെങ്ങുമില്ലാത്ത ഭീഷണികൾ നേരിടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യങ്ങളിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അവകാശപ്പെടാൻ കഴിയുന്ന ഏക വിദ്യാർത്ഥി സംഘടനയായ അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷൻ 86 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ഏറെ പ്രസക്തമാകുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യമെന്നാൽ കേവലമൊരു സമരം മാത്രമല്ല എന്നും ഒരു ഭരണകൂടം മാറി മറ്റൊരു ഭരണകൂടം വരിക അല്ലെന്നും നമുക്ക് ഉത്തമ ബോധ്യമുണ്ട്. സ്വാതന്ത്ര്യം എന്നത് നയങ്ങളുടേയും നിലപാടുകളുടേയും മാറ്റമാണ്. ആ മാറ്റത്തിന് വേണ്ടിയാണ് ഇന്ത്യയിൽ ഉശിരാർന്ന പോരാട്ടങ്ങൾ നടന്നത്. വൈദേശിക മേലാളൻമാരുടെ കാൽകീഴിൽ ഞെരിഞ്ഞമർന്ന ഒരു രാജ്യത്തിന് വൈദേശികരെ ഇവിടെനിന്നും കെട്ടുകെട്ടിക്കുക എന്നത് മാത്രമായിരുന്നില്ല മുഖ്യലക്ഷ്യം. തദ്ദേശീയരായ ജനങ്ങളുടെ ഭരണകൂടങ്ങൾ രാജ്യത്ത് ഉദയം ചെയ്യുകയും അതോടൊപ്പം തന്നെ നിലപാടുകളിലേയും നയങ്ങളിലേയും വലിയ മാറ്റങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യമായിരുന്നു.
ചമ്പാരനിലെ നീലം കർഷകർ നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മകളിൽ ഒന്നാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടെ അരങ്ങേറ്റം കുറിച്ച സമരമുഖമായിരുന്നു ചമ്പാരനിലേത്.

നിലപാടുകളുടെ മാറ്റമായിരുന്നു ചമ്പാരനിലെ കർഷകർ ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് അധിനിവേശം അടിച്ചേൽപ്പിച്ച കിരാതമായ നയങ്ങളും പരിപാടികളുമെല്ലാം ഒരു ജനതയിൽ തീർത്ത ദുരിതങ്ങളും ബുദ്ധിമുട്ടുകളും ചെറുതായിരുന്നില്ല. മനുഷ്യർ എന്ന പദത്തിന് പോലും അർഹതയില്ലാതെ ജീവിക്കേണ്ടി വരുന്ന മഹാ ഭൂരിപക്ഷങ്ങൾ അധിവസിക്കുന്ന ഒരു നാടായി ഇന്ത്യ മാറി. ഇതിനേക്കാൾ നല്ലത് മരണമാണെന്ന് സ്വാതന്ത്ര്യ സമര പോരാളികൾ തിരിച്ചറിഞ്ഞത് അതുകൊണ്ടായിരുന്നു. ജീവൻ കൊടുത്തിട്ടായാലും സ്വാതന്ത്ര്യം നേടിയേ മതിയാകയുള്ളൂ എന്ന നിലപാടിലേക്ക് ഒരു ജനത എത്തപ്പെടുകയായിരുന്നു. ചോര ഒട്ടും ചൊരിയാതെയും ഏറെ ചോര ചൊരിഞ്ഞും നടത്തിയ ആ പോരാട്ടങ്ങളേയാണ് നാം നമ്മുടെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത്.


ഇതുകൂടി വായിക്കു; എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും


സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തം വഹിച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനമേ ഇന്ത്യയിലുള്ളു. ആ പ്രസ്ഥാനമാണ് എക്കാലവും നമുക്ക് ആവേശം പകരുന്ന അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ എന്ന പ്രസ്ഥാനം. 1936 ഓഗസ്റ്റ് 12ന് ലഖ്നൗവിൽ രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന്റെ പിറവി തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്ന് നൽകിയ ഒന്നാണ്. ദേശീയ സ്വാതന്ത്ര്യ സമര നേതാക്കൻമാരുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യയിലെ വിദ്യാർത്ഥി ജനത ഒന്നാകെ സ്വാതന്ത്യസമര പതാക ഉയർത്തിപ്പിടിക്കുന്ന അസുലഭമായ മുഹൂർത്തത്തിനാണ് ലഖ്നൗ സാക്ഷ്യം വഹിച്ചത്. അന്ന് തൊട്ട് ഇന്ത്യൻ വിദ്യാർത്ഥി ഹൃദയങ്ങളിൽ ആവേശം പകർന്ന് നൽകിയുള്ള പ്രയാണമാണ് എഐഎസ്എഫിന്റേത്. ആസേതു ഹിമാചലം പടർന്ന് കിടക്കുന്ന ഇന്ത്യൻ കാമ്പസുകളിൽ ഉരുകി തിളച്ച് നിന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നയിക്കുവാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഈ പോരാട്ട വീഥികളിൽ നിരവധിയായ വിദ്യാർത്ഥികളുടെ ജീവൻ നൽകേണ്ടി വന്നു എന്നതും ചരിത്രമാണ്.

രക്തസാക്ഷികളുടെ നിണം വീണ് ചുവന്ന മണ്ണിലൂടെ പതറാതെ പ്രയാണം നടത്തുന്ന ഈ പ്രസ്ഥാനത്തിന് 86 വയസ് തികയുന്ന വേളയിലാണ് ആലപ്പുഴയിൽ സംസ്ഥാന സമ്മേളനം ചേരുന്നത്. സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ ചങ്കിലെ ചോരകൊണ്ട് പഞ്ചസാരമണലുകൾക്ക് ചുമന്ന നിറം പകർന്ന് നൽകിയ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കരുത്തുള്ള തൊഴിലാളി വർഗത്തിന്റെ മണ്ണിലാണ്, പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഈ സമ്മേളനം നടക്കുന്നത്. വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി ഇന്നും പോരാടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പോരാളികളെ ആവേശപൂർവമാണ് ആലപ്പുഴയുടെ വിപ്ലവമണ്ണ്, രക്തസാക്ഷികളുടെ മണ്ണ് സ്വാഗതം ചെയ്യുന്നത്.

ഫാസിസത്തിന്റെ തിരത്തള്ളലിൽപ്പെട്ട് ഇന്ത്യ തകർന്നടിഞ്ഞ് കൊണ്ടിരിക്കുന്ന ഈ വർത്തമാനക്കാലത്ത്, തൊഴിലാളികൾ കടുത്ത ചൂഷണത്തിന് വിധേയരാകുന്ന ഇക്കാലത്ത്, കർഷകരടക്കമുള്ള എല്ലാ ജനവിഭാഗങ്ങളുടെയും നേർക്ക് അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെ ഇന്ത്യൻ ജനതയെ ത്രസിപ്പിച്ച ഒരു കാലഘട്ടത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥി സമ്മേളനത്തിന് ആലപ്പുഴ വേദിയാകുന്നത്. വിദ്യാഭ്യാസം എന്നത് കേവലം കച്ചവട ചരക്കായി മാത്രം മാറുകയും വിദ്യാഭ്യാസ വിചഷണൻമാരാൽ രൂപപ്പെടുത്തേണ്ടുന്ന ഒന്നല്ല വിദ്യാഭ്യാസം എന്നും അത് ഇന്ത്യയിലെ കോർപറേറ്റുകൾക്കായി പടച്ചുണ്ടാക്കേണ്ടുന്ന ഒന്നാണെന്നുമാണ് നരേന്ദ്ര മോദി അടക്കമുള്ള ഇന്ത്യൻ ഭരണകർത്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ കോർപറേറ്റുകളുടെ ദാസ്യവേലക്കായി ഒരു ജനതയെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാവേണ്ടതെന്നും അവർ കരുതുന്നു. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ കമീഷനുകൾ നൽകിയ ഗൗരവതരമായ റിപ്പോർട്ടുകൾ തള്ളികളയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരുകൾ വിദ്യാഭ്യാസ മേഖലയുടെ വരേണ്യവല്കരണത്തിന് ആക്കം കൂടുന്ന നിലപാടുകളാണ് സ്വീകരിച്ചതെങ്കിൽ മോഡി സർക്കാർ കോർപറേറ്റ് അധിനിവേശത്തിനാണ് ശ്രമിക്കുന്നത്.

പണമുള്ളവർ മാത്രം പഠിച്ചാൽ മതി എന്ന നയങ്ങൾക്ക് മുന്നിൽ സാധാരണക്കാരന്റെ മക്കളുടെ ഭാവി ഇരുളടഞ്ഞതാകുന്നു എന്നത് സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഒരു രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ്. ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പേരിൽ വിദ്യാർത്ഥികൾക്ക് അവഗണനയുടെ കയ്പ്പുനീർ കുടിക്കേണ്ടി വരുന്നത് ഏതെങ്കിലും ആഫ്രിക്കൻ കാമ്പസുകളിലല്ലാ, ഇന്ത്യൻ കാമ്പസുകളിലാണ് എന്നത് നമ്മളിൽ ഞെട്ടൽ ഉളവാക്കേണ്ടതാണ്. പാവപ്പെട്ടവന്റെ മക്കൾക്ക് വിദ്യാഭ്യാസം മരീചിക ആകുന്ന ഇക്കാലത്ത്, വിദ്യാഭ്യാസ മേഖല പൂർണമായും കച്ചവടക്കാരന്റെ കൈകളിലേക്ക് അമർന്ന് പോകുന്ന കാലത്ത് തങ്ങൾക്ക് നിശബ്ദമായി ഇരിക്കാൻ കഴിയുകയില്ലാ എന്നാണ് എഐഎസ്എഫുകാർ പറയുന്നത്. ഇന്നലെകളിലെ പോരാട്ടവീര്യങ്ങളെ തങ്ങളുടെ ഹൃദയത്തിൽ ചേർത്ത് വച്ച്, തങ്ങളുടെ നാഡീ ഞരമ്പുകളിൽ പോരാട്ടത്തിന്റെ കനലുകൾ സൂക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകർക്ക് വർത്തമാനകാല ഇന്ത്യയിൽ വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്നലെകളിൽ എഐഎസ്എഫ് പ്രവർത്തകരായിരുന്ന ഞാനടക്കമുള്ള അനേകായിരങ്ങൾക്ക് ചുണക്കുട്ടികളുടെ ഈ സമ്മേളനത്തെ വരവേൽക്കാൻ അതിയായ സന്തോഷവും ആവേശവും അഭിമാനവുമുണ്ട്. ലോകത്തിന്റെ ഏത് മുക്കിനും മൂലയിലും നടക്കുന്ന സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും എവിടെയെല്ലാം വേദനകളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുണ്ടോ അവിടേക്കെല്ലാം തങ്ങളുടെ ഹൃദയങ്ങളേയും മനസുകളേയും ചേർത്തും കോർത്തും വെയ്ക്കുവാനും കഴിയുന്ന സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന മഹത്തായ പ്രസ്ഥാനത്തിന്, സമൂഹത്തിൽ നടക്കുന്ന എല്ലാ അനീതികൾക്കുമെതിരായിട്ടുള്ള വിരൽ ചൂണ്ടലിന് തങ്ങളുടെ കൈവിരലുകളുണ്ടെന്ന് ഉറക്കെ പറയുന്ന എഐഎസ്എഫ് എന്ന എന്റെ പ്രിയ പ്രസ്ഥാനത്തിന് ഹൃദയാഭിവാദ്യങ്ങൾ നേരുന്നു.

Eng­lish Summary:minister p prasad aisf state conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.