രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ താഴോട്ട് കൂപ്പുകുത്തുമ്പോഴും വികസനം വികസനം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മോഡി ഭക്തര്‍ നാസിഭരണത്തിലെ മണ്ടത്തരത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഓണ്‍ലെെന്‍ മാധ്യമമായ ദ വയര്‍. ഏഴര വർഷത്തെ ബിജെപി ഭരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, രാജ്യത്തിന്റെ സാമൂഹിക ഘടന തകർന്നു. രാഷ്ട്രങ്ങള്‍ക്കിടയിൽ വിലയും നിലയും കുറഞ്ഞു. എന്നിട്ടും നമ്മുടെ ഹൗസിംഗ് സൊസൈറ്റികളിലും ജോലിസ്ഥലങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും നേരെ വിപരീതമായി ആത്മാർത്ഥമായി വിശ്വസിക്കുന്നവരുണ്ട്. ഏഴുപതിറ്റാണ്ടു മുമ്പ് നാസികളെ എതിർത്ത ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ഡയട്രിച്ച് ബോൺഹോഫർ ആശ്ചര്യപ്പെട്ടത് ഗുട്ടൻബർഗിനെയും ഗോഥെയും ബീഥോവനെയും ലോകത്തിന് സമ്മാനിച്ച ഒരു രാഷ്ട്രത്തിന് എങ്ങനെ ഹിറ്റ്ലറെപ്പോലെ ഒരു ഭ്രാന്തനെ സ്വീകരിക്കാൻ കഴിയും എന്നാണ്. അതേ അവസ്ഥയാണ് ഭാരതത്തിലിപ്പോെഴന്നാണ് ലേഖനം പറയുന്നത്.
പോസിറ്റീവ് സൈക്കോളജി, സൈക്കോമെട്രിക്‌സ് അധ്യാപകനായ രോഹിത് കുമാറിന്റെ ലേഖനമാണ് ബിജെപി ഭരണത്തെ വിലയിരുത്തുന്നത്.
തടവിലാക്കപ്പെട്ട ബോൺഹോഫർ “ഓൺ സ്റ്റുപിഡിറ്റി” എന്ന ഒരു ഉപന്യാസത്തിൽ പറഞ്ഞത് “വിഡ്ഢിത്തം നന്മയുടെ അപകടകരമായ ശത്രുവാണ്. ഒരാൾക്ക് തിന്മയ്‌ക്കെതിരെ പ്രതിഷേധിക്കാം. പക്ഷെ, മണ്ടത്തരത്തിനെതിരെ പ്രതിരോധമില്ലാത്തവരാണ് നമ്മൾ” എന്നാണ്. വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് മോഡിഭക്തരുടെ വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശത്തെ നേരിടാൻ ശ്രമിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. സർദാർ പട്ടേലിന്റെ പ്രതിമയിൽ യഥാർത്ഥത്തിൽ ഒരു ദീർഘദൂര ടെലിസ്‌കോപ്പ് ഇല്ലെന്നും അതിലൂടെ മോദി പാക്കിസ്ഥാനെ നിരീക്ഷിക്കുന്നില്ലെന്നും സന്ദേശം അയച്ചയാളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു നമ്മള്‍ പരാജയപ്പെട്ടത് അങ്ങനെയാണ്.
മോഡി സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ പ്രതിഷേധവും മികച്ച ഉദാഹരണമാണ്. കര്‍ഷകരിൽ ഭൂരിഭാഗവും ഉയർന്ന വിദ്യാഭ്യാസം നേടിയവരല്ല. എന്നിട്ടും ഈ നിയമങ്ങളെക്കുറിച്ചും കർഷക സമൂഹത്തിന് അവ അപകടകരമാകുന്നത് എങ്ങനെയെന്നും അവർക്ക് ആഴത്തിലുള്ള ധാരണയുണ്ട്. മറുവശത്ത്, ഈ നിയമങ്ങളിൽ തെറ്റൊന്നും കാണാത്ത ഉയർന്ന വിദ്യാഭ്യാസമുള്ള, എംബിഎയുള്ള കോർപ്പറേറ്റ് ഭക്തരുണ്ട്. അവർ സ്വന്തം ലാഭം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദുരിതത്തിലായ ദശലക്ഷക്കണക്കിന് കർഷകർ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
രാഷ്ട്രീയമോ മതപരമോ ആയ അധികാരത്തിന്റെ ഓരോ ഉയർച്ചയും മനുഷ്യരാശിയുടെ വലിയൊരു ഭാഗത്തെ വിഡ്ഢിത്തത്താൽ ബാധിക്കുമെന്ന് ബോൺഹോഫർ വിശ്വസിച്ചു. “ഒരാളുടെ ശക്തിക്ക് മറ്റൊരാളുടെ വിഡ്ഢിത്തം ആവശ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു. ഒരു വാക്കു പറഞ്ഞാൽ ആരെയും ആക്രമിക്കും എന്ന തലത്തിലേക്ക് ഹിന്ദുത്വ പ്രചാരണം എത്തിയത് ഇതിനുദാഹരണമാണ്. വിമോചന പ്രവർത്തനത്തിന് മാത്രമേ വിഡ്ഢിത്തത്തെ മറികടക്കാൻ കഴിയൂ എന്നാണ് ബോണ്‍ ഹോഫര്‍ പറഞ്ഞത്. ബഹുജന മാധ്യമങ്ങളിൽ ഭരണകക്ഷിയുടെ ആധിപത്യവും അതുവഴി ഇന്ത്യക്കാർ ഉപയോഗിക്കുന്ന വിവരങ്ങളിൽ ഭൂരിഭാഗവും തെറ്റും ആണെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വതന്ത്ര ചിന്താഗതിക്കാരായ പൗരന്മാരും സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും ഗവൺമെന്റ് സ്പോൺസേർഡ് നുണകളുടെയും തെറ്റായ വിവരങ്ങളുടെയും പ്രളയത്തെ ചെറുക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്ന് ലേഖനം അടിവരയിടുന്നു. ആത്യന്തികമായി, ‘വിമോചനം’ ആരംഭിക്കാൻ 2024 വരെ പ്രതിപക്ഷത്തിന് നിരവധി തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവശ്യമാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
English Summary : modi fans reminding about hitlers reign
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.