22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
July 18, 2024
June 26, 2024
June 26, 2024
June 26, 2024
June 25, 2024
June 25, 2024
June 24, 2024
June 24, 2024
June 24, 2024

എംഎം മണിയുടെ പ്രസ്ഥാവനഅനുചിതവും, പുരോഗമനമൂല്യത്തിന് ചേരാത്തവയും: സ്പീക്കര്‍, പരാമര്‍ശം പിന്‍വലിച്ച് മണിയും

Janayugom Webdesk
July 20, 2022 12:48 pm

കെകെ രമ എംഎൽഎക്കെതിരെ എം എം മണി എംഎൽഎ നിയമസഭയിൽ നടത്തിയ പരമാർശം ആക്ഷേപകവും, അനുചിതവും പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ലെന്നും സ്പീക്കർ എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കർ ഓർമിപ്പിച്ചു. അണ്‍പാര്‍ലിമെന്ററിയായ പരാമര്‍ശങ്ങള്‍ ചെയര്‍ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിന്‍വലിക്കുകയും ചെയ്യുക എന്നതുമാണ് സഭയുടെ നടപടിക്രമം. അതേസമയം എംഎം മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്ന വേളയില്‍ ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിന് ചേരാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയിഎന്നും സ്പീക്കർ പറഞ്ഞു.

എംഎം മണി നടത്തിയ പരാമര്‍ശം ആക്ഷേപകരമായതിനാല്‍ അത് സഭാ നടപടികളില്‍നിന്നും നീക്കം ചെയ്യണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽഎ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതമാകാം. മുമ്പ് ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്.സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്.

എന്നാല്‍ ജനപ്രതിനിധികളില്‍ പലര്‍ക്കും ഈ മാറ്റം വേണ്ടത്ര മനസ്സിലാക്കാനായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിങ്ങിന് ഇപ്പോള്‍ വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓര്‍ക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം.എംഎം മണി ചെയറിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും സ്പീക്കർ പറഞ്ഞു.വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സഭയുടെ അന്തസ്സും ഉന്നത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ബഹുമാന്യ അംഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സ്പീകര്‍ ആവശ്യപ്പെട്ടു

തുടര്‍ന്ന് നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്. താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: MM Mani’s speech inap­pro­pri­ate and not in line with pro­gres­sive val­ues: Speak­er, Mani with­drew the remark.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.